തിരയുക

Vatican News
"ഡിജിറ്റല്‍ യുഗത്തിലെ പൊതുനന്മ"  എന്ന വിഷയത്തെ ആസ്പദമാക്കി  നടത്തപ്പെട്ട സെമിനാരില്‍ പങ്കെടുത്തവരുമായി പാപ്പാ... "ഡിജിറ്റല്‍ യുഗത്തിലെ പൊതുനന്മ" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാരില്‍ പങ്കെടുത്തവരുമായി പാപ്പാ...   (Vatican Media)

ഡിജിറ്റല്‍ യുഗം പൊതുനന്മയെ ലക്ഷ്യംവയ്ക്കണം.

സെപ്റ്റംബർ 27 ആം തിയതി,വെള്ളിയാഴ്ച്ച. വത്തിക്കാനിലെ ക്ലെമൻറീനാ ഹാളിൽ വച്ച് " ഡിജിറ്റല്‍ യുഗത്തിലെ പൊതുനന്മ" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ നടത്തപ്പെട്ടു. സാംസ്കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലും, സമഗ്ര മാനവ വികസനത്തിനായുള്ള വിഭാഗവും സംയോജിച്ച് സംഘടിപ്പിച്ച ഈ സെമിനാരിൽ പങ്കെടുത്തവരുമായി നടന്ന കൂടികാഴ്ച്ചയിലാണ് പാപ്പാ ഇങ്ങനെ വ്യക്തമാക്കിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഡിജിറ്റല്‍ യുഗത്തിൽ പൊതുനന്മ എന്ന പ്രമേയത്തെ ആസ്പദമാക്കി  തുറവുള്ളതും  സുദൃഢവുമായ ചർച്ചകൾ എന്നത്തേക്കാളും ഇപ്പോൾ ആവശ്യമാണെന്ന് പാപ്പാ ചൂണ്ടികാണിച്ചു. പരസ്പരമുള്ള ബന്ധത്തിനാവശ്യമായ സാങ്കേതിക പുരോഗതിക്കൊപ്പം ഉത്തരവാദിത്തത്തിന്‍റെയും മൂല്യങ്ങളുടെയും മതിയായ വികസനവും ആവശ്യമാണെന്നും അല്ലാത്തപക്ഷം, അനിയന്ത്രിതവും, പരിധിയില്ലാത്തതുമായ വികസനം വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദഗ്‌ദ്ധമായ ഭരണാധികാര മാതൃക (Technocratic Paradigm) അടിച്ചേൽപ്പിക്കുകയും അത് വികസനത്തിന്‍റെ മറ്റ് ഘടകങ്ങളെ ഇല്ലാതാക്കുകയും, മാനവികതയ്ക്ക് വലിയ അപകടമുണ്ടാക്കുകയും ചെയ്യുമെന്നും പാപ്പാ വ്യക്തമാക്കി

സാങ്കേതികവിദ്യ, സാമ്പത്തിക ശാസ്ത്രം, റോബോട്ടിക്സ്, സാമൂഹ്യശാസ്ത്രം, ആശയവിനിമയം, സൈബർ സുരക്ഷ, തത്ത്വചിന്ത, ധാർമ്മികത, ധാർമ്മിക ദൈവശാസ്ത്രം എന്നീ പ്രായോഗിക ശാസ്ത്രങ്ങളിലെ വിവിധ മേഖലകളില്‍ പലരും വിദഗ്ധരാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ ഈ മേഖലകളിൽ, കൃത്രിമബുദ്ധി പോലുള്ള പ്രതിഭാസങ്ങളിൽ നിന്ന്, നിങ്ങളുടെ വൈദഗ്ധ്യത്തിന്‍റെ മേഖലകളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ, വൈവിധ്യമാർന്ന കഴിവുകൾക്ക് മാത്രമല്ല, വ്യത്യസ്ഥ സംവേദനക്ഷമതകൾക്കും വൈവിധ്യമാർന്ന സമീപനങ്ങൾക്കും നിങ്ങൾ ശബ്ദം നൽകുന്നുവെന്ന് പറഞ്ഞ് അവരെ അനുമോദിക്കുകയും ചെയ്തു.

പുതിയ പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ ആവശ്യമാണ്.നിയമങ്ങളോടും പാരമ്പര്യത്തോടുമുള്ള ആദരവ് അനുഭവിക്കേണ്ടത് ക്രിയാത്മകമായ വിശ്വസ്ഥതയുടെ രൂപത്തിലായിരിക്കണം. അല്ലാതെ കാലഹരണപ്പെട്ടതും, കർശനമായതുമായ അനുകരണത്താലാകരുത്. അതിനാൽ, സൈദ്ധാന്തികവും പ്രായോഗികവുമായ ധാർമ്മീക തത്ത്വങ്ങൾ ചില സമയങ്ങളിൽ യഥാർത്ഥ കൃത്യതയോടെ പോലും പറയാൻ നിങ്ങൾ ഭയപ്പെട്ടിട്ടില്ല എന്നത് അഭിനന്ദനീയമായതായി താന്‍ കരുതുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. പൊതു നന്മ എന്നത് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന നന്മയാണ്. മനുഷ്യകുലം മുഴുവനെയും പരിഗണിക്കുകയും എല്ലാവർക്കും ആവശ്യമായ പരിഹാരം നൽകുവാൻ കഴിയുന്ന പൊതുവായ നന്മയെയാണ് നാം ലക്‌ഷ്യം വയ്ക്കേണ്ടത്.

ജോലിസ്ഥലത്തെ റോബോട്ടുകളുടെ ഉപയോഗത്തെ കുറിച്ച് സൂചിപ്പിച്ച  പാപ്പാ, പലപ്പോഴും കഷ്ടപ്പാടുകൾക്കും വിരസതയ്ക്കും ക്ഷീണത്തിനും കാരണമാകുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന്‍റെ തുടക്കത്തിൽ ഉയർന്നുവന്ന - കഠിനവും  അപകടകരവും, ആവർത്തിച്ചുള്ളതുമായ ചില ജോലികൾ അവസാനിപ്പിക്കാൻ റോബോട്ടുകള്‍ക്ക് സാധിക്കും. എന്നാൽ അമിതമായ കാര്യക്ഷമതയുള്ള (Hyper-Efficiency)  ഉപകരണമായി മാറുന്ന റോബോട്ടുകൾ തീർത്തും, വരുമാനവും, ലാഭവും വർദ്ധിപ്പിക്കാനായി ഉപയോഗിക്കപ്പെടുമ്പോൾ  ആയിരക്കണക്കിന് വരുന്ന ജനങ്ങൾ അവരുടെ അന്തസ്സിനെ അപകടത്തിലാക്കുന്ന തൊഴിലില്ലായ്‌മയിലേക്ക് തള്ളപ്പെടുന്നുവെന്ന് വ്യക്തമാക്കി.

മറ്റൊരു ഉദാഹരണം, പ്രധാന സാമൂഹിക പ്രശ്നങ്ങളിലും, സംവാദങ്ങളിലും കൃത്രിമബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഗുണങ്ങളും അപകടസാധ്യതകളുമാണ്.ഒരു വശത്ത്, വിശ്വസനീയമായ വിവരങ്ങളിലേക്ക് കൂടുതൽ വാതിൽ തുറന്നു കൊടുക്കുമ്പോൾ  മറുവശത്ത്, മുമ്പൊരിക്കലുമില്ലാത്തവിധം, പൊതുചർച്ചകളെ വിഷലിപ്തമാക്കുന്നതും ദശലക്ഷക്കണക്കിന് വ്യക്തികളുടെ അഭിപ്രായങ്ങളെ കൃത്രിമം ചെയ്യുന്നതുമായ പ്രവണതകളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നു. ഇത് നിയമ സഹവർത്തിത്വം ഉറപ്പുനൽകുന്ന സ്ഥാപനങ്ങളുടെ സമാധാനത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. അതിനാല്‍ നാമെല്ലാവരും സാക്ഷ്യം വഹിക്കുന്ന സാങ്കേതിക വികസനത്തിന്, മറ്റുള്ളവർ നമുക്ക് കൈമാറിയ ധാർമ്മീകപദങ്ങൾ വീണ്ടെടുക്കുകയും പുനർവ്യാഖ്യാനം ചെയ്യുകയും വേണം. സാങ്കേതിക മുന്നേറ്റമാണ് വർദ്ധിച്ചുവരുന്ന അസമത്വങ്ങൾക്ക് കാരണമായതെങ്കിൽ, അത് യഥാർത്ഥ പുരോഗതിയായിരിക്കുകയില്ല. സാങ്കേതിക വികസനം പൊതുനന്മയുടെ ശത്രുവായി മാറുകയാണെങ്കിൽ, അത് ഒരു ആത്യന്തിക അധഃപതനമാകുമെന്നും ബലവാന്മാരുടെ നിയമം അനുശാസിക്കുന്ന കാടത്തമാകുമെന്നും മുന്നറിയിപ്പ് നൽകിയ പാപ്പാ,സാംസ്കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലും, സമഗ്ര മാനവ വികസനത്തിനായുള്ള വിഭാഗവും സംയോജിച്ച് സംഘടിപ്പിച്ച  "സാങ്കേതിക യുഗത്തിലെ പൊതുനന്മ"  എന്ന സംരംഭത്തിന് കർദിനാൾ ടർക്സണിനും കർദിനാൾ രവാസിക്കും നന്ദി പറയുകയും ചെയ്തു.

27 September 2019, 15:57