തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, ബുധനാഴ്ച (11/09/2019) പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ എത്തുന്നു ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, ബുധനാഴ്ച (11/09/2019) പ്രതിവാര പൊതുദര്‍ശനം അനുവദിക്കാന്‍ എത്തുന്നു 

പാപ്പായുടെ മുപ്പത്തിയൊന്നാം വിദേശ ഇടയസന്ദര്‍ശനം-പുനരവലോകനം!

ഫ്രാ‍ന്‍സീസ് പാപ്പാ, താന്‍, മൊസാംബിക്ക്, മഢഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ ആഫ്രിക്കന്‍ നാടുകളില്‍ നടത്തിയ ഇടയസന്ദര്‍ശനത്തിലെ അനുഭവങ്ങള്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ പങ്കുവച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആഫ്രിക്കന്‍ നാടുകളായ മൊസാംബിക്ക്, മഢഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ നാടുകളിലേക്കുള്ള തന്‍റെ യാത്രയുടെ ആരംഭ ദിനമായിരുന്ന‍ കഴിഞ്ഞ ബുധനാഴ്ച (04/09/19) മുടങ്ങിയ പ്രതിവാര പൊതുദര്‍ശനം ഈ സപ്തദിന ഇടയസന്ദര്‍ശനം കഴിഞ്ഞ് ചൊവ്വാഴ്ച (10/09/19) വത്തിക്കാനില്‍ തിരിച്ചെത്തിയ ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (11/09/2019) പുനരാംരംഭിച്ചു. വേനല്‍ക്കാലം വിടപറയുന്നതിന്‍റെ   ലക്ഷണമെന്നോണം താപനില താഴ്ന്നുകൊണ്ടിരിക്കുന്ന ദിനങ്ങളാണ് റോമില്‍. എങ്കിലും അര്‍ക്കാംശുക്കളാല്‍ കുളിച്ചുനിന്ന, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ പന്തീരായിരത്തിലേറെപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. തങ്ങളുടെ പപൗരോഹിത്യത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന, എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളായ ഒരു സംഘം വൈദികരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു.

ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏതാനും ബാലികാബാലന്മാരേയും വാഹനത്തിലേറ്റി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, സാവധാനം നീങ്ങി. പ്രസംഗവേദിക്കടുത്തുവച്ച് ആദ്യം കുട്ടികളും പിന്നീട് പാപ്പായും വാഹനത്തില്‍ നിന്നിറങ്ങി. തുടര്‍ന്നു പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“31 യേശു വേറൊരുപമ അവരോടു പറഞ്ഞു:സ്വര്‍ഗ്ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം.32 അത് എല്ലാ വിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്‍റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.33 മറ്റൊരുപമയും കൂടി അവിടന്ന് അവരോടു പറഞ്ഞു: മൂന്നിടങ്ങഴി മാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിന് സദൃശമാണ് സ്വര്‍ഗ്ഗരാജ്യം" ( മത്തായി 13:31-33) 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, തന്‍റെ 31-Ↄ○ വിദേശ അപ്പസ്തോലിക പര്യടനം പുനരവലോകനം ചെയ്തു. 

 പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണം  ഇപ്രകാരം സംഗ്രഹിക്കാം:

പ്രഭാഷണ സംഗ്രഹം:

നന്ദി പ്രകാശനം

മൊസാംബിക്ക്, മഢഗാസ്ക്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലെ അപ്പസ്തോലിക സന്ദര്‍ശനത്തിനു ശേഷം ഞാന്‍ ഇന്നലെ (ചൊവ്വ-10/09/19) തിരിച്ചെത്തി. സമാധാനത്തിന്‍റെയും പ്രത്യാശയുടെയും തീര്‍ത്ഥാടകനെന്ന നിലയില്‍ ഈ യാത്രനടത്താന്‍ എന്നെ അനുവദിച്ച ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു. എന്നെ ക്ഷണിക്കുകയും ഒത്തിരി സ്നേഹത്തോടും ശുഷ്ക്കാന്തിയോടുംകൂടെ സ്വീകരിക്കുകയും ചെയ്ത ആ നാടുകളുടെ അധികാരികളോടും ആ രാജ്യങ്ങളിലെ മെത്രാന്‍ സംഘങ്ങളോടും ഈ യാത്രയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച അപ്പസ്തോലിക് നുണ്ഷ്യൊമാരോടുമുള്ള കൃതജ്ഞത ഞാന്‍ നവീകരിക്കുന്നു.

ക്രിസ്തു ലോകത്തിന്‍റെ പ്രത്യാശ

ക്രിസ്തുവാണ് ലോകത്തിന്‍റെ പ്രത്യാശ; സാഹോദര്യത്തിന്‍റെയും സകല ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും എറ്റം വീര്യമേറിയ പുളിമാവ് അവിടത്തെ സുവിശേഷമാണ്. വിശുദ്ധരായ സുവിശേഷവത്ക്കര്‍ത്താക്കളുടെ കാല്പാടുകള്‍ പിന്‍ചെന്ന് ഞാന്‍, എന്‍റെ ഈ സന്ദര്‍ശനത്തിലൂടെ, ഈ പുളിമാവ്, യേശുവിന്‍റെ പുളിമാവ്, മൊസാംബിക്കിലെയും മഡഗാസ്ക്കറിലെയും മൗറിഷ്യസിലെയും ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാന്‍ പരിശ്രമിച്ചു.

മൊസാംബിക്കിലെ അനുഭവം

മൊസാംബിക്കില്‍, അതായത്, ഇക്കഴിഞ്ഞ കാലഘട്ടത്തില്‍ നീണ്ടുനിന്ന സായുധസംഘര്‍ഷങ്ങളാല്‍ പീഢിതവും ഇക്കഴിഞ്ഞ വസന്ത കാലത്ത് രണ്ടു ചുഴലിക്കാറ്റുകള്‍ കനത്ത നാശം വിതച്ചതുമായ ഒരു മണ്ണില്‍, പ്രത്യാശയുടെയും ശാന്തിയുടെയും അനുരഞ്ജനത്തിന്‍റെയും വിത്തുവിതയ്ക്കാനാണ് ഞാന്‍ പോയത്. കഴിഞ്ഞ ആഗസ്റ്റുമാസത്തില്‍ പുതിയ ഒരു ഉടമ്പടിയോടുകൂടി മുന്നേറിക്കൊണ്ടിരിക്കുന്ന സമാധാന പ്രക്രിയയെ സഭ സദാ തുണയ്ക്കുന്നു. ഈ സമാധാന പ്രക്രിയയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്ന വിശുദ്ധ എജീദിയൊയുടെ സമൂഹത്തിനും ഞാന്‍ ഇത്തരുണത്തില്‍ നന്ദി പറയുന്നു.

പൊതുനന്മയ്ക്കായി സംഘാതമായി യത്നിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഞാന്‍ അന്നാടിന്‍റെ അധികാരികള്‍ക്ക് പ്രചോദനം പകര്‍ന്നു. തോറ്റുകൊടുക്കാതെയും വ്യാകുലതകളെ അതിജീവിക്കുകയും സാമൂഹ്യമൈത്രി വളര്‍ത്തുകയും ചെയ്തുകൊണ്ടും മുതിര്‍ന്നവരുടെ പാരമ്പര്യങ്ങളെ നധിയായി കരുതിക്കൊണ്ടും രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ ഭിന്ന മതാനുയായികളായ യുവതയ്ക്ക് ഞാന്‍ പ്രോത്സാഹനമേകി. നസ്രത്തിന്‍റെ സരണി, ദൈവമേകിയ വിളിയെക്കുറിച്ചുള്ള കൃതജ്ഞതാഭരിതമായ സ്മരണയോടുകൂയ, അവിടത്തോടുള്ള ഉദാരമായ  സമ്മതത്തിന്‍റെ പാത, ഞാന്‍ മെത്രാന്മാരും വൈദികരും സമര്‍പ്പിതരുമായി മപ്പുത്തോയില്‍ അമലോത്ഭവ മറിയത്തിന്‍റെ നാമത്തിലുള്ള കത്തീദ്രലില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അവരുടെ മുന്നില്‍ വച്ചു. ത്സിംപേത്തൊയിലെ ആശുപത്രി സുവിശാഷാത്മകമായ ഒരു സാന്നിധ്യത്തിന്‍റെ ശക്തമായ ഒരു അടയാളമാണ്. വിശുദ്ധ എജീദിയൊയുടെ സമൂഹത്തിന്‍റെ പരിശ്രമഫലമായ ഈ ആശുപത്രിയില്‍ രോഗികള്‍ക്കു നല്കപ്പെടുന്ന പ്രാധാന്യം ഞാന്‍ മനസ്സിലാക്കി. എല്ലാവരുടെ ആ രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. മഴയില്‍ കുതിര്‍ന്ന ദിനത്തില്‍ മൊസാംബിക്കിലെ സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ അന്നാട്ടിലെ എന്‍റെ  സന്ദര്‍ശനത്തിന് പരിസമാപ്തിയായി. മഴയെ വകവയ്ക്കാതെ എല്ലാവരും ആനന്ദത്തിലായിരുന്നു. “നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ സ്നേഹിക്കുക” എന്ന യേശുവിന്‍റെ ആഹ്വാനം അവിടെ മുഴങ്ങി. ഇത് അക്രമത്തെ അണച്ചുകൊണ്ട് സാഹോദര്യത്തിനു ജന്മം നല്കുന്ന സ്നേഹമാണ്.

പാപ്പാ മഢിഗാസ്ക്കറില്‍

മപ്പൂത്തൊയില്‍ നിന്ന് ഞാന്‍ മഢഗാസ്ക്കറിന്‍റെ തലസ്ഥാനമായ അന്തനനാറിവൊയിലേക്കു പോയി. പ്രകൃതിസൗന്ദര്യത്താലും പ്രകൃതിവിഭവങ്ങളാലും സമ്പന്നവും എന്നാല്‍ ഏറെ ദാരിദ്ര്യം അനുഭവപ്പെടുന്നതുമായ ഒരു നാടാണത്. മഢഗാസ്ക്കറിന്‍റെ പാരമ്പര്യ ഐക്യദാര്‍ഢ്യാരൂപിയാല്‍ പ്രചോദിതരായി അന്നാട്ടിലെ ജനങ്ങള്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്യാനും പരിസ്ഥിതിയോടുള്ള ആദരവും സാമൂഹ്യ നീതിയും സമന്വയിപ്പിച്ചുകൊണ്ട് ഭാവി വികസനപ്രക്രിയയില്‍ ഏര്‍പ്പെടാനും കഴിയട്ടെയെന്ന് ഞാന്‍ ആശംസിച്ചു. ലാസ്സറിസ്റ്റ് പ്രേഷിത വൈദികനായ പേദ്രൊ ഒപേക്ക അക്കമസ്വായില്‍ സ്ഥാപിച്ച “സൗഹൃദ നഗരം” ഞാന്‍ സന്ദര്‍ശിച്ചു. അവിടെ തൊഴിലും ഔന്നത്യവും പാവപ്പട്ടവരുടെ പരിചരണവും കുട്ടികളുടെ ശിക്ഷണവും സമന്വയിക്കുന്നു. ഇതിന്‍റെയെല്ലാം ചാലക ശക്തി സുവിശേഷമാണ്. അക്കമസ്വായിലെ പാറമടയില്‍ ഞാന്‍ തൊഴിലാളികള്‍ക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചു.

കര്‍മ്മലീത്താ സന്ന്യാസാശ്രമത്തില്‍ വച്ച് ഞാന്‍, ധ്യാനാത്മകജീവിതം നയിക്കുന്ന വിവധ സമൂഹങ്ങളില്‍പ്പെട്ട സന്ന്യാസിനികളുമായി കൂടിക്കാഴ്ച നടത്തി. വാസ്തവത്തില്‍ വിശാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും അഭാവത്തില്‍ മനുഷ്യോചിതമായ ഒരു നഗരം കെട്ടിപ്പടുക്കുക സാധ്യമല്ല. ദൈവജനത്തെ, വിശിഷ്യ, പാവപ്പെട്ടവരെ പരിചരിച്ചുകൊണ്ട്, ശാന്തിയുടെയും പ്രത്യാശയുടെയും വിതക്കാരാകുകയെന്ന ദൗത്യം അന്നാട്ടിലെ മെത്രാന്മാരോടു ചേര്‍ന്ന് ഞാന്‍ നവീകരിച്ചു. യുവതയുമൊത്തുള്ള ജാഗര ശുശ്രൂഷ സാക്ഷ്യങ്ങളാല്‍ സമ്പന്നമായിരുന്നു.

ഞായറാഴ്ച “രൂപതാ മൈതാനിയില്‍” അര്‍പ്പിച്ച ദിവ്യബലിയില്‍ വലിയൊരു സമൂഹം വിശ്വാസികള്‍ പങ്കുകൊണ്ടു. വിശുദ്ധ മിഖായേലിന്‍റെ നാമത്തിലുള്ള ഒരു സ്ഥാപനത്തില്‍ വച്ച് മഢഗാസ്ക്കറിലെ വൈദികരും സന്ന്യാസിസന്ന്യാസിനികളും സെമിനാരി വിദ്യാര്‍ത്ഥകളുമൊത്തു ഞാന്‍ കൂടിക്കാഴ്ച നടത്തി. ദൈവത്തിനുള്ള സ്തുതിപ്പിന്‍റെ അടയാളത്തിലായിലുന്നു ആ സമാഗമം.

വൈവിധ്യങ്ങള്‍ സംഗമിക്കുന്ന നാടായ മൗറീഷ്യസ്

തിങ്കളാഴ്ച (09/09/19) വിനോദസഞ്ചാര കേന്ദ്രമായ മൗറിഷ്യസ് റിപ്പബ്ലിക്കിനായി നീക്കിവയ്ക്കപ്പെട്ടു. ഭിന്ന വര്‍ഗ്ഗങ്ങളും ഭിന്ന സംസ്ക്കാരങ്ങളും തമ്മിലുള്ള ഒന്നുചേരലിന്‍റെ ഒരിടമാണ് ഞാന്‍ തിരഞ്ഞെ‌ടുത്തത്. മതാന്തരസംവാദവും ഭിന്ന മതവിഭാഗങ്ങളുടെ തലവന്മാരുമായുള്ള സൗഹൃദവും, വാസ്തവത്തില്‍, മൗറീഷ്യസില്‍ ശക്തമാണ്. മെത്രാസന മന്ദിരത്തില്‍ ഞാന്‍ എത്തിയപ്പോള്‍ അവിടെ മുഖ്യ ഇമാം  സാഹോദര്യത്തിന്‍റെ  അടയാളമായി കൊടുത്തയച്ച ഒരു പുഷ്പ മഞ്ജരി ഞാന്‍ കണ്ടു.

സമാധാനരാജ്ഞിയായ മറിയത്തിന്‍റെ സ്മാരകത്തിലായിരുന്നു വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണം. മൗറീഷ്യസിന്‍റെ ഐക്യത്തിന്‍റെ അപ്പസ്തോലനായ, വാഴ്ത്തപ്പെട്ട ഷാക് ദേസിര്‍ ലവാലിന്‍റെ സ്മരാണര്‍ത്ഥമായിരുന്നു ദിവ്യബലി. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ പ്രാദേശിക മെത്രാന്മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. വൈവിധ്യങ്ങളെ ഏകതാനമായി നിലനിറുത്താന്‍ മൗറിഷ്യസിന്‍റെ  അധികാരികള്‍ നടത്തുന്ന ശ്രമങ്ങളിലുള്ള മതിപ്പ്  ഞാന്‍ അവരുമായി നടത്തിയ കൂടിക്കാഴ്ചാവേളയില്‍ വെളിപ്പെടുത്തി. അപരനെ സ്വാഗതം ചെയ്യാനുള്ള കഴിവ് അഭംഗുരം കാത്തുസൂക്ഷിക്കാനും പ്രജാധിപത്യ ജീവിതം നിലനിറുത്താനും വളര്‍ത്താനുമുള്ള പരിശ്രമങ്ങള്‍ക്ക് ഞാന്‍ പ്രചോദനം പകര്‍ന്നു. അങ്ങനെ ഇന്നലെ (10/09/19) വൈകുന്നേരം ഞാന്‍ വത്തിക്കാനില്‍ തിരിച്ചെത്തി. ഒരു യാത്ര ആരംഭിക്കുന്നതിനു മുമ്പും യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോഴും ഞാന്‍ “റോമന്‍ ജനതയുടെ രക്ഷ”  (സാളൂസ് പോപുളി റൊമാനി) എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന കന്യകാമാതാവിന്‍റെ സന്നിധിയിലെത്താറുണ്ട്. അത്, അമ്മയെന്ന നിലയില്‍ അവള്‍ എന്‍റെ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിനും ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എന്നോടു പറയുന്നതിനും എന്‍റെ വാക്കുകളെയും പ്രവൃത്തിയെയും കാത്തുസൂക്ഷിക്കുന്നതിനുമാണ്. പരിശുദ്ധ മറിയം എന്നോടൊപ്പം ഉള്ളപ്പോള്‍ ഞാന്‍ സുരക്ഷിതനാണ്.

പ്രിയ സഹോദരീ സഹോദരന്മാരെ, ദൈവത്തിന് നന്ദി പറയാം, ഈ അപ്പസ്തോലികയാത്രാവേളയില്‍ വിതയ്ക്കപ്പെട്ട വിത്തുകള്‍ മൊസാംബിക്കിലെയും മഢഗാസ്ക്കറിലെയും മൗറീഷ്യസിലെയും ജനങ്ങള്‍ക്ക് സമൃദ്ധമായ ഫലം നല്കട്ടെ. നന്ദി.

പൊതുദര്‍ശനപരിപാടിയുടെ സമാപനം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ വ്യാഴാഴ്ച (12/09/19) മറിയത്തിന്‍റെ പരിശുദ്ധതമ നാമത്തിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

പരിശുദ്ധ മറിയത്തെ ഉറ്റു നോക്കാനും അവളുടെ പുത്രനായ യേശുവിനെ എന്നും അനുകരിച്ച് ജീവിക്കാനുമുള്ള പ്രചോദനം അവളില്‍ നിന്നു ഉള്‍ക്കൊള്ളാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

11 September 2019, 13:06