തിരയുക

Vatican News
അഗ്നി വിഴുങ്ങുന്ന ആമസോണ്‍ കാടുകള്‍- ബ്രസീലില്‍ നിന്നുള്ള ഒരു ദൃശ്യം അഗ്നി വിഴുങ്ങുന്ന ആമസോണ്‍ കാടുകള്‍- ബ്രസീലില്‍ നിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

ആമസോണ്‍ മഴക്കാടുകള്‍ തീപിടിച്ചു നശിക്കുന്നു-പാപ്പായുടെ ആശങ്ക!

ആമസോണ്‍ വനപ്രദേശത്തെ അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടായ യത്നത്തിനായി പാപ്പാ അഭ്യര്‍ത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആമസോണ്‍ ആരണ്യകത്തില്‍ അനിയന്ത്രിതമായി പടരുന്ന വന്‍ അഗ്നിബാധയില്‍ പാപ്പാ ആശങ്കയറിയിച്ചു.

ഞായറാഴ്ച (25/08/19) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയുടെ അവസാനം വിശ്വാസികളെ അഭിവാദ്യം ചെയ്ത അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ആമസോണ്‍ മഴക്കാടുകളിലുണ്ടായ തീപിടുത്തത്തില്‍ തന്‍റെ ആശങ്ക അറിയിക്കുകയും എല്ലാവരുടെയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. 

സകലരുടെയും പരിശ്രമത്താല്‍ തീ എത്രയും വേഗം അണയ്ക്കാന്‍ കഴിയുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

വനപ്രദേശമാകുന്ന ആ “ശ്വാസകോശം” നമ്മുടെ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം ജീവല്‍പ്രധാനമാണെന്ന വസ്തുത പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

ആമസോണ്‍ വനപ്രദേശത്തിന്‍റെ 60 ശതമാനവും ബ്രസീലിലാണ്. ശേഷിച്ച 40 ശതമാനം ബൊളീവിയ, കൊളംബിയ, ഇക്വദോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനാം, വെനെസ്വേല തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

ഇക്കൊല്ലം ഇതുവരെ 72000 ത്തിലേറെ തീപിടുത്തങ്ങള്‍ ആമസോണ്‍ അരണ്യത്തിലുണ്ടായതായി കണക്കാക്കപ്പെടുന്നു.

2018-ല്‍ ഇക്കാലയളവിലുണ്ടായതിനെക്കാള്‍ 83 ശതമാനം കൂടുതലാണ് ഇതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

 

27 August 2019, 08:50