വിശുദ്ധരുടെ കാര്യങ്ങള്‍ സംബന്ധിച്ച പുതിയ ഡിക്രി
- ഫാദര്‍ വില്യം നെല്ലിക്കല്‍
വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ഒക്ടോബര്‍ 2-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ചശേഷമാണ് 8 പേരുടെ പുണ്യപദവികള്‍ സംബന്ധിച്ച ഡിക്രി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.
8 പുണ്യാത്മാക്കളെ സംബന്ധിച്ച ഡിക്രി
ഒക്ടോബര്‍ 3-നു പ്രസിദ്ധപ്പെടുത്തിയ ഡിക്രി പ്രകാരം ആഗോള സഭയിലെ 3 ധന്യാത്മാക്കളുടെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങളും, 2 ദൈവദാസരുടെ രക്തസാക്ഷിത്വവും പാപ്പാ അംഗീകരിക്കുകയുണ്ടായി. കൂടാതെ 3 ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നു ധ്യന്യാത്മാക്കളുടെ മദ്ധ്യസ്ഥതയില്‍ ലഭിച്ച
അത്ഭുത രോഗശാന്തികള്‍
a. ആഗോളസഭയിലെ കര്‍ദ്ദിനാളും പോളണ്ടിലെ വാര്‍സ്വാ അതിരൂപതാദ്ധ്യക്ഷനുമായിരുന്ന ധ്യന്യനായ സ്റ്റേഫനോ വിസീന്‍സ്കിയുടെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി അംഗീകരിച്ചു (1901-1981).
b. ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള അല്‍മായര്‍ക്കായുള്ള (Oblates of Sacred Heart) സഭയുടെ സ്ഥാപകനും, ഇറ്റലിയില്‍ ത്രോപിയ സ്വദേശിയുമായ ഇടവക വൈദികന്‍, ധന്യന്‍ ഫ്രാന്‍സിസ് മത്തോലയുടെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി അംഗീകരിച്ചു (1901-1969).
c. ഇറ്റലിയില്‍ ബൊളോഞ്ഞ സ്വദേശിനി, ധന്യയായ അല്‍മായ അലസാന്ദ്ര സബത്തീനിയുടെ മാദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുതരോഗശാന്തിയും അംഗീകരിച്ചു (1961-1984).
വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച
രണ്ടു രക്തസാക്ഷികള്‍
a. സ്പെയിനില്‍ ബാര്‍സലോണ സ്വദേശിയും അല്‍മായനുമായ ദൈവദാസന്‍ ജൊവാന്നി റോയിഗ് ഡിഗിളിന്‍റെ രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയെന്ന് പാപ്പാ അംഗീകരിച്ചു (1917-1936).
b. ബസീലിലെ സന്താനാ ദൊ കരീരി സ്വദേശിനിയും അല്‍മായയുമായ ദൈവദാസി, ബനീഞ്ഞ കര്‍ദോസ ഡി സില്‍വയുടെ രക്തസാക്ഷിത്വം വിശ്വാസ ധീരതയെന്നും പാപ്പാ അംഗീകരിച്ചു
(1928-1941).
മൂന്നു ദൈവദാസരുടെ വീരോചിത
പുണ്യങ്ങള്‍ സ്ഥിരീകരിച്ചു
a. ഇറ്റലിയിലെ പൊത്തേന്‍സാ-മര്‍സീക്കൊ അതിരൂപതാദ്ധ്യക്ഷന്‍ ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് അഗൂസ്തോ ചെസ്സാരെ ബെര്‍ത്തസോണിയുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു (1876-1972).
b. ഇടവക വൈദികര്‍ക്കും മതബോധകര്‍ക്കുമുള്ള വിശുദ്ധ വിയത്തോരെയുടെ സഭാ സമൂഹത്തിന്‍റെ സ്ഥാപകനും, ഫ്രാന്‍സിലെ വോര്‍ളെ സ്വദേശിയുമായ വൈദികനും ദൈവദാസനുമായ ജൊവാന്നി ലൂയിജി ക്വേര്‍ബസിന്‍റെ പുണ്യങ്ങള്‍ വീരോചിതമെന്ന് പാപ്പാ അംഗീകരിച്ചു (1793-1859).
c. സ്പെയിനില്‍ സലമാങ്കാ സ്വദേശിനിയും, വിശുദ്ധ ക്ലാരയുടെ സന്ന്യാസിനീ സമൂഹത്തിലെ അംഗവുമായ ദൈവദാസി ഉണ്ണീശോയുടെ സിസ്റ്റര്‍ മരിയ ഫ്രാന്‍ചേസ്കയുടെ വീരോചിത പുണ്യങ്ങളും ഈ ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് സ്ഥിരീകരിച്ചു (1905-1991).