തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാ പത്രപ്രവര്‍ത്തന സമിതിയുടെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, 23/09/2019 ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാ പത്രപ്രവര്‍ത്തന സമിതിയുടെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, 23/09/2019  (Vatican Media)

നന്മതിന്മകളെ തിരിച്ചറിയാന്‍ ഉതകുന്ന മാദ്ധ്യമ പ്രവര്‍ത്തനം!

പൊള്ളയായ വാക്കുകളല്ല, യഥാര്‍ത്ഥ വാക്കുകളാണ് മാദ്ധ്യമപ്രവര്‍ത്തിന് ആവശ്യമെന്നും മാദ്ധ്യമ സംവിധാനത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഭയപ്പെടരുതെന്നും മാര്‍പ്പാപ്പാ.

തിന്മയില്‍ നിന്ന് നന്മയെയും മനുഷ്യോചിതമല്ലാത്തവയില്‍ നിന്ന് മാനുഷികമായ മുന്‍ഗണനകളെയും തിരിച്ചറിയാന്‍ കഴിയുന്നതായ ഒരു മാദ്ധ്യമ പ്രവര്‍ത്തനത്തിന്‍റെ  മനസ്സാക്ഷിയുടെ സ്വരമാകാന്‍ മാര്‍പ്പാപ്പാ മാദ്ധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്നു.

ഇറ്റലിയിലെ കത്തോലിക്ക പത്രപ്രവര്‍ത്തകരുടെ സമിതിയുടെ (UCSI) അറുപതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് ഈ സമിതിയുടെ 170 പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ വത്തിക്കാനില്‍ തിങ്കളാഴ്ച (23/09/2019) സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആഹ്വാനം നല്കിയത്.

വിശ്വാസം, മാനവ ചരിത്രത്തോടുള്ള അഭിനിവേശം, വിനിമയത്തിന്‍റെ മാനവശാസ്ത്രപരവും ധാര്‍മ്മികവുമായ മാനങ്ങളുടെ സംരക്ഷണം എന്നിവയാണ്  ഈ സംഘടനയ്ക്ക് ജന്മമേകിയ വേരുകള്‍ എന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ ഈ വേരുകളില്‍ നിന്നുവേണം ജീവരസം സ്വീകരിക്കേണ്ടതെന്ന് പറഞ്ഞു.

പൊളളയായ നിരവധി വാക്കുകള്‍ അല്ല, യഥാര്‍ത്ഥ വാക്കുകള്‍ ആണ് മാദ്ധ്യമപ്രവര്‍ത്തനത്തിന് ആവശ്യമെന്നും ഇക്കാര്യത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

സമാധാനം, നീതി, ഐക്യദാര്‍ഢ്യം എന്നീ വാക്കുകള്‍ക്ക് വിശ്വാസയോഗ്യമായ സമൂര്‍ത്തസാക്ഷ്യം നല്കുന്നതിലൂടെ മാത്രമെ നീതിയും ഐക്യദാര്‍ഢ്യവും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനാകുകയുള്ളൂ എന്ന പാഠം പഠിക്കേണ്ടതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

ശബ്ദമില്ലാത്തവര്‍ക്ക് സ്വരം നല്കാനും സാമൂഹ്യ സൗഹൃദം പരിപോഷിപ്പിക്കുന്ന സദ്വാര്‍ത്തകള്‍ നല്കാനും കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കാന്‍ കഴിയുന്ന ചിന്തയും ജീവിതവും ഉള്‍ക്കൊള്ളുന്ന സമൂഹം കെട്ടിപ്പടുക്കാനും മാദ്ധ്യമസംവിധാനത്തെ പരിവര്‍ത്തനവിധേയമാക്കുന്നതിന്  ഭയപ്പെടരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.    

 

24 September 2019, 09:20