ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മൊസാംബിക്ക്, മഢഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ ആഫ്രിക്കന്‍ നാടുകള്‍ വേദികളാക്കിയ തന്‍റെ മുപ്പത്തിയൊന്നാം അപ്പസ്തോലിക പര്യടനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഏഴാം തീയതി (07/09/2019) മഢഗാസ്ക്കറിന്‍റെ തലസ്ഥാന നഗരിയായ അന്തനനാറിവൊയിലെ നിഷ്പ്പാദുക കര്‍മ്മലീത്താ സന്ന്യാശ്രമത്തില്‍ വച്ച്, ധ്യാനാത്മകജീവിതം നയിക്കുന്ന സന്ന്യസിനികളുമായി കൂടിക്കാഴ്ച നടത്തുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു. പ്രസ്തു പ്രഭാഷണത്തിലെ പ്രസക്ത ഭാഗമങ്ങള്‍
നന്ദി പ്രകാശനം
തന്നോടും ആകമാനസഭയുടെ, വിശിഷ്യ പ്രാദേശിക സഭയുടെ, ജീവിതത്തോടും ദൗത്യത്തോടുമുള്ള കൂട്ടായ്മ വെളിപ്പെടുത്തുന്നതിന് അല്പസമയത്തേക്ക് ആവൃതിയില്‍ നിന്നു പുറത്തുവന്ന എല്ലാ സഹോദരിമാര്‍ക്കും ഫ്രാന്‍സീസ് പാപ്പാ തന്‍റെ പ്രഭാഷണത്തിന്‍റെ ആരംഭത്തില്‍ നന്ദി പ്രകാശിപ്പിച്ചു. അവരുടെ സന്നിധ്യത്തിനും അവരുടെ വിശ്വസ്തയ്ക്കും സമൂഹത്തില്‍ അവര്‍ യേശുക്രിസ്തുവിനേകുന്ന വിളങ്ങുന്ന സാക്ഷ്യത്തിനും പാപ്പാ കൃതജ്ഞതയേകി.
മഢഗാസ്ക്കറിന്‍റെയും പ്രാദേശിക സഭയുടെയും സൗന്ദര്യം
ഈ നാട്ടില്‍ ദാരിദ്ര്യം അനുഭവവേദ്യമാണ് എന്നത് ശരിതന്നെ, എന്നാല്‍ വലിയ സമ്പന്നതയുമുണ്ട്, പാപ്പാ തുടര്‍ന്നു. പ്രകൃതിസൗന്ദര്യത്താലും മാനവികവും ആദ്ധ്യാത്മികവുമായ സൗന്ദര്യത്താലും സമ്പന്നമാണ്. പ്രിയ സഹോദരിമാരേ, നിങ്ങളും മഢഗാസ്ക്കറിന്‍റെ, അന്നാട്ടിലെ ജനങ്ങളുടെ, സഭയുടെ ഈ സൗന്ദര്യത്തില്‍ പങ്കുചേരുന്നു. അതിനു കാരണം, നിങ്ങളുടെ വദനങ്ങളിലും നിങ്ങളുടെ ജീവിതത്തിലും വിളങ്ങുന്നത് ക്രിസ്തുവിന്‍റെ സൗന്ദര്യമാണ്. കര്‍ത്താവിന്‍റെയും അഖിലലോകത്തിന്‍റെയും മുന്നില്‍ മഢഗാസ്ക്കറിലെ സഭയ്ക്കുള്ള ഈ ഉപരിസൗന്ദര്യത്തിന് ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ യാമപ്രാര്‍ത്ഥനയില്‍ ഉപയോഗിക്കപ്പെട്ട സങ്കീര്‍ത്തന വചസ്സുകളെ ആധാരമാക്കി ഇപ്രകാരം പറഞ്ഞു.
"എരിഞ്ഞുതീരലിന്‍റെ" പൊരുള്‍
പരീക്ഷണത്തിന്‍റെയും അപകടത്തിന്‍റെയുമായ ഒരു നിമിഷത്തില്‍ സങ്കീര്‍ത്തകനനുഭവപ്പെടുന്ന ആശങ്ക വെളിപ്പെടുത്തുന്നതാണ് ഈ സങ്കീര്‍ത്തന ഭാഗങ്ങള്‍. എരിഞ്ഞുതീരുന്നു എന്ന പദം പലവുരു പ്രത്യക്ഷപ്പെടുന്നു. അത് രണ്ടര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.
അപേക്ഷകന്‍ ദൈവവുമായി കണ്ടുമുട്ടാനുള്ള ദാഹത്താല്‍ എരിഞ്ഞുതീരുന്നു. സകല മനുഷ്യരുടെയും ഹൃദയത്തില്‍ കുടികൊള്ളുന്ന ഈ അദമ്യ ദാഹത്തിനുള്ള ജീവിക്കുന്ന സാക്ഷികളാണ് നിങ്ങള്‍. ഹൃദയത്തെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്ന് വെറുതെ കരുതുന്ന നിരവധിയായ വാഗ്ദാനങ്ങളുണ്ട്. എന്നാല്‍ ധ്യാനാത്മക ജീവിതം നിത്യമായ സ്നേഹാഗ്നി കൊണ്ടുവരുന്ന ഏക ദീപശിഖയാണ്. സകലവും ക്രിസ്തുവില്‍ വീണ്ടും ഒന്നാക്കപ്പെടുന്നതിലേക്കു ഉറ്റുനോക്കിക്കൊണ്ട് കാലസരണിയിലൂടെ മുന്നേറുന്ന സഭാസമൂഹം മുഴുവന്‍റെയും ലക്ഷ്യത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് നിങ്ങള്‍. അങ്ങനെ നിങ്ങള്‍ സ്വര്‍ഗ്ഗീയ മഹത്വം മുന്‍കൂട്ടി വിളംബരം ചെയ്യുന്നു.
ക്ഷണികവസ്തുക്കളോടുള്ള നമ്മുടെ പ്രതിപത്തി
നിത്യതയ്ക്കായുള്ള ദാഹത്തെ ക്ഷണിക വസ്തുക്കളാല്‍ തൃപ്തിപ്പെടുത്താന്‍ നാം സദാ പ്രലോഭിതരാകുന്നു. ജീവതത്തെയും ആത്മാവിനെയും മുക്കിക്കളയുന്ന കടല്‍ക്ഷോഭത്തിന്‍റെ അപകടത്തിലാണ് നമ്മള്‍. തുറമുഖത്തണയുന്നതിന് വഴികാട്ടുന്ന ദീപം നാവികര്‍ക്ക് ആവശ്യമുള്ളതു പോലെ ലോകത്തിന് നിങ്ങളെ ആവശ്യമുണ്ട്. കാലത്തിന്‍റെ കൂരിരുട്ടില്‍ യാത്രചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ക്ക് വഴികാട്ടുന്ന ദീപശിഖയാണ് നിങ്ങള്‍. സൂര്യോദയത്തെ വിളിച്ചോതുന്ന ഉദയരശ്മിയാണ് നിങ്ങള്‍....
സന്ന്യാസാശ്രമം
എരിഞ്ഞുതീരല്‍ എന്ന പദം മറ്റൊരര്‍ത്ഥത്തിലും സങ്കീര്‍ത്തകന്‍ ഉപയോഗിക്കുന്നു. ദുഷ്ടരുടെയും നീതിമാന്മാരെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും, നീതിമാനെ പീഢിപ്പിക്കുന്നവരുടെയും, അവര്‍ക്ക് കെണിയൊരുക്കുന്നവരുടെയും അവരെ വീഴ്ത്താന്‍ ശ്രമിക്കുന്നവരുടെയും ഉദ്ദേശ്യത്തെ അതു ദ്യോതിപ്പിക്കുന്നു. ലോകത്തിന്‍റെയും ജനങ്ങളുടെയും വേദനകള്‍ എത്തിച്ചേരുന്ന ഇടമാണ് എന്നും സന്ന്യാസശ്രമം. നിങ്ങളുടെ ആശ്രമങ്ങള്‍, നിങ്ങളുടെ ധ്യാനാത്മക സിദ്ധിയെ ആദരിച്ചുകൊണ്ടുതന്നെ, സ്വീകരണത്തിന്‍റെയും ശ്രവണത്തിന്‍റെയും ഇടമായിരിക്കട്ടെ, പ്രത്യേകിച്ച്, ഏറെ ദുഃഖിതരായവര്‍ക്ക്.
മൗലിക ദൗത്യം
നിങ്ങള്‍ക്ക് മൗലികമായ ഒരു ദൗത്യം നിര്‍വ്വഹിക്കാനുണ്ട്. ആവൃതി നിങ്ങളെ ദൈവത്തിന്‍റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു, അങ്ങനെ, അവിടത്തെ ഹൃദയം നിങ്ങളുടെ ഇടയില്‍ എന്നും സന്നിഹിതമാണ്. കര്‍ത്താവിന്‍റെ ഹൃദയത്തോടുള്ള നിങ്ങളുടെ സംവേദനക്ഷമത, നിങ്ങളുടെ സഹോദരീസഹോദരന്മാരില്‍ അവിടന്നു സംസാരിക്കുന്നതു ശ്രവിക്കാന്‍, നിങ്ങളെ പ്രാപ്തരാക്കും.
വിശ്വാസം ദരിദ്രരുടെ ഏറ്റവും വലിയ നിധിയാണ്. അവരോടു വിശ്വാസം പ്രഘോഷിക്കുകയും അതില്‍ അവരെ ശക്തിപ്പെടുത്തുകയും പ്രത്യാശയില്‍ ജീവിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക എത്രമാത്രം സുപ്രധാനമാണ്!
ധ്യാനാത്മക ജീവിതം നയിക്കുന്നവരുടെ പ്രാധാന്യം സഭയിലും ലോകത്തിലും
പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന പ്രിയ സഹോദരമാരേ, നിങ്ങളുടെ അഭാവത്തില്‍ മഢഗാസ്ക്കറിലെ സഭയുടെയും അവിടത്തെ ദരിദ്രരുടെയും അവസ്ഥ എന്തായിരിക്കും? നിങ്ങളുടെ പ്രാര്‍ത്ഥനയിലും എന്നും നവീകരിക്കപ്പെടുന്ന ദാനമാകുന്ന നിങ്ങളുടെ ജീവിതത്തിലും, ദൈവതിരുമുമ്പില്‍ ഏറ്റം അനര്‍ഘമായ ആ ദാനത്തില്‍ അവര്‍ ആശ്രയിക്കുന്നു.
ധ്യാനാത്മക ജീവിതം നയിക്കുന്ന ഈ സന്ന്യാസിനികളുടെ പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചുകൊണ്ടും മഢഗാസ്ക്കറിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍ സുവിശേഷാരൂപി വളരുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിച്ചുകൊണ്ടുമാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.