തിരയുക

Vatican News
ദാരിദ്ര്യത്തിന്‍റെ ഒരു പ്രതിരൂപം ദാരിദ്ര്യത്തിന്‍റെ ഒരു പ്രതിരൂപം 

ദരിദ്രരോടുള്ള ധാര്‍മ്മികോത്തരവാദിത്വം!

ദാരിദ്ര്യ-പട്ടിണി നിര്‍മ്മാര്‍ജ്ജന യത്നങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ പലവിധം- ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാവപ്പെട്ടവരോടും പരിത്യക്തരോടും പട്ടിണിയനുഭവിക്കുന്നവരോടുമുള്ള കരുതല്‍ നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസംഘടനയുടെ (യു.എന്‍.ഒ-UNO) എഴുപത്തിനാലാം പൊതുയോഗത്തെ വെള്ളിയാഴ്ച (11/10/19) ഈ സംഘടനയുടെ ആസ്ഥാനത്ത്, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, സംബോധന ചെയ്യുകയായിരുന്നു, യു.എന്‍.ഓയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നരീക്ഷകന്‍ ആയ അദ്ദേഹം. 

ഈ സമ്മേളനത്തിലെ ചര്‍ച്ചകള്‍ കാര്‍ഷികവികസനം, ഭക്ഷ്യസുരക്ഷിതത്വം, പോഷണം എന്നിവയില്‍ കേന്ദ്രീകൃതമായിരുന്ന പശ്ചാത്തലത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ആര്‍ച്ച്ബിഷപ്പ് ഔത്സ കൊടുംദാരിദ്ര്യത്തില്‍ നിന്ന് നൂറുകോടിയിലേറെ ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും ഒപ്പം പട്ടിണിനിര്‍മ്മാര്‍ജ്ജന പ്രക്രിയയില്‍ പുരോഗതി കാണാന്‍ കഴിയാത്തതിലുള്ള ആശങ്ക അറിയിക്കുകയും ചെയ്തു.

2018 ലെ കണക്കനുസരിച്ച് ലോകത്തില്‍ ഏതാണ്ട് 9 പേരില്‍ ഒരാള്‍ വീതം ന്യൂനപോഷിതനാണെന്നും ആഫ്രിക്കയില്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും പോഷണ വൈകല്യം അനുഭവിക്കുന്നവരുടെ സംഖ്യ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറയുന്നു.

പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനും അന്നന്നുവേണ്ടുന്ന ആഹാരം എല്ലാവര്‍ക്കും  ലഭ്യമാക്കുന്നതിനും അന്താരാഷ്ട്രതലത്തില്‍ നടത്തുന്ന യത്നങ്ങള്‍ക്ക് പ്രതിബന്ധമായി നില്ക്കുന്ന മൂന്നുകാരണങ്ങള്‍ ആര്‍ച്ചുബിഷപ്പ് ഔത്സ ചൂണ്ടിക്കാട്ടുന്നു.

ആവശ്യത്തിലേറെ ഭക്ഷ്യവിഭവങ്ങള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവ പാഴാക്കിക്കളയുന്നതും അവയുടെ അമിതോപയോഗവും ആണ് ഈ കാരണങ്ങളിലൊന്നെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

സഹായ-വകസന സംരംഭങ്ങള്‍ നിരവധിയാണെങ്കിലും അവയ്ക്കു തുരങ്കം വയ്ക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളും നയങ്ങളുമാണ് മറ്റൊരു കാരണമെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ പറയുന്നു.

ന്യൂനപക്ഷം വരുന്ന ഒരു വിഭാഗത്തിന്‍റെ ഇഷ്ടങ്ങള്‍ വലിയൊരു വിഭാഗത്തിന്‍റെ മേല്‍ അടിച്ചേല്പിക്കുന്ന പ്രവണതയാണ് മൂന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുത്.

പൊതുനന്മ ലക്ഷ്യം വച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ ഓര്‍മ്മിപ്പിക്കുന്നു.

 

12 October 2019, 12:48