നിരന്തര പ്രാര്‍ത്ഥന:പ്രേഷിതദൗത്യപൂരണത്തിന് അനിവാര്യ വ്യവസ്ഥ!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഞായറാഴ്ച (20/10/19), അതായത്, ഇരുപതാം തീയതി മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.
വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.
ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. സാര്‍വ്വത്രികസഭ ലോക പ്രേഷിതദിനം ആചരിച്ച ഈ ഞായറാഴ്ച (20/10/19) ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, രണ്ടാം വായന, വിശുദ്ധ പൗലോസ് തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനം, മൂന്നാം അദ്ധ്യായം 14 മുതല്‍ നലാം അദ്ധ്യായം രണ്ടുവരെയുള്ള വാക്യങ്ങളില്‍, അതായത്, വചന പ്രഘോഷണ ദൗത്യത്തെയും അതു നിര്‍വ്വഹിക്കേണ്ട രീതിയെയുംകുറിച്ചു പ്രതിപാദിക്കുന്ന ഭാഗം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ പരിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
വിശുദ്ധ പൗലോസ്, തിമോത്തെയോസിന് ഏകുന്ന ഉപദേശം
തന്‍റെ വിശ്വസ്ത സഹകാരിയായ തിമോത്തെയോസിന് പൗലോസ് അപ്പസ്തോലന്‍ നല്കുന്ന ഉപദേശം ഇന്നത്തെ രണ്ടാം വായന നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. പൗലോസപ്പസ്തോലന്‍ പറയുന്നു: “വചനം പ്രസംഗിക്കുക, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക.” (2 തിമോത്തോയോസ് 4,2). അതിന്‍റെ ധ്വനി ഹൃദയത്തെ തൊടുന്നതാണ്. അതായത്, വചന പ്രഘോഷണം തന്‍റെ കടമയാണ് എന്ന അവബോധം തിമോത്തെയോസ് പുലര്‍ത്തണം; അസ്തിത്വപരമായ ഒരവസ്ഥയെയും ഒഴിവാക്കാതെ എല്ലാ മേഖലകളിലും ഈ ദൗത്യം നിറവേറ്റപ്പെടണം. പൗലോസപ്പസ്തോലന്‍റെ ഈ വികാരങ്ങള്‍ ഇക്കാലഘട്ടത്തിലും, ചിലപ്പോഴൊക്കെ നിഷേധാത്മകമായിരിക്കുന്നതും എന്നാല്‍ ദൈവം അനന്തമായി സ്നേഹിക്കുന്നതുമായ ഈ നരകുലത്തിനുള്ളിലും, സുവിശേഷത്തിനു സാക്ഷികളായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സകല ക്രിസ്തുശിഷ്യര്‍ക്കും ഉണ്ടായിരിക്കണം.
പ്രേഷിതദിനാചരണം
ഇന്നാചരിക്കപ്പെടുന്ന ലോകപ്രേഷിതദിനം മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള ഓരോ വ്യക്തിക്കും, വചന പ്രഘോഷണത്തില്‍, ദൈവരാജ്യ പ്രഘോഷണത്തില്‍ നവീകൃതമായ ഒരു പ്രതിബദ്ധതയോടുകൂടി സഹകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവബോധം പുലര്‍ത്താനുള്ള സവിശേഷമായ ഒരു അവസരമാണ്. ആകമാന സഭയുടെ പ്രേഷിത ദൗത്യത്തിനു നവോര്‍ജ്ജം പകരുന്നതിന്, നൂറു വര്‍ഷം മുമ്പ്, ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ “മാക്സിമൂം ഇല്ലുദ്” (MAXIMUM ILLUD) എന്ന അപ്പസ്തോലിക ലേഖനം പുറപ്പെടുവിക്കുകയുണ്ടായി. സഭയുടെ പ്രേഷിത ദൗത്യം മേല്‍ക്കോയ്മാഭാവത്തിന്‍റെതായ എല്ലാ പടലങ്ങളിലും നിന്ന് ശുദ്ധീകരിക്കപ്പെടുന്നതിനും യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തിവ്യാപന നയങ്ങളുടെ വ്യവസ്ഥകളില്‍ നിന്നു മുക്തമായിരിക്കുന്നതിനും വേണ്ടി സഭയുടെ ദൗത്യം സുവിശേഷാത്മകമായി നവീകരിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹത്തിന് അനുഭവപ്പെട്ടു.
സ്വയം അടച്ചിടാനുള്ള പ്രലോഭനം
ഇന്നിന്‍റെ മാറിയ സാഹചര്യത്തിലും, ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പായുടെ സന്ദേശം പ്രസക്തമാണ്. ആത്മക്രേന്ദ്രീകൃതമായി എല്ലാത്തരത്തിലും സ്വയം അടച്ചിടാനുള്ള പ്രലോഭനങ്ങളെയും അജപാലനവുമായി ബന്ധപ്പെട്ട സകലവിധ ദോഷചിന്തകളെയും തരണം ചെയ്യാനും സുവിശേഷത്തിന്‍റെ ആനന്ദദായക നവീനതയോട് തുറവുകാട്ടാനും അത് പ്രചോദനം പകരുകയും ചെയ്യുന്നു. ജനതകളുടെ അനന്യതയെ ഉയര്‍ത്തിപ്പിടിക്കുന്നതും ആദരിക്കുന്നതുമായിരിക്കേണ്ട ആഗോളവത്ക്കരണത്താല്‍ മുദ്രിതമായിരിക്കേണ്ടതും എന്നാല്‍ സര്‍വ്വസാമ്യതയാലും യുദ്ധങ്ങള്‍ക്ക് എണ്ണപകരുകയും ലോകത്തെ നശിപ്പിക്കുകയും ചെയ്യുന്ന പുരാതനമായ അധികാരവടംവലിയാലും ക്ലേശിക്കുന്നതുമായ നമ്മുടെ ഈ കാലഘട്ടത്തില്‍ വിശ്വാസികള്‍ വിളിക്കപ്പെട്ടിരിക്കുന്നത്, യേശുവില്‍ കാരുണ്യം പാപത്തെ ജയിക്കുകയും പ്രത്യാശ ഭീതിയെ കീഴടക്കുകയും സാഹോദര്യം ശത്രുതയുടെ മേല്‍ വിജയക്കൊടി നാട്ടുകയും ചെയ്തിരിക്കുന്നു എന്ന സദ്വാര്‍ത്ത സകലയിടത്തും നവോന്മേഷത്തോടെ എത്തിക്കാനാണ്. ക്രിസ്തുവാണ് നമ്മുടെ സമാധാനം. അവിടന്നില്‍ സകല പിളര്‍പ്പുകളും ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു. അവിടന്നില്‍ മാത്രമാണ് സകല മനുഷ്യര്‍ക്കും സകല ജനതകള്‍ക്കും രക്ഷ സാധ്യമാകുന്നത്.
പ്രാര്‍ത്ഥനയുടെ അനിവാര്യത
ദൗത്യം അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്നതിന് അനിവാര്യമായ ഒരു വ്യവസ്ഥയുണ്ട്: അത് പ്രാര്‍ത്ഥനയാണ്. തിക്ഷ്ണവും നിരന്തരവുമായ പ്രാര്‍ത്ഥന, ഇന്നത്തെ സുവിശേഷത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന യേശുവിന്‍റെ പ്രബോധനമനുസരിച്ചുള്ള പ്രാര്‍ത്ഥന. സുവിശേഷത്തില്‍ യേശു പറയുന്നു: “ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം” ( ലൂക്കാ 18:1). ദൈവജനം പ്രേഷിതര്‍ക്കേകുന്ന പ്രഥമ പിന്തുണയാണ് പ്രാര്‍ത്ഥന. സുവിശേഷത്തിന്‍റെ കൃപയും വെളിച്ചവും ഇനിയും സ്വീകരിക്കാനുള്ളവരോടു സുവിശേഷം പ്രഘോഷിക്കുകയും അതു നല്കുകയും ചെയ്യുകയെന്ന ആയാസകരമായ അവരുടെ ദൗത്യത്തോടുള്ള സ്നേഹത്താലും കൃതജ്ഞതയാലും സമ്പന്നമാണ് ഈ പ്രാര്‍ത്ഥന. പ്രേഷിതര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടോ? ദൈവവചനം സാക്ഷ്യംകൊണ്ട് അകലങ്ങളിലേക്ക് സംവഹിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കാനുള്ള നല്ലൊരവസരവുമാണ് പ്രേഷിതദിനം. നമുക്ക് അതെക്കുറിച്ചൊന്നു ചിന്തിക്കാം.
സകല ജനതകളുടെയും അമ്മയായ മറിയം സുവിശേഷത്തിന്‍റെ പ്രേഷിതരെ അനുദിനം തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.
നിണസാക്ഷി അല്‍ഫ്രേദൊ ക്രെമൊണേസി
ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ, ശനിയാഴ്ച (19/10/19) ഉത്തര ഇറ്റലിയിലെ ക്രേമ എന്ന സ്ഥലത്ത്, നിണസാക്ഷി അല്‍ഫ്രേദൊ ക്രെമൊണേസി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.
വദേശ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിലെ (PIME) പ്രേഷിത വൈദികന്‍ ആയിരുന്ന അല്‍ഫ്രേദൊ ക്രെമൊണേസി ബര്‍മ്മയില്‍, ഇന്നത്തെ മ്യന്മാറില്‍, വച്ച് 1953 ല്‍ വധിക്കപ്പെടുകയായിരുന്നുവെന്നും സമാധാനത്തിന്‍റെ സ്ഥിരോത്സാഹിയായ അപ്പസ്തോലനും സുവിശേഷത്തിന്‍റെ തീക്ഷ്ണമതിയായ സാക്ഷിയും ആയിരുന്നുവെന്നും അതിനായി അദ്ദേഹം രക്തംപോലും ചിന്തിയെന്നും പാപ്പാ അനുസ്മരിച്ചു.
സഹോദര്യപ്രവര്‍ത്തകരും എല്ലായിടങ്ങളിലും ധീരരായ പ്രേഷിതരും ആയിത്തീരുന്നതിന് അദ്ദേഹത്തിന്‍റെ മാതൃക നമുക്ക് പ്രചോദനമേകട്ടെയെന്ന് ആശംസിച്ച പാപ്പാ ലോകത്തില്‍ സുവിശേഷത്തിന്‍റെ വിത്തുവിതയ്ക്കാന്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് നവവാഴ്ത്തപ്പെട്ട അല്‍ഫ്രേദൊ ക്രെമൊണേസിയുടെ സഹായം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
സമാപന അഭിവാദ്യങ്ങള്‍
തുടര്‍ന്ന് ഇറ്റലിക്കാരും മറ്റുരാജ്യാക്കാരുമടങ്ങുന്ന വിശ്വാസികളെയും തീര്‍ത്ഥാടകരെയും പാപ്പാ അഭിവാദ്യം ചെയ്തു. എല്ലാവരെയും ഉള്‍ക്കൊള്ളിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട്, “നമുക്ക് മനുഷ്യരായിരിക്കാം” എന്ന ശീര്‍ഷകത്തില്‍ ഏതാനും മാസങ്ങളായി ഇറ്റലിയില്‍ നടത്തിവരുന്ന ഒരു പ്രയാണ പരിപാടിയില്‍ പങ്കെടുക്കുന്നവരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
കത്തോലിക്കാ പ്രവര്‍ത്തനം അഥവാ, “ആത്സിയോനെ കത്തോലിക്കാ” (AZIONE CATTOLICA) എന്ന ഇറ്റാലിയന്‍ സംഘടനയില്‍പ്പെട്ട ബാലികാബാലന്മാരെയും പാപ്പാ അഭിവാദ്യം ചെയ്യുകയും ഈ പ്രസ്ഥാനം അതിന്‍റെ സുവര്‍ണ്ണ ജൂബിലിയിലേക്കു കടന്നിരിക്കുന്നത് അനുസ്മരിക്കുകുയും ചെയ്തു.
ഈ പ്രസ്ഥാനത്തിലെ അംഗങ്ങളില്‍ സഭയ്ക്കുള്ള വിശ്വാസം വെളിപ്പെടുത്തിയ പാപ്പാ സന്തോഷത്തോടും ഉദാരതയോടും കൂടി മുന്നോട്ടുപോകാന്‍ അവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.
തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേര്‍ന്ന മാര്‍പ്പാപ്പാ വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി