തിരയുക

ഫ്രാന്‍സീസ് പാപ്പാ മഢഗാസ്ക്കറില്‍, രാഷ്ട്രപ്രതിനിധികളും നയതന്ത്രപ്രധിനിധികളുമായുള്ള കൂടിക്കാഴ്ചാവേളയില്‍ 07/09/2019 ഫ്രാന്‍സീസ് പാപ്പാ മഢഗാസ്ക്കറില്‍, രാഷ്ട്രപ്രതിനിധികളും നയതന്ത്രപ്രധിനിധികളുമായുള്ള കൂടിക്കാഴ്ചാവേളയില്‍ 07/09/2019 

അഴിമതിക്കെതിരെ വീര്യത്തോടെ പോരാടുക- പാപ്പാ

നമ്മുടെ പൊതുഭവനത്തോടു കരുതല്‍ കാട്ടാതെയും അതിനെ പരിപാലിക്കാതെയും സമഗ്രവികസനത്തെക്കുറിച്ച് സാംസാരിക്കാനാകില്ലെന്ന് പാപ്പാ. ഫ്രാന്‍സീസ് പാപ്പാ മഢഗാസ്ക്കറില്‍, പൗരാധികാരികളും നയതന്ത്രപ്രധിനിധികളുമായുള്ള കൂടിക്കാഴ്ചാവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ മഢഗാസ്ക്കറിന്‍റെ അധികാരികളും നയതന്ത്രപ്രതിനിധികളുമായി ശനിയാഴ്ച (07/09/2019) കൂടിക്കാഴ്ചനടത്തി. തദ്ദവസരത്തില്‍ നല്കിയ സന്ദേശത്തില്‍ പാപ്പാ, മഢഗാസ്ക്കറിലേക്കുള്ള തന്‍റെ യാത്ര സാധ്യമാക്കിയ പൗരാധികരികളും സഭാധികാരികളും ജനങ്ങളുമുള്‍പ്പടെയുള്ള സകലര്‍ക്കും, നന്ദി പ്രകാശിപ്പിച്ചുകൊണ്ട്  ഇപ്രകാരം തുടര്‍ന്നു:

പങ്കുവയ്ക്കലും പരസ്പരാദരവും

നിങ്ങളുടെ നാടിന്‍റെ ഭരണഘടനയുടെ ഉപോദ്ഘാതത്തില്‍ നിങ്ങള്‍ മഢഗാസ്ക്കറിന്‍റെ  സംസ്കൃതിയുടെ മൗലികമൂല്യങ്ങളില്‍ ഒന്ന് കാത്തുസൂക്ഷിച്ചിട്ടുണ്ട്, അതായത്, “ഫിഹവനാന” (FIHAVANANA). ഈ പദം പങ്കുവയ്ക്കലിന്‍റെ അരൂപിയെയും പരസ്പര സഹായത്തെയും ഐക്യദാര്‍ഢ്യത്തെയും ദ്യോതിപ്പിക്കുന്നു. കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്‍റെയും മനിഷ്യര്‍ തമ്മിലും പ്രകൃതിയോടുമുള്ള കരുതലിന്‍റെയും പ്രാധാന്യവും ഈ പദത്തിലുള്‍ക്കൊള്ളുന്നു. ഇപ്രകാരം നിങ്ങളുടെ ജനതയുടെ ആത്മാവും തനിമയും, അവരെ അവരാക്കിത്തീര്‍ക്കുകയും അനുദിനം ഉണ്ടാകുന്ന നിരവധിയായ പ്രതിബന്ധങ്ങളെയും ബുദ്ധിമുട്ടുകളെയും ധീരതയോടെയും ത്യാഗഭാവത്തോടെയും നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന സവിശേഷഭാവങ്ങളും ആവിഷ്കൃതമാകുന്നു....

സമാധാനാഭിവാഞ്ഛ

സ്വാതന്ത്ര്യം വീണ്ടെടുത്തതിനു ശേഷം, നിങ്ങളുടെ നാട്, നിങ്ങളുടെ ശൈലികളുടെയും പദ്ധതികളുടെയും പരസ്പരപൂരകത്വത്ത്വത്തെ സാക്ഷ്യപ്പെടുത്തുന്നതായ ഫലദായകമായ പ്രജാധിപത്യമാറ്റത്തിലൂടെ നാടിന്‍റെ ഭദ്രതയും സമാധാനവും കാംക്ഷിക്കുന്നു. ഇതു കാട്ടിത്തരുന്നത്, മാനവസമൂഹത്തിനുള്ള സേവനമായി ജീവിക്കപ്പെടുന്നതായ “രാഷ്ട്രമീമാംസ പൗരസമൂഹത്തെയും വ്യവസ്ഥാപനങ്ങളെയും കെട്ടിപ്പടുക്കുന്നതിന് മൗലികോപാധിയാണ്” എന്നാണ്. (52-Ↄ○ വിശ്വശാന്തിദിന സന്ദേശം01/01/2019) ആകയാല്‍, പൗരന്മാരെ, വിശിഷ്യ, ഏറ്റം വേധ്യരായവരെ, സേവിക്കുകയും സംരക്ഷിക്കുകയും, മഹിതവും നീതിഭരിതവുമായ വികസനത്തിനുള്ള അവസ്ഥകള്‍ സംജാതമാക്കുകയും  ചെയ്യുകയെന്ന ദൗത്യമുള്ളവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനവും ഉത്തരവാദിത്വവും ഒരു വെല്ലുവിളിയാണെന്നത് ഇവിടെ പ്രസ്പഷ്ടമാണ്.

ഈ ഒരു പശ്ചാത്തലത്തില്‍, ഞാന്‍, നിങ്ങള്‍ക്കു പ്രചോദനം പകരുകയാണ്, പതിവായിരിക്കുന്ന അഴിമതിയുടെ സകലരൂപങ്ങള്‍ക്കും സാമൂഹ്യാസമത്വത്തിന്‍റെ  വര്‍ദ്ധനവിനുകാരണമാകുന്ന ഊഹക്കച്ചവടഭാവങ്ങള്‍ക്കുമെതിരെ വീര്യത്തോടെ പോരാടുക; മനുഷ്യോചിതമല്ലാത്ത ദാരിദ്ര്യാവസ്ഥകള്‍ക്കു ജന്മം നല്കുന്നതായ സന്ദിഗ്ദ്ധാവസ്ഥകളെയും അവഗണനകളെയും നേരിടുക. മെച്ചപ്പെട്ട വേതനവും സകലരുടെയും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ, സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ ഇവിടെ ആവശ്യമായിവരുന്നു.

പ്രകൃതിയോടുള്ള കരുതല്‍

നമ്മുടെ പൊതുഭവനത്തോടു കരുതല്‍ കാട്ടാതെയും അതിനെ പരിപാലിക്കാതെയും സമഗ്രവികസനത്തെക്കുറിച്ച് സാംസാരിക്കാനാകില്ലെന്ന് നാം മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക മാത്രമല്ല ഇവിടെ വിവക്ഷ, പ്രത്യുത, പ്രകൃതിസംവിധാനങ്ങള്‍ തമ്മിലും അവയും സാമൂഹ്യസംവിധാനങ്ങളും തമ്മിലുള്ള പാരസ്പര്യത്തെ പരിഗണിക്കുന്ന സമഗ്രമായ പരിഹാരങ്ങള്‍ തേടുകയുമാണ്. പാരിസ്ഥിതികം സാമൂഹ്യം എന്നിങ്ങനെ വ്യത്യസ്തങ്ങളായ രണ്ടു പ്രതിസന്ധികളില്ല, മറിച്ച്, ഏകവും സങ്കീര്‍ണ്ണവുമായ സാമൂഹ്യ-പാരിസ്ഥിതിക പ്രശ്നങ്ങളാണുള്ളത്.

ജൈവവൈവിധ്യ സമ്പന്ന മഢഗാസ്ക്കര്‍

നിങ്ങളുടെ സുന്ദര ദ്വീപായ മഢഗാസ്ക്കര്‍ സസ്യങ്ങളാലും ജീവികളാലും ജൈവവൈവിധ്യ സംപുഷ്ടമാണ്. എന്നാല്‍ ഈ സമ്പന്നത ഏതാനും പേരുടെ ഗുണത്തിനായുള്ള അനിയന്ത്രിതമായ വനനശീകരണ പ്രക്രിയയാല്‍, പ്രത്യേകിച്ച്, ഭീഷണിയിലാണ്.... നിങ്ങള്‍ക്കറിയാവുന്നതു പോലെ, അവശേഷിച്ചിരിക്കുന്ന ആരണ്യങ്ങള്‍ അഗ്നിബാധയും അനധികൃത വേട്ടയാടലുകളും വിലയേറിയ വൃക്ഷങ്ങള്‍ കടിഞ്ഞാണില്ലാതെ മുറിച്ചെടുക്കുന്നതും മൂലം അപകടത്തിലാണ്. സസ്യ-ജീവി സമ്പത്തിന്‍റെ അനധികൃതമായ കച്ചവടവും കള്ളക്കടത്തും മൂലം ഈ ജൈവവൈവിധ്യം ഭീഷണിയിലാണ്ടിരിക്കുന്നു....

പൊതുവായ ഭൂവിഭവങ്ങളുടെ ഉപയോഗത്തിനുള്ള അവകാശം ഇന്നത്തെയും നാളത്തെയും തലമുറകള്‍ക്ക് ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യനീതിയുടെ അഭാവത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള യഥാര്‍ത്ഥമായ സമൂര്‍ത്ത നടപടിയൊ പരിസ്ഥിതിവിജ്ഞാനീയ സമീപനമൊ സാധ്യമല്ല.

ജനവിഭാഗങ്ങളുടെ തനതായ സാസ്ക്കാരിക പൈതൃകത്തെ അവമതിക്കുകയും കുഴിച്ചുമൂടുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന സാങ്കല്പികമായ “സാര്‍വ്വലൗകിക സംസ്കൃതി”യിലേക്കു നയിക്കുന്ന അപകടത്തെക്കുറിച്ചും പാപ്പാ, അന്താരാഷ്ട്രതലത്തിലുള്ള തുറവുനയത്തെയും സാമ്പത്തിക ആഗോളവത്ക്കരണത്തെയും പറ്റി പരാമര്‍ശിച്ചുകൊണ്ട്, തന്‍റെ പ്രഭാഷണത്തില്‍ മുന്നറിയിപ്പു നല്കി. ആകയാല്‍ പൗരസമൂഹത്തിന്‍റെ തനിമകളെക്കുറിച്ച് നാം കരുതലുളളവരായിരിക്കുകയും അവയെ ആദരിക്കുകയും വേണം, പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച, മഢഗാസ്ക്കര്‍ സ്വദേശിനിയായ, വിക്തോറിയെ റസ്വമനാറിവൊയ്ക്കുണ്ടായിരുന്ന സംഭാഷണ മനോഭാവത്തെക്കുറിച്ചും ഫ്രാന്‍സീസ് പാപ്പാ പരാമര്‍ശിച്ചു.

സ്വന്തം നാടിനോടും അതിന്‍റെ പാരമ്പര്യങ്ങളോടും വാഴ്ത്തപ്പെട്ട വിക്തോറിയ്ക്കുണ്ടായിരുന്ന സ്നേഹവും യേശുവിലുള്ള വിശ്വാസത്തിന്‍റെ   അടയാളമായി അവള്‍ ഏറ്റം പാവപ്പെട്ടവര്‍ക്കേകിയ സേവനവും നാം പിന്‍ചെല്ലാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സരണി നമുക്കു കാണിച്ചുതരുന്നുവെന്ന് പാപ്പാ പറഞ്ഞു.

കത്തോലിക്കാസഭയുടെ സന്നദ്ധത

എല്ലാ ക്രൈസ്തവരുമായും അക്രൈസ്തവ മതാനുയായികളുമായും പൗരസമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായും സംഭാഷണത്തിലേര്‍പ്പെട്ടുകൊണ്ട് യഥാര്‍ത്ഥ   സാഹോദര്യം, ആരും പുറന്തള്ളപ്പെടാതിരിക്കുന്നതിന് സമഗ്രമായ മാനവ പുരോഗതി പരിപോഷിപ്പിച്ചുകൊണ്ട് “ഫിഹവനാന”യെ  (FIHAVANANA) സദാ വിലമതിക്കുന്ന സാഹോദര്യം, സംജാതമാക്കുന്നതിന് സംഭാവനയേകാന്‍ കത്തോലിക്കാ സഭയ്ക്കുള്ള സന്നദ്ധത പാപ്പാ ആവര്‍ത്തിച്ചു വെളിപ്പെടുത്തി.

മഢഗാസ്ക്കറിനും അന്നാട്ടിലെ നിവാസികള്‍ക്കും ദൈവാനുഗ്രഹവും സമൃദ്ധിയും സന്തോഷവും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2019, 13:20