തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ ഒരു സംഘം സിക്കുകാരുമൊത്ത് 23/10/2019 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ ഒരു സംഘം സിക്കുകാരുമൊത്ത് 23/10/2019  (ANSA)

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം!

പ്രശ്നങ്ങള്‍ പരഹരിക്കുന്നതില്‍ സഭയുടെ ശൈലി, ശ്രദ്ധാപൂര്‍വ്വവും ക്ഷമയോടുകൂടിയതുമായ ശ്രവണത്തോ‌ടും പരിശുദ്ധാരൂപിയുടെ വെളിച്ചത്താലുള്ള വിവേചനബുദ്ധിയോടും കൂടിയ സംഭാഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ജറുസലേം സൂനഹദോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (23/10/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏതാനും ബാലികാബാലന്മാരെയും വാഹനത്തിലേറ്റി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുമുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് ആദ്യം കുട്ടികളും തുടര്‍ന്ന് പാപ്പായും വാഹനത്തില്‍ നിന്നിറങ്ങി. തദ്ദനന്തരം വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“(7) വലിയ വാദപ്രതിവാദം നടന്നപ്പോള്‍ പത്രോസ് എഴുന്നേറ്റു നിന്നു പറഞ്ഞു: സഹോദരന്മാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെ ഇടയില്‍ ഒരു തിരഞ്ഞെടുപ്പു നടത്തുകയും  വിജാതീയര്‍ എന്‍റെ അധരങ്ങളില്‍ നിന്നു സുവിശേഷവചനങ്ങള്‍ കേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങള്‍ക്കറിയാമല്ലോ. (8) ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് അവരെ അംഗീകരിച്ചു.(9) നമ്മളും അവരും തമ്മില്‍ അവിടന്നു വിത്യാസം കല്പിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസം കൊണ്ടു പവിത്രീകരിച്ചു. (10) അതുകൊണ്ട് നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ താങ്ങാന്‍ വയ്യാതിരുന്ന ഒരു നുകം ഇപ്പോള്‍ ശിഷ്യരുടെ ചുമലില്‍ വച്ചുകെട്ടി എന്തിനു ദൈവത്തെ നിങ്ങള്‍ പരീക്ഷിക്കുന്നു? (11) അവരെപ്പോലെതന്നെ നാമും രക്ഷപ്രാപിക്കുന്നത് കര്‍ത്താവായ യേശുവിന്‍റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15:7-11) 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌

മാനസാന്തരപ്പെട്ട പൗലോസ് ക്രിസ്തുവിനെ പ്രഘോഷിക്കുന്നു

യേശുവുമായുള്ള പരിവര്‍ത്തനദായക കൂടിക്കാഴ്ചയ്ക്കു ശേഷം പൗലോസ് ജെറുസലേമിലെ സഭയില്‍, ബാര്‍ണബാസിന്‍റെ മദ്ധ്യസ്ഥതയാല്‍, സ്വാഗതം ചെയ്യപ്പെടുകയും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനാരംഭിക്കുകയും ചെയ്യുന്നത് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നു. എന്നാല്‍ ചിലരുടെ എതിര്‍പ്പു മൂലം പൗലോസ് സ്വന്തം ജന്മനാടായ താര്‍സൂസിലേക്കു പോകാന്‍ നിര്‍ബന്ധിതനാകുന്നു. ദൈവവചനത്തിന്‍റെ സുദീര്‍ഘമായ പ്രയാണത്തില്‍ പങ്കുചേരുന്നതിന് ബാര്‍ണബാസും പൗലോസിനോടൊപ്പം ചേരുന്നു. നാം പൊതുകൂടിക്കാഴ്ചാവേളയില്‍ വിശകലനം ചെയ്യുന്ന അപ്പസ്തോല പ്രവര്‍ത്തന ഗ്രന്ഥത്തെ ദൈവവചനത്തിന്‍റെ സുദീര്‍ഘ  പ്രയാണത്തിന്‍റെ പുസ്തം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ദൈവവചനം പ്രഘോഷിക്കപ്പെടണം, സകലയിടത്തും ഉദ്ഘോഷിക്കപ്പെടണം. വലിയൊരു പീഢനം ഉണ്ടായതിനു ശേഷമാണ് ഈ ദൈവവചന പ്രഘോഷണ യാത്ര ആരംഭിക്കുന്നത്; (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 11,19) ഈ പീഢനം സുവിശേഷവത്ക്കരണത്തിന് പ്രതിബന്ധമാകുകയല്ല മറിച്ച്, ദൈവവചനത്തിന്‍റെ നല്ല വിത്ത് വിതയ്ക്കാനുള്ള വയലിനെ വിസ്തൃതമാക്കുന്നതിനുള്ള അവസരമായി ഭവിക്കുകയാണ്. ക്രൈസ്തവര്‍ ഭയപ്പെടുന്നില്ല. അവര്‍ പലായനം ചെയ്യേണ്ടിവരുന്നു, എന്നാല്‍ അവര്‍  പോകുന്നത് വചനവും പേറിക്കൊണ്ടാണ്. അത് അവര്‍ മിക്കവാറും എല്ലായിടത്തും വിതറുന്നു.

പൗലോസും ബാര്‍ണബാസും അന്ത്യോക്യയില്‍

പൗലോസും ബാര്‍ണബാസും  ആദ്യം എത്തുന്നത് സിറിയിയിലെ അന്ത്യോക്യയിലാണ്. അവിടെ അവര്‍ ഒരു വര്‍ഷം മുഴുവന്‍ തങ്ങുകയും പ്രബോധിപ്പിക്കുകയും വേരുറയ്ക്കാന്‍ സമൂഹത്തെ സഹായിക്കുകയും ചെയ്യുന്നു. യഹൂദസമൂഹത്തോട് അവര്‍ വചനം പ്രഘോഷിക്കുന്നു. അങ്ങനെ അന്ത്യോക്യ പ്രേഷിത ചാലകശക്തിയുടെ കേന്ദ്രമായി മാറുന്നു. അന്ത്യോക്യയിലെ വിശ്വാസികളുടെ സമൂഹമാണ് ആദ്യമായി “ക്രൈസ്തവര്‍” എന്ന് വിളിക്കപ്പെടുന്നത്. 

സഭയുടെ സവിശേഷതയാര്‍ന്ന " കൂടാര " ഭാവം

സഭയുടെ സവിശേഷസ്വഭാവം എന്താണെന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സഭ ഒരു കോട്ടയല്ല പ്രത്യുത, എല്ലാവര്‍ക്കും ഇടം ഉണ്ടാകുന്നതിനും എല്ലാവര്‍ക്കും  പ്രവേശിക്കാന്‍ കഴിയുന്നതിനും  വിസ്തൃതമാക്കാവുന്ന കൂടാരമാണ് സഭ. (എശയ്യാ 54,2). പുറത്തേക്കിറങ്ങുന്നതല്ലെങ്കില്‍ അത് സഭയാകില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതരത്തില്‍ വിശാലമാക്കുകയും ചരിക്കുകയും ചെയ്തില്ലെങ്കില്‍ അത് സഭയല്ല. വാതില്‍ തുറന്നിട്ടിരിക്കുന്ന സഭയാകണം.

വിജാതീയരോടുള്ള മനോഭാവം

ഇവിടെ പ്രശ്നങ്ങള്‍ ഉയരുന്നു. ഈ പുതുമയായ വാതില്‍ തുറന്നിടല്‍ ആര്‍ക്കുവേണ്ടിയാണ്? വിജാതീയര്‍ക്കു വേണ്ടിയോ? അപ്പസ്തോലന്മാര്‍ യഹൂദരോടാണ് പ്രസംഗിച്ചത്. എന്നാല്‍ വീജാതീയരും സഭയുടെ വാതിലില്‍ മുട്ടുന്നു. ഇത് ശക്തമായ വിവാദത്തിനു കാരണമാകുന്നുണ്ട്. രക്ഷപ്രാപിക്കുന്നതിന് ആദ്യം മോശയുടെ നിയമനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടമെന്ന് ചില യഹൂദര്‍ വാദിക്കുന്നുണ്ട്. പീന്നീടാണ് മാമ്മോദീസാ. അതായത് ആദ്യം യഹൂദാചാരം, പിന്നീട് ജ്ഞാനസ്നാനം. ഇതായിരുന്നു അവരുടെ നിലപാട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് പൗലോസും ബാര്‍ണബാസും  ജറുസലേമില്‍ പോയി അപ്പസ്തോലന്മാരും ശ്രേഷ്ഠന്മാരുമായി പ്രശ്നം ചര്‍ച്ച ചെയ്യുന്നു. ഇതാണ് സഭയുടെ ചരിത്രത്തിലെ പ്രഥമ സൂനഹദോസ് ആയി കണക്കാക്കപ്പെടുന്നത്, ജറുസലേം സൂനഹദോസ്.

ഇവിടെ അതിലോലമായ ഒരു പ്രശ്നം, ദൈവശാസ്ത്രപരവും ആദ്ധ്യാത്മികവും ശക്ഷണപരവുമായ ഒരു പ്രശ്നം കൈകാര്യം ചെയ്യപ്പെടുന്നു. അതായത് ക്രിസ്തുവിലുള്ള വിശ്വാസവും മോശയുടെ നിയമം പാലിക്കലും തമ്മിലുള്ള ബന്ധം. മാതൃസഭയുടെ നെടും തൂണുകളായ പത്രോസും യാക്കോബും ഈ സമ്മേളനത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ നിര്‍ണ്ണായകങ്ങളാണ്.(അപ്പ.15,7-21; ഗലാത്തിയര്‍ 2,9)

പ്രശ്നപരിഹൃതിക്ക് സംഭാഷണ ശൈലി

വൈവിധ്യത്തെ നേരിടുന്നതിനും സ്നേഹത്തില്‍ സത്യം അന്വേഷിക്കുന്നതിനും അവലംബിക്കേണ്ട ശൈലിയെ തെളിക്കുന്ന സുപ്രധാന വെളിച്ചം ജറുസലേം സമ്മേളനം നമുക്കു നല്കുന്നു. പ്രശ്നങ്ങള്‍ പരഹരിക്കുന്നതിനുള്ള സഭാപരമായ രീതി ശ്രദ്ധാപൂര്‍വ്വവും ക്ഷമയോടുകൂടിയതുമായ ശ്രവണത്തോ‌ടും പരിശുദ്ധാരൂപിയുടെ വെളിച്ചത്താലുള്ള വിവേചനബുദ്ധിയോടും കൂടിയ സംഭാഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ജറുസലേം സമ്മേളനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കൂട്ടായ്മ

കൂട്ടായ്മയിലായിരിക്കാനുള്ള അഭിലാഷവും ഉത്തരവാദിത്വവും സകല ക്രൈസ്തവരിലും, പ്രത്യേകിച്ച്, മെത്രാന്മാരിലും വൈദികരിലും ശക്തിപ്പെടുത്താന്‍ നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. വിശ്വാസത്തില്‍ സഹോദരങ്ങളായവരോടും വിദൂരസ്ഥരായവരോടും സംഭാഷണത്തിലേര്‍പ്പെടാനും, അവരെ ശ്രവിക്കാനും, എക്കാലത്തും അനേകരായ മക്കള്‍ക്ക് “സന്തോഷവതിയായ അമ്മ” ആയിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സഭയുടെ ഫലദായകത്വം അനുഭവിച്ചറിയാനും ആവിഷ്ക്കരിക്കാനും കര്‍ത്താവ് നമ്മെ സഹായിക്കട്ടെ. നന്ദി.      

പാപ്പാഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ചൊവ്വാഴ്ച (22/10/19) വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ തിരുന്നാള്‍ ആചരിക്കപ്പെട്ടത് അനുസ്മരിച്ചു.

വിശ്വാസത്തിന്‍റെയും സുവിശേഷാനുസൃത ജീവിതത്തിന്‍റെയും ഗുരുനാഥനും ക്രിസ്തുവിനോടും മനുഷ്യവ്യക്തിയോടുമുള്ള സ്നേഹത്തിന്‍റെ മാതൃകയും ആയ ഈ വിശുദ്ധനെ അനുകരിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.  

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

23 October 2019, 13:10