നല്കലിലൂടെ ലഭിക്കുന്ന ജീവന്‍- പാപ്പാ സ്ക്കൗട്ടംഗങ്ങളോട്!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
നല്കലാണ് ജീവിതത്തിന്‍റെ വിജയരഹസ്യം എന്ന് മാര്‍പ്പാപ്പാ.
യൂറോപ്പിലെ സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ അന്താരാഷ്ട്ര സഖ്യത്തിന്‍റെ ജൂലൈ 27 മുതല്‍ ആഗസ്റ്റ് 3 വരെ (27/07-03/08/2019) റോമില്‍ സംഘടിപ്പിക്കപ്പെട്ട സ്ക്കൗട്ടുകളുടെ സമ്മേളനത്തില്‍, അതായത്, “യൂറോമൂത്ത്”ല്‍ പങ്കെടുത്ത അയ്യായിരത്തോളം പേരെ ശനിയാഴ്ച (03/08/2019) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
“കൊടുക്കുവിന്‍, നിങ്ങള്‍ക്കും കിട്ടും”, ലൂക്കായുടെ സുവിശേഷം 6-Ↄ○ അദ്ധ്യായത്തിലെ 38-Ↄമത്തെതായ ഈ വാക്യം ആയിരുന്നു പാപ്പായുടെ പ്രബോധനത്തിനാധാരം.
സൗക്കട്ടംഗങ്ങളും അവരെ നയിക്കുന്നവരും നീണ്ടയാത്രയ്ക്കു ശേഷമാണ് പോള്‍ ആറാമന്‍ ശാലയില്‍ സമ്മേളിച്ചിരിക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ അവര്‍ പൂര്‍വ്വോപരി സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്ന തന്‍റെ ബോധ്യം വെളിപ്പെടുത്തി.
ഈ സ്വാതന്ത്ര്യം യാത്രയിലൂടെ നേടിയെടുക്കുന്നതാണെന്നും മൊബൈല്‍ ഫോണുമായി മുറിയില്‍ അടച്ചിരിക്കുകയൊ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴുതിമാറുകയൊ ചെയ്താല്‍ അത് ലഭിക്കില്ലയെന്നും, പ്രത്യുത, മറ്റുള്ളവരുമൊത്തു പടിപടിയായുള്ള സഞ്ചാരത്തിലൂടെ കൈവരുന്നതാണ് ഈ സ്വാതന്ത്ര്യമെന്നും പാപ്പാ വിശദീകരിച്ചു.
ഭിന്ന കാലഘട്ടങ്ങളില്‍ യുറോപ്പിലൂടെ കടന്നുപോയ മഹാവിശുദ്ധരുമായുള്ള കൂടിക്കാഴ്ചയുടെ 5 ഘട്ടങ്ങള്‍ സക്കൗട്ട് അംഗങ്ങളുടെ ഈ പ്രയാണത്തിന് ഉണ്ടായിരുന്നുവെന്നും ഈ വിശുദ്ധരെല്ലാം ജീവിതത്തില്‍ നിന്നൊ, മറ്റുള്ളവരില്‍ നിന്നൊ ഒന്നും പ്രതീക്ഷിക്കാതെ ദൈവത്തില്‍ പൂര്‍ണ്ണമായി ശരണം വച്ചവരാണെന്നും അവര്‍ ജീവന്‍ തങ്ങള്‍ക്കായി കാത്തുസൂക്ഷിക്കാതെ നല്കുകയാണ് ചെയ്തതെന്നും പാപ്പാ പറഞ്ഞു.
നമ്മുടെ ഈ കാലഘട്ടത്തില്‍ എല്ലാം കൈവശപ്പെടുത്താനും ഇഷ്ടപ്പെടുന്നതെല്ലാം സ്വന്തമാക്കാനുമുള്ള പ്രവണത ശക്തമാണെന്ന് പറഞ്ഞ പാപ്പാ ആരും തന്നെ സംതൃപ്തരല്ലെന്നും ഒന്നു കിട്ടിക്കഴിയുമ്പോള്‍ മറ്റൊന്നിന്‍റെ പിന്നാലെ, അങ്ങനെ അവസനാമില്ലാതെ പരക്കംപാച്ചില്‍ തുടരുകയാണെന്നുമുള്ള വസ്തുത ചൂണ്ടിക്കാട്ടി.
എന്നാല്‍ യേശു ഊന്നല്‍ നല്കുന്നത് “കൈവശമാക്കുന്നതിനല്ല” മറിച്ച് “നല്കുന്ന”തിനാണ് എന്നും നല്കുക എന്നതിനര്‍ത്ഥം അവനവനിലേക്കു ചുരുങ്ങുന്നതായ പര്യങ്കത്തില്‍ നിന്ന്, സുഖസൗകര്യങ്ങളില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്കുയാത്ര ചെയ്യുക എന്നാണെന്നും പാപ്പാ വിശദീകരിച്ചു.
നല്കുക വഴി മാത്രമെ ജീവന്‍ അവകാശമാക്കാന്‍ കഴിയുകയുള്ളുവെന്നും സ്വന്തം കരങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സേവിക്കുന്നതിനും നല്കുന്നതിനുമുള്ളതാക്കിത്തീര്‍ക്കണമെന്നും ഉദ്ബോധിപ്പിച്ച പാപ്പാ ഞാന്‍ അപരന്‍റെ കാര്യത്തില്‍ കരുതലുള്ളവനായിരിക്കും എന്ന് അവനവനോടു പറയാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
നല്കലിന്‍റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കുക വഴി കര്‍മ്മോദ്യുക്ത പൗരന്മാരായിത്തീരും എന്ന സ്ക്കൗട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ബാദെന്‍ പൗവ്വെല്ലിന്‍റെ വാക്കുകള്‍ പാപ്പാ ആവര്‍ത്തിച്ചു.