തിരയുക

Vatican News
Pope Francis addressed the peopel rehabilitated from the under world of cities Pope Francis addressed the peopel rehabilitated from the under world of cities  (Vatican Media)

തിന്മയില്‍നിന്നും മോചിതരായവര്‍ ദൈവസ്നേഹത്തിന്‍റെ സാക്ഷികള്‍

അധോലോകത്തുനിന്നും പുനരധിവസിപ്പിക്കപ്പെട്ടവരോട് പാപ്പാ ഫ്രാന്‍സിസ്....

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പാപ്പാ ഫ്രാന്‍സിസ് അഗതികള്‍ക്കൊപ്പം
സാമൂഹിക തിന്മകളില്‍ അധഃപതിച്ചവരെ പുനരധിവസിപ്പിക്കുന്ന “നവചക്രവാളം” എന്ന പ്രസ്ഥാനത്തിന്‍റ റോമിലെ ആസ്ഥാനകേന്ദ്രം, “സ്വര്‍ഗ്ഗവിഹാരം” (Celestial Citadel) സെപ്തംബര്‍ 24-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ സന്ദര്‍ശിച്ചു. മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, വേശ്യവൃത്തി, അടിമത്വം എന്നിവയുടെ പിടിയില്‍നിന്നും മോചിതരായവരുടെയും പുനരധിവസിപ്പിക്കപ്പെട്ടവരുടെയും കൂട്ടായ്മയെ അവിടെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

2. ചോദ്യങ്ങളുമായി അധോലോകത്തുനിന്നും
പുനരധിവസിപ്പിക്കപ്പെട്ടവര്‍ 

പുരധിവസിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ പങ്കുവച്ച ജീവിതാനുഭവങ്ങളും, അവരുടെ ചോദ്യങ്ങളും ശ്രവിച്ച പാപ്പാ, അവര്‍ ജീവിച്ച വഴികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാത്തവിധം ഓരോന്നും അനന്യമാണെന്നും, ഓരോരുത്തരുടെയും ജീവിതകഥകള്‍ അവരവരുടെ കാഴ്ചപ്പാടുകളാണെന്നും വിശേഷിപ്പിച്ചു. ക്രിസ്തുവിന്‍റെ സ്നേഹദര്‍ശനം പാപികളെ തിന്മയുടെ അധോലോകത്തുനിന്നും ഉയര്‍ത്തിയതുപോലെയാണ് പുനരധിവസിക്കപ്പെട്ടവരുടെ ജീവിതങ്ങള്‍.

3. വിനീതരെ പ്രത്യേകമായി കടാക്ഷിക്കുന്ന ക്രിസ്തു
ക്രിസ്തുവിന്‍റെ സ്നേഹദര്‍ശനം ക്ഷമയുടെയും കാരുണ്യത്തിന്‍റെയും നോട്ടമാണ്. അവിടുന്നു പാപികളെ തേടിവന്നവനാണ്, അവിടുത്തെ ദര്‍ശനം വീണവരെ താങ്ങുന്നതും കൈപിടിച്ച് ഉയര്‍ത്തുന്നതും, തിന്മയില്‍നിന്നും സ്വതന്ത്രരാക്കുന്നതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജീവിതസാക്ഷ്യമേകിയവര്‍ എല്ലാവരും ക്രിസ്തുവിന്‍റെ സാന്ത്വന സ്പര്‍ശത്തെക്കുറിച്ചു പരാമര്‍ശിച്ചത് പാപ്പാ ശ്രദ്ധിച്ചു. കൂട്ടത്തില്‍ ആരെയെങ്കിലും ക്രിസ്തു പ്രത്യേകമായി നോക്കിയിട്ടുണ്ടെങ്കില്‍ അവനെയും അവളെയും രക്ഷയിലേയ്ക്കു നയിക്കാനായിരുന്നു. സഖേവൂസും, ലേവിയും, ജെറിക്കോയിലെ കുരുടനും, മഗ്ദലയിലെ മറിയവുമെല്ലാം ക്രിസ്തുവിന്‍റെ ദിവ്യകടാക്ഷം ലഭിച്ചവര്‍ക്കുള്ള സുവിശേഷത്തിലെ മാതൃകകളാണെന്ന് പാപ്പാ ഉദാഹരിച്ചു. സ്വയം വിനീതനാക്കിയ ദൈവമാണവിടുന്ന്. മനുഷ്യരുടെ മദ്ധ്യത്തിലേയ്ക്ക് ഇറങ്ങിവന്ന ദൈവം! രക്ഷയുടെ ആനന്ദം അനുഭവിക്കുന്നവരുടെ ജീവിതാനുഭവങ്ങള്‍ തന്‍റെ മനസ്സിലും സ്രോതാക്കളുടെ മനസ്സിലും ദൈവസ്നേഹത്തിന്‍റെ അനുഭവം വിതയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.

4. ഉല്ലാസപരിപാടികളുമായി കുറെ സഹകാരികള്‍
“പ്രകാശത്തിന്‍റെ യോദ്ധാക്കള്‍” (Knights of Light) എന്ന് അറിയപ്പെടുന്ന പ്രസ്ഥാനത്തിന്‍റെ സഹകാരികളും അഭ്യൂദയകാംക്ഷികളുമായവര്‍ സംഗീതത്തിന്‍റെയും ദൃശ്യ-ശ്രാവ്യാവതരങ്ങളുടെയും ശ്രേഷ്ഠ മൂഹൂര്‍ത്തങ്ങള്‍കൊണ്ട് സ്വര്‍ഗ്ഗവിഹാരത്തിലെ അന്തേവാസികളുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയെ കൂടുതല്‍ ആനന്ദകരമാക്കി.

5. ആധുനികതയുടെ നവമായ ദാരിദ്ര്യം
ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുന്നതും, തിരിച്ചുവരാനാവാത്തതെന്നു കരുതുന്നതുമായ മേഖലകളാണ് മദ്യം, മയക്കുമരുന്ന്, ചൂതുകളി, വേശ്യാവൃത്തി, ലൈംഗിക വേഴ്ചകള്‍ എന്നീ സമൂഹിക തിന്മകള്‍. ഇന്നു ലോകത്തിന്‍റെ ശാപമായി ഉയര്‍ന്നുനില്ക്കുന്ന ഈ തിന്മകള്‍ നവമായ ദാരിദ്ര്യവും, ആയിരങ്ങളുടെ ജീവന്‍ അപഹരിച്ചെടുക്കുന്ന കെണിയുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

6. ചിന്നഭിന്നമായി നടമാടുന്ന മൂന്നാം ലോകയുദ്ധം
സമൂഹം സംസാരിക്കാന്‍ മടിക്കുന്ന ഈ തിന്മകള്‍ ധാരാളം പേരിലേയ്ക്കു മാരകമായ പ്രത്യാഘാതങ്ങളോടെ കിനിഞ്ഞിറങ്ങുന്നുവെന്നത് ഒരു ദുഃഖസത്യമാണ്. വേശ്യാവൃത്തി, അടിമത്ത്വം, കുട്ടികളുടെ ലൈംഗിക പീഡനം, സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ എന്നിവയുടെ വളര്‍ച്ചയും വ്യാപനവും ഭീതിദമാണ്. അനുവര്‍ഷം 5.6 കോടി ഭ്രൂണഹത്യലോകത്ത് നടക്കുന്നതായും, അത്രത്തോളം സ്ത്രീകള്‍ ഹൃദയത്തില്‍ കുറ്റബോധത്തിന്‍റെ മായാത്ത മുറിവുകളുമായി ജീവിക്കുന്നുണ്ടെന്നതും വേദനിപ്പിക്കുന്ന സത്യമാണ്. ഇത് രണ്ടാം ലോകയുദ്ധം കാരണമാക്കിയ മനുഷ്യക്കുരുതിയ്ക്കും മുകളിലാണെന്ന് (5.5 കോടി) യുഎന്നിന്‍റെ ലോകാരോഗ്യ സംഘടന (WHO) നിരീക്ഷിക്കുന്നത് പാപ്പാ ചൂണ്ടിക്കാട്ടി. ഇന്ന് നിരവധി രാജ്യങ്ങളില്‍ നടമാടുന്ന മനുഷ്യക്കുരുതിയുടെ കണക്കെടുക്കുമ്പോള്‍ ഒരു മൂന്നാം ലോകമഹായുദ്ധം ചിഹ്നഭിന്നമായി ലോകത്ത് അരങ്ങേറുകയാണെന്ന് പാപ്പാ പറയാറുള്ളത് പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു.

7. സാഹോദര്യമുള്ള ലോകത്തിനായി പരിശ്രമിക്കാം
സ്വയം നശിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന വിസ്തൃതമായ “പൊതുഭവനം ഭൂമി”യില്‍ നന്മ ചെയ്യാനുള്ള നമ്മുടെ ചെറിയ പങ്കുവഹിക്കാതെ നിസംഗരായി നോക്കി നില്ക്കുകയാണെങ്കില്‍ നാമും മനുഷ്യകുലത്തിന്‍റെ വിനാശത്തില്‍ പങ്കുചേരുന്ന പാപം ചെയ്യുന്നവരാകുമെന്ന് പാപ്പാ ഫ്രാന്‍സിസ് താക്കീതുനല്കി.
 

26 September 2019, 17:30