തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ പുതിയ ഭാവി കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നു 01/09/2019 ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ പുതിയ ഭാവി കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ വെളിപ്പെടുത്തുന്നു 01/09/2019  (Vatican Media)

പുതിയ 13 കര്‍ദ്ദിനാളന്മാര്‍; കണ്‍സിസ്റ്ററി ഒക്ടോബര്‍ 5-ന്

ഫ്രാന്‍സീസ് പാപ്പാ ഒക്ടോബര്‍ 5-ന് 13 പിതാക്കന്മാര്‍ക്ക് കര്‍ദ്ദിനാള്‍ പദവി നല്കും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ 13 പിതാക്കന്മാരെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തും. ഇതിനുള്ള കണ്‍സിസ്റ്ററി പാപ്പാ ഒക്ടോബര്‍ 05-ന് (05/10/2019) വത്തിക്കാനില്‍ വിളിച്ചു കൂട്ടും.

ഞായറാഴ്ച (01/09/2019) വത്തിക്കാനില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയിലാണ് പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്.

താന്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തുന്നവരുടെ പേരും പാപ്പാ തദ്ദവസരത്തില്‍ വെളിപ്പെടുത്തി.

മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍, സ്പെയിന്‍ സ്വദേശി, ബിഷപ്പ്  മിഗേല്‍ ആംഹെല്‍ അയൂസൊ ഗിസോത് (Miguel Ángel Ayuso Guixot),

വത്തിക്കാന്‍റെ ഗ്രന്ഥശാലയുടെയും ചരിത്രരേഖാഗാരത്തിന്‍റെയും ചുമതലയുള്ള, പോര്‍ട്ടുഗീസ് സ്വദേശി, ആര്‍ച്ച്ബിഷപ്പ് ജൊസേ തൊളന്തീനൊ കലാസ ജെ മെന്തോണ്‍സ്  (José Tolentino Calaça de Mendonça)

ഇന്തൊനേഷ്യയിലെ ജക്കാര്‍ത്ത അതിരൂപതയുടെ തദ്ദേശീയ ആര്‍ച്ചുബിഷപ്പ്, ഇഗ്നാതിയൂസ് സുഹാരിയൊ ഹര്‍ദ്ജൊവാത്മൊദ്ജൊ (Ignatius Suharyo Hardjoatmodjo),

ക്യൂബയിലെ സാന്‍ ക്രിസ്തൊബാല്‍ ദെ ല ഹബാന അതിരൂപതയുടെ അന്നാട്ടുകാരന്‍ തന്നെയായ ആര്‍ച്ചുബിഷപ്പ് ഹുവാന്‍ ദെ ല കരിദാദ് ഗര്‍സീയ റൊഡ്രീഗസ് (Juan de la Caridad García Rodríguez) 

ആഫ്രിക്കന്‍ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ കിന്‍ഷാസ അതിരൂപതയുടെ, ആര്‍ച്ചുബിഷപ്പ്, കപ്പൂച്ചിന്‍ സഭാംഗമായ ഫ്രിദൊളിന്‍ അംബോംഗൊ ബെസുംഗു (Fridolin Ambongo Besungu, O.F.M. Cap),

ലക്സംബര്‍ഗിലെ, ലക്സംബര്‍ഗ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഷാന്‍ ക്ലോഡ് ഹൊളെറിക്ക് (Jean-Claude Hollerich)                                

ഗോട്ടിമാലയിലെ ഹുവെഹുവെത്തെനാംഗൊ രൂപതയുടെ മെത്രാന്‍ ആല്‍വരൊ ലെയൊണെല്‍ റമസ്സീനി ഈമെരി (Álvaro Leonel Ramazzini Imeri)

ഇറ്റലിയിലെ ബൊളോഞ്ഞ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് മത്തേയൊ സ്സൂപ്പി (Matteo Zuppi)

മറോക്കൊയിലെ റബാത്ത് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ്, സ്പെയിന്‍ സ്വദേശിയും സലേഷ്യന്‍ സമൂഹാംഗവുമായ, ക്രിസ്തൊബാല്‍ ലോപെസ് റൊമേരൊ (Cristóbal López Romero)

റോമന്‍ കൂരിയായില്‍ സമഗ്രമാനവവികസനത്തിനായുള്ള വിഭാഗത്തിന്‍റെ കീഴില്‍ കുടിയേറ്റക്കാര്‍ക്കായുള്ള ഘടകത്തിന്‍റെ ചുമതല വഹിക്കുന്ന, കാനഡ സ്വദേശിയും  ഈശോസഭാംഗവുമായ, മൈക്കിള്‍ ചേര്‍ണി (Michael Czerny)

ഈജിപ്തിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ, മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍, ഇസ്ലാമുമായുള്ള ബന്ധത്തിനായുള്ള സമിതിയുടെ അദ്ധ്യക്ഷന്‍ തുടങ്ങിയ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള ബ്രിട്ടീഷുകാരനായ ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ ലൂയിസ് ഫിറ്റ്സ്ജെറാള്‍ഡ് (Michael Louis Fitzgerald)

ലിത്വാനിയായിലെ കൗനാസ് അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പ് സിജിത്താസ് താംകെവിച്ചിയുസ് (Sigitas Tamkevičius)

ആഫ്രിക്കന്‍ നാടായ അങ്കോളയിലെ ബെങ്ക്വേല രൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍, ഇറ്റലി സ്വദേശി, ബിഷപ്പ് എവുജേനിയൊ ദല്‍ കോര്‍സൊ (Eugenio Dal Corso) എന്നീ പിതാക്കാന്മാരെയാണ് പാപ്പാ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തുക.

ഇവരില്‍ വിശ്രമജീവിതം നയിച്ചുവരുന്നവരായ, അവസാനത്തെ മൂന്നു പേരെ, അവര്‍ സഭയ്ക്കേകിയിട്ടുള്ള സവിശേഷ സേവനങ്ങള്‍ കണക്കിലെടുത്താണ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തുന്നതെന്ന് പാപ്പാ പ്രത്യേകം അറിയിച്ചു.

ദൈവത്തിന്‍റെ വിശ്വസ്തരായ വിശുദ്ധ ജനത്തിന്‍റെ നന്മയ്ക്കായി റോമിന്‍റെ മെത്രാനെന്ന നിലയില്‍ നടത്തുന്ന ശുശ്രൂഷയില്‍, തന്നെ, ക്രിസ്തുവിനോടുള്ള തങ്ങളുടെ കൂട്ടായ്മ സ്ഥിരീകരിച്ചുകൊണ്ട്, അവര്‍ സഹായിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച എല്ലാവരെയും ക്ഷണിച്ചു. 

 

02 September 2019, 12:53