തിരയുക

Vatican News
മൊസാംബിക്കില്‍ വിശുദ്ധ കുര്‍ബ്ബാനര്‍പ്പണത്തിനുള്ള പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുന്ന വിശ്വാസികള്‍  25/08/2019 മൊസാംബിക്കില്‍ വിശുദ്ധ കുര്‍ബ്ബാനര്‍പ്പണത്തിനുള്ള പ്രദക്ഷിണത്തില്‍ പങ്കുകൊള്ളുന്ന വിശ്വാസികള്‍ 25/08/2019  (AFP or licensors)

മൊസാംബിക്കിലെ ജനങ്ങള്‍ക്ക് പാപ്പായുടെ അഭിവാദ്യങ്ങള്‍!

അനുരഞ്ജനം : സുദൃഢവും സ്ഥായിയുമായ സമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം, ഫ്രാന്‍സീസ് പാപ്പാ മൊസാംബിക്കിലെ ജനങ്ങള്‍ക്കു നല്കിയ വീഡിയൊ സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തെക്കുകിഴക്കെ ആഫ്രിക്കന്‍ നാടായ മൊസാംബിക്കിലെ ജനങ്ങള്‍ക്ക് പാപ്പായുടെ വീഡിയൊ സന്ദേശം.

തന്‍റെ 31-Ↄ○ വിദേശ അപ്പസ്തോലിക പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്നു രാഷ്ട്രങ്ങളില്‍ താന്‍ ആദ്യം എത്തുന്ന നാടെന്ന നിലയിലാണ് ഫ്രാന്‍സീസ് പാപ്പാ അന്നാട്ടിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഈ സന്ദേശം നല്കിയരിക്കുന്നത്. വെള്ളിയാഴ്ചയാണ് (30/08/19) ഈ സന്ദേശം പരസ്യപ്പെടുത്തിയത്.

നാലാം തീയതി ബുധനാഴ്ച (04/09/19) അന്നാട്ടിലെത്തുന്ന പാപ്പാ ആറാം തീയതി വെള്ളിയാഴ്ച മഡഗാസ്ക്കറിലേക്കും അവിടെ നിന്ന് 9-Ↄ○ തീയതി മൗറീഷ്യസിലേക്കും  പോകും.

മൊസാംബിക്കില്‍ തന്‍റെ ഈ ഇടയസന്ദര്‍ശനം തലസ്ഥാനനഗരിയായ മപ്പൂത്തൊയില്‍ ഒതുങ്ങിനില്ക്കുന്നതാണെങ്കിലും തന്‍റെ ഹൃദയം അന്നാട്ടിലെ ജനങ്ങളെല്ലാവരുടെയും പക്കലെത്തുകയും ഏവരെയും ആശ്ലേഷിക്കുകയും ചെയ്യുന്നുവെന്നും ക്ലേശിതര്‍ക്ക്    തന്‍റെ ഹൃത്തില്‍ സവിശേഷസ്ഥാനമുണ്ടുന്നും പാപ്പാ സന്ദേശത്തില്‍ പറയുന്നു.

മൊസാംബിക്കിന്‍റെ പ്രസിഡന്‍റിന്‍റെയും അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് താന്‍ അവിടെ എത്തുകയെന്ന് വെളിപ്പെടുത്തുന്ന പാപ്പാ മൊസാംബിക്കിലും ആഫ്രിക്കയിലാകമാനവും സാഹോദര്യ അനുരഞ്ജനം സുദൃഢമാക്കപ്പെടുന്നതിനായുള്ള തന്‍റെ പ്രാര്‍ത്ഥനയില്‍ ഒന്നുചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ഈ അനുരഞ്ജനമാണ് സദൃഢവും സ്ഥായിയുമായ സമാധാനത്തിനുള്ള ഏക പ്രത്യാശയെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

തന്‍റെ മുന്‍ഗാമിയായ വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ അന്നാട്ടില്‍ വിതച്ച വിത്തുകള്‍ എങ്ങനെ വളരുന്നുവെന്ന് നേരിട്ടു കാണാനുള്ള അവസരം ഈ സന്ദര്‍ശനം തനിക്കേകുമെന്ന സന്തോഷവും പാപ്പാ പ്രകടിപ്പിക്കുന്നു.

1988 സെപ്റ്റംബറില്‍ ആയിരുന്നു വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ മൊസാംബിക്ക് സന്ദര്‍ശിച്ചത്. 

ദൈവത്തിന്‍റെ അനുഗ്രഹവും അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ   സംരക്ഷണവും മൊസാംബിക്കുനുവേണ്ടി പ്രാര്‍ത്ഥച്ചുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ വീഡിയൊ സന്ദേശം ഉപസംഹരിക്കുന്നത്.  

 

30 August 2019, 12:44