തിരയുക

നല്ലൊരു നാളെ സ്വപ്നം കണ്ട് ദുരന്തമണ്ണില്‍ നിന്ന് പലായനം ചെയ്ത് ശാന്തിഭൂമി തേടി സാഹസിക സമുദ്രയാത്ര നടത്തുന്ന അഭയാര്‍ത്ഥികള്‍ നല്ലൊരു നാളെ സ്വപ്നം കണ്ട് ദുരന്തമണ്ണില്‍ നിന്ന് പലായനം ചെയ്ത് ശാന്തിഭൂമി തേടി സാഹസിക സമുദ്രയാത്ര നടത്തുന്ന അഭയാര്‍ത്ഥികള്‍ 

ഉപവിയുടെ നവീന സംരംഭങ്ങള്‍ ഇന്നിന്‍റെ ആവശ്യം-പാപ്പാ

സുവിശേഷാനുസൃത ജീവിതം നയിക്കാന്‍ കഴിയേണ്ടതിന് ക്രൈസ്തവന്‍ ദൈവത്തെ ആരാധിക്കുകയും ഒപ്പം അയല്‍ക്കാരനെ ശുശ്രൂഷിക്കുന്നതിന് സന്നദ്ധനായിരിക്കുകയും വേണം- ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലോകത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന നൂതനങ്ങളായ ആവശ്യങ്ങള്‍ക്കുമുന്നില്‍ ഉപവിയുടെ നവീന സംരംഭങ്ങള്‍കൊണ്ട് പ്രത്യുത്തരിക്കാന്‍ കഴിവുറ്റ ക്രിസ്തുശിഷ്യര്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

ഞായറാഴ്ച (18/08/2019) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച പൊതുവായ ത്രികാലപ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ വിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ഉദ്ബോധനം നല്കിയത്. 

താന്‍ വന്നിരിക്കുന്നത് ഭൂമിയില്‍ തീയിടാനാണെന്നും സമാധാനമല്ല ഭിന്നതയാണ് താന്‍ കൊണ്ടുവന്നിരിക്കുന്നതെന്നും യേശു ശിഷ്യരോടു പറയുന്ന അഗ്രാഹ്യവും വൈരുദ്ധ്യാത്മകവുമായ വാക്കുകളടങ്ങിയ സുവിശേഷഭാഗം (ലൂക്കാ: 12,49-53)  ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

സുവിശേഷാനുസൃത ജീവിതം നയിക്കാന്‍ കഴിയേണ്ടതിന് ക്രൈസ്തവന്‍ ദൈവത്തെ ആരാധിക്കുകയും ഒപ്പം അയല്‍ക്കാരനെ ശുശ്രൂഷിക്കുന്നതിന് സന്നദ്ധനായിരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ അപ്രകാരം സുവിശേഷം രക്ഷാദായകമായി ഭവിക്കുമെന്നും ഓരോ വ്യക്തിയുടെയും ഹൃദയത്തെ നവീകരിക്കുകയും ലോകത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന അഗ്നിയായി ആവിഷ്കൃതമാകുമെന്നും ഉദ്ബോധിപ്പിച്ചു.

ക്രൈസ്തവരെന്നു വിളിക്കപ്പെടുന്നത് നല്ലതു തന്നെ, എന്നാല്‍, സര്‍വ്വോപരി, സമൂര്‍ത്തമായ അവസ്ഥകളില്‍ ക്രൈസ്തവരായിരിക്കുകയാണ് ആവശ്യമെന്നും  ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹം കാതലായിരിക്കുന്ന സുവിശേഷത്തിന് സാക്ഷ്യമേകിക്കൊണ്ടാണ് ഇങ്ങനെ ആയിത്തീരേണ്ടതെന്നും പാപ്പാ വ്യക്തമാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2019, 07:43