തിരയുക

Vatican News
ITALY-RELIGION-POPE-MOZAMBIQUE, MADAGASCAR, MAURITIUS ITALY-RELIGION-POPE-MOZAMBIQUE, MADAGASCAR, MAURITIUS  (Vatican Media)

ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിനു തുടക്കമായി

സെപ്തംബര്‍ 4-Ɔο തിയതി ബുധനാഴ്ചയാണ് ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്കുള്ള ഒരാഴ്ച നീളുന്ന യാത്ര പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സാന്താ മാര്‍ത്തയില്‍നിന്നും എയര്‍പോര്‍ട്ടിലേയ്ക്ക്
ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.20-ന് വത്തിക്കാനിലെ സാന്താ മാര്‍ത്ത വസതിയില്‍നിന്നും പാപ്പാ കാറില്‍ 29 കി. മീ. അകലെയുള്ള ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കു പുറപ്പെട്ടു. ഏകദേശം അരമണിക്കൂര്‍ സമയംകൊണ്ടു വിമാനത്താവളത്തില്‍ എത്തിയ പാപ്പാ, പതിവുപോലെ തന്‍റെ കറുത്ത തുകല്‍ ബ്യാഗുമായി 7.50-ന് ആല്‍-ഇത്താലിയ എ330 (A330 Al’italia) വിമാനത്തിന്‍റെ പടവുകള്‍ കയറിച്ചെന്നു. കവാടത്തില്‍ തിരിഞ്ഞുനിന്ന് തന്നെ യാത്രയാക്കാന്‍ എത്തിയ, ഫുമിച്ചീനെ പ്രവിശ്യയിലെ മെത്രാന്‍ ജീനോ റിയാലി ഉള്‍പ്പെടെയുള്ളവരുടെ ചെറുസംഘത്തെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ വിമാനത്തിലേയ്ക്കു പ്രവേശിച്ചത്.

ഒരാഴ്ച നീളുന്ന പ്രേഷിതയാത്ര
കൃത്യം 8 മണിക്ക് പാപ്പായുടെ വിമാനം ആഫ്രിക്കയുടെ തെക്കു കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി കുറുത്ത ഭൂഖണ്ഡത്തിന്‍റെ മുകളിലൂടെ മൊസാംബിക്കിന്‍റെ തലസ്ഥാന നഗരമായ മപ്പൂത്തോ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. വിമാനത്തിലാണ് പാപ്പാ പ്രാതല്‍ കഴിച്ചത്. ഏഴു ദിവസങ്ങള്‍ നീളുന്നതാണ് മൂന്നു രാജ്യങ്ങള്‍ താണ്ടിയുള്ള ഈ യാത്ര., ആഫ്രിക്ക വന്‍കരയുടെ തെക്കു കിഴക്കന്‍ തീരങ്ങളിലാണ് മൊസാംബിക്കെങ്കിലും, പാപ്പാ സന്ദര്‍ശിക്കുന്ന മഡഗാസ്കര്‍, മൗറീഷ്യസ് എന്നിവ ദ്വീപു രാജ്യങ്ങളാണ്.

ആദ്യഘട്ടം മൊസാംബിക്കില്‍
സെപ്തംബര്‍ 4, ബുധനാഴ്ച വൈകുന്നേരം മപ്പൂത്തോയില്‍ എത്തുന്ന പാപ്പാ ഫ്രാന്‍സിസ്, വ്യാഴം, വെള്ളി (സെപ്തംബര്‍ 5, 6) ദിവസങ്ങള്‍ അവിടെ വിവിധ പരിപാടികളില്‍ ചെലവഴിച്ച്, വെള്ളിയാഴ്ച വൈകുന്നേരം മഡഗസ്ക്കറിലേയ്ക്ക് പുറപ്പെടും.

രണ്ടാം ഘട്ടം മഡഗാസ്കറില്‍
ഈ രാജ്യാന്തര പര്യടനത്തിന്‍റെ രണ്ടാംഘട്ടം മഡഗാസ്കര്‍ സന്ദര്‍ശനം തലസ്ഥാന നഗരമായ അന്തനാനരീവോ കേന്ദ്രീകരിച്ചാണ്. മഡഗാസ്കറിലെ ജനങ്ങള്‍ക്കൊപ്പം ശനി ഞായര്‍ ദിവസങ്ങള്‍ (സെപ്തംബര്‍ 7, 8) പാപ്പാ ചെലവഴിക്കും.

മൂന്നാം ഘട്ടം മൗറീഷ്യസില്‍
തിങ്കളാഴ്ച, സെപ്തംബര്‍ 9-ന് രാവിലെ മൂന്നാംഘട്ടം പ്രേഷിതയാത്ര മൗറീഷ്യസിന്‍റെ തലസ്ഥാനനഗരമായ പോര്‍ട്ടു ലൂയിസ് കേന്ദ്രീകരിച്ചാണ്. തിങ്കളാഴ്ച പൂര്‍ണ്ണമായും പാപ്പാ മൊറിഷ്യസില്‍ ചെലവഴിച്ച് സെപ്തംബര്‍ 10 ചൊവ്വാഴ്ച അതിരാവിലെ മഡഗാസ്കറിലെ അന്തനാനരീവോയിലേയ്ക്കു യാത്രചെയ്യും. അവിടെനിന്നും ഔദ്യോഗിക യാത്രയയപ്പിനുശേഷം പാപ്പാ ഫ്രാന്‍സിസ് റോമിലേയ്ക്കു മടങ്ങും.
 

04 September 2019, 11:00