തിരയുക

Vatican News
വാഴ്ത്തപ്പെട്ട ജാക്വെസ് തേസിരെ ലാവലിന്‍റെ സ്മൃതിമന്ദിരത്തിന്‍റെ മുന്നില്‍ ഫ്രാന്‍സിസ് പാപ്പാ. വാഴ്ത്തപ്പെട്ട ജാക്വെസ് തേസിരെ ലാവലിന്‍റെ സ്മൃതിമന്ദിരത്തിന്‍റെ മുന്നില്‍ ഫ്രാന്‍സിസ് പാപ്പാ.  (Vatican Media)

അഷ്ടസൗഭാഗ്യങ്ങൾ: ക്രൈസ്തവന്‍റെ തിരിച്ചറിയൽ കാർഡാണ്.

മൗറീഷ്യസ് അപ്പോസ്തോലിക സന്ദർശനത്തിൽ പോർട്ട് ലൂയിസ് എന്ന സ്ഥലത്തിൽ സമാധാന രാജഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്‌മാരകത്തിൽ വച്ച് അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജീവൻ പകരുന്ന വചനം

ഈ നഗരത്തെയും സമുദ്രത്തെയും അതിന്‍റെ അപ്പുറത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെയും കാണുവാൻ കഴിയുന്ന ഈ പർവ്വതത്തിന്‍റെ മുകളിൽ സമാധാനത്തിന്‍റെ രാജ്ഞിയായ പരിശുദ്ധകന്യകാമറിയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ അൾത്താരയുടെ മുന്നിൽ നിൽക്കുമ്പോൾ നാം ഓരോരുത്തരും ഒരു വലിയ ജനതയുടെ ഭാഗമായി തീരുന്നു. ഈ പർവ്വത നിരകളുടെ മുന്നിൽ നിന്ന് രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ക്രിസ്തു പഠിപ്പിച്ചതും എന്നാൽ ഇന്നും നമ്മുടെ ജീവിതത്തിനു ജീവൻ പകരുന്നതും ശക്തമായ നമ്മുടെ ഹൃദയങ്ങളിലുള്ള തണുപ്പകറ്റി ചൂട് പകരുവാൻ കഴിയുന്ന വചനം കേൾക്കാൻ നാം ഇവിടെ സന്നിഹിതരായിരുന്നു. ഈ അവസരത്തിൽ നമുക്കൊരുമിച്ച് ദൈവത്തിൽ നാം വിശ്വസിക്കുന്നുവെന്നും വിശ്വാസത്തിന്‍റെ പ്രകാശത്തിൽ നമ്മുടെ ഓരോ ഹൃദയസ്പന്ദനവും ഏശയ്യാ പ്രവാചകൻ പ്രവചിച്ച സമാധാനവും രക്ഷയും പ്രഘോഷിക്കുവിൻ, സദ്വാർത്ത അറിയിക്കുവിൻ എന്തെന്നാൽ ദൈവം നമ്മെ ഭരിക്കാൻ വരുന്നു എന്ന സത്യം അറിയുകയും ചെയ്യുന്നുവെന്നു നാം ഏറ്റുപറയുന്നു.

വാഴ്ത്തപ്പെട്ട ജാക്വെസ് തേസിരെ ലാവൽ

അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്‍റെ  തിരിച്ചറിയൽ കാർഡാണ്. അതിനാൽ എങ്ങനെ ഒരു നല്ല ക്രൈസ്തവനാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം വ്യക്തമായി നൽകുവാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിത വഴികളിൽ ക്രിസ്തു പഠിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണം.  മൗറീഷ്യൻ ഐക്യത്തിന്‍റെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട ജാക്വെസ് തേസിരെ ലാവൽ ഈ പ്രദേശത്തു ശ്രേഷ്ഠമായി ആദരിക്കപ്പെടുന്നു. ക്രിസ്തുവിനോടും ദരിദ്രരോടുമുള്ള സ്നേഹം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ പ്രത്യക്ഷമായി രേഖപ്പെടുത്തിയത് കാണുവാൻ കഴിയും. ആ സ്നേഹം അദ്ദേഹത്തെ ദരിദ്രരിൽ നിന്നും അകറ്റി നിറുത്തിയില്ല.

സുവിശേഷവത്ക്കരണം എല്ലാ മനുഷ്യർക്കും എല്ലാമായിത്തീരുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.(cf.1കോറി.9:19-22) അതിനാൽ അടുത്തിടെ മോചിതരായ അടിമകളായിരുന്ന സഹോദരങ്ങളുടെ ഭാഷ പഠിക്കുകയും ലളിതമായ ഭാഷയിൽ അവരെ രക്ഷയുടെ സുവിശേഷം പഠിപ്പിക്കുകയും ചെയ്തു. വിശ്വാസികളെ ഒരുമിച്ചു കൂട്ടാനും പ്രേഷിതദൗത്യത്തിനായി അവരെ പരിശീലിപ്പിക്കാനും അയൽ‌പ്രദേശങ്ങളിലും, പട്ടണങ്ങളിലും സമീപത്തുള്ള ഗ്രാമങ്ങളിലും ചെറിയ ക്രൈസ്തവ സമൂഹങ്ങൾ  സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ ചെറിയ സമൂഹങ്ങളിൽ പലതും ഇന്നത്തെ ഇടവകകൾക്ക് കാരണമായി. അദ്ദേഹത്തിന്‍റെ അജപാലന ദൗത്യത്തിന്‍റെ ഉത്കണ്ഠ എപ്പോഴും ദരിദ്രരുടെയും പുറത്താക്കപ്പെട്ടവരുടെയും വിശ്വാസം നേടുകയും അവരെ ഒരുമിപ്പിച്ചു അവരുടെ കഷ്ടപ്പാടുകൾക്ക് അവര്‍ തന്നെ പരിഹാരം കണ്ടെത്താൻ  അവരെ സമൂഹത്തിന്‍റെ മുന്നിൽ കൊണ്ടുവരുകയും ചെയ്യണമെന്നതായിരുന്നു. തന്‍റെ പ്രേഷിത പ്രവർത്തനത്തിലൂടെയും സ്നേഹത്തിലൂടെയും ലാവൽ മൗറീഷ്യൻ സഭയ്ക്ക് ഒരു പുതിയ യുവത്വവും, ഒരു പുതിയ ജീവിതവും നൽകി. ഇന്ന് നമ്മോടു അതനുസരിച്ചു  മുന്നോട്ട് പോകാൻ  അദ്ദേഹം ആവശ്യപ്പെടുന്നു. വാഴ്ത്തപ്പെട്ട ജാക്വെസ് തേസിരെ ലാവലില്‍ നി‌റഞ്ഞ് നിന്ന പ്രേഷിതചലനശക്തി നാം വളർത്തിയെടുക്കേണ്ടതുണ്ട്.

യുവജനങ്ങളെ പ്രചോദിപ്പിക്കുക

ക്രിസ്തുവിന്‍റെ സഭയെന്ന നിലയിൽ   കത്തോലിക്കാ സഭയ്ക്ക് എല്ലായ്പ്പോഴും ചെറുപ്പവും ആവേശകരവുമായ മുഖമുണ്ട്. ക്രിസ്തീയസമൂഹത്തെ പുതുക്കണമെന്ന് വെല്ലുവിളിക്കുകയും പുതിയ ദിശകളിലേക്ക് കടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ യുവജനങ്ങള്‍ക്ക് അവരുടെ ചൈതന്യവും ഔദാര്യവും കൊണ്ട് യുവത്വത്തിന്‍റെ സൗന്ദര്യവും പുതുമയും നൽകാൻ കഴിയും (cf. Christus Vivit 37). ഇത് എല്ലായ്പ്പോഴും സുലഭമല്ല. യുവജനങ്ങളുടെ സാന്നിധ്യം അംഗീകരിക്കാനും നമ്മുടെ സമൂഹത്തിൽ അവർക്ക് ഇടം നൽകാനും പഠിക്കുക എന്നാണ് ഇതിനർത്ഥം. ഇത് പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ, സമീപകാല ദശകങ്ങളിൽ നിങ്ങളുടെ രാജ്യത്തിൽസാമ്പത്തിക വളർച്ചയുണ്ടായിരുന്നിട്ടും, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് യുവജനങ്ങളാണ്. അവർ തൊഴിലില്ലായ്മയാൽ കഷ്ടപ്പെടുന്നു. ഇത് ഭാവിയെക്കുറിചുള്ള അനിശ്ചിതത്വം സൃഷ്ടിക്കുക മാത്രമല്ല, നിങ്ങളുടെ ചരിത്രത്തിൽ യുവാക്കൾ ഒരു പ്രധാനപങ്ക് വഹിക്കുന്നുവെന്ന് വിശ്വസിക്കുന്നതിൽ നിന്നും നിങ്ങളെ തടയുകയും ചെയ്യുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം സമൂഹത്തിൽ നിന്നും അവർ  പാര്‍ശവത്ക്കരിക്കപ്പെടുന്നുവെന്ന് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.  ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ അടിമത്തത്തിനുമുമ്പിൽ അത് അവരെ ദുർബ്ബലരും നിസ്സഹായരുമാക്കി മാറ്റുന്നു.

നമ്മുടെ പ്രധാനദൗത്യമായ യുവജനങ്ങള്‍

യേശുവിൽ അവരുടെ സന്തോഷം കണ്ടെത്താൻ നാം അവരെ ക്ഷണിക്കണം. അവരോടു അകലെ അല്ലെങ്കിൽ വിദൂരമായി സംസാരിക്കുന്നതിലൂടെയല്ല  മറിച്ച് അവർക്ക് എങ്ങനെ ഇടം നൽകാമെന്ന് മനസ്സിലാക്കുന്നതിലൂടെയാകണം. അതിനാൽ “അവരുടെ ഭാഷ പഠിക്കുക”, അവരുടെ കഥകൾ കേൾക്കുക, അവരോടൊപ്പം സമയം ചെലവഴിക്കുക, അവരും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് അവർക്ക് തോന്നുന്ന വിധത്തിൽ അവരോപ്പാമായിരിക്കുക. സഭയുടെയും സമൂഹത്തിന്‍റെയും യുവമുഖം നമുക്ക് നഷ്ടപ്പെടുത്തരുത്. മരണത്തെ പ്രദാനം ചെയ്യുന്നവരെ ഈ ദേശത്തിന്‍റെ ആദ്യത്തെ ഫലം കവർന്നെടുക്കാൻ അനുവദിക്കരുത്! സുവിശേഷ സന്ദേശം ജീവിക്കുകയെന്നാൽ, നമുക്ക് ചുറ്റുമുള്ളതെല്ലാം പൂർണ്ണമാകുമെന്ന് പ്രതീക്ഷിക്കുന്നതല്ല. കാരണം മിക്കപ്പോഴും അധികാരത്തിനായുള്ള ദാഹവും ലൗകിക താൽപ്പര്യങ്ങളും നമുക്കെതിരെ പ്രവർത്തിക്കുന്നു.

ക്രൈസ്തവൻ സന്തുഷ്ടനായിരിക്കണം

ഈ പർവ്വതത്തിന്‍റെ ചുവട്ടിൽ നില്‍ക്കുമ്പോള്‍ ഇന്ന് ഞാൻ അഷ്ടസൗഭാഗ്യങ്ങളുടെ  പർവ്വതമാകാൻ ആഗ്രഹിക്കുന്നു.  “അനുഗ്രഹിക്കപ്പെട്ടവർ” എന്ന ക്രിസ്തുവിന്‍റെ പുതിയ ആഹ്വാനവും നാം കണ്ടെത്തണം. കാരണം സന്തോഷത്തിലായിരിക്കുന്ന ക്രിസ്ത്യാനികൾക്ക് മാത്രമാണ് ക്രിസ്തുവിന്‍റെ പാത പിന്തുടരാനുള്ള ആഗ്രഹം മറ്റുള്ളവരിൽ ഉണർത്തുവാന്‍ കഴിയുന്നത്. “ഭാഗ്യവാൻ” എന്ന വാക്കിന്‍റെ അർത്ഥം“സന്തുഷ്ടൻ” എന്നാണ്. ഇത് “വിശുദ്ധിയുടെ” പര്യായമായിത്തീരുന്നു. കാരണം ദൈവത്തോടും അവന്‍റെ വചനത്തോടും വിശ്വസ്ഥരായവർ സ്വയം ദാനം ചെയ്യുന്നതിലൂടെ യഥാർത്ഥ സന്തോഷം നേടുന്നു എന്ന വസ്തുതയെ ഇത് പ്രകടിപ്പിക്കുന്നു. നമ്മുടെ എണ്ണം കുറയുന്നു എന്ന് ഭീഷണിപ്പെടുത്തുന്ന പ്രവചനം കേൾക്കുമ്പോൾ, സഭയിൽ സമർപ്പണ ജീവിതത്തിന്‍റെ തകർച്ചയെക്കുറിച്ച് നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവ ജീവിതത്തില്‍ അഷ്ടസൗഭാഗ്യങ്ങള്‍ സന്തോഷത്തോടെ അനുഷ്ഠിക്കുന്നത് യുവജനങ്ങള്‍കാണുമ്പോൾ, അത് അവരെ ആവേശം കൊള്ളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അവരും ഈ അഷ്ടസൗഭാഗ്യങ്ങളുടെ പർവ്വതത്തിൽ കയറാൻ ആഗ്രഹിക്കുന്നുവെന്നും  യേശുവിനെ കാണാനും അവനിൽ നിന്ന് യഥാർത്ഥ സന്തോഷത്തിലേക്കുള്ള പാത പഠിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയാൻ കഴിയും.

പ്രാർത്ഥനാപൂർവ്വം ആശംസകൾ

പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ സമൂഹത്തിനു വേണ്ടിയും, ഈ രൂപതയ്ക്ക് വേണ്ടിയും ഇന്ന് ഇവിടെ വരാൻ പരിശ്രമിച്ച എല്ലാവർക്കും വേണ്ടി നമുക്ക് ദൈവത്തോടു പ്രാർത്ഥിക്കാം. വാഴ്ത്തപ്പെട്ട ജാക്വെസ് തേസിരെ ലാവൽ കർത്താവിന്‍റെ ശക്തിയിൽ ആശ്രയിച്ചിരുന്നു. അതേ ശക്തി ഈ ദേശത്തെ അനേകം പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹൃദയങ്ങളെയും സ്പർശിക്കട്ടെ.  അങ്ങനെ അതിന്‍റെ പുതുമ എല്ലായ്പ്പോഴും നമ്മുടെ ജീവിതത്തെയും സമൂഹങ്ങളെയും നവീനമാക്കാന്‍ പ്രാപ്തമാകട്ടെ. (cf. ibid., 11). നമ്മെ ശക്തിയോടെ വിളിക്കുന്നവനും സഭയെ കെട്ടിപ്പടുക്കുന്നവനും പരിശുദ്ധാത്മാവാണെന്ന് നാം മറക്കരുത്.

നമ്മെ സംരക്ഷിക്കുകയും അനുയാത്ര ചെയ്യുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ  ഈ തിരുസ്വരൂപം  അവള്‍ “അനുഗ്രഹിക്കപ്പെട്ടവള്‍” എന്ന് സ്വയം വിളിച്ചിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. പരിശുദ്ധാത്മാവിനോടു തുറവുള്ളവരായിരിക്കാന്‍ നമുക്ക് അമ്മയോടു പ്രാര്‍ത്ഥിക്കാം. ഹൃദയത്തിലൂടെ വാൾ കടന്നു പോയ വേദന അനുഭവിച്ചവളാണ് പരിശുദ്ധ അമ്മ. തന്‍റെ പുത്രന്‍റെ കുരുശു മരണത്തിന്‍റെ കഠിനമായ വേദനയും അവൾ ഏറ്റുവാങ്ങി.
ഒരിക്കലും ഇടറുകയോ, മങ്ങുകയോ ചെയ്യാത്ത സ്ഥിരമായ സന്തോഷം അവൾ നമുക്കുവേണ്ടി നേടിത്തരട്ടെ. ആ സന്തോഷം അത്യുന്നതൻ വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണെന്ന് നിരന്തരം അനുഭവിക്കാനും പ്രഖ്യാപിക്കാനും നയിക്കുന്ന സന്തോഷമാണ്.   

10 September 2019, 15:16