തിരയുക

Vatican News
മഞ്ഞുവീണ മലനിരകളും മഞ്ഞുകട്ടകള്‍ ഒഴുകി നടക്കുന്ന മലയോര തടാകവും, ഗ്രീന്‍ലാന്‍റില്‍ നിന്നുള്ള ദൃശ്യം  മഞ്ഞുവീണ മലനിരകളും മഞ്ഞുകട്ടകള്‍ ഒഴുകി നടക്കുന്ന മലയോര തടാകവും, ഗ്രീന്‍ലാന്‍റില്‍ നിന്നുള്ള ദൃശ്യം   (AFP or licensors)

സൃഷ്ടിയുമായി സൗഹൃദത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവര്‍ നമ്മള്‍

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അഖില സൃഷ്ടിയുമായുള്ള സംസര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഈ മാസം 1 മുതല്‍ ഒക്ടോബര്‍ 4 വരെ (01/09-04/10/2019) ക്രൈസ്തവര്‍ ഒന്നുചേര്‍ന്ന് ആചരിക്കുന്ന “സൃഷ്ടിയുടെ കാല”ത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (02/09/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തില്‍ ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കത്തോലിക്കാസഭ സെപ്റ്റംബര്‍ ഒന്നിനാചരിച്ച സൃഷ്ടിയുടെ പരിപാലനത്തിനായുള്ള അഞ്ചാം ലോക പ്രാര്‍ത്ഥനാദിനത്തിനായി താന്‍ നല്കിയ സന്ദേശത്തിലെ വാക്യമാണ് പാപ്പാ ട്വിറ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

“ദൈവത്തിനു സവിശേഷമാം വിധം പ്രിയപ്പെട്ട സൃഷ്ടികളാണ് നാം, ജീവനെ സ്നേഹിക്കാനും സൃഷ്ടിയുമായുള്ള കൂട്ടായ്മയില്‍, സൃഷ്ടിയുമായുള്ള ബന്ധത്തില്‍ ജീവിക്കാനും തന്‍റെ സുകൃതത്താല്‍, ദൈവം നമ്മെ വിളിക്കുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്. 

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനത്തിനുള്ള സന്ദേശത്തിലെ രണ്ടാശയങ്ങള്‍ കൂടി വ്യത്യസ്ത ട്വിറ്റര്‍ സന്ദേശങ്ങളായി പാപ്പാ തിങ്കളാഴ്ച കണ്ണി ചേര്‍ത്തു.

“കര്‍ത്താവുമായും നമ്മള്‍ പരസ്പരവും കണ്ടുമുട്ടുന്ന വേദിയായ സൃഷ്ടി “ദൈവത്തിന്‍റെ സാമൂഹ്യവിനിമയ ജാലമാണ്. അത് സ്രഷ്ടാവിനുള്ള പ്രപഞ്ചസ്തുതിഗീതം ഉയര്‍ത്താന്‍ നമുക്കു പ്രചോദനമേകുന്നു”.‌

ഈ ട്വറ്ററിനെ തുടര്‍ന്ന് കണ്ണിചേര്‍ത്ത ഇതര സന്ദേശം ഇപ്രകാരമാണ്:

“മറ്റുള്ളവര്‍ തുടങ്ങുന്നതു കാത്തു നില്‍ക്കാതെയൊ, സമയം ഏറെ വൈകിപ്പോകാതെയൊ പ്രവര്‍ത്തനനിരതരാകാന്‍, ജീവനെ സ്നേഹിക്കുന്നവനായ ദൈവം നമുക്കു ധൈര്യം പകരട്ടെ””

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

03 September 2019, 09:13