തിരയുക

Vatican News
പാപ്പാ സോവാമൻഡ്രാകിസായ് രൂപതാ മൈതാനത്തില്‍ യുവജനങ്ങള്‍ക്കൊപ്പം...  പാപ്പാ സോവാമൻഡ്രാകിസായ് രൂപതാ മൈതാനത്തില്‍ യുവജനങ്ങള്‍ക്കൊപ്പം...   (Vatican Media)

മഡഗാസ്കർ മണ്ണില്‍ പാപ്പായുടെ സാന്നിധ്യം.

ആഫ്രിക്കയിലെ മൊസാമ്പിക്ക്, മഡഗാസ്കർ, മൗരിഷ്യസ് എന്ന നാടുകളിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്ന 31ആം അപ്പോസ്തോലിക സന്ദർശനത്തില്‍ മഡഗാസ്കരില്‍ സെപ്റ്റംബർ 7ആം തിയതി മദ്ധ്യാഹ്നത്തിന് ശേഷം മുതൽ സെപ്റ്റംബർ 8 മദ്ധ്യാഹ്നം വരെ നടന്ന പാടികളുടെ സംക്ഷിപ്ത വിവരണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്തംബര്‍ 4-Ɔο തിയതി  ആരംഭിച്ച പാപ്പായുടെ മുപ്പത്തൊന്നാമത്തെ അപ്പോസ്തലിക സന്ദർശനം ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്ക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്കുള്ള ഒരാഴ്ച നീളുന്ന യാത്രയാണ്. തന്‍റെ യാത്രയുടെ  ലോഗോയില്‍ പ്രതിഫലിക്കുന്ന  സന്ദേശമനുസരിച്ച് ഫ്രാൻസിസ് മാർപാപ്പാ സമാധാനത്തിന്‍റെയും പ്രത്യാശയുടെയും അനുരജ്ഞനത്തിന്‍റെയും തീര്‍ത്ഥയാത്രയായിട്ടാണ് ഈ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.

സെപ്റ്റംബർ 7ആം തിയതി, കര്‍മ്മലീത്താ സന്ന്യാസിനിമാരുടെ മിണ്ടാമഠത്തില്‍ ചെന്ന് മധ്യാഹ്ന പ്രാർത്ഥനയിൽ പങ്കെടുത്ത പാപ്പാ വചനപ്രഘോഷണം നൽകി. തന്‍റെ പ്രഘോഷണത്തിനു ശേഷം ഫ്രാൻസിസ് പാപ്പാ  ഗായക സംഘത്തിന്‍റെ  സ്ഥലത്ത് ഒരുക്കി വച്ചിരുന്ന മൊറോൻഡവാ കത്തീഡ്രലിന്‍റെ അൾത്താര വെഞ്ചരിപ്പ് നിർവ്വഹിച്ചു. മൊറോൻഡവയിലെ സ്ഥാനമൊഴിഞ്ഞ മെത്രാനും, അവിടുത്തെ വികാരി ജനറലും, ഒരു വൈദികനും, 3 അംഗങ്ങളുള്ള ഒരു കുടുംബവും അവിടെ സന്നിഹിതരായിരുന്നു. 12.10 ന് പാപ്പാ നൂൺഷിയോ മന്ദിരത്തിലേക്ക് യാത്രയായി. 7.8 കി.മി. അകലെയുള്ള മന്ദിരത്തിൽ 12.30ന് എത്തിച്ചേർന്ന പാപ്പാ തന്‍റെ ഉച്ചഭക്ഷണം സ്വകാര്യമായി ഭക്ഷിച്ചു. 1.30 ന്  7.8 കി.മി. ദൂരത്തിലുള്ള അന്തൊഹാലോ കത്തീഡ്രലിലേക്ക് യാത്ര തിരിച്ചു.

അന്തോഹാലോ കത്തീഡ്രൽ

അന്തനാനറിവോ റെനിവോഹിത്ര എന്ന സ്ഥലത്ത് ഗോഥിക് മാതൃകയിൽ 1873 ൽ പണി കഴിച്ച് 1878 ൽ ആരാധനയ്ക്ക് തുറന്ന് കൊടുത്ത ഈ ദേവാലയം 1890ലാണ് അമലോൽഭവ മാതാവിന് പ്രതിഷ്ഠിച്ചത്. കല്ലിൽ പണി തീർത്ത അതിന്‍റെ  മുഖപ്പ് പട്ടണത്തിന് മുകളിൽ ഉയർന്ന് നില്‍ക്കുന്നു.  ഇതിനും മേലെയാണ് പരിശുദ്ധ കന്യകയുടെ രൂപം. നടുവിൽ റോസാപൂ  രൂപത്തിലുള്ള ജാലകവും വശങ്ങളിലായി രണ്ട് മണിമാളികകളും നോട്രർഡാമ് കത്തീഡ്രലിന്‍റെ  വിദൂര ഓർമ്മകൾ ഉണർത്തുന്നു. ഉള്ളിലുള്ള ചില്ലിൽ വരച്ച ചിത്രങ്ങളുടെയും മൊസൈക്കിന്‍റെയും വർണ്ണ ഭംഗി ആരേയും പിടിച്ചു നിറുത്തുന്നതാണ്. 4.00 മണിക്ക് കത്തീഡ്രലിൽ എത്തിയ പാപ്പാ ഇവിടെ വച്ച് മഡഗാസ്കറിലെ മെത്രാൻമാരുമായി കൂടിക്കാഴ്ച നടത്തി. കത്തീഡ്രലിന്‍റെ പ്രവേശന കവാടത്തിൽ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനും ഇടവക വികാരിയും ചേർന്ന് ക്രൂശിത രൂപവും വിശുദ്ധ ജലവും നൽകി സ്വീകരിച്ചു. അൾത്താരയിൽ എത്തിയ ഫ്രാൻസിസ് പാപ്പാ പരിശുദ്ധകുർബാനയുടെ മുന്നിൽ പ്രാർത്ഥിച്ച ശേഷമാണ് മെത്രാൻ സമിതിയെ അഭിമുഖീകരിച്ചത്. മെത്രാൻ സമിതി അദ്ധ്യക്ഷൻ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് പാപ്പാ പ്രഭാഷണം നല്‍കി. പ്രഭാഷണത്തിനു ശേഷം ഓരോ മെത്രാൻമാരേയും വ്യക്തിപരമായി അഭിവാദനം ചെയ്തു. ഒരുമിച്ച് ഫോട്ടോ എടുക്കാനും പാപ്പാ സമയം കണ്ടെത്തി. കത്തീഡ്രലിൽ നിന്ന് പുറത്തേക്ക് പോകുന്നതിനു മുമ്പായി ഫ്രാൻസിസ് പാപ്പായ്ക്ക് ആംഗ്ലിക്കൻ, ലൂതറൻ, പ്രൊട്ടസ്റ്റൻസ് വിഭാഗത്തിലെ 3 ക്രിസ്തീയ മതാചാര്യൻമാരെ പരിചയപ്പെടുത്തുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു

മഡഗാസ്കറിലെ മെത്രാൻ സമിതി (CEM)

മഡഗാസ്കറിലെ അഞ്ചു മെട്രോപ്പോളിറ്റൻ അതിരൂപതകളും 17 രൂപതകളും ചേർന്ന് 1965 ൽ സ്ഥാപിച്ച മെത്രാൻ സമിതി ആഫ്രിക്കയിലെയും മഡഗാസ്കറിലെയും മെത്രാൻ സമിതിയുടെ സിംപോസിയത്തിൽ അംഗമാണ്. ഇതിന്‍റെ പ്രസിഡന്‍റ് തൊവാമസീനാ മെത്രോപ്പൊലീത്തൻ അതിരൂപതയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ ദെസിരിറെത്സാറഹസാനയാണ്. 5.10 ന് മെത്രാൻ സമിതിയുമായുള്ള സമ്മേളനത്തിനു ശേഷം കത്തീഡ്രലിനു മുന്നിലുള്ള കപ്പേളയിൽ ദൈവദാസി വിക്റ്റോയിർ റസോവമനാറിവോയുടെ ശവകുടീരം സന്ദർശിച്ച പാപ്പാ അവിടെ മൗനമായി പ്രാർത്ഥിച്ചു.

ദൈവദാസി വിക്റ്റോയിർ റസോവമനാറിവോ യുടെ ശവകുടീരം‌

കത്തീഡ്രലിന്‍റെ  മുന്നിൽ വൃത്താകൃതിയിൽ പണിതീർത്ത ഒരു കപ്പേളയിലാണ്  ധവള വർണ്ണമാർന്ന ഇഷ്ടികയിൽ  ദൈവദാസി വിക്റ്റോയിർ റസോവ മനാറിവോ യുടെ ശവകുടീരം  നിർമ്മിച്ചിട്ടുള്ളത്. അതിന്‍റെ  മുന്നിൽ കല്ലിൽ പണിതീർത്ത ഒരു ചെറിയ  അൾത്താരയും ഒരു ക്രൂശിത രൂപവും വിശ്വാസികളുടെ പ്രാർത്ഥനയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്.

ദൈവദാസി വിക്റ്റോയിർ റസോവ മനാറിവോ

1848ൽ ആന്തനാനറിവോയിലെ വളരെ പ്രബലമായ കുടുംബത്തിൽ ജനിച്ച വിക്റ്റോയിർ റസോവ മനാറിവോയെ പൂർവ്വീകരുടെ  തദ്ദേശിയ വിശ്വാസത്തിലാണ് പഠിപ്പിത്. എന്നാൽ 1861 ൽ മഡഗാസ്കറിലെത്തിയ ഫ്രഞ്ച് ഈശോസഭാ മിഷനറിമാരുടെ സ്കൂളിൽ ചേരുകയും 1863 ൽ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഉയർന്ന പദവിയിലുള്ള എന്നാൽ അക്രമിയും വിഷയാസക്തനുമായ ഒരു സൈനീക ഉദ്യോഗസ്ഥന് അവളെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. വിക്റ്റോയിര്‍ വിവാഹമെന്ന കൂദാശയെ ചോദ്യം ചെയ്യാതെ ഭർത്താവിനൊപ്പം നിൽക്കുകയും അവസാനം അദ്ദേഹവും മാമ്മോദീസാ സ്വീകരിക്കാൻ സമ്മതിക്കുകയും ചെയ്തു. 1883ൽ ഫ്രഞ്ച് - മൽഗാഷോ സംഘർഷത്തോടെ കത്തോലിക്കാ മിഷനറിമാരെ നാടുകടത്തുകയും വിശ്വാസികളെ വഞ്ചകരായി വിധിക്കുകയും ചെയ്തു. വിക്റ്റോയിര്‍ എന്നാലും തന്‍റെ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. പ്രാർത്ഥനയിൽ നിലനിന്ന അവളെ കാത്തോലിക് യൂണിയന് ഉണർവ്വേകാൻ ഭരമേൽപ്പിച്ചു. 1886 ൽ മിഷനറിമാർ തിരിച്ച് നാട്ടിലെത്തുകയും വിക്റ്റോയിര്‍  ഗോത്രവർഗ്ഗക്കാർക്കും കുഷ്ഠരോഗികൾക്കുമായി  ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തു. 1890 ൽ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ വിക്റ്റോയിര്‍ 1894 ആഗസ്റ്റ് 21 ന് തന്‍റെ 46 മത്തെ വയസ്സിൽ മരിച്ചു. 1989 ഏപ്രിൽ 30ന് ജോൺ പോൾ രണ്ടാമൻ ആന്തനനാരിവോയിൽ  അവളെ ദൈവദാസിയായി പ്രഖ്യാപിച്ചപ്പോൾ അൾത്താരയിലെ ബഹുമതിക്കർഹയായ ആദ്യ മലഗാഷയായി. 5.15ന് പാപ്പാ സോവാമൻഡ്രാകിസായ് രൂപതാ മൈതാനത്തിലേക്ക്  യാത്ര തിരിച്ചു.

10.6 കി. മി .അകലെയുള്ള ഈ മൈതാനത്തിലേക്കുള്ള യാത്രാമദ്ധ്യേ പാപ്പാ തന്‍റെ വാഹനം വിട്ട് പാപ്പാ തൂറന്ന വാഹനത്തിലേക്ക് കയറി. 30 ഏക്കർ വരുന്ന നഗരമദ്ധ്യത്തിൽ നിന്ന് അകലെയല്ലാത്ത ഈ മൈതാനം രൂപതയുടെ ഉടമസ്ഥതയിലാണ്. പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിലുള്ള ആഘോഷങ്ങളിൽ  വിശ്വാസികളെ സ്വീകരിക്കാൻ തിരഞ്ഞെടുത്ത് 5 മാസത്തോളം റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് ആൻഡ്രി റയോലീനയുടെ വ്യക്തിപരമായ മേൽനോട്ടത്തിൽ പേപ്പൽ സന്ദർശനത്തിന്‍റെ കമ്മിറ്റിയും ചേർന്ന് ഒരുക്കം നടത്തി തയ്യാറാക്കിയതാണ് ഇവിടം. ഒരു ലക്ഷത്തോളം ആളുകൾക്ക്  സൗകര്യമായി പങ്കെടുക്കാൻ  കഴിയും.5.40 മൈതാനത്തിലെത്തിയ പാപ്പാ വിശ്വാസികളുടെ ഇടയിലൂടെ സഞ്ചരിച്ച് അവരെ അഭിവാദനം ചെയ്തു സഞ്ചരിക്കുന്നു 6.00 മണിക്ക് യുവാക്കളുമൊത്തുള്ള ജാഗരണമായിരുന്നു. മെത്രാൻ സമിതിയുടെ യുവാക്കൾക്കായുള്ള കമ്മീഷൻ അദ്ധ്യക്ഷനും ഇഹോസിയിലെ മെത്രാനുമായ മോൺ. ഫുൾജെൻസ് റാസാക്കരിവോണി ഒരു ഹ്രസ്വ അഭിവാദനം നടത്തി. തുടർന്ന് നൃത്തവും, വിശ്വാസ സാക്ഷ്യങ്ങളും ഗാനാലാപനങ്ങളും നടന്നു. ഇവിടെ പാപ്പാ പ്രഭാഷണം നടത്തി. പ്രഭാഷണത്തിനു ശേഷം വീണ്ടും നൃത്തവും മലഗാഷോ ഭാഷയിൽ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയും അതിനു ശേഷം പരിശുദ്ധ കന്യകയ്ക്ക് സമർപ്പണം ചെയ്തു പ്രാർത്ഥിക്കുകയും ചെയ്ത ശേഷം ഫ്രാൻസിസ് പാപ്പാ തന്‍റെ അപ്പോസ്തോലീകാശീർവാദം നല്‍കി. 7.00 മണിയോടെ പാപ്പാ നൂൺഷിയോ മന്ദിരത്തിലേക്ക് മടങ്ങി. 7.15ന് അവിടെ എത്തിയ പാപ്പാ രാത്രി ഭക്ഷണം സ്വകാര്യതയിൽ നടത്തി. സെപ്റ്റംബര്‍ 8ആം തിയതി ഞായറാഴ്ച്ച, 9.15 വീണ്ടും പാപ്പാ രൂപതയുടെ സോവമാൻഡ്രക്കിസായ് മൈതാനത്തിലേക്ക് യാത്ര തിരിച്ചു. 2.8 കി.മി. ദൂരയാത്രയുള്ള അവിടെ 9.30ന് എത്തിച്ചേർന്നു. തുടർന്ന് മൈതാനത്തിൽ വിശ്വാസികളെ അഭിവാദനം ചെയ്തു അവരുടെ ഇടയിലൂടെ യാത്ര ചെയ്തു 9.45 ന് സങ്കീർത്തി മുറിയിൽ എത്തി.

10.00 മണിക്ക് ദിവ്യ പൂജയ്ക്കായി അണഞ്ഞു. ആരാധനക്രമത്തിലെ 23 ആം ഞായറാഴ്ചയായിരുന്നു.  ഫ്രഞ്ച് ഭാഷയിലാണ്  ദിവ്യബലി അർപ്പിക്കപ്പെട്ടത്. അൾത്താരയിൽ ദൈവദാസൻ റഫായേൽ ലൂയിസ് റഫിറിങ്ക (1856-1919) യുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചിരുന്നു. അക്കാലത്തെ സഭാ പീഡനങ്ങളെ ധീരതയോടെ സഹിച്ച വിദ്യാഭ്യാസകാരനും, മതബോധനം നൽകിയിരുന്നവനും, സമാധാനത്തിന്‍റെ ഇടനിലക്കാരനുമായിരുന്നു മഡഗാസ്കറിലെ ലസല്ലിയനായ (ഫ്രഞ്ച് സന്യാസ സഭയായ ക്രിസ്തീയ വിദ്യാഭ്യാസത്തിന്‍റെ സഹോദര സമൂഹാംഗം) അദ്ദേഹം. അദ്ദേഹത്തെ 2009 ജൂൺ 7 ആം തിയതി ദൈവ ദാസനായി ഉയർത്തി. ദിവ്യ പൂജാ മദ്ധ്യേഒന്നാം വായനയും സുവിശേഷ പാരായണവും മലഗാഷോ ഭാഷയിലും, രണ്ടാം വായന ഫ്രഞ്ചു ഭാഷയിലുമായിരുന്നു. സുവിശേഷ പാരായണത്തിനു ശേഷം ഫ്രാൻസിസ് പാപ്പാ സുവിശേഷ പ്രഭാഷണം നടത്തി.

വിശ്വാസികളുടെ പ്രാർത്ഥന മലഗാഷോ, ഫ്രഞ്ചു ഭാഷകളിൽ മാറി മാറിയായിരുന്നു. ദിവ്യബലിക്കു ശേഷം ആന്തനാനറീവോ മെത്രാപ്പോലീത്ത മോൺ. ഒഡോൺ മരീ ആർസെനെ റസാനകൊലോനാ അഭിവാദനങ്ങൾ അർപ്പിച്ചു. തുടർന്ന് പാപ്പാ ത്രികാല പ്രാർത്ഥനയും പ്രഭാഷണവും നടത്തി. അതിനു ശേഷം ഫ്രാൻസിസ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന അധികാരികൾക്ക് നന്ദിയർപ്പിച്ച്  12.00 മണിയോടെ സങ്കീർത്തിയിലേക്ക് മടങ്ങി.  12.15ന് നൂൺഷിയോ മന്ദിരത്തിലേക്ക് തിരിച്ച പാപ്പാ 12.30 എത്തിച്ചേരുകയും അവിടെ പാപ്പായുടെ സംഘവും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു.

 

08 September 2019, 15:18