തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ബുധനാഴ്ച (18/09/2019) അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ കുട്ടികള്‍ നല്കിയ സ്നേഹോപഹാരം സ്വീകരിക്കുന്നു. ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ബുധനാഴ്ച (18/09/2019) അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ കുട്ടികള്‍ നല്കിയ സ്നേഹോപഹാരം സ്വീകരിക്കുന്നു. 

അപ്പസ്തോലന്മാര്‍ പരിശുദ്ധാരൂപിയുടെ ഉച്ചഭാഷിണികള്‍ !

സുവിശേഷവചനത്തെ തളച്ചിടാനൊ നിശബ്ദമാക്കാനൊ സാധ്യമല്ല. ആ രക്ഷാദയക വചനം സന്നദ്ധതയോടും ശങ്കകൂടാതെയും പ്രസരിപ്പിക്കാന്‍ ഉത്ഥിതന്‍ അയച്ചവരാണ് അപ്പസ്തോലന്മാര്‍ - ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (18/09/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍, സാവധാനം നീങ്ങി. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍:

34 നിയമോപദേഷ്ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റു നിന്നു..... 35 അനന്തരം അവന്‍ പറഞ്ഞു: ഇസ്രായേല്‍ ജനങ്ങളേ, ഈ മനുഷ്യരോട് എന്തു ചെയ്യാമെന്നു തീരുമാനിക്കുന്നത് സുക്ഷിച്ചുവേണം..... 38 കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍ നിന്നാണെങ്കില്‍ പരാജയപ്പെടും.39 മറിച്ച്, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയും ചെയ്യും. അവര്‍ അവന്‍റെ ഉപദേശം സ്വീകരിച്ചു".    (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 5:34-35,38-39) 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര പുനരരാരംഭിച്ചു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്നു പാപ്പായുടെ മുഖ്യ പ്രഭാഷണം. അത് ഇപ്രകാരം സംഗ്രഹിക്കാം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌

അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചുള്ള പ്രബോധനം നമുക്കു തുടരാം. ക്രിസ്തുവിന്‍റെ നാമത്തില്‍ പഠിപ്പിക്കരുതെന്ന യഹൂദരുടെ നിരോധനാജ്ഞയ്ക്കുമുന്നില്‍ പത്രോസും ഇതര അപ്പസ്തോലന്മാരും, ലോകത്തില്‍ സുവിശേഷയാത്രയ്ക്ക് വിഘാതം സൃഷ്ടിക്കുന്നവരെ അനുസരിക്കാനാകില്ലെന്ന് ധീരതയോടെ പ്രത്യുത്തരിക്കുന്നു.

"വിശ്വാസ വിധേയത്വവും" പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയും

സകല ജനതകളുടെയും ഇടയില്‍ ഉളവാകണമെന്ന് തങ്ങള്‍ അഭിലഷിക്കുന്ന “വിശ്വാസ വിധേയത്വം” തങ്ങള്‍ക്കുണ്ടെന്ന് അങ്ങനെ പന്ത്രണ്ട് അപ്പസ്തോലന്മാരും വെളിപ്പെടുത്തുന്നു. വാസ്തവത്തില്‍, പന്തക്കുസ്താദിനം മുതല്‍ അവര്‍ മനുഷ്യര്‍ മാത്രല്ല. അവര്‍ക്ക് ഒരു സംഘാത്മകത അനുഭവപ്പെടുന്നുണ്ട്. അത് അവരെ അഹത്തില്‍ നിന്ന് വികേന്ദ്രീകരിച്ചുകൊണ്ട് “ഞങ്ങളും പരിശുദ്ധാത്മാവും” അല്ലെങ്കില്‍, “പരിശുദ്ധാത്മാവും ഞങ്ങളും” എന്ന് പറയിപ്പിക്കുന്നു. ഇനി അവര്‍ സ്വാത്മകേന്ദ്രീകൃതരല്ല. “ഞാന്‍” എന്നല്ല “ഞങ്ങള്‍” എന്നേ അവര്‍ക്കു പറയാനാകൂ. ഈ കൂട്ടായ്മയില്‍ ശക്തിപ്പെടുത്തപ്പെട്ട അപ്പസ്തോലന്മാര്‍ ആരുടെയും ഭീഷണിക്ക് അടിയറവു പറയുന്നില്ല. ഈ ധൈര്യം ശ്രദ്ധേയമാണ്. നമ്മുടെ കാലഘട്ടമുള്‍പ്പടെയുള്ള എക്കാലത്തെയും നിണസാക്ഷികളെപ്പോലെ ഉത്ഥിതന്‍റെ  ധീരസാക്ഷികള്‍ ആയിത്തീരുന്നതിനുള്ള പ്രയാണത്തില്‍ നിന്ന് അവര്‍ പിന്‍വലിയുന്നില്ല. നിണസാക്ഷികള്‍ ജീവന്‍ നല്കുന്നു, തങ്ങള്‍ ക്രിസ്ത്യനികള്‍ ആണെന്ന സത്യം മറച്ചു വയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ സുവിശേഷവചനത്തെ തളച്ചിടാനൊ നിശബ്ദമാക്കാനൊ സാധ്യമല്ല. രക്ഷാദയക വചനം സന്നദ്ധതയോടും ശങ്കകൂടാതെയും പ്രസരിപ്പിക്കാന്‍ ഉത്ഥിതന്‍ അയച്ച അപ്പസ്തോലന്മാര്‍ പരിശുദ്ധാരൂപിയുടെ ഉച്ചഭാഷിണികള്‍ ആണ്.

ക്രൈസ്തവര്‍ ഒരു ഭീഷണിയായി കാണപ്പെടുമ്പോള്‍.....

തീര്‍ച്ചയായും അപ്പസ്തോലന്മാരുടെ ഈ നിശ്ചയദാര്‍ഢ്യം യഹൂദ മതാചാരാസംവിധാനത്തെ വിറപ്പിക്കുന്നു. തങ്ങള്‍ക്കു നേരെ ഭീഷണി ഉയരുന്നു എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടാകുകയും അക്രമം ഉപയോഗിച്ചു പ്രതികരിക്കുകയും വധശിക്ഷയേകുകയും ചെയ്യുന്നു.  ക്രൈസ്തവര്‍ക്കെതിരായ പീഢനം എന്നും ഒരുപോലെയാണ്. ക്രിസ്തുമതത്തെ അനഭിലഷണീയമായി കാണുന്നവര്‍ അതിനെ ഒരു ഭീഷണിയായി കരുതുകയും അങ്ങനെ ക്രൈസ്തവരുടെ മരണം ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ന്യായധിപസംഘത്തിന്‍റെയും പ്രധാനപുരോഹിതന്മാരുടെയും യോഗത്തിനിടയില്‍ ഒരു ഫരിസേയന്‍റെ വേറിട്ട ശബ്ദം മുഴങ്ങുന്നു. തന്‍റെ കൂട്ടരുടെ പ്രതികരണത്തിന് തടയിടാന്‍ ശ്രമിക്കുന്ന ഗമാലിയേല്‍ ആണ് അദ്ദേഹം...... വിവേകമതിയായ നിയമ പണ്ഡിതനും ജനങ്ങള്‍ക്കിടയില്‍ ആദരണീയനുമായ ഗമാലിയേല്‍ സംസാരിക്കുന്നു. സാധാരണ ചട്ടക്കൂടുകളെ മറികടക്കുന്നതായ അവസ്ഥകള്‍ക്കു മുന്നില്‍ വിവേചനബുദ്ധി എന്ന കല എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം സഹോദരങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നു.

ദൈവത്തിന്‍റെ കൈയ്യൊപ്പ്

കപട മിശിഹാമാരെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം മാനുഷിക പദ്ധതികള്‍ ആദ്യം എല്ലാവരുടെയും അംഗീകാരം നേടുമെങ്കിലും അതു കാലക്രമത്തില്‍ മുങ്ങിത്താഴുമെന്നും എന്നാല്‍ ഉന്നതത്തില്‍ നിന്നെത്തുന്നവ, ദൈവത്തിന്‍റെ  കൈയ്യൊപ്പുള്ളവ നിലനില്ക്കുമെന്നും വ്യക്തമാക്കുന്നു. മാനുഷിക പദ്ധതികള്‍ എന്നും പരാജയപ്പെടും. നമ്മെപ്പോലെ തന്നെ സമയപരിമിതിയുള്ളവയാണ്. നിങ്ങള്‍ രാഷ്ട്രീയ പദ്ധതികളെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. എല്ലാ നാടുകളിലും തന്നെ അവ മാറിമറിയുന്നത് എങ്ങനെയാണെന്നു നോക്കൂ.ലോകത്തെ ഭരിക്കാന്‍ ഏറ്റം ശക്തങ്ങളാണെന്നു കരുതിയിരുന്നവയെല്ലാം തകര്‍ന്നടിഞ്ഞു. ഇന്നത്തെ സാമ്രാജ്യങ്ങളും അപ്രകാരം തന്നെ ആയിരിക്കും. ദൈവം ഒപ്പമില്ലെങ്കില്‍ അവയും തകരും. മനുഷ്യരുടെ ശക്തി ക്ഷണികമാണ്. ആകയാല്‍ ഗമാലിയേലിന്‍റെ നിഗമനം ഇതാണ്, യേശുവിന്‍റെ  ശിഷ്യര്‍ കപടവേഷധാരിയിലാണ് വിശ്വാസമര്‍പ്പിച്ചതെങ്കില്‍ അവര്‍ നശിച്ചുപോകും; എന്നാല്‍ അവര്‍ പിന്‍ചെല്ലുന്നത് ദൈവത്തില്‍ നിന്നു വന്നവനെയാണെങ്കില്‍  അവര്‍ക്കെതിരായ പോരാട്ടം അവസാനിപ്പിക്കുന്നതാണ് ഉചിതം; തന്നെയുമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടും എന്ന മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.

വിവേചന ബുദ്ധി

ശാന്തവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ ഈ വാക്കുകള്‍ ക്രൈസ്തവികതയെ നൂതനമായൊരു വെളിച്ചത്തില്‍ ദര്‍ശിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും സുവിശേഷാത്മക മാനദണ്ഡങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. എന്തെന്നാല്‍ അത് ഫലങ്ങളില്‍ നിന്ന്  വൃക്ഷത്തെ തിരിച്ചറിയാന്‍ ക്ഷണിക്കുന്നു.

വിവേചനബുദ്ധി എന്ന ശീലം നമുക്കു ലഭിക്കുന്നതിനായി, വ്യക്തികള്‍ എന്ന നിലയിലും സമൂഹം എന്ന നിലയിലും നമ്മില്‍ പ്രവര്‍ത്തിക്കാന്‍ നമുക്ക് പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാം. നമ്മുടെ ഇക്കാലത്തിലും നമ്മുടെ ചാരത്തുള്ളവരുടെ വദനങ്ങളിലും പതിഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ കടന്നുപോകലിന്‍റെ  അടയാളങ്ങളിലൂടെ പരിത്രാണ ചരിത്രത്തിന്‍റെ ഐക്യഭാവം എന്നും ദര്‍ശിക്കാന്‍ കഴിയുന്നതിനും, അങ്ങനെ, കാലവും മാനുഷിക വദനങ്ങളും ജീവിക്കുന്ന ദൈവത്തിന്‍റെ  സന്ദേശവാഹകരാണ്  എന്നു പഠിക്കാന്‍ നമുക്കു സാധിക്കുന്നതിനും വേണ്ട അനുഗ്രഹം നമുക്ക് പരിശുദ്ധാരൂപിയോട് യാചിക്കാം. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഓര്‍മ്മശക്തിയെയും സംസാരശേഷിയെയും ബാധിക്കുന്ന അല്‍സിമേഴ്‍സ് എന്ന രോഗത്തെക്കുറിച്ച് അവബോധം സ‍ഷ്ടിക്കുന്നതിന് അനുവര്‍ഷം സെപ്റ്റമ്പര്‍ 21-ന് ആചരിക്കപ്പെടുന്ന ലോകദിനത്തക്കുറിച്ചും അര്‍ബുദരോഗബാധിതരെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു.

മത്തായിയുടെ മാനസാന്തരം

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ശനിയാഴ്ച (21/09/19) സുവിശേഷകനും അപ്പസ്തോലനുമായ വിശുദ്ധ മത്തായിയുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. സമ്പത്തിനോടു ആര്‍ത്തിയുള്ളവനായിരുന്ന മത്തായി കര്‍ത്താവിന്‍റെ വിളി ശ്രമവിക്കുകയും അവിടത്തെ അനുഗമിക്കുന്നതിന് സമ്പത്ത് ഉപേക്ഷിക്കുകയും ചെയ്തതിനെപ്പറ്റി സൂചിപ്പിച്ച പാപ്പാ  അദ്ദേഹത്തിന്‍റെ മാനസാന്തരം, ലോകത്തിന്‍റെതായ കണക്കുകൂട്ടലുകള്‍ കൂടാതെ, കര്‍ത്താവിന്‍റെ യഥാര്‍ത്ഥ ശിഷ്യരായി ജീവിക്കാന്‍ എല്ലാവര്‍ക്കും  പ്രചോദനമാകട്ടെയെന്ന് ആശംസിച്ചു. 

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

19 September 2019, 08:16