തിരയുക

Vatican News
Society for the Laws of Oriental churches - met in Clementine hall Vatican Society for the Laws of Oriental churches - met in Clementine hall Vatican  (ANSA)

സഭൈക്യത്തിന്‍റെ ബലപ്പെടുത്തല്‍ ഇന്നിന്‍റെ ആവശ്യം

നിയമത്തിന്‍റെ മോടിപിടിപ്പിക്കലിനെക്കാള്‍ കൂട്ടായ്മയുടെ മെച്ചപ്പെടുത്തലാണ് ഇന്നിന്‍റെ ആവശ്യമെന്ന് പാപ്പാ ഫ്രാന്‍സിസ് നിരീക്ഷിച്ചു.

 - ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്തംബര്‍ 19-Ɔο തിയതി, വ്യാഴാഴ്ച
രാവിലെ പൗരസത്യസഭകളുടെ കാനോന നിയമങ്ങള്‍ക്കുള്ള സൊസൈറ്റി (The Society for the Canon Law of the Oriental Churches) അംഗങ്ങളെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. അവര്‍ക്ക് സന്ദേശം നല്കി. സംഘത്തില്‍ 80 പേരുണ്ടായിരുന്നു.

സംവാദത്തിന് അടിസ്ഥാനമായ നിയമങ്ങള്‍
വിവിധ സഭകളുമായി കത്തോലിക്ക സഭ സംവാദം നടത്തുന്നതിന്‍റെ അടിസ്ഥാനം കാനോനിക നിയമങ്ങളാണ്. കാരണം കാനോനിക നിയമങ്ങളില്‍ സഭകളുടെ അടിസ്ഥാന സ്വഭാവം വ്യക്തമായി കാണാം. സഭാകൂട്ടായ്മയ്ക്ക് നൈയ്യാമിക വശമുണ്ടെന്നതും തര്‍ക്കമറ്റ കാര്യമാണ്. അതിനാല്‍  നിയമങ്ങള്‍ സംവാദത്തിന്‍റെ പാതയിലെ സഹായി മാത്രമല്ല, അനിവാര്യമായ ഘടകവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

വൈവിധ്യങ്ങളുടെ സമ്പന്നത അംഗീകരിക്കാം!
സഭയിലെ കൂട്ടായ്മ ഉദാഹരിച്ചുകൊണ്ടാണ് പാപ്പാ പിന്നെയും പ്രഭാഷണം തുടര്‍ന്നത്. സഭകളുടെ കൂട്ടായ്മയും വൈവിധ്യവുമാണ്  സഭയെ ഒരേ സമയം സമ്പന്നമാക്കുന്നത്.
അത് കാനോനിക നിയമത്തിന്‍റെ സഭൈക്യമാനം വ്യക്തമാക്കുന്നു. കിഴക്കന്‍ സഭകളുടെ കൂട്ടായ്മയില്‍നിന്നും ഒരു ഭാഗത്ത് കാനോനിക നിയമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സഭൈക്യമാനത്തെക്കുറിച്ചും മനസ്സിലാക്കുമ്പോള്‍, കത്തോലിക്ക സഭ ഇതര സഭകളുമായി ഇനിയും കൂട്ടായ്മയും ഐക്യവും വളര്‍ത്തേണ്ടതുണ്ട് (EG, 246). ഇത് സഭൈക്യത്തിന്‍റെ വലിയ വെല്ലുവിളിയാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. സഭകളുമായി കൂട്ടായ്മ വളര്‍ത്താനും ഐക്യം ബലപ്പെടുത്താനും ക്രൈസ്തവരായ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ഇത് ക്രിസ്തു ഭരമേല്പിച്ച ദൗത്യമാണ്.

പരമാധികാരവും കൂട്ടായ്മയും
സഭയുടെ ആദ്യസഹസ്രാബ്ദത്തില്‍ നിലവിലുണ്ടായിരുന്ന പൊതുവായ കാനോന നിയമത്തിന്‍റെ പൈതൃകം കണക്കിലെടുക്കുമ്പോള്‍, ഇന്ന് കത്തോലിക്ക സഭയും ഇതര സഭകളും തമ്മിലുള്ള ദൈവശാസ്ത്രപരമായ സംവാദം പത്രോസിന്‍റെ പരമാധികാരത്തിന്‍റെയും (Primacy) കൂട്ടായ്മയുടെയും (synodality) പൊതുവായ ധാരണയുടെ അടിത്തറയില്‍ സ്ഥാപിതമാണെന്ന് മനസ്സിലാക്കാം. സഭൈക്യത്തിന്‍റെ ശുശ്രൂഷയില്‍ ഈ രണ്ടു ഘടകങ്ങളും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കേണ്ടതുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

ക്രൈസ്തവൈക്യത്തിന്‍റെ പാത
പൗരസ്ത്യസഭകളുടെ ഗവേഷണങ്ങളും, കൂട്ടായ ഗമനവും, പരസ്പരം ശ്രവിക്കാനുള്ള സന്നദ്ധതയും, സഭാപാരമ്പര്യങ്ങളുടെ വിലയിരുത്തലുകളും, അനുഭവങ്ങളുമെല്ലാം സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ മാര്‍ഗ്ഗത്തിലെ ശുഭമുഹൂര്‍ത്തങ്ങളാണ്. അതിനാല്‍ കാനോന നിയമങ്ങള്‍ക്കുള്ള സൊസൈറ്റിയുടെ പരിശ്രമങ്ങള്‍ കാനോനിക നിയമത്തിന്‍റെ മെച്ചപ്പെടുത്തലിനെക്കാള്‍ ക്രൈസ്തവൈക്യത്തിന്‍റെ പാതയിലെ നാഴികക്കല്ലുകളാകണം. 

പ്രാര്‍ത്ഥനയും ആശംസയും
“എല്ലാവരും ഒന്നായിരിക്കേണ്ടതിനും... അങ്ങനെ ലോകം നമ്മില്‍ വിശ്വസിക്കേണ്ടതിനും..”. എന്ന ക്രിസ്തുവിന്‍റെ പ്രബോധനം യാഥാര്‍ത്ഥ്യമാകാന്‍ ഇടയാവട്ടെ! (യോഹ. 17, 21). പരിശുദ്ധ കന്യകാനാഥ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ തന്‍റെ മാതൃസംരക്ഷണയില്‍ നയിക്കട്ടെ!  ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.

 

19 September 2019, 20:27