തിരയുക

Vatican News
സഭാപാരംഗതനായ വിശുദ്ധ അഗസ്റ്റിന്‍ സഭാപാരംഗതനായ വിശുദ്ധ അഗസ്റ്റിന്‍  (©Renáta Sedmáková - stock.adobe.com)

വി.അഗസ്റ്റിന്‍റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുക !

വിശുദ്ധ അഗസ്റ്റിന്‍റെ തിരുന്നാള്‍ ആഗസ്റ്റ് 28

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തിങ്കലേക്കും ഏറ്റം ആവശ്യത്തിലിരിക്കുന്ന അയല്‍ക്കാരനിലേക്കും നയിക്കുന്ന ആന്തരിക സരണി വിശുദ്ധ അഗസ്റ്റിനോടോന്നുചേര്‍ന്ന് കണ്ടെത്താന്‍ പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

ബുധനാഴ്ച (28/08/19) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ സഭാപാരംഗതനും മെത്രാനുമായ വിശുദ്ധ അഗസ്റ്റിന്‍റെ തിരുന്നാള്‍ അനുവര്‍ഷം ആഗസ്റ്റ് 28-ന് സഭ ആചരിക്കുന്നത് അനുസ്മരിച്ചുകൊണ്ടാണ് ഈ ക്ഷണം നല്കിയത്.

ഈ പുണ്യവാന്‍റെ ജീവിതവിശുദ്ധിയിലും പ്രബോധനത്തിലും നിന്നു പ്രചോദനം ഉള്‍ക്കൊള്ളാന്‍ പാപ്പാ എല്ലാവര്‍ക്കും പ്രോത്സാഹനമേകി. 

ആഗസ്റ്റ് 27-ന് തിരുന്നാള്‍ ആചരിക്കപ്പെട്ട വിശുദ്ധ മോണിക്കയു‌ടെ പുത്രനും ആ അമ്മയുടെ പ്രാര്‍ത്ഥനയാല്‍ മാനസാന്തരപ്പെട്ട് അസാന്മാര്‍ഗ്ഗിക-സുഖലോലുപ ജീവിതം വെടിഞ്ഞ് കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ചെയ്തവനുമായ  അഗസ്റ്റിന്‍ പിന്നീട് വൈദികനായിത്തീരുകയും ഉത്തരാഫ്രിക്കയിലെ തന്‍റെ ജന്മനാടായ അള്‍ജീരിയയിലെ ഹിപ്പൊ  രൂപതയുടെ മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

354 നവംബര്‍ 13-ന് അള്‍ജീരിയായിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്.

വിശുദ്ധന്‍റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്‍റെ വഴിയില്‍ ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ വിശുദ്ധയായ അമ്മ മോണിക്കയുടെ കണ്ണീരിന്‍റെയും പ്രാര്‍ത്ഥനയുടെയും ഫലമായി അഗസ്റ്റിന് “ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം ഹൃദയം അസ്വസ്ഥമായിരിക്കും” എന്ന തിരിച്ചറിവുണ്ടാകുകയും, മാനസ്സാന്തരപ്പെട്ട അദ്ദേഹം പാപജീവിതം വെടിഞ്ഞ്  തന്‍റെ സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു.

പണ്ഡിതനും ദൈവശാസ്ത്രജ്ഞനും വേദപാരംഗതനുമായ വിശുദ്ധ അഗസ്റ്റിന്‍ എഴുപത്തിയഞ്ചാമത്തെ വയസ്സില്‍, 430 ആഗസ്റ്റ് 28-ന് ഹിപ്പൊയില്‍ വച്ച് അന്തരിച്ചു.

 

29 August 2019, 10:20