തിരയുക

Sinodo: il Papa pianta albero Assisi in giardini vaticani Sinodo: il Papa pianta albero Assisi in giardini vaticani 

മാനവികതയെ ഒന്നിപ്പിക്കുന്ന സമഗ്ര പരിസ്ഥിതി വീക്ഷണം

പാപ്പാ ഫ്രാന്‍സിസിന്‍റെ “ഭൂമി നമ്മുടെ അമ്മ,” (Earth Our Mother) ഗ്രന്ഥം #ആമസോണിയന്‍ സിനഡിനോടു ചേര്‍ന്ന് പ്രകാശിതമായി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പരിസ്ഥിതി സംബന്ധമായ സമഗ്രവീക്ഷണം
ഒക്ടോബര്‍ 24-ന് വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ പ്രകാശനംചെയ്ത പാപ്പാ ഫ്രാന്‍സിസിന്‍റെ “ഭൂമി നമ്മുടെ അമ്മ,” (Earth Our Mother) എന്ന പാരിസ്ഥിതി സംബന്ധിയായ  ഗ്രന്ഥത്തിന്‍റെ അവതാരികയിലാണ് മാനവികതയെ ഒന്നിപ്പിക്കുന്ന പ്രബോധനമെന്ന് കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് വിശേഷിപ്പിച്ചത്. നാലുവര്‍ഷം മുന്‍പ്, 2015-ല്‍ പ്രസിദ്ധപ്പെടുത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിസ്ഥിതിസംബന്ധമായി സമഗ്രവീക്ഷണമുള്ള പ്രബോധനത്തിനുശേഷം പാരിസ്ഥിതിയെയും ഭൂമിയെയും സംബന്ധിച്ചു നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും, സന്ദേശങ്ങളും, അതുപോലെ പ്രസിദ്ധപ്പെടുത്താത്ത ചില ലേഖനങ്ങളും ചേര്‍ത്താണ് വത്തിക്കാന്‍റെ മുദ്രണാലയം (Libreria Editrice Vaticana – LEV) ഈ ഗ്രന്ഥം പുറത്തുകൊണ്ടുവന്നത്.

2. മാനവികതയെ കൂട്ടിയിണക്കുന്ന പാരിസ്ഥിതിക വീക്ഷണം
കത്തോലിക്കസഭയും കിഴക്കന്‍ സഭകളും തമ്മിലുള്ള നവമായ ബന്ധത്തിന്‍റെ നാന്ദിയായിരുന്നു “അങ്ങേയ്ക്കു സ്തുതി”യെന്ന ചാക്രിക ലേഖനമെന്നും, അതിനുശേഷം കിഴക്കന്‍ സഭകളോടു ചേര്‍ന്ന് കത്തോലിക്കാ സമൂഹവും പരിസ്ഥിതി ദിനം ആചരിക്കുന്ന പതിവിന് തുടക്കമായ ചരിത്രവും പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ആമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സഭകള്‍ക്കു മാത്രമല്ല, മാനവരാശി മുഴുവനും സൃഷ്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്കുള്ള മറുപടിയാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ചാക്രികലലേഖനത്തിലും, “ഭൂമി നമ്മുടെ അമ്മ,” എന്ന ഗ്രന്ഥത്തിലും പങ്കുവയ്ക്കുന്നതെന്ന് പാത്രിയര്‍ക്കിസ് തന്‍റെ അവതാരികയില്‍ പരമാര്‍ശിക്കുന്നുണ്ട്.

ഇന്നിന്‍റെ പാരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമായ അന്തരീക്ഷ മലിനീകരണം, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, ജൈവവൈവിധ്യങ്ങളുടെ വംശനാശം എന്നിവയ്ക്കു കാരണം ഭൂമിയുടെയും അതിലെ സ്രോതസ്സുകളുടെയും അനിയന്ത്രിതമായ ഉപയോഗവും, അവ മലീമസമാക്കുകയും നശിപ്പിക്കുകയുംചെയ്യുന്ന പ്രവര്‍ത്തനങ്ങളാണെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നത് പാത്രിയര്‍ക്കിസ് അവതാരികയുടെ കേന്ദ്രസ്ഥാനത്ത് സൂചിപ്പിച്ചിട്ടുണ്ട്.

3. പാരിസ്ഥിതികമായ പരിവര്‍ത്തനവും മാനസാന്തരവും
തന്‍റെ ചാക്രിക ലേഖനത്തില്‍ എന്നപോലെ പാപ്പായുടെ ഈ പുതിയ ഗ്രന്ഥത്തിലും അതിലെ ലേഖനങ്ങളിലും ഇന്നിന്‍റെ പാരിസ്ഥിതികമായ മാറ്റങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ വെല്ലുവിളികളാണ് പാപ്പാ മുന്നോട്ടുവയ്ക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് പാരിസ്ഥിതിയെക്കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസത്തിലൂടെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള അറിവും അവബോധവും നല്കുകയാണെങ്കില്‍ പാരിസ്ഥിതിമായ ഒരു പരിവര്‍ത്തനം അല്ലെങ്കില്‍ മാനസാന്തരം ലോകത്തു സാദ്ധ്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നതും പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ആമുഖത്തില്‍ എടുത്തുപറഞ്ഞു. നീട്ടിവയ്ക്കാനാവത്തതും അടിയന്തിരവുമായ പാരിസ്ഥിതിക പ്രശ്നങ്ങളെ പാപ്പാ ഫ്രാന്‍സിസ് തന്‍റെ സ്ഥാനാരോഹണ വര്‍ഷംമുതല്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഗ്രന്ഥത്തിലെ വിവിധ ലേഖനങ്ങളുടെ ഉള്ളടക്കം തെളിയിക്കുന്നുണ്ടെന്നും, #ആമസോണ്‍ സിനഡ് അതിന്‍റെ പ്രായോഗിക തലമാണെന്നും പാത്രിയര്‍ക്കിസ് പ്രസ്താവിച്ചു.

4. ദൈവം  ദാനമായിത്തന്ന  ഭൂമി
ദൈവം ഭരമേല്പിച്ചിട്ടുള്ള മഹത്തായ ദാനമായ ഭൂമിയെ പരിരക്ഷിക്കാനുള്ള കടമ സകലജീവജാലങ്ങള്‍ക്കും ഉപകരിക്കുന്നതാണ്. അത് ദൈവത്തിന്‍റെ നിശ്വാസം സ്വീകരിച്ചിട്ടുള്ള മനുഷ്യനില്‍ സര്‍വ്വോപരി നിക്ഷിപ്തമാണ്. ദൈവം ഉല്പത്തിയില്‍ ഉച്ഛ്വസിച്ച ജീവന്‍റെ നിശ്വാസത്തിലൂടെ സൃഷ്ടിയുടെയും ജീവന്‍റെയും സൂക്ഷിപ്പ് മനുഷ്യനില്‍ നിക്ഷിപ്തമാണ്. അതുപോലെ ഇവയുടെ  സംരക്ഷണം മനുഷ്യനുമായി  ആഴത്തില്‍  ബന്ധപ്പെട്ടതും അവിഭാജ്യവുമാണ്.  ജീവന്‍ ഒരുവന്‍റെ അവകാശമാണ്. ജീവിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് ഉത്തരവാദിത്ത്വവും, നീതിയും, കൂട്ടായ്മയും ആവശ്യപ്പെടുന്നുണ്ടെന്നും പാപ്പാ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അടിസ്ഥാന യുക്തിയിലായിരിക്കണം മനുഷ്യന്‍ ഭൂമിയുടെ ഉപായസാധ്യതകളെ ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന് ജലം എല്ലാവരുടെയും പൊതുസ്വത്താണെന്നു അത് നശിപ്പിക്കുന്നതും മോശമാക്കുന്നതും പാഴാക്കുന്നതും പാപമാണെന്ന് പാപ്പാ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്.

5. പരിസ്ഥിതിയുടെ ആത്മീയ വീക്ഷണം
പാരിസ്ഥിതികമായ ഒരു ദൈവശാസ്ത്രം പാപ്പാ ഫ്രാന്‍സിസ് ഗ്രന്ഥത്തില്‍ വികസിപ്പിച്ചെടുക്കുന്നു. ഇത് തീര്‍ച്ചയായും ഒരു ആത്മീയ വീക്ഷണമാണ്. കാരണം സൃഷ്ടി  സ്നേഹമായ ദൈവത്തിന്‍റെ ദാനമാണ്. വിശിഷ്യ അതിന്‍റെ  മകുടമായ മനുഷ്യനെ ദൈവം ഭരമേല്പിച്ച ദാനമാണത്. അങ്ങനെ ഭൂമിയില്‍ ഒരു സാന്നിദ്ധ്യമാകുന്ന മനുഷ്യന്‍ ദൈവികജീവനില്‍  പങ്കാളിയാവുകയാണ്. ഈ പങ്കാളിത്തം സൃഷ്ടിയിലുള്ള അവന്‍റെയും അവളുടെയും കൂട്ടുചേരലുമാണ്. അതിനാല്‍ മനുഷ്യന്‍റെ ഭാഗധേയമാണ് അന്തിമമായി ഈ പ്രപഞ്ചത്തിന്‍റെ ഭാഗധേയമായി പരിണമിക്കുന്നതെന്നും പാപ്പാ ഫ്രാന്‍സിസ് "ഭൂമി നമ്മുടെ അമ്മ" എന്ന ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു.

N. B. : ഇറ്റാലിയനില്‍ ഇറങ്ങിയ ഗ്രന്ഥം (Nostra Madre Terra) ഉടനെ മറ്റു ഭാഷകളിലും ലഭ്യമാകും.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2019, 18:50