തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ പൗലോസിന്‍റെ പുത്രികളുടെ ഭക്തസമൂഹം എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്ന പഞ്ച ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അറുപതോളം പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (04/10/2019) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ പൗലോസിന്‍റെ പുത്രികളുടെ ഭക്തസമൂഹം എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്ന പഞ്ച ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അറുപതോളം പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (04/10/2019) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍  (Vatican Media)

വിശ്വാസവും ധൈര്യവും പ്രേഷിതയാത്രയുടെ അവശ്യ ഘടകങ്ങള്‍!

സമര്‍പ്പിതജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുകയും ഫലപുഷ്ടിയുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുക- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിതപ്രവര്‍ത്തനത്തിന് വിശ്വാസം, അബ്രഹാത്തിന്‍റെതു പോലുള്ള വിശ്വാസം, അനിവാര്യമെന്ന് മാര്‍പ്പാപ്പാ.
വിശുദ്ധ പൗലോസിന്‍റെ പുത്രികളുടെ ഭക്തസമൂഹം എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ പതിനൊന്നാം പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്ന പഞ്ച ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അറുപതോളം പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (04/10/2019) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
പ്രതീക്ഷയ്ക്ക് വകയില്ലത്തപ്പോഴുമുള്ള പ്രത്യാശയിലുറച്ച വിശ്വാസമായിരുന്നു അബ്രഹാത്തിന്‍റെതെന്ന് പാപ്പാ അനുസ്മരിച്ചു.
“നീ എഴുന്നേറ്റ് പുറപ്പെടുക”, നിയമാവര്‍ത്തനപ്പുസ്തകത്തിലെ പത്താം അദ്ധ്യാത്തിലെ പതിനൊന്നാം വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഈ വാക്കുകള്‍ ഈ സന്ന്യാസിനി സമൂഹം ജനറല്‍ ചാപ്റ്ററിന്‍റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ ഈ യാത്രപുറപ്പെടല്‍ സര്‍വ്വോപരി, പരിശുദ്ധ കന്യകാമറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതു പോലെ ആയിരിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.
ഉത്ഥാനത്തിന്‍റെ പ്രഭാതത്തില്‍ മഗ്ദലേന മറിയവും, അതുപോലെതന്നെ, പത്രോസും ഇതര ശിഷ്യന്മാരും കല്ലറയിങ്കലേക്ക് ഓടിയതു പോലെയായിരിക്കണം ഈ പ്രേഷിതയാത്രയെന്നും പാപ്പാ പറഞ്ഞു.
പരിശുദ്ധാത്മാവില്‍ നിന്ന് ലഭിക്കുന്ന ധൈര്യത്തോടുകൂടിയായിരിക്കണം ഈ യാത്രയെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
സമര്‍പ്പിതജീവിത ദൈവവിളികള്‍ കുറഞ്ഞുവരുന്നതിനാല്‍ ഈ ജീവിതം ശൈത്യകാലത്തിലൂടെ കടന്നുപോകുകയാണെന്ന് പലരും വിശേഷിപ്പിക്കുന്ന ഒരവസ്ഥയുള്ളതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇവിടെ ഉയരുന്ന വലിയ വെല്ലുവിളി സമര്‍പ്പിതജീവിതത്തെ വീണ്ടും അഭിവൃദ്ധിപ്പെടുത്തുകയും ഫലപുഷ്ടിയുള്ളതാക്കുകയും ചെയ്തുകൊണ്ട് ഈ ശൈത്യത്തെ തരണം ചെയ്യുകയെന്നതാണെന്ന് പറഞ്ഞു.
സഭയിലും സമര്‍പ്പിതജീവിതത്തിലും ശൈത്യകാലം ഫലരാഹിത്യത്തിന്‍റെയും നിര്‍ജ്ജീവാവസ്ഥയുടെയും ഘട്ടമല്ല പ്രത്യുത സത്തയിലേക്കു തിരികെ പോകാന്‍ അവസരമേകുന്ന സവിശേഷ സമയമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
 

05 October 2019, 07:53