തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പ്രതിവാര പൊതുദര്‍ശനം അനുവദിക്കാനെത്തുന്നു, 30/10/2019 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, പ്രതിവാര പൊതുദര്‍ശനം അനുവദിക്കാനെത്തുന്നു, 30/10/2019 

പരിശുദ്ധാരൂപി: പ്രേഷിതദൗത്യനിയന്താവ്!

തുറവുള്ള ഒരു ഹൃദയവും, ഭയരഹിതമായ വിശ്വാസവും ലഭിക്കുന്നതിനായി ഇന്നു നമുക്ക് പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാം.... ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (30/10/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. റോമില്‍ കാലാവസ്ഥ പൊതുവെ മോശമായിരുന്നു. പൊതുകൂടിക്കാഴ്ചാ പരിപാടി തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോള്‍ മഴയും ആരംഭിച്ചു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. കുട ചൂടിയും, മഴവസ്ത്രം ധരിച്ചുമൊക്കെയായിരുന്നു അവര്‍ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടത്. ഇടയ്ക്കു വച്ചു മഴ തോരുകയും ചെയ്തു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു.

ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ നീങ്ങി. അപ്പോള്‍ മഴയുണ്ടായിരുന്നില്ല. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവരുന്ന കുഞ്ഞുങ്ങളെ പാപ്പാ തലോടി ചുംബിച്ച് ആശീര്‍വ്വദിക്കുന്നുമുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“(9) രാത്രിയില്‍ പൗലോസിന് ഒരു ദര്‍ശനമുണ്ടായി; മക്കെദോനിയക്കാരനായ ഒരുവന്‍ അവന്‍റെ മുമ്പില്‍ നിന്ന് ഇപ്രകാരം അഭ്യര്‍ത്ഥിച്ചു: മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക. (10) മക്കെദോനിയക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം തങ്ങളെ വിളിച്ചിരിക്കയാണെന്ന് മനസ്സിലാക്കി, അവന് ദര്‍ശനമുണ്ടായ ഉടനെതന്നെ അവര്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു”. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 16:9-10) 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന, പാപ്പായുടെ  മുഖ്യ പ്രഭാഷണത്തിന്‍റെ  സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌,‍

പരിശുദ്ധാത്മാവ് പ്രേഷിതരെ നയിക്കുന്നു, പൗലോസപ്പസ്തോനുണ്ടാകുന്ന ദര്‍ശനം

അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ നമുക്കു മനസ്സിലാകും സഭയുടെ പ്രേഷിതദൗത്യത്തില്‍ നായകന്‍ പരിശുദ്ധാരൂപിയാണെന്ന്: പിന്‍ചെല്ലേണ്ടുന്ന പാതയേതെന്ന് സുവിശേഷപ്രവര്‍ത്തകരെ കാണിച്ചുകൊടുത്തുകൊണ്ട് അവരുടെ ചുവടുകളെ നയിക്കുന്നത് ഈ അരൂപിയാണ്.ത്രോവാസിലെത്തിയ പൗലോസപ്പസ്തോലനുണ്ടാകുന്ന ദര്‍ശനത്തില്‍ ഇത് നമുക്ക് സുവ്യക്തമായി കാണാം. മക്കെദോനിയക്കാരനായ ഒരുവന്‍ പൗലോസിനോട് ഇപ്രകാരം അഭ്യര്‍ത്ഥിക്കുന്നു: “മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക” (അപ്പ.16,9). യേശുക്രിസ്തുവിനെ പ്രഘോഷിക്കാന്‍ പൗലോസിനെ വിളിച്ചതില്‍ ഉത്തര മക്കെദോണിയായിലെ ജനങ്ങള്‍ അഭിമാനംകൊണ്ടു.  അപ്പസ്തോലന്‍ ഒട്ടും അമാന്തിക്കുന്നില്ല, മക്കെദോനിയായിലേക്കു പോകുന്നു; തന്നെ അവിടേക്ക് അയക്കുന്നത് ദൈവമാണ് എന്ന ഉറപ്പോടുകൂടിയാണ് അപ്പസ്തോലന്‍ അപ്രകാരം ചെയ്യുന്നത്. സുവിശേഷം പ്രഘോഷിക്കുന്നതിന് പൗലോസ്, റോമിന്‍റെ  അധികാരത്തിലുള്ളതും എഗ്നാത്തിയ വീഥിയിലുള്ളതുമായ ഫിലിപ്പിയയിലെത്തി. അദ്ദേഹം കുറെ നാളുകള്‍ അവിടെ തങ്ങി. ഫിലിപ്പിയായിലെ വാസകാലം മൂന്നു സംഭവങ്ങളാല്‍ സവിശേഷതായര്‍ജ്ജിച്ചു. ഒന്ന്, ലിദിയായുടെയും കുടുംബത്തിന്‍റെയും സുവിശേഷവത്ക്കരണവും അവരുടെ ജ്ഞാനസ്നാനവും. മറ്റൊന്ന്, യജമാനന്മാര്‍ ചൂഷണം ചെയ്തിരുന്നവളും അരൂപി ബാധിച്ചിരുന്നവളുമായ അടിമപ്പെണ്‍കുട്ടിയില്‍ നിന്ന് ആ ആത്മാവിനെ ഒഴിപ്പിച്ച പൗലോസ്, തുടര്‍ന്ന് സീലാസിനോടൊപ്പം അറസ്റ്റു ചെയ്യപ്പെടുന്നതാണ്. മൂന്നാമത്തെ സംഭവമാകട്ടെ, കരാഗൃഹ കാവല്‍ക്കാരന്‍റെ  മാനസാന്തരവും അവന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും ജ്ഞാനസ്നാനവും. 

ലിദിയയും കുടുംബവും

ലിദിയ അവളുടെ കുടുംബത്തോടൊപ്പം ക്രിസ്തുവിനെ ആശ്ലേഷിക്കുന്നു, മാമ്മോദീസാ സ്വീകരിക്കുന്നു, ക്രിസ്തുവിന്‍റെ ആളുകളെ വരവേല്ക്കുകയും ചെയ്യുന്നു, അങ്ങനെ അവള്‍ സ്വന്തം ഭവനത്തില്‍ പൗലോസിനെയും സീലാസിനെയും സ്വീകരിക്കുന്നു. ക്രിസ്തുമതത്തിന്‍റെ യുറോപ്പിലേക്കുള്ള ആഗമനമാണ് നാം ഇവിടെ കാണുക. ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാംസ്ക്കാരികാനുരൂപണ പ്രകിയയുടെ തുടക്കമാണത്.

പൗലോസും സീലാസും തടവറയില്‍

ലിദിയായുടെ ഭവനത്തില്‍ അനുഭവിച്ചറിഞ്ഞ സ്നേഹോഷ്മളതയ്ക്കു ശേഷം പൗലോസും സീലാസും കാരാഗൃഹത്തിന്‍റെ കാഠിന്യം അനുഭവിക്കുന്നു. ലിദിയയുടെയും കുടുംബത്തിന്‍റെയും മാനസാന്തരം പ്രദാനം ചെയ്ത സാന്ത്വനത്തിനു ശേഷം പൗലോസും സീലാസും കാരാഗൃഹത്തിന്‍റെ  നിരാനന്ദത്തിലേക്കു കടക്കുന്നു. ഭാവിപ്രവചനം വഴി തന്‍റെ യജമാനന്മാര്‍ക്ക് ആദായമുണ്ടാക്കിക്കൊടുത്തിരുന്ന ഒരു അടിമപ്പെണ്‍കുട്ടിയെ അവളെ ബാധിച്ചിരുന്ന ആത്മാവില്‍ നിന്നൊഴിപ്പിച്ചതിനാണ് ആ യജമാനന്മാര്‍ പൗലോസിന്‍റെമേല്‍ പൊതുക്രമസമാധാനം ലംഘനക്കുറ്റം ആരോപിച്ച് ന്യായാധിപസംഘത്തിനു മുന്നില്‍ ഹാജരാക്കിയത്.

കാരാഗൃഹത്തിലെ അത്ഭുതം

എന്നാല്‍ എന്താണ് സംഭവിക്കുന്നത്? പൗലോസ് കാരാഗൃഹത്തില്‍ കഴിയുന്ന വേളയില്‍ ഒരു അത്ഭുതം സംഭവിക്കുന്നു. പൗലോസും സീലാസും വിലപിക്കുന്നതിനു പകരം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സ്തുതിപ്പ് ഒരു വിമോചനദായക ശക്തിയെ അഴിച്ചുവിടുന്നു: പ്രാര്‍ത്ഥനാവേളയില്‍ ഒരു ഭൂകമ്പം കരാഗൃഹത്തിന്‍റെ അടിത്തറ ഇളക്കുന്നു. കാരഗൃഹവാതിലുകള്‍ തുറക്കപ്പെടുന്നു, ചങ്ങലകള്‍ അഴിഞ്ഞുവീഴുന്നു. പന്തക്കൂസ്താദിനത്തിലെ പ്രാര്‍ത്ഥനയെന്ന പോലെ തന്നെ കാരഗൃഹത്തിലെ പ്രാര്‍ത്ഥനയും വിസ്മയം തീര്‍ക്കുന്നു.

പാറാവുകാരന്‍റെ മാനസാന്തരം

തടവുകാര്‍ രക്ഷപ്പെട്ടെന്നു കരുതി കാരഗൃഹ കാവല്‍ക്കാരന്‍ ആത്മഹത്യചെയ്യാന്‍ ഒരുങ്ങുന്നു. കാരണം തടവുകാര്‍ രക്ഷപ്പെട്ടാല്‍ പാറാവുകാര്‍ സ്വജീവന്‍ വിലയായ് നല്കേണ്ടിയിരുന്നു. എന്നാല്‍ പൗലോസ് ഉച്ചസ്വരത്തില്‍ പറയുന്നു: “ഞങ്ങള്‍ എല്ലാവരും ഇവിടെത്തന്നെയുണ്ട്”. അപ്പോള്‍ ആ അത്ഭുതം കണ്ട പാറാവുകാരന്‍ ചോദിക്കുന്നു: ”യജമാനന്മാരേ, രക്ഷപ്രാപിക്കാന്‍ ഞാന്‍ എന്തു ചെയ്യണം”? (അപ്പ.16,30). അതിനുള്ള ഉത്തരം ഇതാണ്: “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക, നീയും നിന്‍റെ  കുടുംബവും രക്ഷപ്രാപിക്കും” (അപ്പ.16,31). ആ നിമിഷം മാറ്റം സംഭവിക്കുന്നു: ആ അര്‍ദ്ധരാത്രിയില്‍ കാവല്‍ക്കാരന്‍ അവന്‍റെ കുടുംബത്തോടൊപ്പം കര്‍ത്താവിന്‍റെ വചനം ശ്രവിക്കുകയും അപ്പസ്തോലന്മാരെ സ്വീകരിക്കുകയും പ്രഹരംകൊണ്ടുണ്ടായ അവരുടെ മുറിവുകള്‍ കഴുകുകയും മാമ്മോദീസാ സ്വീകരിക്കുകയും ചെയ്തു. “ദൈവത്തില്‍ വിശ്വസിച്ചതിനാല്‍ അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു”. ....അങ്ങനെ പരിശുദ്ധാരൂപി സ്വന്തം ദൗത്യം നിര്‍വ്വഹിക്കുന്നു. ആരംഭംമുതല്‍ തന്നെ, പന്തക്കൂസ്ത മുതല്‍, പരിശുദ്ധാരൂപി പ്രേഷിതദൗത്യത്തില്‍ നായകനാണ്. 

പ്രാര്‍ത്ഥിക്കുക

തുറവുള്ള ഒരു ഹൃദയവും, അതായത്, ലീദിയായുടേതു പോലെ, ദൈവത്തെ അനുഭവിച്ചറിയാന്‍ കഴിവുറ്റതും സഹോദരങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതുമായ ഒരു ഹൃദയവും, പൗലോസിന്‍റെയും സീലാസിന്‍റെയും പോലുള്ള ഭയരഹിതമായ ഒരു വിശ്വാസവും അതുപോലെതന്നെ, പരിശുദ്ധാത്മാവിന്‍റെ സ്പര്‍ശനത്തിന് സ്വയം അനുവദിച്ച കാരഗൃഹകാവല്‍ക്കാരന്‍റെതു പോലുള്ള ഹൃദയത്തുറവും  ലഭിക്കുന്നതിനായി ഇന്നു നമുക്ക് പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാം. നന്ദി. 

സമാപനാഭിവാദ്യങ്ങള്‍ 

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ഒക്ടോബര്‍ മാസാന്ത്യത്തില്‍ പരിശുദ്ധ മറിയത്തെ, യേശുവിന്‍റെയും നമ്മുടെയും അമ്മയെ, വിളിച്ചപേക്ഷിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു. അവളോടു പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് കൊന്തനമസ്ക്കാരം വഴി നാം പഠിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മറിയത്തിന്‍റെ പുത്രനായ യേശുക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ അവള്‍ നമുക്കു തുണയായിരിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

30 October 2019, 12:42