തിരയുക

Vatican News
റോമില്‍ ടൈബര്‍ നദിയില്‍ വലിച്ചെറിയപ്പെട്ട "ഭൂമാതാവ് " (പാച്ചമാമ" "PACHAMAMA")  പ്രതിമയുടെ ഒരു രൂപം റോമില്‍ ടൈബര്‍ നദിയില്‍ വലിച്ചെറിയപ്പെട്ട "ഭൂമാതാവ് " (പാച്ചമാമ" "PACHAMAMA") പ്രതിമയുടെ ഒരു രൂപം  (AFP or licensors)

മാര്‍പ്പാപ്പാ മാപ്പപേക്ഷിച്ചു!

ആമസോണ്‍ തദ്ദേശവാസികള്‍ കൊണ്ടുവന്ന “ഭൂമാതാവ്” എന്നര്‍ത്ഥമുള്ള “പാച്ചമാമാ” എന്ന നാമത്തിലുള്ള 3 പ്രതിമകള്‍ റോമിലെ ടൈബര്‍ നദിയില്‍ എറിയപ്പെട്ട സംഭവത്തില്‍ പാപ്പാ മാപ്പപേക്ഷിച്ചു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡ് ആമസോണ്‍ പ്രദേശത്തെ അധികരിച്ചു ചേര്‍ന്നിരിക്കുന്ന പ്രത്യേക സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ ആമസോണ്‍ തദ്ദേശവാസികള്‍ കൊണ്ടുവന്ന “ഭൂമാതാവ്” എന്നര്‍ത്ഥമുള്ള  “പാച്ചമാമാ” എന്ന നാമത്തിലുള്ള 3 പ്രതിമകള്‍ റോമിലെ ടൈബര്‍ നദിയില്‍ എറിയപ്പെട്ട സംഭവത്തില്‍ റോം രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ മാര്‍പ്പാപ്പാ മാപ്പപേക്ഷിച്ചു.

മെത്രാന്മാരുടെ സിനഡിന്‍റെ വെള്ളിയാഴ്ച (25/10/19) വൈകുന്നേരം നടന്ന പതിനഞ്ചാം പൊതുയോഗത്തില്‍, അഥവാ, ജനറല്‍ കോണ്‍ഗ്രിഗേഷനില്‍ ആണ് ഫ്രാന്‍സീസ് പാപ്പാ ഈ അനിഷ്ടസംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ യാചിക്കുകയും ചെയ്തത്. 

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിലേക്കു നയിക്കുന്ന വിശാല വീഥിയായ “വിയ ദെല്ല കൊണ്‍ചിലിയാത്സിയോനെ”യുടെ ഒരു വശത്തു സ്ഥിതിചെയ്യുന്ന “സാന്ത മരിയ ഇന്‍ ത്രസ്പൊന്തീന” മരിയന്‍ ദേവാലയത്തില്‍ ഒരിടത്താണ്, സിനഡില്‍ പങ്കെടുക്കുന്ന തെക്കെ അമേരിക്കയില്‍ നിന്നുള്ള “ഏക്വിപെ ഇത്തിനെറാന്തെ” (EQUIPE ITINERANTE) എന്ന സംഘം ഈ പ്രതിമകള്‍ വച്ചിരുന്നത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി ഞായറാഴ്ച (20/10/19) രാത്രിയില്‍ ഒരാള്‍ അവ എടുത്തുകൊണ്ടു പോയി അടുത്തുള്ള ടൈബര്‍ നദിയില്‍ എറിയുകയായിരുന്നു.

“ഭൂമാതാവിനെ” പ്രതീകാത്മകമായി ഗര്‍ഭിണിയുടെ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പ്രതിമകള്‍ വിഗ്രഹാരാധനയ്ക്കു വേണ്ടിയല്ല ദേവാലയത്തില്‍ വച്ചിരുന്നതെന്ന് പാപ്പാ സിനഡുയോഗത്തില്‍ വ്യക്തമാക്കി.

മാദ്ധ്യമലോകത്ത് ഏറെ കോലാഹലം സൃഷ്ടിച്ച ഈ പ്രതിമകള്‍ ഇറ്റലിയുടെ സൈനികപൊലീസ് വിഭാഗമായ “കരബിനിയേരി” കണ്ടെടുത്തുവെന്നും പ്രതിമകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പാപ്പാ വെളിപ്പെടുത്തി.

 

26 October 2019, 13:00