തിരയുക

Vatican News
Pope Francis met youth of  Madagascar Pope Francis met youth of Madagascar  (ANSA)

കറുപ്പിന്‍റെ അഴകും കരുത്തുമായി മഡഗാസ്കറിലെ യുവജനസംഗമം

സ്വീകരിക്കാന്‍ കാണിച്ച പ്രസരിപ്പിനും ആവേശത്തിനും നന്ദിപറഞ്ഞുകൊണ്ട് മ‍ഡഗാസ്കറിലെ യുവജന സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്തംബര്‍ 7 ശനി, മഡഗാസ്ക്കര്‍

പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കിടയില്‍
സെപ്തംബര്‍ 7, ശനിയാഴ്ച മഡഗാസ്കറിലെ സൊമാഡ്രിക്കിസെ എന്ന രൂപതാ മൈതാനിയില്‍ 8000-ല്‍ അധികം യുവജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനെ കാണാനെത്തി. മനോഹരമായ ദ്വീപ് മഡഗാസ്കറിന്‍റെ മുക്കിലും മൂലയില്‍നിന്നും എത്തിയ  യുവജനങ്ങള്‍ , അവരുടെ പരമ്പരാഗത നൃത്തം, സംഗീതം, വേഷവിധാനം എന്നിവ കണ്ട് പാപ്പാ അതീവ സന്തോഷവാനായി. വന്‍ യുവജനസംഘങ്ങളുടെ നൃത്തവും ചുവടുകളും ചടുലസംഗീതവും 82-കാരന്‍ പാപ്പാ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. അവരുടെ ജീവിതാനുഭവങ്ങള്‍ കേട്ടശേഷം മറുപടിയെന്നോണം അവസാനം പ്രഭാഷണം നടത്തി.

ജീവതം അന്വേഷണത്തിന്‍റെ പ്രക്രിയ
ജീവിതാനുഭവവും, വെല്ലുവിളികളും പങ്കുവച്ച യുവത്വമുള്ള ചിന്തകളുടെ ചുവടുപിടിച്ചാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. വെല്ലുവിളികളുടെയും പ്രത്യാശയുടെയും കൂമ്പാരമായ ജീവിതം അന്വേഷണത്തിന്‍റെ വലിയൊരു പ്രക്രിയയാണ്. സജീവവും ജീവിക്കുന്നതുമായ വിശ്വാസമുള്ള യുവജനങ്ങളെ കാണുന്നതുതന്നെ സന്തോഷമാണ്. ക്രിസ്തു നമ്മുടെ ഹൃദയങ്ങളെ ചഞ്ചലമാക്കുന്നു. യുവജനങ്ങള്‍ ചഞ്ചല മാനസരായിത്തീരുന്നു. പിന്നെ അവിടുന്നു നമുക്കു വഴി കാട്ടിത്തരുന്നു. ആ വഴിയെ ചരിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ എന്നും മുന്നോട്ടു ചരിക്കേണ്ടവരാണ്, എന്നും നാം മുന്നോട്ട്...! ഒരിക്കലും അവര്‍ക്ക് പരാതി പറഞ്ഞ്, മനോവ്യഥയില്‍ കഴിയാനാവില്ല. ക്രിസ്തു ശിഷ്യന്മാര്‍ പ്രവൃത്തിബദ്ധരായി, സമര്‍പ്പണത്തോടെ മുന്നോട്ടു നീങ്ങേണ്ടവരാണ്. തീര്‍ച്ചയായും ക്രിസ്തു കൂടെയുണ്ട്, നമ്മെ പിന്‍തുടരുന്നുണ്ട്, പിന്‍തുണയ്ക്കുന്നുണ്ട്.

ജീവിതാനന്ദം തേടുന്നവര്‍!
ഓരോ യുവതിയും യുവാവും, അതിനാല്‍ ഈ ജീവിതത്തില്‍ അന്വേഷകയും അന്വേഷകനുമാണ്. തന്നെ അനുഗമിക്കാന്‍ ആഗ്രഹിച്ചവരോട് ജോര്‍ദ്ദാന്‍ കരയില്‍വച്ചു ക്രിസ്തു ചോദിച്ചത് ഓര്‍മ്മയുണ്ടോ? നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്? (യോഹ. 1, 38). അവിടുത്തേയ്ക്കറിയാം... ജീവിതസന്തോഷമാണതെന്ന്! അടിസ്ഥാനപരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നന്മയുടെ സന്തോഷമാണ് മനുഷ്യന്‍ അന്വേഷിക്കുന്നതെന്ന് നാം മനസ്സിലാക്കണം. മാത്രമല്ല, അത് ഈ ലോകത്തിന് എടുത്തുകളയാനാവാത്ത സന്തോഷവുമാണ് (ആഹ്ലാദിച്ചാനന്ദിക്കാം 1, 177).

ജീവിതപരിസരങ്ങളെ മെച്ചപ്പെടുത്താം
യുവജനങ്ങള്‍ പാവങ്ങളെ സഹായിക്കുന്ന പദ്ധതിയില്‍ പങ്കുചേരുന്നു. ചിലപ്പോള്‍ ജയില്‍ സന്ദര്‍ശിക്കുന്ന വൈദികരോടു കൂട്ടുചേര്‍ന്ന് അവരെ സഹായിക്കുന്നു. പിന്നെ സാവധാനം അവര്‍ സഹായിക്കാനെത്തിയ പ്രേഷിതവൃത്തി അവരുടെ ദൗത്യമായിത്തീരുന്നു. ഈ അന്വേഷണവും കണ്ടെത്തലും നമ്മുടെ ജീവിതപരിസരങ്ങളെ കൂടുതല്‍ മെച്ചപ്പെട്ടതും ആനന്ദം തരുന്നതുമായ അവസ്ഥയില്‍ എത്തിക്കാന്‍ നമ്മെ സഹായിക്കുന്നു. ചുറ്റുമുള്ള ലോകത്തെ മെച്ചപ്പെട്ടൊരു സ്ഥലമാക്കി മാറ്റാന്‍ നമുക്കു സാധിക്കും. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന് ഒരു ദൗത്യമുണ്ട്. ജീവിതം തന്നെ ദൗത്യമാണ് - ദൗത്യത്തിനായുള്ള സുവിശേഷ ശൈലിയിലുള്ള സമര്‍പ്പണമാകണം ക്രൈസ്തവജീവിതങ്ങള്‍. ഇത് യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്.

നന്മചെയ്തു  രൂപാന്തരപ്പെടുന്ന ജീവിതങ്ങള്‍
മറ്റുള്ളവര്‍ക്കായി ചെയ്യുന്ന നന്മ, നമ്മെയും രൂപാന്തരപ്പെടുത്തുന്നു. അത് നമ്മുടെ കാഴ്ചപ്പാടിനെയും മുന്‍വിധിയെയും പാടെ മാറ്റിമറിക്കുന്നു, പരിവര്‍ത്തനംചെയ്യുന്നു. നമ്മെ കൂടുതല്‍ തുറവും സുക്ഷ്മദൃഷ്ടിയുമുള്ള വ്യക്തികളാക്കി മാറ്റുന്നു. ഇവിടെയാണ് ക്രിസ്തു നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാകുന്നത്. ലോകത്തിനു നല്കാനാവാത്ത സന്തോഷം അവിടുന്നു നമുക്കു നല്കുകയുംചെയ്യുന്നു!

(പ്രഭാഷണം മുഴുവന്‍ തര്‍ജ്ജിമ ചെയ്തിട്ടില്ല... അപൂര്‍ണ്ണം)
 

08 September 2019, 20:16