തിരയുക

കാലം ചെയ്ത കര്‍ദ്ദിനാള്‍ സേര്‍ജൊ ഒബേസൊ റിവേര കാലം ചെയ്ത കര്‍ദ്ദിനാള്‍ സേര്‍ജൊ ഒബേസൊ റിവേര 

കാലം ചെയ്ത കര്‍ദ്ദിനാള്‍ സേര്‍ജൊ റിവേര വിശ്വസ്ത അജപാലകന്‍!

കര്‍ദ്ദിനാള്‍ സേര്‍ജൊ ഒബേസൊ റിവേരയുടെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെക്സിക്കോയിലെ സ്സലപാ അതിരൂപതയുടെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സേര്‍ജൊ ഒബേസൊ റിവേരയുടെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചിച്ചു.

88 വയസ്സു പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ സേര്‍ജൊ ഒബേസൊ റിവേരയ്ക്ക് ഞായറാഴ്ച (11/08/19) ആണ് അന്ത്യം സംഭവിച്ചത്. 

ദൈവത്തെയും സഭയെയും വിശ്വസ്തതയോടെ സേവിക്കുന്നതിന് വര്‍ഷങ്ങള്‍ സ്വജീവിതം ഉഴിഞ്ഞുവച്ച അജപാലകനാണ് അദ്ദേഹം എന്ന് ഫ്രാന്‍സീസ് പാപ്പാ സ്സലപ്പാ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഹിപ്പോളിത്തൊ റെയെസ് ലാറിയോസിന് അയച്ച അനുശോചനസന്ദേശത്തില്‍ അനുസ്മരിക്കുന്നു.

കര്‍ത്താവ് ശാശ്വതമായ മഹത്വത്തിന്‍റെ മകുടം പരേതന് ചാര്‍ത്തട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

സ്സാലപ്പായില്‍ 1931 ഒക്ടോബര്‍ 31-നായിരുന്നു കര്‍ദ്ദിനാള്‍ സേര്‍ജൊ ഒബേസൊ റിവേരയുടെ ജനനം. 1954 ഒക്ടോബര്‍ 31-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1971 ജൂലൈ 29-ന് മെത്രാനായി അഭിഷിക്തനാകുകയും 1974 ജനുവരി 18-ന് ആര്‍ച്ച്ബിഷപ്പായും 2018 ജൂണ്‍ 28-ന് കര്‍ദ്ദിനാളായും ഉയര്‍ത്തപ്പെട്ടു.

അദ്ദേഹത്തിന്‍റെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 216 ആയി താണു. ഇവരില്‍ പാപ്പായെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാനാവകാശമുള്ളവര്‍ 119 ആണ്. ശേഷിച്ചവര്‍ക്ക് 80 വയസ്സിനുമേല്‍ പ്രായമുള്ളതിനാല്‍ ഈ വോട്ടവകാശം ഇല്ല.     

 

13 August 2019, 10:06