സിറിയയില്‍ സമാധാനം സംസ്ഥാപിക്കുന്നതിന് സംഭാഷണത്തിന്‍റെ പാത
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മദ്ധ്യപൂര്‍വ്വ ദേശത്തിനു വേണ്ടി, വിശിഷ്യ പിച്ചിച്ചീന്തപ്പെട്ട സിറിയയ്ക്കു വേണ്ടി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.
ഞായാറാഴ്ച (13/10/2019) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ മറിയം ത്രേസ്യയുള്‍പ്പടെ അഞ്ചു പേരെ വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തിന്‍റെ അവസാനം മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു മുമ്പാണ് ഫ്രാന്‍സീസ് പാപ്പാ സായുധസംഘര്‍ഷങ്ങള്‍ മൂലം യാതനകളനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ചതും ആ പ്രദേശങ്ങളില്‍ സമാധാനം സംസ്ഥാപിക്കുന്നതിനു വേണ്ടി പരിശ്രമിക്കാന്‍ അഭ്യര്‍ത്ഥിച്ചതും.
മദ്ധ്യപൂര്‍വ്വദേശത്തു നിന്ന്, പ്രത്യേകിച്ച് തകര്‍ക്കപ്പെട്ടിരിക്കുന്ന പ്രിയപ്പെട്ട നാടായ സിറിയയുടെ വടക്കുകിഴക്കെ ഭാഗത്തു നിന്ന് എത്തുന്നത് സൈനികനടപടിപകള്‍ മൂലം സ്വഭവനങ്ങള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായ ജനങ്ങളുടെ ദുരന്തപൂര്‍ണ്ണമായ അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകളാണെന്നും ഇവര്‍ക്കിടയില്‍ അനേകം ക്രൈസ്തവ കുടുംബങ്ങളുണ്ടെന്നും പാപ്പാ അനുസ്മരിക്കുന്നു.
ഫലപ്രദമായ പരിഹാരങ്ങള്‍ സംഭാഷണത്തിന്‍റെ പാതയിലൂടെ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും സുതാര്യതയോടും കൂടി തേടുവാന്‍ പാപ്പാ ബന്ധപ്പെട്ട സകലരോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യര്‍ത്ഥിക്കുന്നു.
തുര്‍ക്കിയുടെ തെക്കെ അതിര്‍ത്തിപ്രദേശത്ത് കയറിക്കൂടാന്‍ ശ്രമിക്കുന്ന ഭീകരരെ ഇല്ലായ്മചെയ്യാനെന്ന ന്യായം പറഞ്ഞുകൊണ്ട് അന്നാട് അഴിച്ചുവിട്ട കടുത്ത ആക്രമണമാണ് സിറിയുടെ ഉത്തരപൂര്‍വ്വദേശത്തെ നിണപങ്കിലമാക്കുന്നതും ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നതും.