തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില 21-08-2019 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില 21-08-2019  (REMO CASILLI)

കാപട്യം: ക്രിസ്തീയ സമൂഹത്തിന്‍റെ നികൃഷ്ട ശത്രു!

പങ്കുവയ്ക്കലില്‍ ആത്മാര്‍ത്ഥതയില്ലാതെവന്നാല്‍ അത് കാപട്യത്തെ നട്ടുവളര്‍ത്തുകയാണ്, സത്യത്തില്‍ നിന്നകലുകയാണ്, സ്വാര്‍ത്ഥരായിത്തീരുകയാണ്, കൂട്ടായ്മയുടെ അഗ്നിയെ കെടുത്തുകയാണ്, ആന്തരികമായ മരണത്തിന്‍റെ മരവിപ്പിലേക്കു കടക്കുകയാണ്. അങ്ങനെയുള്ളവര്‍ വിനോദസഞ്ചാരികളെപ്പോലെ സഭയിലൂടെ കടന്നു പോകുകയാണ്. നാം സഭയില്‍ വിനോദസഞ്ചാരികള്‍ ആകുകയല്ല, മറിച്ച്, പരസ്പരം സഹോദരങ്ങള്‍ ആയിരിക്കയാണ് വേണ്ടത്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ചയും (21/08/19) വത്തിക്കാനില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിച്ചു. വേനല്‍ക്കാലസൂര്യതാപത്തില്‍ വലിയ കുറവൊന്നും അനുഭവപ്പെടാത്തതിനാല്‍ പൊതുകൂടിക്കാഴ്ചാവേദി, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ തുറസ്സായ അങ്കണത്തിനു പകരം, ബസിലിക്കയുടെ സമീപത്തുള്ള അതി വിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകര്‍, സന്ദര്‍ശകര്‍, ഇറ്റലിയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ചക്രക്കസേരയിലിരുന്നിരുന്ന രോഗികള്‍ എന്നിങ്ങനെ ആയിരക്കണക്കിനാളുകള്‍ ശാലയില്‍ സന്നിഹിതരായിരുന്നു. ശാലയില്‍ എത്തിയ പാപ്പായെ ജനസഞ്ചയം ആനന്ദാരവങ്ങളോടെ സ്വീകരിച്ചു.ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടും കുശലാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടും ഹസ്തദാനമേകിയും നീങ്ങിയ പാപ്പാ പിഞ്ചു കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. ചിലരേകിയ ചെറു ഉപഹാരങ്ങളും പാപ്പാ സ്വീകരിച്ചു. പ്രസംഗവേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് ഒരു മണിക്ക്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“32 വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.... 34 അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം പറമ്പും വീടും  സ്വന്തമായിട്ടുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലന്മാരുടെ കാല്‍ക്കലര്‍പ്പിച്ചു.35 അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച്  വിതരണം ചെയ്യപ്പെട്ടു.” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 4:32,34,35)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു താന്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.  

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പരിശുദ്ധാരൂപിയുടെ അതിസമൃദ്ധമായ വര്‍ഷണത്താലാണ് ക്രിസ്തീയ സമൂഹം ജന്മംകൊള്ളുന്നത്. ക്രിസ്തുവില്‍ സഹോദരീസഹോദരന്മാരായവര്‍ക്കുണ്ടായിരുന്ന പരസ്പരം പങ്കുവയ്ക്കുന്ന മനോഭാവമാകുന്ന കിണ്വം ആ സമൂഹത്തെ വളര്‍ത്തി. ദൈവത്തിന്‍റെ  കുടുംബം എന്ന നിലയില്‍ സഭയെ കെട്ടിപ്പടുക്കുന്നത് ഐക്യദാര്‍ഢ്യത്തിന്‍റെ  ബലതന്ത്രമാണ്. ഈ ദൈവകുടുംബത്തില്‍ കേന്ദ്രസ്ഥാനത്തു വരുന്നത് “കൊയിനൊണിയ” അനുഭവമാണ്. വിചിത്രമായ ഈ വാക്കിന്‍റെ പൊരുളെന്താണ്? “കൊയിനൊണിയ”(KOINONIA) എന്ന ഗ്രീക്കു പദത്തിനര്‍ത്ഥം  “എല്ലാം പൊതുവായി വയ്ക്കുക” പങ്കുവയ്ക്കുക, പങ്കുചേരുക, സംവദിക്കുക എന്നൊക്കെയാണ്. ക്രിസ്തുവിന്‍റെ  ശരീരരക്തങ്ങളിലുള്ള പങ്കുചേരലിനെയാണ് ആദിമ സഭയില്‍ “കൊയിനൊണിയ” ദ്യോതിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം പരസ്പരം ബന്ധം പുലര്‍ത്തുകയാണ്, യേശുവുമായുള്ള ബന്ധത്തില്‍ ആകുകയാണ്. യേശുവുമായുള്ള ഈ ബന്ധത്തില്‍ നിന്ന് നാം സഹോദരീസഹോദരങ്ങളുമായുള്ള ബന്ധത്തിലേക്കു കടക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ നാം യേശുവിന്‍റെ മാംസനിണങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് സാഹോദര്യൈക്യത്തില്‍ ആവിഷ്കൃതമാകുന്നു. അങ്ങനെ നമുക്കേറ്റം ദുഷ്ക്കരമായ ഒന്നിലേക്കും, അതായത്, എല്ലാ വസ്തുക്കളും സമൂഹാംഗങ്ങള്‍ എല്ലാവര്‍ക്കുമായി വയ്ക്കുകയും ജറുസലേമിലെ മാതൃസഭയ്ക്കയും മറ്റു സഭകള്‍ക്കും വേണ്ടി ധനം സമാഹരിക്കുകയും ചെയ്യുന്നതിലേക്കും അതു വിവര്‍ത്തനം ചെയ്യപ്പെടുന്നു. പൗലോസപ്പസ്തോലന്‍ എഴുതിയ റോമാക്കാര്‍ക്കുള്ള ലേഖനം 12,13 ലും കോറിന്തോസുകാര്‍ക്കുള്ള രണ്ടാം ലേഖനം 8,9 അദ്ധ്യായങ്ങളിലും ഇതെക്കുറിച്ചുള്ള സൂചനകള്‍ കാണാം.

ദിവ്യകാരുണ്യജീവിതവും പ്രാര്‍ത്ഥനകളും അപ്പസ്തോലന്മാരുടെ പ്രബോധനവും കൂട്ടായ്മയുടെ അനുഭവവും അനേകരായ വിശ്വാസികളെ “ഒരു ഹൃദയവും ഒരാത്മാവും” ഉള്ള സമൂഹമാക്കി എന്ന് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ പറയുന്നു. അവര്‍ തങ്ങള്‍ക്കുള്ള വസ്തുക്കള്‍ സ്വന്തമാക്കി വയ്ക്കാതെ പൊതുസ്വത്തായി വച്ചു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ ദരിദ്രരായി ആരും ഉണ്ടായിരുന്നില്ല...... തങ്ങള്‍ക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന, തങ്ങള്‍ക്കു അധികമായുള്ളവ ആവശ്യക്കാര്‍ക്കായി നല്കുന്ന ക്രൈസ്തവര്‍ സഭയില്‍ എന്നും ഉണ്ടായിട്ടുണ്ട്. പണം മാത്രമല്ല സമയവും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നവരുണ്ട്. സന്നദ്ധസേവകരായ ക്രൈസ്തവര്‍ എത്രയേറെയാണ്! സന്നദ്ധ സേവനവും ഉപവിപ്രവര്‍ത്തനങ്ങളും രോഗീസന്ദര്‍ശനവും എല്ലാം മറ്റുള്ളവരുമായുള്ള പങ്കുവയ്ക്കലാണ്. സ്വന്തം താല്പര്യങ്ങള്‍ നോക്കാതെയുള്ള പ്രവര്‍ത്തികളാണ്.

“കൊയിനൊണിയ”(KOINONIA) അഥവാ പങ്കുവയ്ക്കല്‍ അങ്ങനെ, കര്‍ത്താവിന്‍റെ  ശിഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ നൂതന ശൈലിയായി ഭവിച്ചു. ക്രിസ്തുവുമായുള്ള ബന്ധം സഹോദരങ്ങള്‍ക്കു മദ്ധ്യേ ബന്ധം സ്ഥാപിക്കുന്നു. അത് ഭൗതിക വസ്തുക്കള്‍ പങ്കുവയ്ക്കുന്നതിലേക്കെത്തിച്ചേരുകയും അതില്‍ ആവിഷ്കൃതമാകുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ ഗാത്രത്തിലെ അവയവമായിരിക്കുകയെന്നത്. ഈ സൗമ്യത, ഈ ഒന്നായിരിക്കല്‍, ഈ പരസ്പരസ്നേഹം കീശയിലേക്കും, അതായത്, അപരനു ധനം നല്കുകയെന്ന തടസ്സം നീക്കുന്നതിലേക്കും എത്തിച്ചേരുന്നു. അത് സ്വാര്‍ത്ഥതാല്‍പര്യത്തിനെതിരായി നീങ്ങുന്നു. അതുകൊണ്ടു തന്നെ ശക്തന്മാര്‍ ബലഹീനര്‍ക്ക് താങ്ങായിത്തീരുന്നു (റോമ 15,1). മാനവാന്തസ്സിനെ അവഹേളിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന ദാരിദ്ര്യം ഇവിടെ ആര്‍ക്കും അനുഭവപ്പെടുകയുമില്ല. 

ജെറുസലേമിലെ സഭയുടെ “നെടുംതൂണുകള്‍” എന്ന നിലയില്‍ യാക്കോബ്, പത്രോസ്, യോഹന്നാന്‍ എന്നീ മൂന്നു അപ്പസ്തോലന്മാര്‍ പൗലോസും ബാര്‍ണബാസുമായി കൂട്ടായ്മയുടെ ബന്ധം സ്ഥാപിക്കുന്നു. ഇവര്‍ രണ്ടുപേരും വിജാതീയരുടെ ഇടയിലും യാക്കോബും പത്രോസും യോഹന്നാനും യഹൂദര്‍ക്കിടയിലും പ്രേഷിതപ്രവര്‍ത്തനം നടത്തുന്നു. പാവപ്പെട്ടവരെക്കുറിച്ച് ചിന്തവേണം എന്ന് പൗലോസിനെയും ബാര്‍ണബാസിനെയും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.  ഭൗതികമായി ദാരിദ്ര്യം അനുഭവിക്കുന്നവര്‍ മാത്രമല്ല ഇവിടെ വിവക്ഷ.  ആദ്ധാത്മികമായി ദാരിദ്ര്യമുള്ളവര്‍, പ്രശ്നങ്ങളാലുഴലുന്നവര്‍, നമ്മുടെ സാമീപ്യം ആവശ്യമുള്ളവര്‍ എല്ലാം ഈ ഗണത്തില്‍ വരുന്നു.

സ്വത്തു പങ്കുവയ്ക്കലിന്‍റെ സമൂര്‍ത്തമായ ഒരു ഉദാഹരണം ബാര്‍ണബാസിന്‍റെ സാക്ഷ്യത്തില്‍ നമുക്കു കാണാം. അദ്ദേഹത്തിന് ഒരു വയല്‍ ഉണ്ടായിരുന്നു. അതു വിറ്റ് ആ പണം മുഴുവന്‍ ബാര്‍ണബാസ് അപ്പസ്തോലന്മാരെ ഏല്പിക്കുന്നു. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍:4,36-37). ഇതിനു വിരുദ്ധമായ ഒരു നിഷേധാത്മക സാക്ഷ്യവും കാണുന്നു. അനനിയായസും അദ്ദേഹത്തിന്‍റെ പത്നി സഫീറയും തങ്ങളുടെ ഭൂമി വിറ്റുകിട്ടിയ പണത്തില്‍ ഒരു ഭാഗം തങ്ങള്‍ക്കായി മാറ്റി വച്ചതിനു ശേഷം ബാക്കി അപ്പസ്തോലന്മാരെ ഏല്പിക്കുന്നു. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍:5,1-2). ഈ കപടത കൂട്ടായ്മയുടെ കണ്ണിയെ മുറിക്കുന്നു. ഇതിന്‍റെ അന്തരഫലം മാരകമായിരുന്നു. പത്രോസ് അപ്പസ്തോലന്‍ അനനിയാസിന്‍റെയും അവന്‍റെ ഭാര്യയുടെയും കാപട്യം വെളിച്ചത്തുകൊണ്ടുവരുന്നു. പത്രോസ് അനനിയാസിനോടു പറയുന്നു “നീ മനുഷ്യരോടല്ല ദൈവത്തോടാണ് വ്യാജം പറഞ്ഞത്” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍:5,3-4). കാപട്യം, അതായത്, നന്മയുടെ പൊയ്മുഖമണിഞ്ഞുകൊണ്ട് സ്വാര്‍ത്ഥതാല്പര്യപൂരണത്തിനായി യത്നിക്കുന്നത്, ക്രിസ്തീയ സമൂഹത്തിന്‍റെ ഏറ്റവും നികൃഷ്ട ശത്രുവാണ്. 

പങ്കുവയ്ക്കലില്‍ ആത്മാര്‍ത്ഥതയില്ലാതെവന്നാല്‍ അത് കാപട്യത്തെ നട്ടുവളര്‍ത്തുകയാണ്, സത്യത്തില്‍ നിന്നകലുകയാണ്, സ്വാര്‍ത്ഥരായിത്തീരുകയാണ്, കൂട്ടായ്മയുടെ അഗ്നിയെ കെടുത്തുകയാണ്, ആന്തരികമായ മരണത്തിന്‍റെ  മരവിപ്പിലേക്കു കടക്കുകയാണ്. അങ്ങനെയുള്ളവര്‍ വിനോദസഞ്ചാരികളെപ്പോലെ സഭയിലൂടെ കടന്നു പോകുകയാണ്. നാം സഭയില്‍ വിനോദസഞ്ചാരികള്‍ ആകുകയല്ല, മറിച്ച്, പരസ്പരം സഹോദരങ്ങള്‍ ആയിരിക്കയാണ് വേണ്ടത്. സഭയുടെ ചാരെ ആണെന്നു പറഞ്ഞുകൊണ്ട് സ്വാര്‍ത്ഥ താല്പര്യപൂരണത്തനായി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. സഭയെ നശിപ്പിക്കുന്ന നുണകളാണ് അവര്‍ പറയുന്നത്.

സകല കാപട്യങ്ങളെയും ജയിക്കുന്നതും ക്രിസ്തീയ ഐക്യദാര്‍ഢ്യത്തിന് പോഷണമേകുന്ന സത്യത്തെ പ്രസരിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയുടെ സൗമ്യത കര്‍ത്താവ് നമ്മില്‍ ചൊരിയാന്‍ ഞാന്‍, എല്ലാവര്‍ക്കും വേണ്ടി, പ്രാര്‍ത്ഥിക്കുന്നു. ഈ ഐക്യദാര്‍ഢ്യം ഒരു സാമൂഹ്യസേവന പ്രവര്‍ത്തനമായി മറാതെ സകലരുടെയും, വിശിഷ്യ, ഏറ്റം പാവപ്പെട്ടവരുടെ വത്സല അമ്മയായ സഭയുടെ സ്വഭാവത്തിന്‍റെ അനിഷേധ്യ ആവിഷ്ക്കാരമായിരിക്കട്ടെ. നന്ദി. 

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

തന്‍റെ പ്രസംഗവേളയില്‍ വേദിയിലേക്കു കയറുകയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ചെയ്ത ഒരു ബാലികയെപ്പറ്റി സുചിപ്പിച്ചുകൊണ്ട് പാപ്പാ രോഗബാധിതയായ ആ കൊച്ചു സുന്ദരിക്കുവേണ്ടിയും അവളുടെ മാതാപിതാക്കള്‍ക്കുവേണ്ടിയും ആ കുടുംബത്തിനുവേണ്ടിയും താന്‍ പ്രാര്‍ത്ഥിച്ചുവെന്ന് വെളിപ്പെടുത്തി. വേദനയനുഭവിക്കുന്ന കാണുമ്പോഴെല്ലാം നാം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ അനുവര്‍ഷം ആഗസ്റ്റ് 21-ന് വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

ഈ വിശുദ്ധന്‍റെ മാതൃക പിന്‍ചെന്ന്, യേശു ക്രിസ്തുവിന്‍റെ സുവിശേഷം ശ്രവിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തുകൊണ്ട് അവിടന്നുമായി കൂടിക്കാഴ്ച നടത്താന്‍ പാപ്പാ ആഹ്വാനം ചെയ്തു.  

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

21 August 2019, 13:08