തിരയുക

Vatican News
Meet the press on board flight returning from Madagascar വിമാനത്തിലെ വാര്‍ത്താ സമ്മേളനം  (Vatican Media)

വിമാനത്തില്‍നിന്നും ജനതകള്‍ക്ക് പാപ്പായുടെ സാന്ത്വനസന്ദേശം

ആഫ്രിക്ക അപ്പസ്തോലിക യാത്രകഴിഞ്ഞ് മഡഗാസ്കറില്‍നിന്നും മടങ്ങവേ വ്യോമപാതയിലെ രാഷ്ട്രത്തലവന്മാരെ പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 10-Ɔο തിയതി ചൊവ്വാഴ്ച

മഡഗാസ്കര്‍-റോം 
മഡഗാസ്ക്കറില്‍നിന്നും യാത്രപറഞ്ഞ് ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ മുകളിലൂടെ ഇറ്റലിയുടെ മെഡിറ്ററേനിയന്‍ തീരം ലക്ഷ്യമാക്കി പറക്കവെ പാപ്പാ വിമാനത്തില്‍നിന്നും അയച്ച ഹ്രസ്വമായ ടെലിഗ്രാം സന്ദേശത്തിലൂടെയാണ്  രാഷ്ട്രത്തലവന്മാരെ അഭിവാദ്യംചെയ്തത്. മഡഗാസ്കര്‍, താന്‍സേനിയ, കേനിയ, തെക്കന്‍ സുഡാന്‍, എത്യോപ്യ, സുഡാന്‍, ഈജിപ്ത്, ഗ്രീസ്, ഇറ്റലി എന്നീ 9 രാജ്യങ്ങളുടെ മുകളിലൂടെയാണ് പാപ്പാ പറന്നത്.


1. മ‍ഡഗാസ്ക്കര്‍
വത്തിക്കാനിലേയ്ക്കു മടങ്ങുമ്പോള്‍ മഡഗാസ്കറില്‍ തനിക്കു ലഭിച്ച ഹൃദ്യമായ വരവേല്പിനുള്ള നന്ദിയുടെ വികാരം അയവിറയ്ക്കുകയാണീ സന്ദേശത്തില്‍. സര്‍വ്വശക്തനായ ദൈവം മഡഗാസ്കറിനെയും അവിടത്തെ ജനങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, എന്നു പ്രസിഡന്‍റ് ആന്‍ഡ്രി രെജൊലീനയ്ക്ക് അയച്ച സന്ദേശത്തില്‍ പാപ്പാ ആശംസിച്ചു.

2. താന്‍സേനിയ
പ്രസിഡന്‍റ് ജോണ്‍ മാഗ്ഫൂളിക്കും താന്‍സേനിയന്‍ ജനതയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നു. മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ അഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള  അപ്പസ്തോലികയാത്ര പൂര്‍ത്തിയാക്കി താന്‍ താന്‍സേനിയയുടെ രാജ്യാതിര്‍ത്തി കടുക്കുകയാണെന്നും പാപ്പാ ഹ്രസ്വസന്ദേശത്തിലൂടെ അറിയിച്ചു.

3. കെനിയ
അപ്പസ്തോലികയാത്ര കഴിഞ്ഞ് കെനിയയുടെ അതിര്‍ത്തിയിലൂടെ മടങ്ങുമ്പോള്‍ പ്രസിഡന്‍റ് ഉഹ്റൂ കേന്യാത്തയ്ക്കും ജനങ്ങള്‍ക്കും സമാധാനവും സര്‍വ്വൈശ്വര്യവും നേരുന്നു എന്നായിരുന്നു പാപ്പാ ഫ്രാന്‍സിസ്  അയച്ച സന്ദേശം.

4. തെക്കന്‍ സുഡാന്‍
മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രേഷിതയാത്ര പൂര്‍ത്തിയാക്കി റോമാനഗരത്തിലേയ്ക്കു താന്‍  മടങ്ങുമ്പോള്‍ തെക്കന്‍ സുഡാന്‍റെ പ്രസിഡന്‍റ്, സാല്‍വാ കീര്‍ മയാര്‍ദിത്തിനും ജനങ്ങള്‍ക്കും ദൈവാനുഗ്രഹം നേരുന്നു. രാജ്യത്ത് സമാധാനം വളരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.

5. എത്യോപ്യ
അപ്പസ്തോലിക യാത്ര പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍
പ്രസിഡന്‍റ് സാഹ്ലെ വാക്സേവ്ദെയ്ക്കും ജനങ്ങള്‍ക്കും ദൈവാനുഗ്രഹം നേരുന്നു.  പ്രാര്‍ത്ഥനയില്‍ പ്രത്യേകം  അനുസ്മരിക്കുന്നതായും പ്രസ്താവിച്ചുകൊണ്ടായിരുന്നു വിമാനത്തില്‍നിന്നും അയച്ച ഹ്രസ്വസന്ദേശം.

6. സുഡാന്‍
സുഡാന്‍റെ രാജ്യാതിര്‍ത്തി കടന്ന്  റോമിലേയ്ക്കു സഞ്ചരിക്കുമ്പോള്‍ പ്രസിഡന്‍റ് ഫത്താ അബ്ദുള്‍റഹ്മാന്‍ ബുര്‍ഹാനും ജനങ്ങള്‍ക്കും ദൈവാനുഗ്രവും സമാധാനവും നേരുന്നതായി പാപ്പാ അറിയിച്ചു.

7. ഈജിപ്ത്
ഈജിപ്തിന്‍റെ പ്രസിഡന്‍റ്, അബ്ദുള്‍ ഫത്താ അല്‍-സീസിനും ഈജിപ്ഷ്യന്‍ ജനതയ്ക്കും സര്‍വ്വശക്തനായ ദൈവം ആനന്ദവും ഐക്യവും രാജ്യത്തു പ്രദാനംചെയ്യട്ടെയെന്നു പ്രാര്‍ത്ഥതിക്കുന്നതായി  ടെലിഗ്രാമില്‍ പാപ്പാ ഫ്രാന്‍സിസ് കുറിച്ചു.

8. ഗ്രീസ്
ഗ്രീക്ക് റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റിനും ജനങ്ങള്‍ക്കും ദൈവാനുഗ്രഹം സമൃദ്ധമായി നേരുന്നതായും അവരെ ആശീര്‍വ്വദിക്കുന്നതായും പാപ്പാ ടെലിഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു.

9. ഇറ്റലി
അപ്പസ്തോലിക യാത്രകഴിഞ്ഞ് താന്‍ തിരിച്ചെത്തുകയാണെന്നും, സന്ദര്‍ശിച്ച മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ ആത്മീയ പാരമ്പര്യങ്ങളില്‍ വേരൂന്നിയതും, സമാധാനത്തില്‍ അടിയുറച്ച് സുസ്ഥിതി ആര്‍ജ്ജിക്കാന്‍ വെമ്പല്‍ കൊള്ളുന്നതുമായ ജനതകളെ അവിടങ്ങളില്‍ കണ്ടുവെന്നും പങ്കുവച്ച പാപ്പാ, ഇറ്റലിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡന്‍റ് സേര്‍ജോ മത്തരേലയെയും ജനങ്ങളെയും അറിയിച്ചു.

സെപ്തംബര്‍ 4, ബുധനാഴ്ച ആഫ്രക്കിയിലേയ്ക്കു പറക്കുമ്പോഴും സഞ്ചാരപഥത്തിലെ രാജ്യാതിര്‍ത്തികള്‍ കടന്നപ്പോള്‍ പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രത്തലവന്മാര്‍ക്കും  ജനങ്ങള്‍ക്കും ആശംസാ സന്ദേശങ്ങള്‍ അയച്ചിരുന്നു.
 

11 September 2019, 20:14