വിശ്വാസദീപത്തില്‍ പ്രാര്‍ത്ഥനയാല്‍ എണ്ണയൊഴിക്കുക!
ജോയി കരവേലി, വത്തിക്കാന്‍ സിറ്റി
റോമാപുരി സൂര്യതാപത്തിന്‍റെ കനത്ത പ്രഹരമേറ്റ ദിനങ്ങളിലാണ്. എങ്കിലും ഈ ഞായാറാഴ്ചയും (11/08/19) മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് പലരും കുടകള്‍ ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്തിരുന്നു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.
വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (11/08/19) ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം 12-Ↄ○ അദ്ധ്യായം 32-48 വരെയുള്ള വാക്യങ്ങള്‍, അതായത്, ഇഹത്തില്‍ സമ്പത്താര്‍ജ്ജിക്കാനല്ല, മറിച്ച്, സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കൂട്ടാനും മനുഷ്യപുത്രന്‍റെ വരവ് പ്രതീക്ഷിച്ച് ജാഗരൂഗരായിരിക്കാനും ആഹ്വാനം ചെയ്യുന്ന വാക്കുകള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ പരിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:
പാപ്പായുടെ പ്രഭാഷണം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
ഉണര്‍ന്നിരിക്കുക
ഇന്നത്തെ സുവിശേഷത്താളില്‍ യേശുനാഥന്‍ സ്വശിഷ്യരെ നിരന്തരം ജാഗരൂകരായിരിക്കാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. അത് എന്തുകൊണ്ടാണ്? അത്, അവരുടെ ജീവിതത്തിലൂടെ ദൈവം കടന്നുപോകുന്നത് അവര്‍ മനസ്സിലാക്കാനാണ്; കാരണം ദൈവം ജീവിതത്തിലൂടെ അനുസ്യൂതം കടന്നുപോകുന്നു. അതുപോലെ തന്നെ, ജാഗരൂഗരായിരിക്കേണ്ടത് എങ്ങനെയാണെന്ന് യേശു സൂചിപ്പിക്കുകയും ചെയ്യുന്നു: ”നിങ്ങള്‍ അരമുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിന്‍”, (ലൂക്കാ:12,35). ഇതാണ് ആ ശൈലി. സര്‍വ്വോപരി, “അര മുറുക്കിയിരിക്കണം”. യാത്രയ്ക്കൊരുങ്ങി നില്ക്കുന്ന ഒരു തീര്‍ത്ഥാടകന്‍റെ ഭാവത്തെ അനുസ്മരിപ്പിക്കുന്ന ഒരു അനുബിംബമാണിത്. സൗകര്യപ്രദവും സുരക്ഷിതത്വം ഉറപ്പേകുന്നതുമായ വാസയിടത്തില്‍ ആഴത്തില്‍ വേരുറപ്പിക്കാതിരിക്കുകയും നമ്മുടെ ജീവിതത്തിലുള്ള ദൈവത്തിന്‍റെ കടന്നുപോകലിന് ലാളിത്യത്തോടും വിശ്വാസത്തോടും കൂടി വഴങ്ങിക്കൊടുക്കുകയും, അടുത്ത ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവഹിതത്തോടു തുറവു കാട്ടുകയും ചെയ്യുക എന്നതാണ് ഇതിനര്‍ത്ഥം. കര്‍ത്താവ് നമ്മോടുകൂടെ സദാ സഞ്ചരിക്കുന്നു, ഏറെ ദുര്‍ഘടമായ പാതയില്‍ നാം വഴിതെറ്റാതിരിക്കുന്നതിന് നമ്മെ നയിക്കുന്നതിനായി പലപ്പോഴും കൈപിടിച്ചു നടത്തുന്നു. വാസ്തവത്തില്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവന് നല്ലവണ്ണം അറിയാം വിശ്വാസജീവിതമെന്നാല്‍ നിശ്ചലമായ ഒന്നല്ല പ്രത്യുത, ചലനാത്മകം ആണെന്ന്. വിശ്വാസ ജീവിതം എന്നും കര്‍ത്താവുതന്നെ ഓരോ ദിനവും നമുക്കു കാണിച്ചു തരുന്ന നൂതനങ്ങളായ ഘട്ടങ്ങളിലേക്കുള്ള നിരന്തര യാത്രയാണ്, എന്തെന്നാല്‍ അവിടന്ന് വിസ്മയങ്ങളുടെ കര്‍ത്താവാണ്, നവീനതകളുടെ, യഥാര്‍ത്ഥ പുതുമകളുടെ കര്‍ത്താവാണ്.
ദീപം കൊളുത്തുക
”അരമുറുക്കിയിരിക്കുക” എന്ന പ്രഥമ ശൈലിക്കു ശേഷം വരുന്ന ആവശ്യം രാത്രിയുടെ ഇരുളിനെ അകറ്റാന്‍ സാധിക്കുന്നതിന് “വിളക്കുകൊളുത്തി”യിരിക്കുക എന്നതാണ്. ജീവിതത്തിലെ നിരവധിയ “ഇരുളുകളെ” പ്രഭാപൂര്‍ണ്ണങ്ങളാക്കിത്തീര്‍ക്കാന്‍ കഴിവുറ്റതും അധികൃതവും പക്വവുമായ വിശ്വാസം ജീവിക്കാനാണ് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മികമായി ഇരുളടഞ്ഞ നിശകള്‍ നമുക്കെല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് നമുക്കറിയാം. പ്രാര്‍ത്ഥനയും വചനശ്രവണവും വഴിയുള്ള യേശുവുമായുള്ള ഹൃദയങ്ങളുടെ കൂടിക്കാഴ്ചയാല്‍ വിശ്വാസത്തിന്‍റെ വിളക്കില്‍ നിരന്തരം എണ്ണയൊഴിക്കേണ്ടത് ആവശ്യമാണ്. ഞാന്‍ നിരവധി തവണ നിങ്ങളോടു പറഞ്ഞിട്ടുള്ളത് ആവര്‍ത്തിക്കുകയാണ്: വായിക്കുന്നതിനായി ഒരു ചെറു സുവിശേഷഗ്രന്ഥം നിങ്ങളുഠെ കീശയില്‍, യാത്രാസഞ്ചിയില്‍ സദാ സൂക്ഷിക്കുക. അത് യേശുവിന്‍റെ വചനത്താല്‍ അവിടന്നുമായുള്ള കൂടിക്കാഴ്ചയാണ്. സകലരുടെയും നന്മയ്ക്കായി നമുക്കു ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്നതാണ് പ്രാര്‍ത്ഥനയിലും യേശുവിന്‍റെ വചനത്തിലും അവിടന്നുമായുള്ള സമാഗമത്തിന്‍റെ ഈ വിളക്ക്. ആകയാല്‍ മറ്റുള്ളവരോടു നിസ്സംഗത കാട്ടിക്കൊണ്ട് സ്വന്തം രക്ഷയെക്കുറിച്ചുള്ള ഉറപ്പിലേക്ക് പിന്‍വലിയാന്‍ ആര്‍ക്കും സാധിക്കില്ല. സ്വയം ആന്തരികമായി പ്രകാശിക്കാന്‍ ഒരുവനു കഴിയുമെന്നത് ഒരു മനക്കോട്ട മാത്രമാണ്. അതെ, അതൊരു സങ്കല്പം ആണ്. യഥര്‍ത്ഥ വിശ്വാസമാകട്ടെ, ഹൃദയത്തെ അപരനിലേക്കു തുറക്കുകയും സഹോദരങ്ങളുമായുള്ള, സര്‍വ്വോപരി, ആവശ്യത്തിലിരിക്കുന്നവരുമായുള്ള, സമൂര്‍ത്തമായ കൂട്ടായ്മയിലേക്ക് ആനയിക്കുന്നതാണ്.
സ്വര്‍ഗ്ഗീയദര്‍ശനം
ഈ മനോഭാവം നമുക്കു മനസ്സിലാക്കിത്തരുന്നതിനായി യേശു, കല്ല്യാണവിരുന്നു കഴിഞ്ഞ് തിരിച്ചെത്തുന്ന യജമാനനെ കാത്തിരിക്കുന്ന ദാസന്മാരുടെ ഉപമ പറയുന്നു. അങ്ങനെ, ജാഗരൂകരായിരിക്കുക എന്നതിന്‍റെ മറ്റൊരു വശം അവിടന്ന് അവതരിപ്പിക്കുന്നു. അതായത്, കര്‍ത്താവുമായുള്ള അവസാനത്തെതും നിയതവുമായ കൂടിക്കാഴ്ചയ്ക്ക് ഒരുക്കമുള്ളവരായിരിക്കുക. നാം ഒരോരുത്തരും കൂടിക്കാഴ്ച നടത്തും. ആ സമാഗമ ദിനത്തില്‍ എത്തിച്ചേരും. നിയതാമായ ആ കൂടിക്കാഴ്ചയ്ക്കുള്ള തീയതി നമുക്കോരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നു. കര്‍ത്താവ് അരുളിച്ചെയുന്നു: “യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണപ്പെടുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍.... അവന്‍ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ ആ ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍.” ലൂക്കായുടെ സുവിശേഷം 12-Ↄ○ അദ്ധ്യായം 37-ഉം 38-ഉം വാക്യങ്ങളില്‍ നിന്ന്. ഈ വാക്കുകളിലൂടെ കര്‍ത്താവ് ജീവിതം നിത്യതയിലേക്കുള്ള ഒരു യാത്രയാണെന്നു നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്; അതുകൊണ്ട്, “ഇവിടെ നമുക്ക് നിലനില്ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണ് നാം അന്വേഷിക്കുന്നത്” (ഹെബ്രായര്‍ക്കുള്ള ലേഖനം 13:14) എന്നത് ഒരിക്കലും മറന്നുപോകാതെ നാം നമുക്കുള്ള സകല താലന്തുകളും വര്‍ദ്ധിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഈയൊരു വീക്ഷണത്തില്‍, ഓരോ നിമഷവും വിലപ്പെട്ടതായി ഭവിക്കുന്നു. ആകയാല്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഗൃഹാതുരത്വസ്മരണയോടുകൂടി ഈ ഭൂമിയില്‍ നാം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഭൂമിയില്‍ കാലുറപ്പിക്കുക, ഭൂമിയില്‍ സഞ്ചരിക്കുക, ഇഹത്തില്‍ പ്രവര്‍ത്തിക്കുക, ഭൂമിയില്‍ നന്മ ചെയ്യുക, ഹൃദയം സ്വര്‍ഗ്ഗത്തെക്കുറിച്ചു ഗൃഹാതുരത്വ സ്മരണ പുലര്‍ത്തണം.
നിത്യാനന്ദം
ഈ പരമാനന്ദം വാസ്തവത്തില്‍ എന്തിലടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കില്ലായെങ്കിലും, അത് ഊഹിച്ചറിയാന്‍ യേശു, യജമാനന്‍റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ഉണര്‍ന്നിരിക്കുന്ന ഭൃത്യരുടെ ഉപമയിലൂടെ നമ്മെ പ്രാപ്തരാക്കുന്നു. “യജമാനന്‍ അരമുറുക്കി ഭൃത്യന്മാരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും” (ലൂക്കാ 12:37) പറുദീസയിലെ നത്യാനന്ദം ആവിഷ്ക്കരിക്കപ്പെടുന്നത് ഇപ്രകാരമാണ്: അവസ്ഥ കീഴ്മേല്‍ മറിയുന്നു, ഇനിമേലില്‍ ദൈവത്തെ സേവിക്കാന്‍ ദാസരില്ല, അതായത്, ദൈവംതന്നെ നമ്മെ സേവിക്കുന്നു, ഇപ്പോള്‍ മുതല്‍ യേശു അതു ചെയ്യുന്നു. യേശു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, യേശു നമ്മെ നോക്കുന്നു, നമുക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു, യേശുവാണ് നമ്മെ ശുശ്രൂഷിക്കുന്നത്, അവിടന്നാണ് നമ്മുടെ ദാസന്‍. ഇതാണ് നിയതമായ സന്തോഷം. കരുണാസമ്പന്നനായ പിതാവുമായുള്ള അവസാനത്തെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചിന്ത നമ്മെ പ്രത്യാശാഭിരിതരാക്കുകയും നമ്മുടെ വിശുദ്ധീകരണത്തിനും നീതിയും സാഹോദര്യവും കൂടുതല്‍ വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും വേണ്ടിയുള്ള സ്ഥായിയായ പരിശ്രമത്തിന് പ്രചോദനമേകുകയും ചെയ്യും.
ഈ യത്നത്തില്‍ പരിശുദ്ധ കന്യകാമറിയം അവളുടെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്താല്‍ നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു.
ആശീര്‍വ്വാദാനന്തരം പാപ്പാ, ബലപ്രയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും യുദ്ധ വേളകളില്‍ പൗരന്മാര്‍ക്കും യുദ്ധത്തടവുകാര്‍ക്കും സംരക്ഷണമുറപ്പുവരുത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര ഉടമ്പടിയായ ജനീവ കണ്‍വെന്‍ഷന്‍റെ 70-Ↄ○ വാര്‍ഷികം ആഗസ്റ്റ് 12-ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.
ജനീവ കണ്‍വെന്‍ഷന്‍റെ 70-Ↄ○ വാര്‍ഷികം
സായുധസംഘര്‍ഷത്തിനിരകളായിത്തീരുന്നവരുടെ ജീവനും ഔന്നത്യത്തിനും സുരക്ഷ ഉറപ്പാക്കുകയെന്ന അനുപേക്ഷണീയമായ ആവശ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധമാനമാക്കാന്‍ ഈ വാര്‍ഷികം രാഷ്ട്രങ്ങള്‍ക്ക് സഹായകമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
നിരായുധരായ ജനവിഭാഗങ്ങള്‍ക്കും പൊതുസംവിധാനങ്ങള്‍ക്കും, പ്രത്യേകിച്ച്, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ആരാധനായിടങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് എല്ലാ രാഷ്ട്രങ്ങളും അന്താരാഷ്ട്ര മാനവിക നിയമം നിഷ്ക്കര്‍ഷിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
യുദ്ധവും ഭീകരപ്രവര്‍ത്തനവും നരകുലത്തിനെന്നും സാരമായ നഷ്ടമാണ് വരുത്തുന്നത് എന്ന വസ്തുത ആരും മറക്കരുതെന്നും അവ മനുഷ്യന്‍റെ വലിയ തോല്‍വിയാണെന്നും പാപ്പാ പറയുന്നു.
തുടര്‍ന്നു പാപ്പാ റോമാക്കാരെയും വിവിധ രാജ്യക്കാരെയും കുടുംബങ്ങളെയും സംഘടനകളെയും കുട്ടികളെയും യുവതയെയും പ്രത്യേകം അഭിവാദ്യം ചെയ്തു. ... പാപ്പാ ...
തദ്ദനന്തരം എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി