തിരയുക

Vatican News
Pope Fracis addressed the nation Mozambique in the Vermilha Palace - Discourse One Pope Fracis addressed the nation Mozambique in the Vermilha Palace - Discourse One  (Vatican Media)

മൊസാംബിക്കില്‍ നല്കിയ സമാധാനസന്ദേശം

സെപ്തംബര്‍ 5, വ്യാഴാഴ്ച രാവിലെ തലസ്ഥാനനഗരമായ മെപ്പൂത്തോയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലാണ് പ്രഭാഷണം നടത്തിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സൈക്ലോണിന്‍റെ കെടുതിയില്‍പ്പെട്ടവരെ അനുസ്മരിച്ചു
ക്ഷണിച്ചതിനും, നല്കിയ വരവേല്പിനും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് അന്നാട്ടിലെ ആദ്യപ്രഭാഷണം ആരംഭിച്ചത്.  മൊസാംബിക്കിന്‍റെ തീരങ്ങളില്‍ ഈയിടെ ആഞ്ഞടിച്ച സൈക്ലോണ്‍ ഇദായി, കെന്നത്ത് എന്നിവയുടെ കെടുതിയില്‍പ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യവും സ്നേഹസാമീപ്യവും അറിയിക്കുന്നു. വ്യക്തിപരമായി കെടുതിയില്‍പ്പെട്ടവരെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും, സാധിക്കില്ലെങ്കിലും ഈ അടിയന്തിരാവസ്ഥയില്‍ ഇന്നാട്ടിലെ കത്തോലിക്ക സമൂഹം വേണ്ടതുചെയ്യുമെന്നും ഉറപ്പുണ്ട്. പാപ്പാ പ്രസ്താവിച്ചു. ദൈവപരിപാലനയില്‍ ആശ്രയിച്ച് സര്‍ക്കാരും, സന്നദ്ധ സംഘടനകളും, സാമൂഹ്യപ്രസ്ഥാനങ്ങളും വേദനിക്കുന്നവരുടെ ചാരത്തെത്തണമെന്നും അവര്‍ക്കായി ഇനിയും വേണ്ടതു ചെയ്യണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

2. ദുരിതങ്ങളെ അതിജീവിച്ച നാട്
മൊസാംബിക്ക് ഒരു രാജ്യമെന്ന നിലയില്‍ നേരിട്ട പ്രതിസന്ധികളെയും വെല്ലുവിളികളെയും രാജ്യാന്തര സമൂഹത്തിന്‍റെ പിന്‍തുണയോടെ അനുരഞ്ജനത്തിന്‍റെ പാതയിലൂടെ നേരിടാന്‍ സാധിച്ചത് ചാരിതാര്‍ത്ഥ്യത്തോടെ അനുസ്മരിക്കുന്നു. സെറാ ദി ഗൊറോങ്കോസാ ഉടമ്പടിയിലൂടെയും, 1992-ല്‍ റോമില്‍ നടന്ന ചര്‍ച്ചകളിലൂടെ നിഗമനത്തില്‍ എത്തിയ പൊതുവായ സമാധാനക്കരാറിലൂടെയും (Peace treaty of Rome) മൊസാംബിക്കിലെ ജനങ്ങള്‍ക്കിടയില്‍ പരസ്പരം ഉയര്‍ന്ന സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ സംവാദത്തിന്‍റെ പാതയിലൂടെ സാധിച്ചത് സന്തോഷത്തോടെ ഇവിടെ അനുസ്മരിക്കുന്നു. പാപ്പാ ഫ്രാന്‍സിസ് വിവരിച്ചു.

3. പൊതുനന്മയ്ക്കായി സമാധാനം ആശ്ലേഷിക്കാം!
ചരിത്രപരമായ ഈ സമാധാന ഉടമ്പടികള്‍ തുടര്‍ന്നും പാലിക്കാനും, അതിന്‍റെ സദ്ഫലങ്ങളില്‍ വളര്‍ന്നു പ്രത്യാശയോടെ മുന്നോട്ടുപോകാനും മൊസാംബിക്കിലെ ജനങ്ങള്‍ക്കു രാഷ്ട്രനേതാക്കള്‍ കരുത്തേകേണ്ടതാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ഉത്തരവാദിത്വത്തോടെയും പങ്കാളിത്തത്തിന്‍റെ പാതിയിലും ജനങ്ങളെ കൂട്ടായ്മയിലേയ്ക്കു നയിക്കാന്‍ നേതാക്കള്‍ക്കു സാധിച്ചാല്‍ രാഷ്ട്രത്തിന്‍റെ ഭാവി ഇനിയും സമാധാനത്തിന്‍റെ പാതയില്‍ വളരുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. പൊതുനന്മയ്ക്കായി ധൈര്യപൂര്‍വ്വം സമാധാനം ആശ്ലേഷിക്കുന്നതാണ് ഭാവി നന്മയെന്ന്, പോള്‍ ആറാമന്‍ പാപ്പായെ ഉദ്ധരിച്ചുകൊണ്ട്, പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി (cf. paul vi, message for 1973 world day of peace).

4. സംഘര്‍ഷങ്ങള്‍ക്കു വിരാമമിട്ട മൊസാംബിക്
മൊസാംബിക്കിലെ ജനങ്ങളും ഭരണകര്‍ത്താക്കളും വേണ്ടുവോളം വേദനയും ദുഃഖവും ക്ലേശങ്ങളും കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും, പരസ്പര ബന്ധങ്ങളില്‍ പ്രതികാരമോ മര്‍ദ്ദനമോ, വെറുപ്പോ വൈരാഗ്യമോ കീഴ്പ്പെടുത്താന്‍ മൊസാംബിക്കുകാര്‍ അനുവദിച്ചിട്ടില്ലെന്നത് സത്യമാണ്. ക്ലേശങ്ങളുടെ കാലത്ത് ഭക്ഷണവും, പാര്‍പ്പിടവും വസ്ത്രവുമില്ലാതെ സ്ത്രീ പുരുഷന്മാരും, കുഞ്ഞുങ്ങളും ഇവിടത്തെ സ്ഥാപനങ്ങളിലും, ദേവാലയങ്ങളിലും അഭയം തേടിയിട്ടുണ്ട്. എന്നിരുന്നാലും  ഇന്നാട്ടില്‍ ഇപ്പോള്‍ അതിക്രമങ്ങള്‍ ഇല്ലെന്നത് ആശ്വാസദായകമാണ്. മാത്രമല്ല, സംഘട്ടനങ്ങള്‍ക്ക് ഉടന്‍ വിരാമമിടണമെന്നും, നാട്ടില്‍ സമാധാനം മതിയെന്നും ഉറച്ചു തീരുമാനിക്കാന്‍ സാധിച്ചത് ഇന്നാടിന്‍റെ വിജയമാണ് (visit to the president of the Republic, 16 September 1988, 3).

5. മുള്ളുകള്‍ക്കിടയിലെ സമാധാനപുഷ്പം
സമാധാനം കല്ലുകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ വളരുന്നൊരു ചെറുപുഷ്പം പോലെയാണ് (message world day of peace 2019). പ്രബന്ധങ്ങളിലൂടെയാണ് അത് വളര്‍ന്നു വലുതാകുന്നത്. ഇന്നാടിന്‍റെ ശാശ്വതമായ സമാധാനം ഇവിടത്തെ സകലരിലും നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്ത്വമാണെന്ന് കാലാന്തരത്തില്‍ ജനങ്ങള്‍ക്കു മനസ്സിലായിട്ടുണ്ട്. അതിനാല്‍ മതഭ്രാന്തിനോ, മൗലിക ചിന്താഗതികള്‍ക്കോ കീഴ്പ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടും ധൈര്യത്തോടും ബുദ്ധികൂര്‍മ്മതയോടുംകൂടെ എപ്പോഴും അനുരഞ്ജനത്തിന്‍റെ വഴികളില്‍ മൊസാംബിക്കില്‍ സമാധാനം വളര്‍ത്തുവാനും നിലനിര്‍ത്താനും പരിശ്രമിക്കാം! അതിക്രമങ്ങള്‍ സമൂഹത്തില്‍ നാശം മാത്രമേ വിതയ്ക്കുകയുള്ളൂ!!

6. സമാധാനം – ഇനിയും തുടരേണ്ട പരിശ്രമം
യുദ്ധമില്ലാതിരിക്കുന്ന അവസ്ഥയല്ല സമാധാനം. മറിച്ച് പതറാത്ത പരിശ്രമവും സമര്‍പ്പണവുമാണ് സമാധാനം. പ്രത്യേകിച്ച് ജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും സാമൂഹിക ഉത്തരവാദിത്ത്വങ്ങള്‍ വഹിക്കുന്നവര്‍ സമാധാനത്തിനായി നിരന്തരമായി പരിശ്രമിക്കേണ്ടതാണ്! സമൂഹം അലക്ഷ്യമായി അവഗണിക്കുകയും, മാറ്റിനിര്‍ത്തുകയും, ഉപേക്ഷിക്കുകയും ചെയ്യുന്ന സഹോദരങ്ങളുടെ അന്തസ്സുമാനിക്കുവാനും, അതു പരിരക്ഷിക്കുവാനും എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കേണ്ടതാണ്. അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെട്ട ജനതയാണ് രാഷ്ട്രത്തിന്‍റെ ഭാവിയുടെ വാഗ്ദാനങ്ങള്‍. സംഘര്‍ഷവും, പീഡനവും നിലനില്ക്കുന്നിടങ്ങളില്‍ തുല്യമായ അവസരങ്ങളില്ലാതെ മനുഷ്യര്‍ക്കു വളരാനുള്ള സാദ്ധ്യതകള്‍ മുറ്റുപോകുമ്പോഴാണ് അല്ലെങ്കില്‍ ഇല്ലാതാകുമ്പോഴാണ് പ്രതിഷേധത്തിന്‍റെയും വിപ്ലവത്തിന്‍റെയും പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത്. നിര്‍ബന്ധ നിയമങ്ങളോ, അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനങ്ങളോ, സുരക്ഷാ സന്നാഹങ്ങളോ ഒന്നുമില്ലാത്ത ഒരു സമൂഹത്തിലാണ് സമാധാനം വളരുന്നതെന്ന് പാപ്പാ ആഹ്വാനംചെയ്തു.

(പ്രഭാഷണം പൂര്‍ണ്ണമല്ല).
 

05 September 2019, 15:33