മുന്‍പാപ്പാ ബെനഡിക്ടും പാപ്പാ ഫ്രാന്‍സിസും - നേര്‍ക്കാഴ്ചകള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
2015 ഡിസംബര്‍ 22-വരെ പാപ്പാ ഫ്രാന്‍സിസും മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനും തമ്മില്‍ നടന്നിട്ടുള്ള നേര്‍ക്കാഴ്ചകളാണ് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടന്നിട്ടുള്ളവ വത്തിക്കാന്‍ തോട്ടത്തിലെ “മാത്തര്‍ എക്ലേസിയെ” ഭവനത്തില്‍വച്ചുള്ളവയും, തികച്ചും സ്വകാര്യവും അനൗപചാരികവുമാണ്.
“ഞങ്ങള്‍ സഹോദരങ്ങളാണ്.”
രണ്ടു പാപ്പാമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍
മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനും പാപ്പാ ഫ്രാന്‍സിസും തമ്മില്‍ പൊതുവിടങ്ങളിലും സ്വകാര്യമായും 14 തവണ കണ്ടുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ഈ രണ്ടു മഹല്‍വ്യക്തികള്‍ക്കും ഇടയിലുള്ള കൂടിക്കാഴ്ചകള്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലും, ഒരുമിച്ചുള്ള പ്രാര്‍ത്ഥനയുടെ നിമിഷങ്ങളിലും, പരസ്പര ബഹുമാനത്താലും സ്നേഹത്താലും പ്രേരിതമായിട്ടുള്ളവയുമാണ്.
(1) സ്ഥാനത്യാഗത്തിനുശേഷം ആദ്യം
സ്ഥാനത്യാഗത്തിനുശേഷം 2013 മാര്‍ച്ച്, 23-Ɔο തിയതി ക്യാസില്‍ ഗണ്ടോള്‍ഫൊയില്‍വച്ചു നടന്ന അവരുടെ ആദ്യസമാഗമം ലോകത്തിന്‍റെയും സഭയുടെയും ചരിത്രത്തില്‍ അവിസ്മരണീയ ചിത്രമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. 2013-Ɔമാണ്ട് ഫെബ്രുവരിയില്‍ 28- Ɔο തിയതി സ്ഥാനത്യാഗംചെയ്തതിനുശേഷം റോമാനഗരത്തില്‍നിന്നു 30 കി.മീ. അകലെ തെക്കുഭാഗത്തുള്ള വത്തിക്കാന്‍റെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയിലാണ് (Castle Gundolfo) പത്തുദിവസം മുന്‍പുമാത്രം തെരഞ്ഞെടുക്കപ്പെട്ട പാപ്പാ ഫ്രാന്‍സിസിനെ മുന്‍പാപ്പാ ബെനഡിക്ട് കണ്ടുമുട്ടുന്നത്. ഔദ്യോഗികമായ ഈ നേര്‍ക്കാഴ്ചയെ മൂന്നു ഘട്ടങ്ങളായോ, മുഹൂര്‍ത്തങ്ങളായോ വിഭജിക്കാം. (a) പേപ്പല്‍ വസതിയിലെ കപ്പേളയില്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥന, (b) അവര്‍ തമ്മിലുള്ള 40 മിനിറ്റു ദൈര്‍ഘ്യമുള്ള സ്വകാര്യസംഭാഷണം, (c) തുടര്‍ന്നു നടന്ന ഒരുമിച്ചുള്ള ഉച്ചഭക്ഷണം.
(2) പ്രാര്‍ത്ഥനയില്‍ അരികുചേര്‍ന്നു മുട്ടിന്മേല്‍ : 2013 മാര്‍ച്ച് 28
വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ ഡയറക്ടറും ഈശോസഭാംഗവുമായ ഫാദര്‍ ഫെദറിക്കൊ ലൊംബാര്‍ഡി അന്നു പറഞ്ഞത്, ചാപ്പലില്‍വെച്ച് സ്ഥാനത്യാഗിയായ പാപ്പാ ബെനഡിക്ട് ആരാധ്യസ്ഥാനത്തേയ്ക്ക് തന്‍റെ പിന്‍ഗാമിയെ ക്ഷണിച്ചുവെങ്കിലും പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. “നമ്മള്‍ സഹോദരങ്ങള്‍ ഒരേ പ്രാര്‍ത്ഥനാപീഠത്തില്‍ ഒപ്പം മുട്ടുകുത്തേണ്ടവര്‍...!”
(3) ബെനഡിക്ട് 16-Ɔമന്‍ പാപ്പാ
വത്തിക്കാനില്‍ തിരിച്ചെത്തുന്നു - 2013 മെയ് മാസം
പാപ്പാ ബെനഡിക്ടിന്‍റെ രാജിക്കുശേഷം വൈകാതെ പാപ്പാ ഫ്രാന്‍സിസുമായുണ്ടായ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ ആദ്യസമാഗമത്തെ തുടര്‍ന്ന് പലരും അദ്ദേഹത്തെ അവിടെച്ചെന്നു സന്ദര്‍ശിക്കുകയുണ്ടായി. 2013 മെയ് 2-ന് പാപ്പാ ബെനഡിക്ട് വത്തിക്കാനില്‍ തിരിച്ചെത്തിയപ്പോള്‍ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ സാഹോദര്യത്തിന്‍റെ വലിയ ഊഷ്മളതയോടെ സ്വാഗതംചെയ്തുവെന്നാണ്, അന്ന് വത്തിക്കാന്‍റെ വക്താവായിരുന്ന ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി രാജ്യാന്തര വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചത്. വത്തിക്കാന്‍ തോട്ടത്തിലുള്ള നവീകരിച്ച “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) ഭവനത്തിന്‍റെ ഉമ്മറത്തുവച്ചായിരുന്നു ഹൃദ്യവും സാഹോദര്യത്തിന്‍റേതുമായ ആ വരവേല്പു നടന്നത്.
(4) 2013, ജൂലൈ 5-Ɔο തിയതി
രണ്ടു മാസങ്ങള്‍ക്കുശേഷം 2013, ജൂലൈ 5-Ɔο തിയതി മുന്‍പാപ്പാ ബെനഡിക്ടും പാപ്പാ ഫ്രാന്‍സിസും തോളോടുതോള്‍ ചേര്‍ന്ന് വത്തിക്കാന്‍ ഉദ്യാനത്തില്‍ പുതുതായി സ്ഥാപിച്ച വിശുദ്ധ മിഖായേല്‍ മാലാഖയുടെ സ്മാരകത്തിന്‍റെ ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു. വത്തിക്കാന്‍ തോട്ടത്തില്‍ ഒരു മിഖായേല്‍ മാലാഖയുടെ സ്മാരകം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതും, അത് വത്തിക്കാന്‍ രാജ്യത്തിന് ആത്മീയ സംരക്ഷണമാകുമെന്ന് ഒത്താശചെയ്തതും പാപ്പാ റാത്സിങ്കറാണ്. അതുകൊണ്ടുതന്നെ ഉദ്ഘാടനച്ചടങ്ങിന് മുന്‍പാപ്പായുടെ സാന്നിദ്ധ്യം സമുചിതമായിരുന്നു.
(5) 2013 ജൂലൈ ബ്രസീലിലെ റിയോ നഗരത്തിലെ
ലോക യുവജനോത്സവത്തിനു മുന്‍പേയുള്ള കൂടിക്കാഴ്ച
ഏതാനും ദിവസങ്ങള്‍ക്കുശേഷം, ജൂലൈ 19-ന് പാപ്പാ ഫ്രാന്‍സിസ് മുന്‍പാപ്പാ ബെനഡിക്ടിനെ സന്ദര്‍ശിക്കാന്‍ “മാത്തര്‍ ഏക്ലേസിയെ” മന്ദിരത്തിലെത്തി. ബ്രസീലിലെ റിയോ ദി ജനായിയോ (Rio de Janeiro) നഗരത്തിലെ ആഗോള യുവജനോത്സവത്തില്‍ (WYD – World Youth Day) പങ്കെടുക്കാന്‍ പോകുന്ന യാത്രയ്ക്കു തൊട്ടുമുന്‍പായിരുന്നു അത്. സ്ഥാനാരോപിതനായശേഷം പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ഔദ്യോഗിക രാജ്യാന്തര പര്യടനവും, തിരഞ്ഞെടുപ്പിനുശേഷം തന്‍റെ ജന്മനാടായ ലാറ്റിനമേരിക്കയിലേയ്ക്കുള്ള പ്രഥമ യാത്രയുമായിരുന്നു അത്. യാത്രയിലും യുവജനങ്ങള്‍ക്ക് ഒപ്പമായിരിക്കുന്ന ദിനങ്ങളിലും അതുകൊണ്ടുതന്നെയാണ് പ്രാര്‍ത്ഥനയോടെ തന്നെ പിന്‍തുണയ്ക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് മുന്‍പാപ്പാ ബെനഡിക്ടിനോട് ആവശ്യപ്പെട്ടത്.
(6) ലോക യുവജനമേളയെക്കുറിച്ചുള്ള പങ്കുവയ്ക്കല്‍...
2013-ലെ ആഗോള യുവജനദിനത്തിന്‍റെ വേദി ബ്രസീലിലെ റിയോ നഗരമായിരിക്കുമെന്ന്, അതിനുമുന്‍പു നടന്ന പോളണ്ടിലെ ക്രാക്കോ നഗരത്തിലെ യുവജനോത്സവത്തിന്‍റെ അന്ത്യത്തില്‍ പ്രഖ്യാപിച്ചത് പാപ്പാ ബെനഡികടായിരുന്നു. ഇക്കാര്യം മനസ്സിലേറ്റിക്കൊണ്ട്, സന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ ബെനഡിക്ടിന് രണ്ടു ഉപഹാരങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് നല്കുകയുണ്ടായി. സമ്മേളനത്തിന്‍റെ അനുസ്മരണയ്ക്കായി വെള്ളിയില്‍ തയ്യാറാക്കിയ ഒരു വലിയ മെഡലും, രാജ്യാന്തര യുവജനസംഗമത്തില്‍ ആത്മീയമായി പങ്കുകൊള്ളാന്‍ സ്ഥാനത്യാഗിയായ പാപ്പാ ബെനഡകിടിനെ അനുവദിക്കുമാറ് പ്രത്യേകം തയ്യാറാക്കിയ യുവജന സംഗമത്തിന്‍റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു ലഘു പുസ്തകങ്ങളുമായിരുന്നു അവ. മറുപടിയായി ജര്‍മ്മനിയിലെ കൊളോണിലും ഓസ്ട്രേലിയയിലെ സിഡ്നിയിലും, സ്പെയിനിലെ മാഡ്രിഡിലുംവച്ചു നടന്ന ലോക യുവജനാഘോഷങ്ങളുടെ അത്ഭുതകരവും ഉല്‍ക്കടവുമായ, ഇന്നത്തെ യുവജനങ്ങളുടെ ഉള്ളുതുറക്കുന്ന അനുഭവങ്ങളെ പാപ്പാ ബെന്ഡിക്ടു തന്‍റെ പിന്‍ഗാമിയുമായി പങ്കുവച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു “മാത്തര്‍ എക്ലേസിയേെ” ഭവനത്തില്‍ നടത്തിയ ഹ്രസ്വമായ പ്രാര്‍ത്ഥനയോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
(7) 2013 ഡിസംബര്‍ - പാപ്പാ ഫ്രാന്‍സിസില്‍നിന്ന്
തന്‍റെ മുന്‍ഗാമിക്ക് ലഭിച്ച ക്രിസ്തുമസ്സ് ആശംസകള്‍!
2013-ന്‍റെ അവസാനത്തില്‍ പാപ്പാ ഫ്രാന്‍സിസും തന്‍റെ മുന്‍ഗാമിയും ഡിസംബറില്‍ രണ്ടുതവണ പരസ്പരം കാണുകയുണ്ടായി. ആ മാസത്തെ 23-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ്സ് ആശംസകള്‍ അര്‍പ്പിക്കുവാനായി “മാത്തര്‍ എക്ലേസിയെ” ഭവനത്തില്‍ എത്തിയിരുന്നു.
(8) അതിനു നാലുദിവസം കഴിഞ്ഞ്, ഡിസംബര്‍ 27-ന് പാപ്പാ ബെനഡകിട് വത്തിക്കാനിലെ സാന്താ മാര്‍ത്താ വസതിയില്‍ പാപ്പായുടെ ക്ഷണപ്രകാരം ഉച്ചഭക്ഷണത്തിന് ഒരുമിച്ചു കൂടുകയും ചെയ്തു.
(9) മുന്‍ഗാമികള്‍ രണ്ടുപേരുടെ വിശുദ്ധപദപ്രഖ്യാപനം
2014 ഏപ്രില്‍ മാസത്തില്‍ ജോണ്‍ 23-Ɔമന്‍ പാപ്പായുടെയും ജോണ്‍ പോള്‍ രണ്ടാമന്‍റെയും വിശുദ്ധപദ പ്രഖ്യാപനത്തിന് രണ്ടു പാപ്പാമാരും പൊതുവേദിയയില്‍ കണ്ടുമുട്ടി. ഏപ്രില്‍ 27-ന് നടന്ന ചടങ്ങില്‍ ബെന്ഡിക്ട് 16-Ɔമന്‍ പങ്കെടുത്തത് സഹകാര്‍മ്മികനായിട്ടായിരുന്നെങ്കിലും, അത് അള്‍ത്താരയില്‍ ആയിരുന്നില്ല. മറ്റു കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും ഇടയില്‍ ഒരാളെപ്പോലെ, സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ഇടതുഭാഗത്തുള്ള വേദിയില്‍ ഒരു കസേരയില്‍ ഉപവിഷ്ടനായിക്കൊണ്ട് തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു.
(10) മുത്തച്ഛന്മാരുടെ വത്തിക്കാനിലെ സംഗമത്തില്‍
സെപ്തംബര്‍ 28-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സംഘടിപ്പിക്കപ്പെട്ട മുത്തശ്ശന്മാരും വന്ദ്യവയോധികരുമായുള്ളവരുടെ ഒരു മുഖാമുഖം പരിപാടിയില്‍ മുന്‍പാപ്പാ ബെനഡിക്ട് എളിമയോടെ പങ്കെടുത്തുകൊണ്ട് തന്‍റെ പ്രായാധിക്യത്തെയും വിരക്തജീവിതത്തെയും ഏറ്റുപറഞ്ഞു.
(11) പോള്‍ 6-Ɔമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ടപദവിയുടെ പ്രഖ്യാപനം
2014 ഒക്ടോബര്‍ 19-ന് പോള്‍ ആറാമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തിലും പാപ്പാ ബെനഡിക്ട് പങ്കെടുത്തു. 1977 ജൂണ്‍ 27-ന് മെത്രാനായിരുന്ന ജോസഫ് റാത്സിങ്കറെ കര്‍ദ്ദിനാളായി വാഴിച്ചത് പോള്‍ ആറാമന്‍ പാപ്പായായിരുന്നു.
(12) ആദരസൂചകമായി സ്ഥാനിക ചിഹ്നമായ വെളുത്തതൊപ്പി ഊരിമാറ്റി
2015 ഫെബ്രുവരിയില്‍ വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളില്‍ (Consistory Hall) നടന്ന ഒരു വര്‍ഷത്തിനുശേഷം, 2015 ഫെബ്രുവരി 14-ന്, 20 പുതിയ കര്‍ദ്ദിനാളന്മാരെ നിയമിക്കുവാന്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ യോഗത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ക്ഷണപ്രകാരം പാപ്പാ ബെനഡിക്ടും എത്തിയിരുന്നു. കര്‍ദ്ദിനാളന്മാര്‍ എല്ലാവരും മുന്‍പാപ്പായെ ആശ്ലേഷിച്ചു സ്വീകരിച്ചു. പാപ്പാ ഫ്രാന്‍സിസും അവിടെ സന്നിഹിതനായിരുന്നു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിനെ അഭിവാദ്യംചെയ്യാന്‍ നീങ്ങിയ മുന്‍പാപ്പാ എളിമയുടെയും ബഹുമാനത്തിന്‍റെയും സൂചകമായി തന്‍റെ വെളുത്ത സ്ഥാനികതൊപ്പി ഊരിമാറ്റിയശേഷമാണ് പിന്‍ഗാമിയെ സഹോദര നിര്‍വിശേഷം ആലിംഗനംചെയ്തത്.
(13) വേനല്‍ വിശ്രമത്തിനു പോകും മുന്‍പേ...
അതേ വര്‍ഷം, 2015 ജൂണ്‍ 30-ന് വത്തിക്കാന്‍റെ വേനല്‍ വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് മുന്‍പാപ്പാ രണ്ടാഴ്ചത്തേയ്ക്ക് പുറപ്പെടും മുന്‍പേ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ മത്താര്‍ എക്ലേസിയെ ഭവനത്തില്‍ ചെന്നു കാണുകയും, സുഖപ്രദമായ വേനല്‍ വിശ്രമം നേരുകയും ചെയ്തു.
(14) ജൂബിലി കവാടത്തില്‍വച്ചുള്ള കൂടിക്കാഴ്ച
പ്രതീകാത്മകതകൊണ്ട് ശ്രദ്ധേയമായ കൂടിക്കാഴ്ച നടന്നത് 2015 ഡിസംബര്‍ 8-Ɔο തിയതിയായിരുന്നു – കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന് പ്രാരംഭം കുറിക്കുന്ന ജുബിലി കവാടത്തിന്‍റെ അനുഷ്ഠാനപ്രകാരമുള്ള തുറക്കലായിരുന്നു അത്. വത്തിക്കാനിലെ ബസിലിക്കയുടെ ഉമ്മറത്തു വലതുഭാഗത്തുതന്നെയുള്ള വിശുദ്ധകവാടം പാപ്പാ ഫ്രാന്‍സിസ് തള്ളി തുറന്നുകൊണ്ട് ഔദ്യോഗികമായി കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന് തുടക്കംകുറിച്ച സന്ദര്‍ഭത്തിലായിരുന്നു അത്. ബസിലിക്കയുടെ പൂമുഖത്തെ മേലാപ്പിനു കീഴില്‍ ബെനഡിക്ടു
16-Ɔമന്‍ പാപ്പാ തന്‍റെ സെക്രട്ടറിയും, വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രീഫെക്ടുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍റെ കൈയ്യില്‍ ഒരു താങ്ങായി പിടിച്ചുകൊണ്ട്, പാപ്പാ ഫ്രാന്‍സിസിനു പിറകെ ആദ്യതീര്‍ത്ഥാടകനായി ചരിത്രത്തിലെ കാരുണ്യത്തിന്‍റെ ജൂബിലികവാടം കടന്നു. അത്യപൂര്‍വ്വവും ഹൃദ്യവുമായ ഒരു തീര്‍ത്ഥാടനവും, ഒപ്പം അതിശ്രേഷ്ഠനും എന്നാല്‍ വിനയാന്വിതനുമായ തീര്‍ത്ഥാടകനും...!
പാപ്പാ ഫ്രാന്‍സിസും മുന്‍പാപ്പാ ബെനഡിക്ടും തമ്മിലുള്ള
ഫോണ്‍ സംഭാഷണങ്ങള്‍
പത്രോസിന്‍റെ പിന്‍ഗാമികള്‍ക്കിടയില്‍ നടന്ന കൂടിക്കാഴ്ചകള്‍ക്കു പുറമെ നിരവധി ടെലിഫോണ്‍ സംഭാഷണങ്ങളും ഇവര്‍ക്കിടയില്‍ ഉണ്ട്. ഔദ്യോഗികമായി ഉറപ്പുവരുത്തിയ ആദ്യത്തെ സംഭാഷണം നടക്കുന്നത് 2013 മാര്‍ച്ച് 19-നായിരുന്നു. യൗസേപ്പിതാവിന്‍റെ ജന്മദിനമായി സഭ ആചരിക്കുന്ന ആ ദിവസം നാമധാരിയായ ജോസഫ് റാത്സിങ്കറിന് നാമഹേതുകത്തിരുനാളായിരുന്നു. സാന്ദര്‍ഭികമായി അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായ മാരിയോ ബെര്‍ഗോളിയോ പത്രോസിന്‍റെ പിന്‍ഗാമിയായി ഔദ്യോഗിക പദവികള്‍ ഏറ്റെടുത്ത തിയതിയും അന്നായിരുന്നു. അന്നേ ദിവസം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് പാപ്പാ ഫ്രാന്‍സിസ് ബെനഡിക്ട് 16-Ɔമനെ വിളിച്ച് ആശംസകള്‍ അര്‍പ്പിക്കുകയും അദ്ദേഹം സഭയ്ക്കു ചെയ്ത സേവനങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദിപറയുകയും ചെയ്തു. തുടര്‍ന്നു മറുപടിയായി സ്ഥാനത്യാഗിയായ പാപ്പാ പ്രാര്‍ത്ഥനയിലൂടെയുള്ള ഐക്യദാര്‍ഢ്യം തന്‍റെ പിന്‍ഗാമിക്ക് ഉറപ്പുനല്കി.
ഇത്തരത്തിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ 2013 ഏപ്രില്‍ 16-നും 2014-ലും തുടര്‍ന്നിരുന്നു. ബെനഡിക്ട് 16-Ɔമന്‍ പാപ്പായുടെ ജന്മദിനത്തില്‍, 2015 ഏപ്രില്‍ 16-ന് പ്രഭാത ദിവ്യബലിയില്‍ തന്‍റെ മുന്‍ഗാമിയുടേ സ്മരണയില്‍ അദ്ദേഹം പറയുകയുണ്ടായി, “ബെനഡിക്ട് 16-Ɔമന്‍ പാപ്പായുടെ ജനന്മദിനം ഇന്നാണെന്ന് നാം ഓര്‍ക്കണം. അദ്ദേഹത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുകയും നിങ്ങള്‍ ഏവരോടും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. സര്‍വ്വശക്തന്‍ അദ്ദേഹത്തെ പരിപാലിച്ച് അളവറ്റ സന്തോഷവും സായുജ്യവും നല്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!”