തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ പ്രേഷിതസമൂഹങ്ങളുടെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 30/09/2019 ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ പ്രേഷിതസമൂഹങ്ങളുടെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 30/09/2019 

ജീവിതാവസ്ഥകളെയെല്ലാം സ്പര്‍ശിക്കുന്നതാകണം പ്രേഷിത പ്രവര്‍ത്തനം!

ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും അനുഭവപ്പെടുന്നയിടങ്ങളിലും യേശുവിന് സാക്ഷ്യം നല്കുന്നതില്‍ ഭയം അരുതെന്ന് ഫ്രാന്‍സീസ് പാപ്പാ പ്രേഷിതപ്രവര്‍ത്തന സമൂഹങ്ങളോട്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കണക്കുകൂട്ടലുകള്‍ക്കതീതമായി സുവിശേഷത്തിന്‍റെ ധീരത ജീവിക്കുന്നവരാണ് പ്രേഷിതരെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയില്‍ സ്ഥാപിതമായ പ്രേഷിതസമര്‍പ്പിതജീവിത സമൂഹങ്ങളുടെ എഴുപതോളം പ്രതിനിധികള്‍ക്ക് തിങ്കളാഴ്ച (30/09/2019) വത്തിക്കാനില്‍ അനുവദിച്ച ദര്‍ശനവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ അവരോട് ഇപ്രകാരം പറഞ്ഞത്.

യേശുവില്‍ നിരുപാധികം അര്‍പ്പിച്ച വിശ്വാസത്താല്‍ പ്രചോദിതരായി പ്രേഷിതല്‍ ചിലപ്പോഴൊക്കെ സാമാന്യബുദ്ധിയെ മറികടന്നു പ്രവര്‍ത്തിക്കുമെന്നും പാപ്പാ പറഞ്ഞു.

യാതനകളുടെതായ ഒരു കാലഘട്ടത്തില്‍, അതായത് 800-കളുടെ ഉത്തരാര്‍ദ്ധം മുതല്‍ 900-മാണ്ടുകളുടെ പൂര്‍വ്വാര്‍ദ്ധംവരെയുള്ള സമയത്ത്, സ്ഥാപിതമായ സമര്‍പ്പിത ജീവിത കുടുംബങ്ങള്‍ ലോകത്തോടു കാട്ടിയ ഉദാരമായ തുറവ് ധീരതയുടെയും കര്‍ത്താവിലുള്ള വിശ്വാസത്തിന്‍റെയും അടയാളമായി ഭവിച്ചുവെന്ന് പാപ്പാ പ്രസ്താവിച്ചു.

യേശുവിനെ സ്വന്തം ഉദരത്തില്‍ ഗര്‍ഭംധരിച്ചുവെന്നറിഞ്ഞയുടനെ തന്‍റെ  ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സഹായിക്കാന്‍ തിടുക്കത്തില്‍ പുറപ്പെടുകയും അങ്ങനെ യേശുവിനെ എലിസബത്തിന്‍റെ ഭവനത്തില്‍, ആ കുടുംബത്തില്‍ എത്തിക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയം ആണ് പ്രേഷിതയാത്രയില്‍ ഗുരുനാഥയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സുവിശേഷത്തിന്‍റെ സൗന്ദര്യവും സന്തോഷവും നവീനതയും പ്രഘോഷിക്കുമ്പോള്‍, അത് പ്രത്യക്ഷമായാലും പരോക്ഷമായാലും ശരി, മാനവജീവിതത്തിന്‍റെ എല്ലാ അവസ്ഥകളെയും സ്പര്‍ശിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും അനുഭവപ്പെടുന്നയിടങ്ങളിലും യേശുവിന് സാക്ഷ്യം നല്കുന്നതില്‍ ഭയം അരുതെന്ന് പാപ്പാ പ്രചോദനം പകരുകയും ചെയ്തു. 

 

01 October 2019, 07:37