തിരയുക

Vatican News
വത്തിക്കാനില്‍, ആമസോണ്‍ പ്രദേശത്തെ അധികരിച്ചു നടക്കുന്ന സിനഡുയോഗത്തിന്‍റെ ഒരു ദൃശ്യം 08/10/2019 വത്തിക്കാനില്‍, ആമസോണ്‍ പ്രദേശത്തെ അധികരിച്ചു നടക്കുന്ന സിനഡുയോഗത്തിന്‍റെ ഒരു ദൃശ്യം 08/10/2019  (AFP or licensors)

സിനഡുയോഗം സാഹോദര്യകൂട്ടായ്മയില്‍ അരങ്ങേറട്ടെ!

ആമസോണ്‍ പ്രദേശത്ത് സഭയ‌യുടെ ദൗത്യത്തെയും ആ പ്രദേശത്തിന്‍റെ സു വിശേഷവത്ക്കരണത്തെയും സമഗ്ര പരിസ്ഥിതി വിജ്ഞാനീയത്തെയും അധികരിച്ചുള്ള മെത്രാന്മാരുടെ സിനഡുയോഗം വത്തിക്കാനില്‍ നടക്കുന്നു - ഒക്ടോബര്‍ 6 മുതല്‍ 27 വരെ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആമസോണ്‍ പ്രദേശത്തെ അധികരിച്ച് ചര്‍ച്ചചെയ്യുന്നതിന് വത്തിക്കാനില്‍ താന്‍ വിളിച്ചുകൂട്ടിയിരിക്കുന്ന മെത്രാന്മാരുടെ അസാധാരണ സിനഡുസമ്മേളനത്തിന് മാര്‍പ്പാപ്പാ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുന്നു.

ഞായറാഴ്ച (06/10/2019) രാവിലെ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ തന്‍റെ  മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെ ഈ സിനഡുസമ്മേളനത്തിന് തുടക്കമായതിനെക്കുറിച്ച്, ഫ്രാന്‍സീസ് പാപ്പാ, അന്ന് മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയുടെ അവസാനം വിശ്വാസികളെ അഭിവാദ്യം ചെയ്ത അവസരത്തില്‍ അനുസ്മരിക്കുകയായിരുന്നു.

ആമസോണ്‍ പ്രദേശത്ത് സഭയ്ക്കുള്ള ദൗത്യത്തെയും സുവിശേഷവത്ക്കരണത്തെയും സമഗ്ര പരിസ്ഥിതി വിജ്ഞാനീയത്തെയും അധികരിച്ച് സിനഡുപിതാക്കന്മാര്‍ മൂന്നാഴ്ചക്കാലം ചര്‍ച്ചചെയ്യുമെന്നു പാപ്പാ തദ്ദവസരത്തില്‍ പറഞ്ഞു.

സഭാപരമായ ഈ സംരംഭം, അതായത്, ഈ സിനഡുസമ്മേളനം സാഹോദര്യ കൂട്ടായ്മയിലും സുവിശേഷത്തിന് സാക്ഷ്യമേകുന്നതിനുള്ള സരണികള്‍ സദാ കാണിച്ചുതരുന്ന പരിശുദ്ധാരൂപിയോടുള്ള വിധേയത്വത്തിലും അരങ്ങേറുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

ഈ മാസം 6 മുതല്‍ 27 (06-27/10/2019) വരെയാണ് സിനഡുസമ്മേളനം. 

ഭൂമിയുടെ “ശ്വാസകോശം” എന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ വനപ്രദേശം നമ്മുടെ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം ജീവല്‍പ്രധാനമാണെന്ന വസ്തുത പാപ്പാ പലതവണ ഓര്‍മ്മിപ്പിച്ചി‌ട്ടുണ്ട്.

ആമസോണ്‍ കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. ശേഷിച്ച 40 ശതമാനം ബൊളീവിയ, കൊളംബിയ, ഇക്വദോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനാം, വെനെസ്വേല തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

 

08 October 2019, 09:49