തിരയുക

ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ പേപ്പല്‍ വാഹനത്തില്‍ എത്തന്നു, 09/10/19 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ പേപ്പല്‍ വാഹനത്തില്‍ എത്തന്നു, 09/10/19 

സാവൂളിന്‍റെ മാനസാന്തരം- മൃത്യുവില്‍ നിന്ന് ജീവനിലേക്കു കടക്കല്‍!

യേശുദര്‍ശനം സാവൂളിന്‍റെ ആന്തരികാന്ധത നീക്കുന്നു-ക്രിസ്തുവിന്‍റെ മനോഭാവത്തോടെയുള്ള നൂതന വീക്ഷണം പ്രദാനം ചെയ്യുന്നു, ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (09/10/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. അമേരിക്ക, യൂറോപ്പ് ഏഷ്യ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ഇരുപതിനായിരത്തോളം പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏതാനും ബാലികാബാലന്മാരെ വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍, നീങ്ങി. പ്രസംഗവേദിക്കടുത്തുവച്ച് ആദ്യം കുട്ടികളും പിന്നീട് പാപ്പായും വാഹനത്തില്‍ നിന്നിറങ്ങി. പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്ക്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

തിരുലിഖിതം:

3 സാവൂള്‍ യാത്രചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു മിന്നലൊളി അവന്‍റെ മേല്‍ പതിച്ചു.4 അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോടു ഇങ്ങനെ ചോദിക്കുന്നതും കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?5 അവന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍.6 എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 9:3-6) 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. 

പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന  പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌

സാവൂളിന്‍റെ സാന്നിധ്യം

സ്തേഫാനോസിനെ കല്ലെറിയുന്ന സംഭവം മുതലിങ്ങോട്ട് പത്രോസിന്‍റേതിനു ചാരെ മറ്റൊരു രൂപവും പ്രത്യക്ഷപ്പെടുന്നു. അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്നിഹിതവും ഏറ്റം ശക്തവുമായ ഒരു രൂപം. അത് “സാവൂള്‍ എന്ന യുവാവ്” ആണ്. സ്തേഫാനോസിന്‍റെ വധത്തെ അംഗീകരിക്കുകയും സഭയെ പീഢിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവനായിട്ടാണ് ആദ്യം സാവൂള്‍ അവതരിപ്പിക്കപ്പെടുന്നത്; പീന്നീട് അദ്ദേഹം വജാതീയരോട് സുവിശേഷം പ്രഘോഷിക്കുന്നതിന് ദൈവം തിരഞ്ഞെടുത്ത ഉപകരണമായി ഭവിക്കുന്നു. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 9:15;22:21,26:27)

ക്രൈസ്തവരെ വേട്ടയാടുന്ന സാവൂള്‍ മാനസാന്തരപ്പെടുമ്പോള്‍...

മുഖ്യപുരോഹിതന്‍ അധികാരപ്പെടുത്തിയതനുസരിച്ച് സാവൂള്‍ ക്രൈസ്തവരെ വേട്ടയാടുകയും പിടിക്കുകയും ചെയ്യുന്നു. സ്വേച്ഛാധിപത്യഭരണത്തിന്‍കീഴില്‍ പീഡിപ്പിക്കപ്പെട്ട ചിലജനസമൂഹങ്ങളി‍ല്‍ നിന്നുള്ളവരായ നിങ്ങളില്‍ ചിലര്‍ക്ക്  ജനങ്ങളെ വേട്ടയാടുകയും പിടിക്കുകയും ചെയ്യുകയെന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാകും. സാവൂ‍ള്‍ അതാണ് ചെയ്തിരുന്നത്.   കര്‍ത്താവിന്‍റെ നിയമനുസരിച്ചാണ് എന്ന ധാരണയിലായിരുന്നു ഈ ചെയ്തികള്‍. ലൂക്കാ പറയുന്നു: സാവൂള്‍ കര്‍ത്താവിന്‍റെ  ശിഷ്യരുടെ നേരെ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു” ((അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 9:1). സാവൂളില്‍ ഉണ്ടായിരുന്നത് ജീവന്‍റെയല്ല മരണത്തിന്‍റെ നിശ്വാസമാണ്. കര്‍ക്കശനായ ഒരു യുവാവായിന്‍റെ രൂപമാണ് സാവൂളിനുള്ളത്. അതായത് തന്നില്‍ നിന്ന് വേറിട്ട രീതിയില്‍ ചിന്തിക്കുന്നവരോടു അസഹിഷ്ണുതകാട്ടുകയും സ്വന്തം രാഷ്ട്രീയ-മത തനിമയെ പരമമായി കാണുകയും ചെയ്യുന്ന സാവൂള്‍ അപരനെ കാണുന്നത് കീഴടക്കേണ്ട ഒരു ശത്രുവായിട്ടാണ്. ഒരു പ്രത്യയശാസ്ത്രവാദിയാണ് സാവൂള്‍. അവനെ സംബന്ധിച്ചിടത്തോളം മതം ഒരു പ്രത്യയശാസ്ത്രമായി. മതപരമായ തത്ത്വ സംഹിത, സാമൂഹ്യ-രാഷ്ട്രീയ പ്രത്യയശാസ്ത്രം.  ഒരിക്കല്‍ ക്രിസ്തു രൂപാന്തരപ്പെടുത്തിയതിനു ശേഷം മാത്രമാണ് സാവൂള്‍, യഥാര്‍ത്ഥ പോരാട്ടം “മാംസത്തിനും രക്തത്തിനും എതിരായിട്ടുള്ളതല്ല, പ്രത്യുത, ഈ അന്ധകാരലോകത്തിന്‍റെ  അധിപന്മാര്‍ക്കും ദുരാത്മാക്കള്‍ക്കും   എതിരായിട്ടാണ്” എന്നു പഠിപ്പിക്കുക. വ്യക്തികളെയല്ല, മറിച്ച്, അവരുടെ ചെയ്തികള്‍ക്ക് പ്രചോദനമേകുന്ന തിന്മകളെയാണ് കീഴടക്കേണ്ടതെന്ന് സാവൂള്‍ പഠിപ്പിക്കുന്നു.

ആത്മശോധന

സാവൂളിന്‍റെ കോപാക്രാന്തവും സംഘര്‍ഷാത്മകവുമായ അവസ്ഥ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നത് “ഞാന്‍ എന്‍റെ വിശ്വാസം എങ്ങനെ ജീവിക്കുന്നു” എന്ന് ആത്മശോധന ചെയ്യാനല്ലേ? ഞാന്‍ അപരനുമായി കൂടിക്കാഴ്ചയ്ക്കാണോ അതോ അപനെതിരായിട്ടാണോ നീങ്ങുന്നത്? ഞാന്‍ പ്രഖ്യാപിക്കുന്ന ദൈവവിശ്വാസം എന്നില്‍ നിന്ന് വ്യത്യസ്തനായവനെ സുഹൃത്തായി കാണാനാണൊ അല്ലെങ്കില്‍ ശത്രുവായി കാണാനാണോ എന്നെ പ്രാപ്തനാക്കുന്നത്?

കര്‍ത്താവിന്‍റെ ഇടപെടല്‍

ക്രൈസ്തവസമൂഹത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സാവൂള്‍ നീങ്ങുമ്പോള്‍ കര്‍ത്താവാകട്ടെ സാവുളിന്‍റെ ഹൃദയത്തെ തൊടാനും തന്നിലേക്ക് അവനെ തിരിക്കാനും അവന്‍റെ പിന്നാലെയുണ്ട്. ഉത്ഥിതന്‍ മുന്‍കൈയ്യെടുക്കുന്നു. ദമാസ്ക്കസിലേക്കുള്ള വഴിയില്‍ വച്ച് അവിടന്ന് സാവുളിന് ദര്‍ശനം നല്കുന്നു. ഈ സംഭവം അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ മൂന്നു പ്രാവശ്യം അവതരിപ്പിക്കുന്നുണ്ട്. ദൈവാവിഷ്ക്കാരത്തിന്‍റെ   തനിമായര്‍ന്ന രൂപങ്ങളില്‍, അതായത്, “പ്രകാശം” “ശബ്ദം” എന്നിവയാല്‍ ഉത്ഥിതന്‍ സാവൂളിന് പ്രത്യക്ഷനാകുകയും സാവൂളിന്‍റെ ഭ്രാതൃഹത്യാപരമായ കോപത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു: “സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഢിപ്പിക്കുന്നു?” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 9,4). തന്നില്‍ വിശ്വസിക്കുന്നവരുമായി താന്‍ ഒന്നാണെന്ന് ഉത്ഥിതന്‍ വെളിപ്പെടുത്തുകയാണ് ഇവിടെ. സഭയിലെ ഒരു അംഗത്തിന് പ്രഹരം ഏല്പ്പിക്കുന്നത് ക്രിസ്തുവിനെത്തന്നെ പ്രഹരിക്കലാണ്.

കര്‍ത്താവുമായുള്ള കണ്ടുമുട്ടലിന്‍റെ ഫലം

യേശുവിന്‍റെ സ്വരം സാവൂളിനോടു പറയുന്നു:”എഴുന്നേറ്റു നഗരത്തിലേക്കു പോകുക, നീ എന്താണ് ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 9,6). നിലത്തു നിന്ന് എഴുന്നേറ്റു കഴിഞ്ഞപ്പോള്‍ സാവൂള്‍ അന്ധനായിക്കഴിഞ്ഞിരുന്നു, ശക്തനും അധികാരമുണ്ടായിരുന്നവനും സ്വതന്ത്രനുമായിരുന്ന ആ മനുഷ്യന്‍ ഇപ്പോള്‍ ബലഹീനനും, സഹായം ആവശ്യമുള്ളവനും പരാശ്രിതനും ആയിരിക്കുന്നു. ക്രിസ്തുവിന്‍റെ പ്രകാശം കണ്ണഞ്ചിക്കുന്നതായിരുന്നു. അത് സാവൂളിനെ അന്ധനാക്കി. സത്യത്തോടുള്ള, ക്രിസ്തുവിന്‍റെ വെളിച്ചത്തോടുള്ള അവന്‍റെ അന്ധതയെന്ന ആന്തരികയാഥാര്‍ത്ഥ്യം  ബാഹ്യമായും അവന് അനുഭവപ്പെടുന്നു.

സാവൂളുമായുള്ള ഈ കണ്ടുമുട്ടലിലൂടെ ഉത്ഥിതന്‍ സാവുളിന്‍റെ രൂപാന്തരപ്പെടലിന്‍റെ  പാത തുറക്കുന്നു. ഈ രൂപാന്തരം സാവൂളിന്‍റെ “വൈക്തിക പെസഹാ”യെയാണ്, മരണത്തില്‍ നിന്ന് ജീവനിലേക്കുള്ള കടക്കലിനെയാണ് ദ്യോതിപ്പിക്കുന്നത്. ക്രിസ്തുവും അവിടന്നിലുള്ള ജീവനുമാകുന്ന യഥാര്‍ത്ഥ സമ്പത്തു നേടുന്നതിന് വലിച്ചെറിയേണ്ട പാഴ്വസ്തുവായി പരിണമിച്ചു ഇതുവരെ മഹത്വമായി കരുതിയിരുന്നവയെല്ലാം.

ആന്തരികനയനങ്ങള്‍ക്ക് വെളിച്ചമേകുന്ന മാമ്മോദീസാ 

പൗലോസ് മാമ്മോദീസാ സ്വീകരിക്കുന്നു. മാമ്മോദീസാ നമ്മെ സംബന്ധിച്ചു എങ്ങനെയാണൊ അതുപോലെതന്നെ, സാവൂളിന്‍റെ ജ്ഞാനസ്നാനവും,  ഒരു പുതിയ ജീവിതത്തിന് തുടക്കമിടുന്നു. ദൈവത്തെയും തന്നെത്തന്നെയും മറ്റുള്ളവരെയും നൂതനമായ രീതിയില്‍ കാണുന്നു. ശത്രുക്കളായി കണ്ടിരുന്നവരെയെല്ലാം ഇപ്പോള്‍ ക്രിസ്തുവില്‍ സഹോദരങ്ങളായി കാണാന്‍ കഴിയുന്നു.

ശിലാഹൃദയങ്ങള്‍ മാംസളങ്ങളായി മാറുന്നു

സാവൂളിനുണ്ടായതു പോലുള്ള അനുഭവം നമുക്കു നല്കുന്നതിന് സ്വര്‍ഗ്ഗീയപിതവിനോടു നമുക്കു പ്രാര്‍ത്ഥിക്കാം. അവിടത്തെ സ്നേഹവുമായുള്ള കൂട്ടിമുട്ടലിനു മാത്രമെ ശിലാഹൃദയത്തെ, “യേശുക്രിസ്തുവിന്‍റെ അതേ മനോഭവങ്ങള്‍” (ഫിലിപ്പിയര്‍ 2,5) സ്വന്തമാക്കാന്‍ കഴിയുന്ന മാംസളഹൃദയമാക്കിത്തീര്‍ക്കാന്‍ സാധിക്കുകയുള്ളു. നന്ദി.  

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരായിത്തീരാന്‍ പ്രചോദനം പകര്‍ന്നു.

പരിശുദ്ധ കന്യകാമറിയത്തിനു പ്രതിഷ്ഠിതിമായിരിക്കുന്ന ഈ മാസത്തില്‍ അവളുടെ പ്രേഷിത തീക്ഷണതയും ത്വരയും സ്വന്തമാക്കിത്തീര്‍ക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2019, 12:41