തിരയുക

ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍, വത്തിക്കാന്‍, 27/10/2019 ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍, വത്തിക്കാന്‍, 27/10/2019  

സിനഡ്:സംഘാത സഞ്ചാരം!

ദരിദ്രരുടെയും ഭൂമിയുടെയും നി ലവിളി കേട്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല.... യേശുവിനു വേണ്ടി ജീവിക്കാന്‍, സുവിശേഷത്തിനു വേണ്ടി ജീവിക്കാന്‍ നമ്മില്‍ നിന്നുതന്നെ പുറത്തു കടക്കേണ്ടിയിരിക്കുന്നു. വിശാലലോകത്തിലേക്കു കടക്കേണ്ടതുണ്ട്.... നമ്മുടെ സുരക്ഷിത സങ്കേതങ്ങളുടെ സുഖപ്രദമായ കൂടുകള്‍ വിട്ട് പുറത്തേക്കിറങ്ങേണ്ടിയരിക്കുന്നു....... പാപ്പായുടെ ത്രികാലജപസന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ച (27/10/19), അതായത്, ഇരുപത്തിയേഴാം തീയതി മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. അന്നു രാവിലെ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ, മെത്രാന്മാരുടെ സിഡ് ആമസോണ്‍ പ്രദേശത്തെ അധികരിച്ചു ചര്‍ച്ചചെയ്ത, 22 ദിവസം ദീര്‍ഘിച്ച, സമ്മേളനത്തിന്‍റെ സമാപന ദിവ്യബലിയര്‍പ്പിച്ചതിനുശേഷമാണ്  പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 3.30-ന്, ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍ പ്രത്യക്ഷനായത്. ഈ ദിവ്യബലിയില്‍ പങ്കുകൊണ്ട വിശ്വാസികളും മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ജാലകത്തിങ്കല്‍ പാപ്പായെ ദര്‍ശിച്ച മാത്രയില്‍ ജനസഞ്ചയത്തിന്‍റെ  ഹര്‍ഷാരവങ്ങള്‍ ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.

ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (27/10/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ഒന്നാം വായന, പ്രഭാഷകന്‍റെ പുസ്തകം മുപ്പത്തിയഞ്ചാം അദ്ധ്യായം 15-17 വരെയും 20-22 വരെയുമുള്ള വാക്യങ്ങളും വിശുദ്ധ പൗലോസ് തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനം, നാലാം അദ്ധ്യായം 6-8 വരെയും 16-18 വരെയുമുള്ള വാക്യങ്ങളും അവലംബമാക്കിയുള്ള തന്‍റെ വിചിന്തനത്തില്‍  പാപ്പാ ഇക്കഴിഞ്ഞ സിനഡ് എന്തായിരുന്നു എന്നും വിശദീകിച്ചു.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

സിനഡുയാത്രയുടെ തുടക്കം

ഇന്നു രാവിലെ (27/10/19) വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയോടുകൂടി മെത്രാന്മാരുടെ സിനഡിന്‍റെ, അഖിലാമസോണ്‍ പ്രദേശത്തിനായുള്ള പ്രത്യേക സമ്മേളനം സമാപിച്ചു. ഈ സിനഡുയാത്രയുടെ ആരംഭബിന്ദു ഏതാണെന്നു പ്രഭാഷകന്‍റെ പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അത് വിനീതന്‍റെ പ്രാര്‍ത്ഥനയാണ്. ആ പ്രാര്‍ത്ഥന “മേഘങ്ങളിലൂടെ തുളച്ചുകയറുന്നു”. എന്തെന്നാല്‍, അടിച്ചമര്‍ത്തപ്പെട്ടവന്‍റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു" (പ്രഭാഷകന്‍ 35,21.16). ദരിദ്രരുടെ നിലവിളി ഭൂമിയുടേതിനോടൊപ്പം ആമസോണ്‍ പ്രദേശത്തുനിന്ന് നമ്മുടെ ചാരെ എത്തി. ഈ മൂന്നാഴ്ചയ്ക്കു ശേഷം അതു കേട്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. നാം നിഷ്ക്രിയരായി നിലകൊള്ളാതിരിക്കാന്‍, പാവപ്പെട്ടവരുടെ സ്വനം സിനഡുസമ്മേളനത്തിനകത്തും പുറത്തുമുള്ള, ഇടയന്മാര്‍, യുവത, ശാസ്ത്രജ്ഞന്മാര്‍ എന്നിവരുടേതിനുമൊപ്പം, നമ്മെ നിര്‍ബന്ധിക്കുന്നു. “പിന്നീടാകട്ടെ എന്നത് ഏറെ വൈകലാണ്” എന്ന പ്രയോഗം നാം പലപ്പോഴും കേള്‍ക്കുകയുണ്ടായി. ഇതൊരു മുദ്രാവക്യമായി അവശേഷിക്കാന്‍ പാടില്ല.

ഒറ്റക്കെട്ടായി മുന്നോട്ട്

എന്തായിരുന്നു ഈ സിനഡുസമ്മേളനം? സിനഡ് എന്ന പദം ദ്യോതിപ്പിക്കുന്നതു പോലെ തന്നെ അത് ഒത്തൊരുമിച്ചുള്ള ഒരു യാത്രയായിരുന്നു. കര്‍ത്താവില്‍ നിന്നുള്ള ധൈര്യത്താലും സാന്ത്വനങ്ങളാലും സമാശ്വസിച്ചുകൊണ്ടുള്ള യാത്ര. കണ്ണുകളില്‍ പരസ്പരം നോക്കിക്കൊണ്ടും പരസ്പരം ശ്രവിച്ചുകൊണ്ടും ആത്മാര്‍ത്ഥതയോടും ബുദ്ധിമുട്ടുകള്‍ മറച്ചുവയ്ക്കാതെയും ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിന്‍റെ  മനോഹാരിത അനുഭവിച്ചറിഞ്ഞുകൊണ്ടും സേവനം ചെയ്യുന്നതിനായി സഞ്ചരിച്ചു. ഇതിന് പ്രചോദനമായിരിക്കുന്നത്, ഇന്നത്തെ രണ്ടാമത്തെ വായനയില്‍ നാം ദര്‍ശിക്കുന്ന  പൗലോസപ്പസ്തോലനാണ്. അദ്ദേഹത്തിനനുഭവപ്പെട്ട നാടകീയമായ ഒരു നിമിഷത്തില്‍, അതായത്, താന്‍ ബലിയര്‍പ്പിക്കപ്പെടേണ്ട, അതായത്, വധിക്കപ്പെടേണ്ട സമയം, ഈ ജീവിതം വെടിയേണ്ട സമയം സമാഗതമായിരിക്കുന്നുവെന്നറിഞ്ഞ വേളയില്‍ പൗലോസപ്പസ്തോലന്‍ എഴുതുന്നു: “കര്‍ത്താവ് എന്‍റെ ഭാഗത്തായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി അവി‌ടന്ന് എനിക്കു ശക്തിയേകി” (2 തിമോത്തി 17). ഇതാണ് പൗലോസിന്‍റെ  അന്ത്യാഭിലാഷം: തനിക്കോ തന്‍റെ പ്രിയപ്പെട്ടവര്‍ക്കോ വേണ്ടിയല്ല സുവിശേഷത്തിനു വേണ്ടി, അത് സകലജനതകളോടും പ്രഘോഷിക്കപ്പെടുന്നതിനു വേണ്ടി ജീവിക്കുക. ഇതാണ് സകലത്തിലും ഉപരിയും  സര്‍വ്വ പ്രധാനവുമായി നിലകൊള്ളുന്നത്.  സ്വന്തം ജീവനു വേണ്ടി എന്തു സല്‍പ്രവര്‍ത്തിയാണ് ചെയ്യേണ്ടതെന്ന ചോദ്യം നമ്മില്‍ പലപ്പോഴും ഉയരും. ഇന്ന് ആ നിമിഷമാണ്. നമുക്കു സ്വയം ചോദിക്കാം:  “സുവിശേഷത്തെ പ്രതി എന്തു സല്‍ക്കര്‍മ്മം ചെയ്യാന്‍ എനിക്കു സാധിക്കും”

സുവിശേഷപ്രഘോഷണത്തിന് നൂതനസരണികള്‍ തുറക്കുക

സുവിശേഷപ്രഘോഷണത്തിന്‍റെ നൂതനസരണികള്‍ തുറക്കണമെന്ന അഭിവാഞ്ചയോടു കൂടി ഞങ്ങള്‍ സിനഡില്‍ ഈ ചോദ്യം ഞങ്ങളോടു തന്നെ ചോദിച്ചു. ജീവിക്കുന്നതെന്താണോ അതു മാത്രമെ അവനു പ്രഘോഷിക്കാനാകൂ. യേശുവിനു വേണ്ടി ജീവിക്കാന്‍, സുവിശേഷത്തിനു വേണ്ടി ജീവിക്കാന്‍ നമ്മില്‍ നിന്നുതന്നെ പുറത്തു കടക്കേണ്ടിയിരിക്കുന്നു. അങ്ങനെ, വിശാലലോകത്തിലേക്കു കടക്കേണ്ടതിന്‍റെ ആവശ്യകത, ജലാശയത്തിന്‍റെ അഗാധതയിലേക്കിറങ്ങുന്നതിന് നമ്മുടെ സുരക്ഷിത സങ്കേതങ്ങളുടെ സുഖപ്രദമായ കൂടുകള്‍ വിടേണ്ടതിന്‍റെ ആവശ്യകത ഞങ്ങള്‍ക്കനുഭവവേദ്യമായി. സിദ്ധാന്തങ്ങളുടെ ചതുപ്പുനിലത്തു കെട്ടിക്കിടക്കുന്ന ജലത്തിലേക്കല്ല പ്രത്യുത വലകള്‍ വീശാന്‍ പരിശുദ്ധാരൂപി നമ്മെ ക്ഷണിക്കുന്ന വിശാലമായ കടലിലേക്കാണ് ഇറങ്ങേണ്ടത്.

പരിശുദ്ധ മറിയത്തോടുള്ള യാചന

ആമസോണിന്‍റെ രാജ്ഞിയായി വണങ്ങപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം ഭാവി യാത്രയ്ക്കായി നമുക്കു യാചിക്കാം. അധിനിവേശത്താലല്ല സാംസ്കാരികാനുരൂപണത്താലാണ് അവള്‍ ആമസോണിന്‍റെ  രാജ്ഞിയായി മാറിയത്. ഒരമ്മയുടെ എളിമയാര്‍ന്ന ധീരതയാല്‍ അവള്‍ സ്വന്തം കുഞ്ഞുങ്ങളുടെ സംരക്ഷകയായി, അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിരോധമായി മാറി. ജനതകളുടെ സംസ്ക്കാരങ്ങളിലേക്കു കടക്കണം. പ്രാമാണികമായ ഒരു സംസ്കൃതിയില്ല, മറ്റൊരു സംസ്ക്കാരത്തെ ശുദ്ധീകരിക്കത്തക്ക ശുദ്ധമായ ഒരു സംസ്ക്കാരമില്ല;എന്നാല്‍ സംസ്കാരത്തിലേക്കിറങ്ങിച്ചെല്ലാന്‍ കഴിയുന്ന ശുദ്ധമായ സുവിശേഷം ഉണ്ട്. നസ്രത്തിലെ ദരിദ്രകുടുംബത്തില്‍ യേശുവിനെ പരിചരിച്ച പരിശുദ്ധ മറിയത്തിന് പാവപ്പെട്ട മക്കളെയും നമ്മുടെ പൊതുഭവനത്തെയും ഭരമേല്പിക്കാം. 

 ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ, ലബനന്‍ ജനതയെ പ്രത്യേകം അനുസ്മരിച്ചു.

ലെബനന്‍ ജനതയ്ക്കായുള്ള പ്രാര്‍ത്ഥന

ലെബനന്‍റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളുടെയും വെല്ലുവിളികളുടെയും മുന്നില്‍ ഉയരുന്ന തങ്ങളുടെ രോദനം ഇക്കഴിഞ്ഞ ദിനങ്ങളില്‍ കേള്‍ക്കുമാറാക്കിത്തീര്‍ത്ത അന്നാട്ടിലെ യുവജനത്തെ പ്രത്യേകം പാപ്പാ അഭിവാദ്യം ചെയ്തു.

സംഭാഷണത്തിന്‍റെ സരണിയിലൂടെ നീതിപൂര്‍വ്വകമായ പരിഹാരങ്ങള്‍ തേടാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

അന്താരാഷ്ട്രസമൂഹത്തിന്‍റെ സഹായത്തോടെ ലെബനന്, സമാധാനപരമായ സഹജീവനത്തിന്‍റെയും വ്യക്തിയുടെ ഔന്നത്യത്തോടും സ്വാതന്ത്ര്യത്തോടുമുള്ള ആദരവിന്‍റെയും ഇടമായി തുടരാന്‍ കഴിയുന്നതിനു വേണ്ടിയും ഏറെയാതനകളനുഭവിച്ച മദ്ധ്യപൂര്‍വ്വദേശത്തിനു മുഴുവനും വേണ്ടിയും പാപ്പാ പരിശുദ്ധ കന്യകാമറിയത്തോടു പ്രാര്‍ത്ഥിച്ചു.

അഭിവാദ്യങ്ങള്‍ വിവിധ സംഘങ്ങള്‍ക്ക്

തുടര്‍ന്നു പാപ്പാ ഇറ്റലിയിലെ പല പ്രദേശങ്ങളില്‍ നിന്നെത്തിയരുന്നവരും വിവിധ രാജ്യാക്കാരുമായ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയതു. ഇറ്റലിയിലെ സിസിലി പ്രദേശത്തുള്ള പാത്തി രൂപതയില്‍ നിന്നെത്തിയിരുന്ന സീറോമലബാര്‍ സഭാംഗങ്ങളെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

പ്രേഷിതര്‍ക്കായി കൊന്തനമസ്ക്കാരം ചൊല്ലുക

ഇക്കൊല്ലം സവിശേഷതയുണ്ടായിരുന്ന പ്രേഷിതമാസവും ജപമാല മാസവുമായ ഒക്ടോബറിലെ അവസാനത്തെതായിരുന്നു ഇരുപത്തിയേഴാം തീയിതി ഞായറാഴ്ച എന്ന് അനുസ്മരിച്ച പാപ്പാ, സഭയുടെ പ്രേഷിതദൗത്യത്തിനും പ്രത്യേകിച്ച് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രേഷിതര്‍ക്കും പ്രേഷിതകള്‍ക്കും വേണ്ടി കൊന്തനമസ്ക്കാരം ചൊല്ലാന്‍ എല്ലാവരെയും ക്ഷണിച്ചു. സമാധാനത്തിനുവേണ്ടിയും ജപമാല ചൊല്ലണമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ സുവിശേഷവും സമാധാനവും കൈകോര്‍ത്തു  നീങ്ങുന്നുവെന്ന് പ്രസ്താവിച്ചു.  

തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേര്‍ന്ന മാര്‍പ്പാപ്പാ വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2019, 08:56