തിരയുക

Vatican News
ന്യൂയോർക്കിലെ  യുഎൻ ആസ്ഥാനത്ത് 2019 ലെ ഐക്യരാഷ്ട്ര കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ 16 കാരിയായ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് സംസാരിക്കുന്നു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് 2019 ലെ ഐക്യരാഷ്ട്ര കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ 16 കാരിയായ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് സംസാരിക്കുന്നു. 

ഫ്രാന്‍സിസ് പാപ്പാ: കാലാവസ്ഥാവ്യതിയാനംഏറ്റവും വലിയവെല്ലുവിളിയാണ്

സെപ്റ്റംബർ 21-23 വരെയുള്ള തിയതികളില്‍ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ന്യൂയോർക്കില്‍ വച്ച് നടത്തപ്പെട്ട യുഎൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയിൽ പങ്കെടുത്തവർക്കായി നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ സൂചിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നമ്മുടെ ഈ കാലഘട്ടത്തിൽ വളരെ ഗൗരവമുള്ളതും വേദനിപ്പിക്കുന്ന  പ്രതിഭാസവുമായ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ചിന്തിക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കിന്നതിനുമായി ലോകരാഷ്ട്രങ്ങളുടെ തലവന്മാരെയും, ഭരണകർത്താക്കളെയും, ആഗോളസമൂഹത്തെയും വിളിച്ചു കൂട്ടിയതിന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെർസിന് നന്ദി പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ സന്ദേശം ആരംഭിച്ചത്. നമ്മൾ അഭിമുഖികരിക്കേണ്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാവ്യതിയാനം എന്ന് പറഞ്ഞ പാപ്പാ ഈ വെല്ലുവിളിയെ നേരിടാൻ സത്യസന്ധത, ഉത്തരവാദിത്ത്വം, ധൈര്യം എന്നീ മൂന്ന് ധാർമ്മിക ഗുണങ്ങളെ വളർത്തിയെടുക്കുന്നതിന് മനുഷ്യകുലത്തെ മുഴുവന്‍ തന്‍റെ സന്ദേശത്തിലൂടെ  ക്ഷണിക്കുകയും ചെയ്തു.

2015 ഡിസംബർ 12ന് പാരീസില്‍ വച്ച് നടന്ന കരാറിലൂടെ  അന്തർദേശിയ സമൂഹത്തെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ അടിയന്തിരാവസ്ഥയെയും, പൊതു ഭവനമായ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു കൂട്ടുത്തരവാദിത്വത്തെ കുറിച്ച് ബോധവത്കരിക്കപ്പെട്ടതിനെ ഓർമ്മപ്പെടുത്തിയ  പാപ്പാ ചരിത്രപരമായ ആ കരാർ നാലു വര്‍ഷം പിന്നിട്ടെങ്കിലും അതിന്‍റെ ലക്ഷ്യപ്രാപ്തിക്കായി വിവിധ രാഷ്ട്രങ്ങൾ കാണിച്ച പ്രതിബദ്ധത വളരെ പരിമിതമായതാണെന്നും അവ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് വളരെ അകലെയാണെന്നും വ്യക്തമാക്കി. ഭരണകർത്താക്കളും, പൗരസമൂഹവും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതികൂല ഫലങ്ങൾ ലഘൂകരിക്കുന്നതിനും, കൂടുതല്‍ മാനുഷികവും, സാമ്പത്തികവും, സാങ്കേതികവുമായ വിഭവങ്ങൾ അനുവദിക്കുന്നതിനും, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ദരിദ്രരും ദുർബലരുമായ ജനങ്ങളെ സഹായിക്കുന്നതിനും യഥാർത്ഥ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടോയെന്ന് ചോദിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ സൂചിപ്പിച്ചു. സാഹചര്യങ്ങൾ പ്രതികൂലമായിരിക്കുമ്പോഴും ഭൂമിയുടെ സഹനം വർദ്ധിക്കുമ്പോഴും നമ്മു‌ടെ മുന്നിൽ അവസരങ്ങളുടെ ജാലകങ്ങൾ ഇപ്പോഴും തുറന്നിരിക്കുന്നുവെന്നും സമയം വൈകിയിട്ടില്ലെന്നും അതിനാല്‍ ഉറച്ച തീരുമാനത്തോടു കൂടി സമഗ്രവികസനത്തിനും,ഭാവി തലമുറയ്ക്കും മെച്ചപ്പെട്ട ജീവിതം നൽകുന്നതിനായി നമുക്ക് പ്രയത്നിക്കാമെന്നു പാപ്പാ തന്‍റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ  പ്രശ്നം ധാർമ്മികത, സമത്വം, സാമൂഹിക നീതി എന്നിവയുമായും പാരിസ്ഥിതിക തകർച്ചയുടെ പരിണതഫലമായി നാം അനുദിനം അനുഭവിക്കുന്ന മാനുഷികവും ധാർമ്മികവും സാമൂഹികവുമായ തകർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് നമ്മുടെ ഉപഭോഗത്തിന്‍റെയും ഉൽപാദനത്തിന്‍റെയും രീതികളെക്കുറിച്ചും വിദ്യാഭ്യാസത്തിന്‍റെയും അവബോധത്തിന്‍റെയും പ്രക്രിയകളെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും  അവ മനുഷ്യന്‍റെ അന്തസ്സുമായി പൊരുത്തപ്പെടണമെന്നും പാപ്പാ വ്യക്തമാക്കി. വ്യക്തിപരവും സാമൂഹികവുമായ തലത്തിൽ സത്യസന്ധത, ധൈര്യം, ഉത്തരവാദിത്തം എന്നിവ ഉൾക്കൊള്ളുന്ന ഒരു ജീവിതശൈലി സ്വീകരിച്ചാൽ, പരിഹാരം ക​ണ്ടെത്താന്‍ കഴിയുമെന്നും പാപ്പാ സൂചിപ്പിച്ചു.

24 September 2019, 16:02