വനനശീകരണം എന്ന പാതകം-പാപ്പായുടെ അഭിമുഖം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
വനനശീകരണം എന്നാല്‍ നരവംശഹത്യയാണെന്ന് മാര്‍പ്പാപ്പാ.
ഇറ്റലിയിലെ ഒരു ദിനപ്പത്രമായ “ല സ്താമ്പ”യ്ക്ക് (LA STAMPA) അനുവദിച്ച സുദീര്‍ഘമായ ഒരു അഭിമുഖത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ആമസോണ്‍ സംരക്ഷണത്തിന്‍റെ പ്രാധാന്യം അടിവരയിട്ടു കാട്ടിക്കൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്.
നാം ശ്വസിക്കുന്ന പ്രാണവായുവിന്‍റെ, അഥവാ, ഓക്സിജന്‍റെ സിംഹഭാഗത്തിന്‍റെയും ഉറവിടം ആമസോണ്‍ പ്രദേശമാണെന്നും നമ്മുടെ ഭൂമിയുടെ അതിജീവനത്തില്‍ സമുദ്രങ്ങളോടൊപ്പംതന്നെ നിര്‍ണ്ണായകമായ ഒരു പങ്ക് ആമസോണ്‍ പ്രദേശത്തിനുണ്ടെന്നും പാപ്പാ, ആ പ്രദേശത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് വത്തിക്കാനില്‍ ഇക്കൊല്ലം ഒക്ടോബര്‍ 6-27 (6-27/10/2019) മെത്രാന്മാരുടെ സിനഡിന്‍റെ അസാധാരണ സമ്മേളനം നടക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി വിശദീകരിച്ചു.
“ആമസോണ്‍ പ്രദേശം: സഭയ്ക്കും പരിസ്ഥിതി വിജ്ഞാനീയത്തിനും നൂതന സരണികള്‍” എന്നതാണ് ഈ സിനഡുയോഗത്തിന്‍റെ വിചിന്തന പ്രമേയം.
ആമസോണ്‍ പ്രദേശം എന്നു പറയുമ്പോള്‍ ഒരു രാഷ്ട്രമല്ല 9 നാടുകള്‍ (ബ്രസീല്‍, എക്വദോര്‍, വെനെസ്വേല, സുറിനാം, പെറു, കൊളംബിയ, ബൊളീവിയ, ഗയാന, ഫ്രഞ്ച് ഗയാന-Brazil, Ecuador, Venezuela, Suriname, Peru, Colombia, Bolivia, Guyana, and French Guiana) അടങ്ങിയിരിക്കുന്നു എന്നതും അനുസ്മരിക്കുന്ന പാപ്പാ ആമസോണ്‍ പ്രദേശത്തുള്ള ജൈവവൈവിധ്യത്തിന്‍റെയും സസ്യജാലത്തിന്‍റെയും ജീവികളുടെയും സമ്പന്നതയെക്കുറിച്ച് വിസ്മയംകൊള്ളുന്നു.
എന്നാല്‍ തദ്ദേശ ആമോസോണ്‍ ജനതയ്ക്കും ആ പ്രദേശത്തിനും നേര്‍ക്ക് സമൂഹത്തിലെ പ്രബലശക്തികളുടെ സാമ്പത്തിക-രാഷ്ട്രീയ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ ഫലമായി ഉയരുന്ന ഭീഷണി ആ പ്രദേശത്തിന്‍റെ സംരക്ഷണത്തിന് പ്രതിബന്ധമായി ഭവിക്കുന്നുണ്ടെന്ന് പാപ്പാ പറയുന്നു.
ആകയാല്‍ സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന പ്രവണതയ്ക്കും അഴിമതിയുടെ വഴികള്‍ക്കും അറുതിവരുത്തുന്ന നയങ്ങള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ടെന്നും സമൂര്‍ത്തമായ നടപടികള്‍ അലംബിക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നരകുലത്തിന്‍റെ നാശത്തിനുകാരണമാകുകയും ജൈവവൈധ്യം ഇല്ലാതാക്കുകയും മാരകങ്ങളായ പുതിയ രോഗങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്യുന്ന അപകടത്തെക്കുറിച്ചുള്ള ആശങ്കയും പാപ്പാ പ്രകടിപ്പിക്കുന്നു.
“സൃഷ്ടിയെ മലിനമാക്കാതിരിക്കുക” എന്ന സംസ്കൃതിക്ക് ജന്മമേകുകയും അത് പ്രസരിപ്പിക്കുകയും ചെയ്യുക അനിവാര്യമാണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.
യൂറോപ്പും യൂറോപ്പിന്‍റെ ഐക്യവും, കുടിയേറ്റപ്രശ്നവും ഈ അഭിമുഖത്തില്‍ പരാമാര്‍ശ വിഷയങ്ങളായിരുന്നു.
മേല്‍ക്കോയ്മ ഭാവം അഥവാ പരമാധികാരഭാവം യുദ്ധത്തിലേക്കു നയിക്കുന്ന അപകടമുണ്ടെന്നും യൂറോപ്പ് ചിതറുകയല്ല, മറിച്ച്, ജനതകളുടെ അനന്യതയെ ആദരിച്ചുകൊണ്ട് തുറന്ന മനോഭാവം പ്രകടിപ്പിക്കയാണ് വേണ്ടതെന്നും സംഭാഷണം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.
ആധിപത്യഭാവം സ്വയം ഒറ്റപ്പെടലിന്‍റെ ഭാവമാണെന്നും ഒരു രാഷ്ട്രം പരമാധികാരമുള്ളതായിരിക്കണം എന്നാല്‍ സ്വയം അടച്ചിടരുത്, പാപ്പാ ഓര്‍മ്മിപ്പിച്ചു.
പ്രധാനമായും യുദ്ധത്തിലും പട്ടിണിയിലും നിന്നു രക്ഷപ്പെടുന്നതിന് സ്വന്തം നാടുകളില്‍ നിന്ന് പലായനം ചെയ്യുന്നവരാണ് കുടിയേറ്റക്കാരെന്നും ജീവനുള്ള അവരുടെ അവകാശം ആദരിക്കപ്പെടേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.
എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം സംസ്ഥാപിക്കുന്നതിനും വേണ്ടി പരിശ്രമിക്കേണ്ടത് കുടിയേറ്റം പ്രശ്നത്തെ നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.
അതു പോലെ തന്നെ കുടിയേറ്റക്കാരുടെ നാടുകളില്‍ മൂലധനം നിക്ഷേപിച്ച് പ്രശ്നപരിഹൃതിക്ക് ശ്രമിക്കുന്നതും കുടിയേറ്റ പ്രവാഹത്തിന് അറുതിവരുത്തുന്നതിനുള്ള മറ്റൊരു വഴിയാണെന്നും പാപ്പാ പറഞ്ഞു.