തിരയുക

അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന വെടിവെയ്പ്പു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ദുഃഖാര്‍ത്തര്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന വെടിവെയ്പ്പു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ദുഃഖാര്‍ത്തര്‍ 

വെടിവെയ്പ്പു ദുരന്തത്തിനിരകളായവര്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥന!

അമേരിക്കന്‍ ഐക്യനാടുകളില്‍ , ടെക്സസ്, ഒഹായിയൊ എന്നീ സംസ്ഥാനങ്ങളിലുണ്ടായ വെടിവെയ്പ്പു ദുരന്തം 30-ലേറെപ്പേരുടെ ജീവന്‍ അപഹരിച്ചു.

ജോയി കരിവേലി വത്തിക്കാന്‍ സിറ്റി

അമേരിക്കന്‍ ഐക്യനാടുകളില്‍ ശനി (03/08/19), ഞായര്‍ (04/08/19) ദിനങ്ങളില്‍ അനേകരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പു ദുരന്തത്തിനിരകളായവര്‍ക്ക്  പാപ്പായുടെ ഫ്രാന്‍സീസ് പാപ്പായുടെ പ്രാ‍ര്‍ത്ഥനാഞ്ജലി.

ഞായാറാഴ്ച (04/08/19) മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയിലാണ് ഈ വെടിവെയ്പുകളില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും ഈ ദുരന്തംമൂലം കേഴുന്നവര്‍ക്കുംവേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചത്.

അമേരിക്കന്‍ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തിലെ എല്‍ പാസ്സൊയിലെ വാള്‍ മാര്‍ട്ടില്‍ ശനിയാഴ്ച 21 കാരനായ പാട്രിക് ക്രൂസിയസ് 22 നിരപരാധികളു‌ടെ  ജീവനെടുക്കുകയും, ഒഹായിയൊ സംസ്ഥാനത്തിലെ ഡേട്ടണില്‍ ഞായറാഴ്ച പുലര്‍ച്ചെ 24 കാരനായ കോണര്‍ ബെറ്റ്സ് 9 പേരെ വധിക്കുകയും ചെയ്ത ദുരന്തങ്ങളില്‍ വേദനിക്കുന്നവരുടെ ചാരെ തന്‍റെ ആദ്ധ്യാത്മിക സാന്നിധ്യം പാപ്പാ ഉറപ്പു നല്കി. 

ഈ ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള തന്‍റെ പ്രാര്‍ത്ഥനയില്‍ ഒന്നു ചേരാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ തുടര്‍ന്ന് പരിശുദ്ധ കന്യകാമറിയത്തോടുള്ള  “നന്മനിറഞ്ഞ മറിയമേ” എന്ന പ്രാര്‍ത്ഥന നയിക്കുകയും ചെയ്തു.

വിശുദ്ധ ജോണ്‍ മരിയ ബാപ്റ്റിസ്റ്റ് വിയാന്നിയുടെ 160-Ↄ○ ചരമവര്‍ഷികം

ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ, ആഴ്സിലെ വിശുദ്ധ ജോണ്‍ മരിയ ബാപ്റ്റിസ്റ്റ് വിയാന്നിയുടെ 160-Ↄ○ ചരമവര്‍ഷികം ആഗസ്റ്റ് 4-ന് ആയിരുന്നത് അനുസ്മരിച്ചു.  

സകലവൈദികര്‍ക്കും നന്മയുടെയും ഉപവിയുടെയും മാതൃകയാണ് ഈ വിശുദ്ധനെന്നു പറഞ്ഞ പാപ്പാ, വിനയാന്വിതനും തന്‍റെ ജനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവനുമായ ഈ ഇടവക വികാരിയുടെ സാക്ഷ്യം ഇന്നത്തെ സമൂഹത്തില്‍ ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ  മനോഹാരിതയും പ്രാധാന്യവും കണ്ടെത്തുന്നതിന് സഹായിക്കട്ടെയെന്ന് ആശംസിച്ചു. 

വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ ചരമവാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തില്‍ താന്‍ ലോകത്തിലെ എല്ലാ കത്തോലിക്കാ വൈദികര്‍ക്കുമായി ഒരു കത്തു നല്കിയതിനെക്കുറിച്ചും സൂചിപ്പിച്ചു.

കര്‍ത്താവ് എന്തു ദൗത്യത്തിനായി വിളിച്ചിരിക്കുന്നുവോ ആ ദൗത്യത്തോടു വിശ്വസ്തരായിരിക്കാന്‍ വൈദികര്‍ക്ക് പ്രചോദനം പകരുകയാണ് ഈ കത്തിന്‍റെ  ലക്ഷ്യമെന്ന് പാപ്പാ വെളിപ്പെടുത്തുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2019, 06:30