"മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്"
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഈ ബുധനാഴ്ചയും (28/08/2019) ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ വത്തിക്കാനില്‍ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. റോമില്‍ വേനല്‍ക്കാല സൂര്യകിരണതാപം ശക്തമായിരുന്നെങ്കിലും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി ഈയാഴ്ച. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും വിവിധ സംഘടനകളുടെയും സന്ന്യസ്തസമൂഹങ്ങളുടെയും പ്രതിനിധികളും ഉള്‍പ്പടെ പതിനോരായിരത്തിലേറെപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ വരവേറ്റു.
ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏതാനും അള്‍ത്താര ബാലികാബാലന്മാരേയും വാഹനത്തിലേറ്റി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, സാവധാനം നീങ്ങി. പ്രസംഗവേദിക്കടുത്തുവച്ച് ആദ്യം കുട്ടികളും പിന്നീട് പാപ്പായും വാഹനത്തില്‍ നിന്നിറങ്ങി. തുടര്‍ന്നു പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
ബൈബിള്‍ വായന
“12 .....അപ്പസ്തോലന്മാരുടെ കരങ്ങള്‍ വഴി ജനമദ്ധ്യത്തില്‍ വളരെ അടയാളങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു... 15 അവര്‍ രോഗികളെ തെരുവീഥികളില്‍ നിന്നു കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്‍റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനു വേണ്ടിയായിരുന്നു അത്. 16 അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലേമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍ നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു.” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 5:12,15,16)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു താന്‍ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. പാപ്പാ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞു:
പ്രഭാഷണ സംഗ്രഹം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
വളരുന്ന സഭാസമൂഹം
അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന സഭാസമൂഹം ദൈവദത്തമായ ഏറെ സമ്പന്നതയില്‍ ജീവിച്ചു. കര്‍ത്താവ് ഉദാരതയോടെ നല്കുന്നവനാണ്. ബാഹ്യാക്രമണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഈ സമൂഹം അംഗസംഖ്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വലിയൊരു വളര്‍ച്ച അനുഭവവേദ്യമായിരുന്നു. ഈ സമൂഹത്തിന്‍റെ ഓജസ്സു നമുക്കു വെളിപ്പെടുത്തുന്നതിന് അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ ലൂക്കാ, വിശ്വാസികളുടെ സമാഗമ വേദിയായിരുന്ന സോളമന്‍റെ മണ്ഡപം പോലുള്ള സുപ്രധാനങ്ങളായ ഇടങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 5,12) തുറന്ന ചുറ്റുശാലയായ ഈ മണ്ഡപം ഒരു അഭയസ്ഥാനവും ഒപ്പം സമാഗമത്തിന്‍റെയും സാക്ഷ്യത്തിന്‍റെയും വേദിയുമായിരുന്നു. വാസ്തവത്തില്‍ ലൂക്കാ, അപ്പസ്തോലന്മാരുടെ വാക്കുകളെ തുടര്‍ന്നു നടക്കുന്ന അടയാളങ്ങളിലും അത്ഭുതങ്ങളിലും രോഗികളുടെ കാര്യത്തില്‍ അവര്‍ക്കുള്ള പ്രത്യേക കരുതലിലും ഊന്നല്‍ കൊടുക്കുന്നു.
ബലഹീനരെയു രോഗികളെയു സ്വാഗതം ചെയ്യുന്ന സമൂഹം
ജന്മം കൊള്ളുന്ന സഭ, ബലഹീനരെയും രോഗികളെയും സ്വീകരിക്കുന്ന “വിശാലപരപ്പിലെ ആതുരാലയം” ആയി അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ അഞ്ചാം അദ്ധ്യായത്തില്‍ അവതരിപ്പിക്കപ്പെടുന്നു. അവരുടെ ക്ലേശങ്ങള്‍ “വെള്ളിയൊ സ്വര്‍ണ്ണമൊ” കൈവശമില്ലാത്തവരായ അപ്പസ്തോലന്മാരെ ആകര്‍ഷിക്കുന്നു. വെള്ളിയൊ സ്വര്‍ണ്ണമൊ തങ്ങളുടെ കൈയ്യിലില്ലെന്ന് പത്രോസ് മുടന്തനോടു പറയുന്നുണ്ട്. എന്നാല്‍ അപ്പസ്തോലന്മാര്‍ യേശുവിന്‍റെ നാമത്തില്‍ ശക്തരായിരുന്നു. അവരുടെയും എക്കാലത്തെയും ക്രൈസ്തവരുടെയും നയനങ്ങള്‍ക്കു മുന്നില്‍ രോഗികള്‍ ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്തയുടെ സവിശേഷ ഗുണഭോക്താക്കളാണ്, ക്രിസ്തു സവിശേഷമാംവിധം സന്നിഹിതനായിരിക്കുന്നവരും നാം അന്വേഷിച്ചു കണ്ടെത്തേണ്ടവരുമായ സഹോദരങ്ങളാണവര്‍. സഭയ്ക്കും, വൈദികഹൃത്തിനും സകലവിശ്വാസികള്‍ക്കും സവിശേഷമാംവിധം പ്രിയപ്പെട്ടവരാണ് രോഗികള്‍. അവര്‍ വലിച്ചെറിയപ്പെടേണ്ടവരല്ല, പ്രത്യുത, അവരെ ശുശ്രൂഷിക്കുകയും കാത്തുപരിപാലിക്കുകയും ചെയ്യണം. ക്രീസ്തീയ ഔത്സുക്യത്തിന് പാത്രമാണവര്‍.
ക്രിസ്തുവിന്‍റെ പ്രവര്‍ത്തനം പത്രോസിലൂടെ
പത്രോസ് കട്ടിലുകളെ സമീപിക്കുന്നു, രോഗികളുടെ ഇടയിലൂടെ കടന്നുപോകുന്നു. യേശു എന്തു ചെയ്യുമായിരുന്നുവോ അപ്രകാരം പത്രോസ് ചെയ്യുന്നു. അവരുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു. ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന പത്രോസ് കടന്നുപോകുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ അപ്പസ്തോലന്‍ മറ്റൊരുവന്‍റെ ആവിഷ്ക്കാരം സാധ്യമാക്കുന്നു, അതായത്, ക്രിസ്തുവാണ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. വാസ്തവത്തില്‍, സാക്ഷി വാക്കുകൊണ്ടും ശാരീരിക സാന്നിധ്യത്താലും ക്രിസ്തുവിനെ വെളിപ്പെടുത്തുന്നവനാണ്.
സൗഖ്യദായക തലോടല്‍
ഇവിടെ പത്രോസ് ഗുരുവിന്‍റെ (ക്രിസ്തുവിന്‍റെ) പ്രവര്‍ത്തികള്‍ ചെയ്യുകയാണ്. വിശ്വാസത്തോടുകൂടി അവനെ നോക്കുന്നവന്‍ ക്രിസ്തുവിനെ ദര്‍ശിക്കുന്നു. തന്‍റെ കര്‍ത്താവിന്‍റെ ആത്മാവിനാല്‍ പൂരിതനായ പത്രോസ് ഒന്നും ചെയ്യാതെ കടുന്നുപോകുമ്പോള്‍ അവന്‍റെ നിഴല്‍ ഒരു തലോടലാകുന്നു, സൗഖ്യദായക തലോടല്‍ ആയി പരിണമിക്കുന്നു, അത് ആരോഗ്യം സംവേദനം ചെയ്യുന്നു. രോഗികളുടെ നേരെ കുനിയുകയും ജീവനും രക്ഷയും ഔന്നത്യവും വീണ്ടും പ്രദാനം ചെയ്യുകയും ചെയ്യുന്ന ഉത്ഥിതന്‍റെ ആര്‍ദ്രതയുടെ പ്രവാഹമായിത്തീരുന്നു.
ശത്രുത ജന്മം കൊള്ളുമ്പോള്‍.....
പത്രോസ് നടത്തുന്ന സൗഖ്യദായക കര്‍മ്മം സദുക്കേയരില്‍ വിദ്വേഷവും അസൂയയും ജനിപ്പിക്കുന്നു. അവര്‍ അപ്പസ്തോലന്മാരെ തടവിലാക്കുന്നു. അപ്പസ്തോലന്മാര്‍ കാരഗൃഹത്തില്‍ നിന്ന് അത്ഭുതകരമായി വിമോചിതരായപ്പോള്‍ അതില്‍ അസ്വസ്ഥരായവര്‍ ഇനിമേല്‍ പഠിപ്പിക്കരുതെന്ന് അവരെ വിലക്കുന്നു. “മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 5,29) എന്ന് പ്രതിവചിച്ചുകൊണ്ട് പത്രോസ് ക്രിസ്തീയജീവിതത്തിന്‍റെ ഒരു തത്വം അവതരിപ്പിക്കുന്നു. മനുഷ്യരെയന്നതിനേക്കാള്‍ ദൈവത്തെ ഞാന്‍ അനുസരിക്കും- ഇത് മഹത്തായ ക്രിസ്തീയ ഉത്തരമാണ്. ഇതിനര്‍ത്ഥം നിരുപാധികമായും, അഭിപ്രായന്വേഷണരഹിതമായും, കണക്കുകൂട്ടലുകള്‍ ഇല്ലാതെയും ദൈവത്തെ ശ്രവിക്കുകയെന്നാണ്; അവിടന്നുമായി ഉടമ്പടിയിലേര്‍പ്പെടാന്‍ അവിടത്തോടും നമ്മുടെ യാത്രയില്‍ നാം കണ്ടുമുട്ടുന്നവരോടും കൂറുപുലര്‍ത്തുകയുമാണ്.
ധൈര്യത്തിനായുള്ള പ്രാര്‍ത്ഥന
മൗനം പാലിക്കാന്‍ നമ്മോടു കല്പിക്കുന്നവരുടെയും നമ്മെ അപകീര്‍ത്തിപ്പെടുത്തുന്നവരുടെയും നമ്മുടെ ജീവിതത്തെ അപകടപ്പെടുത്താന്‍പോലും ശ്രമിക്കുന്നവരുടെയും മുന്നില്‍ ഭയപ്പെടാതിരിക്കാനുള്ള ശക്തി നമുക്കും പരിശുദ്ധാരൂപിയോടു യാചിക്കാം. നമ്മുടെ ചാരെ കര്‍ത്താവിന്‍റെ സ്നേഹമസൃണവും സാന്ത്വനദായകവുമായ സാന്നിധ്യം ഉണ്ടെന്ന ഉറപ്പുള്ളവരായിരിക്കുന്നതിന് നമ്മെ ആന്തരികമായി ശക്തിപ്പെടുത്താന്‍ നമുക്കു അവിടത്തോടു പ്രാര്‍ത്ഥിക്കാം. നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ സഭാപാരംഗതനും മെത്രാനുമായ വിശുദ്ധ അഗസ്റ്റിന്‍റെ തിരുന്നാള്‍ അനുവര്‍ഷം ആഗസ്റ്റ് 28-ന് സഭ ആചരിക്കുന്നത് അനുസ്മരിച്ചു.
ദൈവത്തിലേക്കും ഏറ്റം ആവശ്യത്തിലിരിക്കുന്നവരിലേക്കും നയിക്കുന്ന ആന്തരിക സരണി ആ വിശുദ്ധനോടൊപ്പം വീണ്ടും കണ്ടെത്താന്‍ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.