തിരയുക

Vatican News
വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍ വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍  (ANSA)

വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍!

കാരുണയുടെ മദ്ധ്യസ്ഥനായ വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ തിരുന്നാള്‍ സെപ്റ്റമ്പര്‍ 27-ന്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സന്തോഷത്തോടും നിസ്വാര്‍ത്ഥതയോടും കൂ‌‌ടെ സേവനം ചെയ്യാന്‍  വിശുദ്ധ വിന്‍സന്‍റ് ഡി പോളിള്‍ പ്രചോദനമേകട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.

സകല ഉപവിപ്രവര്‍ത്തന സംഘടനകളുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ വിന്‍സന്‍റ് ഡി പോളിന്‍റെ തിരുന്നാള്‍ അനുവര്‍ഷം സെപ്റ്റമ്പര്‍ 27-ന് ആചരിക്കപ്പെടുന്നത് ഫ്രാന്‍സീസ് പാപ്പാ, ബുധനാഴ്ച (25/09/2019), വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ അങ്കണത്തില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും, പതിവുപോലെ, പ്രത്യേകം സംബോധന ചെയ്യവെ അനുസ്മരിക്കുകയായിരുന്നു. 

ഈ വിശുദ്ധന്‍, എല്ലാവരെയും, ആഥിത്യമേകുകയെന്ന കടമയിലേക്കും ജീവന്‍റെ ദാനത്തിലേക്കും തുറവുള്ളവരാക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനത്താല്‍ “കാരുണ്യത്തിന്‍റെ മദ്ധ്യസ്ഥന്‍” എന്നും അറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ ജനനം, ഒരു കാര്‍ഷിക കുടുംബത്തില്‍, 1581 ഏപ്രില്‍ 24-ന് ഫ്രാന്‍സിലെ ലെ പ്യു (LE POUY) എന്ന ഗ്രാമത്തിലാണ്. ഇന്ന് ഈ ഗ്രാമം ഈ വിശുദ്ധന്‍റെ നാമത്തിലാണ് അറിയപ്പെടുന്നത്. ബെര്‍ട്രാന്‍റ് ദെ മൊറാസ്, ഷാന്‍ ദെ പോള്‍ ദമ്പതികളായിരുന്നു മാതാപിതാക്കള്‍. അവരുടെ ആറുമക്കളില്‍ മൂന്നാമത്തെ പുത്രനായിരുന്നു വിശുദ്ധ വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍. മൂന്നു സഹോദരന്മാരും രണ്ടു സഹോദരികളും അദ്ദേഹത്തിനുണ്ടായിരുന്നു. പൗരോഹിത്യത്തോടുള്ള പ്രതിപത്തി വിന്‍സന്‍റിനെ സെമിനാരിയിലേക്കാനയിക്കുകയും അദ്ദേഹം 1600 സെപ്റ്റമ്പര്‍ 23ന് ഗുരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. 

പാരീസില്‍ വച്ച് 1660 സെപ്റ്റമ്പര്‍ 27-ന്, എഴുപത്തിയൊമ്പതാമത്തെ വയസ്സില്‍ വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പാ 1729 ആഗസ്റ്റ് 13-ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും ക്ലെമന്‍റ് പന്ത്രണ്ടാമന്‍ പാപ്പാ 1737 ജൂണ്‍ 16-ന് വിശുദ്ധനായും പ്രഖ്യാപിച്ചു.

 

26 September 2019, 09:25