തിരയുക

Madagascar - the Celebration of Holy Mass in the Soamandrakizay open air stadium of the diocese Madagascar - the Celebration of Holy Mass in the Soamandrakizay open air stadium of the diocese 

സാഹോദര്യത്തിന്‍റെ സംസ്കൃതിയാല്‍ ഭൂമിയെ സംരക്ഷിക്കാം!

സെപ്തംബര്‍ 8 ഞായറാഴ്ച മഡഗാസ്കറിലെ സൊമാഡ്രിക്കിസെ രൂപതാ മൈതാനിയിലെ താല്കാലിക വേദിയില്‍ അര്‍പ്പിച്ച സമൂഹ ബലിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍ :

 - ഫാദര്‍ വില്യം നെല്ലിക്കല്‍ 

ക്രിസ്തുവിന്‍റെ പക്കലെത്തിയ വന്‍ജനാവലി
വലിയ ജനക്കൂട്ടം അവിടുത്തെ പക്കല്‍ വന്നു... (ലൂക്കാ 14, 25). ക്ലേശങ്ങള്‍ സഹിച്ചാണ് ജനങ്ങള്‍ വിദൂരങ്ങളില്‍നിന്നും എത്തിയത്. ക്രിസ്തുവിനെ അനുഗമിക്കാന്‍ വെല്ലുവിളികള്‍ നേരിടേണ്ടിയിരിക്കുന്നു, പ്രതിബന്ധങ്ങളുണ്ട്, സമര്‍പ്പണം ആവശ്യമാണ്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ നാം സഹിക്കേണ്ടിവരുന്ന ത്യാഗങ്ങളാണ് അവസാനം ആനന്ദദായകമാകുന്നത്, പ്രകാശപൂര്‍ണ്ണമാകുന്നത്. മഡഗാസ്കറിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ദിവ്യബലിക്കായി സൊമാഡ്രിക്കിസെ വേദിയില്‍ എത്തിച്ചേരാന്‍ ജനങ്ങള്‍ എടുത്ത വലിയ ത്യാഗം പാപ്പാ പൊതുവായി അനുസ്മരിച്ചു.

ക്രിസ്തു ശിഷ്യത്വത്തിന്‍റെ സാമൂഹികമാനം
ദൈവരാജ്യത്തില്‍ അംഗത്വം നേടിയ ഒരു ക്രിസ്തു-ശിഷ്യന്‍റെ ജീവിതം ഒരു കുടുംബത്തിലോ, കുലത്തിലോ, വംശത്തിലോ സംസ്കാരത്തിലോ മാത്രമായി ഒതുക്കിനിര്‍ത്താനാവില്ലെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അതിന് ഒരു സാമൂഹ്യമാനമുണ്ട്. സ്വന്തം സമുദായത്തെയും ജാതിയെയും ചൊല്ലി അവകാശവാദം ഉന്നയിക്കുന്നതും, അന്യപ്രവേശം ഇല്ലാത്തതുമായ ഒരു ചുറ്റുപാടാണ് ഇന്നു സൃഷ്ടിക്കപ്പെടുന്നത്. ഇന്നു പ്രബലപ്പെട്ടുവരുന്ന സങ്കുചിത മനസ്ഥിതിയാണിത്. അതു ന്യായീക്കരിക്കാന്‍ പല കാരണങ്ങളും ചിലപ്പോള്‍ കണ്ടുപിടിക്കാനായേക്കാം. എന്നാല്‍ ഈ മനോഭാവം ശരിയല്ല. അനീതിക്കും അധര്‍മ്മത്തിനു പ്രത്യേക താല്പര്യം കാട്ടുന്നവരും കൂട്ടുനില്ക്കുന്നവരും, അല്ലെങ്കില്‍ പക്ഷപാതം ചേരുന്നവര്‍, കര്‍ത്തൃത്വം ഏറ്റെടുക്കുന്നവര്‍ - വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്ന് ധാരാളമാണ്. അങ്ങനെ രക്ഷാധികാരി ചമയുന്നവരുടെ പിന്‍ബലത്തോടെ എവിടെയും എന്തും ചെയ്യുന്ന അവസ്ഥ സമൂഹത്തില്‍ അഴിമതിക്കും അനീതിക്കും വഴിതുറക്കുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

അതിരുകളില്ലാത്ത  സ്നേഹം
ഈ പരിമിതികള്‍ക്ക് അപ്പുറം കടക്കണമെന്നതാണ് ക്രിസ്തുവിന്‍റെ വാദം. ഇന്നത്തെ സുവിശേഷത്തിലൂടെ അവിടുന്നു പറയുന്നത്. പിതാവിനെയും മാതാവിനെയും, ഭാര്യയെയും മക്കളെയും, സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവന്‍തന്നെയും പരിത്യജിക്കാതെ എന്നെ അനുഗമിക്കാനാവില്ലെന്നാണ് ക്രിസ്തു ഉദ്ബോധിപ്പിക്കുന്നു (ലൂക്കാ 14, 26). അതായത്, വിശ്വാസത്തില്‍ ക്രിസ്തുവിനായുള്ള സമര്‍പ്പണത്തില്‍ സ്നേഹം നിസ്വാര്‍ത്ഥമായൊരു സമ്മാനമാണെന്നും, അതു സകലര്‍ക്കുമായി പങ്കുവയ്ക്കപ്പെടേണ്ടതാണെന്നും അവിടുന്ന് ആഹ്വാനംചെയ്യുന്നു.

തള്ളിക്കയറുന്ന പ്രത്യയശാസ്ത്രങ്ങള്‍
രണ്ടാമതായി സ്വന്തമായൊരു പ്രത്യയശാസ്ത്രവുമായി (ideology) ക്രിസ്തുവിനെ അനുഗമിക്കുന്നതും ശരിയല്ലെന്നു ക്രിസ്തു അനുസ്മരിപ്പിക്കുന്നുണ്ട്.  വംശീയതയും, മൗലിക ചിന്താഗതിയും, യാഥാസ്ഥികതയും ക്രിസ്തീയ വിശ്വാസത്തിലേയ്ക്കു തള്ളിക്കയറ്റി ക്രിസ്തുവിനെയും അവിടുത്തെ സഭയെയും ദുരുപയോഗംചെയ്യുന്നതും ശരിയല്ലെന്നു ക്രിസ്തു ചൂണ്ടിക്കാണിക്കുന്നത് സുവിശേഷത്തില്‍ സുവ്യക്തമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

സാഹോദര്യത്തിന്‍റെ സംസ്കൃതി വളര്‍ത്താം
അതിനാല്‍ നമുക്ക് ഒരിക്കലും അതിക്രമങ്ങളെയും വിഭാഗീയതെയും വംശീയ ചിന്തകളെയും, വിശ്വാസത്തിന്‍റെ പേരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളെയും, നാടുകടത്തലുകളെയും ഭീകരപ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കാനാവില്ല. സുവിശേഷ മൂല്യങ്ങളിലും, ചിന്തകളിലും വെള്ളംകലര്‍ത്തരുത്. ഇത് ക്രൈസ്തവന്‍റെ വെല്ലുവിളിയാണ്. മറിച്ച് ദൈവംതന്നെ  ഭൂമിയെയും, അതിലെ ദാനങ്ങളെയും ആദരിച്ച്, കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും മൂല്യങ്ങള്‍ക്കുവേണ്ടി ജീവിക്കാം. അതിനായി സംവാദത്തിന്‍റെ മാര്‍ഗ്ഗം പിന്‍ചെല്ലാം. അപരനെ ആദരിക്കാം. പരസ്പര സഹകരണത്തിന്‍റെയും കൂട്ടായ്മയുടെയും വഴികള്‍ തേടാം. (Human fraternity doc. 4, feb. 2019).

(പാപ്പായുടെ പ്രഭാഷണം പൂര്‍ണ്ണമല്ല - ഏതാനും ചിന്തകള്‍ മാത്രമേ മലയാളത്തില്‍ ലഭ്യാമാക്കാന്‍ സാധിച്ചുള്ളൂ, ഖേദിക്കുന്നു!).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2019, 09:01