തിരയുക

മപൂത്തോയിലെ ദേശീയമൈതാനത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ നൽകിയ സുവിശേഷ പ്രഘോഷണം നല്‍കുന്നു. മപൂത്തോയിലെ ദേശീയമൈതാനത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ നൽകിയ സുവിശേഷ പ്രഘോഷണം നല്‍കുന്നു. 

ക്രിസ്തു പഠിപ്പിച്ച സദ്‌ഗുണങ്ങൾ ആവശ്യപ്പെടുന്ന ഇടുങ്ങിയ പാത

മപൂത്തോയിലെ ദേശീയമൈതാനത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ നൽകിയ സുവിശേഷ പ്രഘോഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലൂക്കായുടെ സുവിശേഷത്തിൽ സൂചിപ്പിച്ചിരിക്കുന്ന ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണത്തെ കുറിച്ചാണ് നാമിന്ന് ശ്രവിച്ചത്. ശിഷ്യന്മാരെ തിരഞ്ഞെടുത്ത ക്രിസ്തു അഷ്ടസൗഭാഗ്യങ്ങളെ കുറിച്ച് പ്രഘോഷിച്ചതിനു ശേഷം “ശത്രുക്കളെ സ്നേഹിക്കുവിൻ” എന്ന് കൂട്ടിച്ചേർത്തു. (ലൂക്കാ 6:27). യേശുവിന്‍റെ ഈ വാക്കുകൾ സ്റ്റേഡിയത്തിൽ നിന്ന് കേൾക്കുന്ന നമ്മെയും ഇന്ന് അഭിസംബോധന ചെയ്യുന്നു.

ചില സദ്‌ഗുണങ്ങൾ ആവശ്യപ്പെടുന്ന ഒരു ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നതിനെ കുറിച്ച് യേശു വ്യക്തതയോടും, ലാളിത്യത്തോടും, ദൃഡതയോടും സംസാരിക്കുന്നു. യേശു യാഥാർത്ഥ്യത്തെ അവഗണിക്കുന്ന ഒരു ആദർശവാദിയല്ല. അവൻ പ്രത്യേകമായ ശത്രുക്കളെക്കുറിച്ചും, യഥാർത്ഥ ശത്രുക്കളെക്കുറിച്ചും നമ്മെ വെറുക്കുന്നവരും, ഒഴിവാക്കുന്നവരും, ശകാരിക്കുന്നവരും, അപകീർത്തിപ്പെടുത്തുന്നവരെ കുറിച്ചും സംസാരിക്കുന്നു. നിങ്ങളിൽ പലർക്കും  ഇപ്പോഴും  അക്രമത്തിന്‍റെയും, വിദ്വേഷത്തിന്‍റെയും, സംഘർഷത്തിന്‍റെയും സ്വന്തം കഥകൾ പറയാൻ കഴിയും. ചിലര്‍ വ്യക്തിപരമായി സംഭവിച്ച കാര്യങ്ങളെക്കുറിച്ചും, മറ്റുചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തവരെക്കുറിച്ചും, മറ്റുള്ളവരെക്കുറിച്ചും, മുൻകാല മുറിവുകളെ കുറിച്ചും സംസാരിച്ചേക്കാം. എന്നാല്‍ നല്ല പ്രസംഗങ്ങളിൽ മാത്രം ആഘോഷിക്കപ്പെടുന്ന സംക്ഷിപ്തവും, അലൗകികവും,  സൈദ്ധാന്തികവുമായ സ്നേഹത്തിലേക്ക് യേശു നമ്മെ വിളിക്കുന്നില്ല. യേശു നിർദ്ദേശിച്ച പാത, യേശു തന്നെ സ്വയം സ്വീകരിച്ച പാതയാണ്. തന്നെ ഒറ്റിക്കൊടുത്തവരെയും, അന്യായമായി വിധിച്ചവരെയും,   കൊന്നവരെയും സ്നേഹിക്കാൻ അവനെ പ്രേരിപ്പിച്ച വഴിയാണത്.

സംഘർഷങ്ങളിൽ നിന്നും ലഭിച്ച മുറിവുകൾ തുറന്നിരിക്കുമ്പോൾ അനുരജ്ഞനത്തെക്കുറിച്ചും ക്ഷമയിലേക്കുള്ള ഒരു ചുവടുവെപ്പ് നടത്തുകയെന്നD  സംസാരിക്കുന്നത് എളുപ്പമല്ല. അത് വേദനയെ അവഗണിക്കുകയോ നമ്മുടെ ഓർമ്മകളെയും ആശയങ്ങളെയും ഉപേക്ഷിക്കുകയോ ചെയ്യുന്നതിന് തുല്യമല്ല എങ്കിലും, യേശുക്രിസ്തു നമ്മെ സ്നേഹിക്കാനും നന്മചെയ്യാനും വിളിക്കുന്നു. ഇത് നമ്മെ ഉപദ്രവിച്ച വ്യക്തികളെ അവഗണിക്കുകയോ അവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതിനേക്കാൾ കൂടുതലാണ്. നമ്മെ വേദനിപ്പിച്ചവരോടു സജീവവും നിഷ്പക്ഷവും അസാധാരണവുമായ ദയ കാണിക്കാൻ യേശു നമ്മോടു കൽപ്പിക്കുന്നു. അവരെ അനുഗ്രഹിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവൻ നമ്മോടു ആവശ്യപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവരോടു അനുഗ്രഹകരമായ വാക്കുകളിലൂടെ,  അതായത് മരണത്തിലേക്ക് നയിക്കുന്നതല്ല മറിച്ച് ജീവിപ്പിക്കുന്ന വാക്കുകളാൽ സംസാരിക്കുവാനും, പ്രതികാരമില്ലാതെ പ്രവര്‍ത്തിക്കാനും അങ്ങനെ സമാധാനം നൽകുന്ന ഒരു പുതിയ ബന്ധം സ്ഥാപിക്കുവാനും നമ്മുടെ ഗുരുനാഥനായ ക്രിസ്തു നമ്മുടെ മുമ്പിൽ വയ്ക്കുന്ന ഉന്നതമായ ഒരവസ്ഥയാണ്. ഇത് ചെയ്യാൻ നമ്മെ ക്ഷണിക്കുമ്പോൾ, ക്രിസ്ത്യാനികളായിരിക്കുമ്പോഴും പ്രതികാരനിയമപ്രകാരം ജീവിക്കുന്നതുമായ ആ പതിവ് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ യേശു ആഗ്രഹിക്കുന്നു. അക്രമത്തിന്‍റെ അടിസ്ഥാനത്തിൽ നമുക്ക് ഭാവിയിലേക്ക് നോക്കാനോ ഒരു രാഷ്ട്രത്തെയോ,  സമത്വം നിറഞ്ഞ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനോ കഴിയില്ല. “കണ്ണിന് പകരം കണ്ണും, പല്ലിന് പകരം പല്ലും  എന്ന നിയമപ്രകാരം നാം നമ്മുടെ ജീവിതം നയിക്കുകയാണെങ്കിൽ നമുക്ക് യേശുവിനെ അനുഗമിക്കാൻ കഴിയില്ല.

തന്‍റെ കൽപ്പന കൂടുതൽ ദൃഡവും ദൈനംദിന ജീവിതത്തിൽ ബാധകവുമാക്കുന്നതിന് യേശു ഒരു സുവർണ്ണനിയമം നിർദ്ദേശിക്കുന്നു. അത് എല്ലാവർക്കുമുള്ളതാണ്. “മറ്റുള്ളവർ നിങ്ങളോടു ചെയ്യുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക” (ലൂക്കാ 6:31) എന്നതാണ് ആനിയമം. മറ്റുള്ളവരോടു പെരുമാറുന്നതിലെ ഏറ്റവും പ്രധാനപ്പെട്ടതെന്താണെന്ന് മനസ്സിലാക്കാൻ അവിടുന്ന് നമ്മെ സഹായിക്കുന്നു: പരസ്പരം സ്നേഹിക്കുക, പരസ്പരം സഹായിക്കുക, പകരം ഒന്നും പ്രതീക്ഷിക്കാതെ കടം കൊടുക്കുക. അന്യോന്യം സ്നേഹിക്കുക എന്ന് യേശു പഠിപ്പിക്കുന്നു.

 മൊസാംബിക്ക് ധാരാളം പ്രകൃതി-സാംസ്കാരിക സമ്പത്തിന്‍റെ നാടാണ്. എന്നിട്ടും വിരോധാഭാസമെന്നു പറയട്ടെ, അവിടത്തെ വലിയൊരു വിഭാഗം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ചില സമയങ്ങളിൽ സഹായിക്കാനുള്ള നിയോഗവുമായി സമീപിക്കുന്നവർക്ക് മറ്റ് താൽപ്പര്യങ്ങളുണ്ടെന്ന് തോന്നുന്നു. ഇങ്ങനെ പ്രവർത്തിക്കുന്നവർ സ്വന്തം ദേശത്തിലുള്ള സഹോദരീസഹോദരന്മാരെയാണ് വേദനിപ്പിക്കുന്നത്. “എന്നാല്‍ നിങ്ങള്‍ അങ്ങനെയായിരിക്കരുത്” (മത്താ.20:26; cf. 26-28).  എന്ന യേശുവിന്‍റെ വാക്കുകൾ നമ്മെ വ്യത്യസ്ഥമായ രീതിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരോടുള്ള ഒരു താല്പര്യമാണ് അവരെ നമ്മുടെ സഹോദരീസഹോദരന്മാരായി അംഗീകരിക്കുവാനും വിലമതിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നത്. ഈ രീതിയിൽ, നമ്മൾ പരസ്പരം കണ്ടുമുട്ടുന്ന എല്ലാ സ്ഥലങ്ങളിലും നമുക്ക് സമാധാനത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും വിത്തുകളും ഉപകരണങ്ങളുമാകാം.

നമ്മുടെ ഹൃദയത്തിലും നമ്മുടെ ജനങ്ങയുടെ ജീവിതത്തിലും സമാധാനം വസിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. നമുക്ക് സമാധാനത്തിന്‍റെ ഭാവി വേണം. വിശുദ്ധ പൗലോസിന്‍റെ ലേഖനത്തില്‍ പറയുന്നത് പോലെ “ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ” (കൊലോ 3.15). നമ്മുടെ രാജ്യത്തിന്‍റെ സങ്കീർണ്ണമായ തീരുമാനങ്ങളിൽ, നമ്മുടെ ഹൃദയങ്ങളില്‍ യേശു പ്രവർത്തിക്കുകയാണെങ്കിൽ, മൊസാംബിക്ക് പ്രതീക്ഷയുടെ ഭാവി ഉറപ്പാക്കും. അപ്പോൾ നിങ്ങളുടെ രാജ്യം “സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മീയ ഗാനങ്ങൾ എന്നിവയിൽ ദൈവത്തോട് ഹൃദയംഗമമായ നന്ദിയോടെ പാടും” (കൊലോ 3:16).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2019, 12:16