തിരയുക

Vatican News
On the 74th anniversary of Atomic attack on Hiroshima Nagasaki On the 74th anniversary of Atomic attack on Hiroshima Nagasaki 

ജപ്പാന്‍ സന്ദര്‍ശനം പാപ്പായുടെ സ്വപ്നസാക്ഷാത്ക്കാരം

നവംബറില്‍ നടക്കാന്‍ പോകുന്ന ജപ്പാന്‍ അപ്പസ്തോലിക യാത്ര – ഒരു ഗ്രന്ഥനിരൂപണത്തിന്‍റെ വെളിച്ചത്തില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഗ്രന്ഥ നിരൂപണത്തില്‍നിന്ന്
ഒരു മിഷണറിയായി ജപ്പാനിലേയ്ക്കു പോകണമെന്നും അവിടെയുള്ള ഈശോസഭയിലെ സഹോദരങ്ങളോടൊപ്പം പ്രവര്‍ത്തിക്കണമെന്നുമുള്ളത് തന്‍റെ ചിരകാല ആഗ്രഹമാണെന്ന് ബ്യൂനസ് ഐരസിലെ മെത്രാപ്പോലീത്തയായിരിക്കവെ “ഈശോ സഭാംഗം” (El Jesuita, the Jesuit) എന്ന വെര്‍ഗാര ബുക്ക്സ് (Vergara) 2010-ല്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിലാണ് ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ബര്‍ഗോളിയോ (പാപ്പാ ഫ്രാന്‍സിസ്) വെളിപ്പെടുത്തിയിട്ടുള്ളത്.

തായിലണ്ട്-ജപ്പാന്‍ പ്രേഷിതയാത്ര
നവംബര്‍ 23-മുതല്‍ 26-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസ് ജപ്പാന്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്. അതിനുമുന്‍പേ, 19-മുതല്‍ 26-വരെ തിയതികള്‍ 32-Ɔമത് പ്രേഷിത യാത്രയുടെ ആദ്യഘട്ടം തായിലണ്ടിലും ചെലവഴിക്കും. വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുശേഷം ജപ്പാന്‍റെയും തായിലണ്ടിന്‍റെയും മണ്ണില്‍ കാലുകുത്തുന്ന പത്രോസിന്‍റെ രണ്ടാമത്തെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്!

ഫ്രാന്‍സിസ് സേവ്യര്‍ ജപ്പാനിലെ ആദ്യ മിഷണറി

1549-ല്‍ ഈശോ സഭാംഗമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇന്ത്യവഴി ജപ്പാന്‍ സന്ദര്‍ശിച്ച നാള്‍മുതല്‍ ആ നാട് പ്രേഷിതതീക്ഷ്ണതയുടെ ആകര്‍ഷണമായിരുന്നു ഈശോ സഭാംഗങ്ങള്‍ക്ക്. എന്നാല്‍ യൂറോപ്യന്‍ ഭാഷകളില്‍നിന്നും ഏറെ വ്യത്യസ്തമായ ജാപ്പനീസ് പഠിക്കാനുള്ള ക്ലേശം, എന്നും പ്രേഷിതപ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഈശോസഭയുടെ രണ്ടു മുന്‍ജനറല്‍മാര്‍ - ഫാദര്‍ പെദ്രോ അരൂപ്പെയും ഫാദര്‍ അഡോള്‍ഫോ നിക്കോളയും  മിഷണറിമാരായി ജപ്പാനില്‍ എത്തിയതോടെ അവിടം  ഈശോസഭയുടെ വലിയൊരു പ്രേഷിത തട്ടകമായി വളര്‍ന്നു.  

ജപ്പാന്‍റെ സാംസ്കാരികതയും തനിമയും
ജപ്പാനിലെ പ്രേഷിത ജോലിയെക്കുറിച്ച് ഈശോ സഭയുടെ മുന്‍ജനറല്‍, അഡോള്‍ഫോ നിക്കോളെ പറഞ്ഞത്, പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ജപ്പാന്‍ മണിക്കൂറില്‍ 3 കി.മീ. വേഗതയില്‍ മാത്രമാണ് മുന്നേറുന്നതെന്നാണ്. ഇത്രയും വേഗതയിലേ ദൈവം അവിടെ കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂവെന്നും, അതു മനുഷ്യര്‍ നടക്കുന്ന വേഗതയാണെന്നുമാണ് ഫാദര്‍ നിക്കോളെ വ്യഖ്യാനിച്ചത്. അതിനാല്‍ 5 നൂറ്റാണ്ടില്‍ അധികമായി ജപ്പാനില്‍ പ്രവര്‍ത്തിക്കുന്ന ഈശോ സഭാംഗങ്ങളു‌ടെ പ്രവര്‍ത്തനങ്ങള്‍ ‌തനിമയാര്‍ന്ന ആ കിഴക്കന്‍ ജനതയുടെ സവിശേഷമായ തദ്ദേശീയതയും സംസ്കാരവും മാനിച്ചുകൊണ്ടുള്ള ശൈലിയാണെന്ന് ഗ്രന്ഥം വ്യക്തമാക്കുന്നു.

ജപ്പാനിലെ രക്തസാക്ഷികളെക്കുറിച്ച്
2013 ഏപ്രില്‍ 17-ന് സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ നടത്തിയ വചനചിന്തയില്‍ ജപ്പാനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് പ്രതിപാദിക്കുകയുണ്ടായി. 16, 17 നൂറ്റാണ്ടുകളില്‍ ഏറെ പീഡനങ്ങള്‍ സഹിച്ച ജപ്പാനിലെ ക്രൈസ്തവര്‍ ലോകത്തിന് ക്രൈസ്തവ സാക്ഷ്യത്തിന്‍റെ മാതൃകയാണെന്ന് പ്രശംസിച്ചു പറഞ്ഞിട്ടുള്ളത് ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

ജാപ്പനീസ് കുട്ടികള്‍ വത്തിക്കാനില്‍
2014-ല്‍ ഒരു കൂട്ടും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ അദ്ധ്യാപകര്‍ക്കൊപ്പം പാപ്പായെ കാണാനെത്തിയത് ആഗസ്റ്റു മാസത്തിലെ ബുധനാഴ്ചയായിരുന്നു. അവധി പ്രമാണിച്ച് പൊതുകൂടിക്കാഴ്ച ഇല്ലാതിരുന്ന അന്നാളില്‍ ജപ്പാനിലെ കുട്ടികളുടെ ആഗ്രഹം അറിഞ്ഞ പാപ്പാ, രാവിലെ അപ്പസ്തോലിക അരമനയിലെ ലൈബ്രറിയില്‍ പഠനത്തിലായിരുന്നെങ്കിലും, താഴെ ഇറങ്ങിവന്ന്  അപ്പസ്തോലിക അരമനയുടെ തിരുമുറ്റത്തുവച്ച് ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ജപ്പാനില്‍നിന്നെത്തിയ 60-ല്‍ അധികം കുട്ടികളുമായി കുശലം പറഞ്ഞ്, അവരെ ആശീര്‍വ്വദിച്ചു മടങ്ങിയതും പാപ്പായുടെ മനസ്സിലെ മങ്ങാത്ത സ്മരണയായി ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നു.

ജപ്പാനിലെ മെത്രാന്മാരുമായുള്ള നേര്‍ക്കാഴ്ച
ഒരു വര്‍ഷംകൂടി കഴിഞ്ഞ് 2015-ല്‍ ജപ്പാനില്‍നിന്നും “ആദ് ലീമിന” (Ad Limina) സന്ദര്‍ശനത്തിന് എത്തിയ മെത്രാന്മാരോടും ജപ്പാന്‍റെ പ്രേഷിത തീക്ഷ്ണത നിഗൂഢമെങ്കിലും ഒളിമങ്ങാത്തതെന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചത് ജിസോത്തി വിവരിച്ചു. ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാന്‍റെ തീരങ്ങളില്‍ എത്തിയ ആദ്യ മിഷണറി (1549-1551). അതില്‍പ്പിന്നെ ആധുനികകാലം വരെയ്ക്കും ധാരാളം മിഷണിമാര്‍ വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച ജപ്പാന്‍റെ സഭയുടെ അടിത്തറയിലാണ് ഇന്നും ക്രൈസ്തവര്‍ ചെറുഗണമായി വിശ്വസ്തതയോടെ ജീവിക്കേണ്ടതെന്ന് പാപ്പാ മെത്രാന്മാരെ അനുസ്മരിപ്പിച്ചു. എന്നാല്‍ അന്നാട്ടിലെ വിശ്വാസ വിളക്കിന്‍റെ ഒളിമങ്ങാതെ ദൈവാരൂപി സൂക്ഷിക്കുന്നത് നന്ദിയോടെ പരിപാലിക്കേണ്ടതാണെന്ന് പാപ്പാ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.

സൂര്യോദയത്തിന്‍റെ നാട്ടിലെ വിശ്വാസപ്രഭ
“സൂര്യോദയത്തിന്‍റെ നാടെ”ന്നു വിശേഷപ്പിക്കപ്പെട്ടിട്ടുള്ള ദ്വീപുരാജ്യമായ ജപ്പാന്‍റെ മണ്ണില്‍ ഒരു പ്രേഷിതനായി കാലുകുത്താനുള്ള തന്‍റെ ദീര്‍ഘകാല അഭിലാഷത്തിന്‍റെ സാക്ഷാത്ക്കാരമായും,
ആ ജനതയ്ക്കു നൂറ്റാണ്ടുകളായി ലഭിച്ച വിശ്വാസനാളം ആളിക്കത്തിക്കാനുള്ള തീക്ഷ്ണതയായും പാപ്പാ ഫ്രാന്‍സിസിന്‍റ ജപ്പാന്‍ സന്ദര്‍ശനത്തെ നമുക്കു കാണാം. സന്ദര്‍ശനം ഫലവത്താകട്ടെയെന്നു പ്രാര്‍ത്ഥിക്കാം.

Cf. Sergio Rubin, El Jesuita, Conversations with Cardinal Jorge Bergoglio sj, Vergara Publications, 2010.
 

20 September 2019, 17:08