തിരയുക

Pope Francis at the Angelus window of the Apostolic Palace Pope Francis at the Angelus window of the Apostolic Palace 

മറിയത്തിന്‍റെ സ്തോത്രഗീതം എളിയവര്‍ക്കൊരു ഉണര്‍ത്തുപാട്ട്!

“ദൈവിക നന്മകള്‍ അംഗീകരിച്ചും അവയ്ക്കു നന്ദിയുള്ളവരായും ജീവിക്കാം.” - പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 15-Ɔο തിയതി, വ്യാഴാഴ്ച സഭ ആചരിച്ച ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തോട് അനുബന്ധിച്ചു വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥയ്ക്കു ആമുഖമായിട്ടാണ് പാപ്പാ ഈ സുവിശേഷസന്ദേശം പങ്കുവച്ചത്.

സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍
വിശുദ്ധ ലൂക്കായുടെ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്ന മറിയത്തിന്‍റെ സ്തോത്രഗീതത്തെ ആധാരമാക്കിയാണ് അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍നിന്നുകൊണ്ട് താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങളെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്. അവധി ദിവസമാകയാല്‍ വേനല്‍ച്ചൂടിനെ വെല്ലുവിളിച്ചും പതിവില്‍ അധികം തീര്‍ത്ഥാടകരും സന്ദര്‍ശകരും ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാനും പാപ്പായുടെ സന്ദേശം ശ്രവിക്കുവാനുമായി വത്തിക്കാനില്‍ എത്തിയിരുന്നു.

സ്തോത്രഗീതം – നന്മകള്‍ക്കുള്ള നന്ദിപറച്ചില്‍
തന്‍റെ ജീവിതത്തില്‍ ദൈവം നിര്‍വ്വഹിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണ് നസ്രത്തിലെ മറിയം ദൈവത്തെ വാഴ്ത്തി സ്തുതിച്ചത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തെങ്കിലും നല്ലകാര്യം സംഭവിക്കുമ്പോള്‍ അയാള്‍ സന്തോഷിക്കുന്നു. സന്തോഷിക്കുക മാത്രമല്ല ആ സന്തോഷം പ്രകടമാക്കുന്നു. തനിക്കു ലഭിച്ച ദൈവിക നന്മ മനസ്സിലാക്കിയ മറിയം അതിനാലാണ് ആനന്ദിച്ചുകൊണ്ടു ദൈവത്തെ സ്തുതിച്ചു പാടിയത്. തനിക്കായ് ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തുതന്ന ദൈവത്തെ മറിയം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്‍റെ മുന്നില്‍വച്ച് വാചാലയായി വാഴ്ത്തി സ്തുതിച്ചതാണ് “മാഞ്ഞീഫിക്കാത്ത്” (Magnificat) എന്ന വിശ്വത്തരമായ പ്രാര്‍ത്ഥനാഗീതമായി ചരിത്രത്തില്‍ നാം ഉരുവിട്ടുപോരുന്നത് ( ലൂക്കാ 1, 46-55).

ദൈവിക നന്മകളെ അംഗീകരിക്കാം!
ദൈവിക നന്മകളെയാണ് മറിയം  മഹത്വപ്പെടുത്തുന്നത്.  ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ നന്മയെ അല്ലെങ്കില്‍ മഹത്വത്തെ പ്രകീര്‍ത്തിക്കുകയാണ്  ‘മഹത്വപ്പെടുത്തുക’ എന്നതിനര്‍ത്ഥം. മറിയം ദൈവത്തിന്‍റെ മഹിമാതിരേകത്തെയാണ് മഹത്വപ്പെടുത്തുന്നത്. തന്‍റെ ജീവിതത്തില്‍ സംഭവിച്ച വന്‍കാര്യങ്ങള്‍ മറിയം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവള്‍ സന്തോഷവതിയായി ദൈവത്തെ സ്തുതിച്ചു പാടിയത്. വ്യക്തിജീവിതത്തില്‍ നാം  വലിയ കാര്യങ്ങള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും അവയ്ക്കു നന്ദിപറയുകയും ചെയ്യേണ്ടതാണ്. മറിച്ച് ചെറിയ കാര്യങ്ങളുടെ പിന്നാലെ പോയി സമയം കളയരുതെന്നും  അര്‍ത്ഥമുണ്ട്. അതിനാല്‍ ഈ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ മറിയം നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നത് ജീവിതത്തില്‍ ദൈവം നിര്‍വ്വഹിച്ച വലിയ കാര്യങ്ങള്‍ മനസ്സിലാക്കുവാനും,  അംഗീകരിക്കുവാനും, അതിന് പ്രതിനന്ദിയായി അവിടുത്തെ സ്തുതിച്ചു, മഹത്വപ്പെടുത്തി അത് ഏറ്റുപറഞ്ഞു ജീവിക്കുവാനുമാണ്.

മറിയം സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍
മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ നാം അനുസ്മരിക്കുന്ന മഹത്തായ കാര്യം, നസ്രത്തിലെ വിനീത കന്യകയും യേശുവിന്‍റെ, ദിവ്യരക്ഷകന്‍റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ചവളും സ്വര്‍ഗ്ഗാരോപിതയാണ്. പരിശുദ്ധ കന്യകാമറിയം ശരീരത്തോടും ആത്മാവോടുംകൂടെ നിത്യഭാഗ്യത്തില്‍ എത്തിച്ചേരാന്‍ ദൈവം ഇടയാക്കി എന്നത് സഭയുടെ വിശ്വാസസത്യമാണ്. അതിനാല്‍ മറിയം വിശ്വാസികള്‍ക്ക്, ദൈവമക്കള്‍ക്ക് “സ്വര്‍ഗ്ഗത്തിന്‍റെ വാതിലാ”ണ്. ആത്മശരീരങ്ങളോടെ ദൈവപിതാവിന്‍റെ സന്നിധി അണഞ്ഞവള്‍ തന്‍റെ തിരുക്കുമാരനെ അനുഗമിക്കുന്ന ഓരോ വ്യക്തിയുടെയും നിത്യസൗഭാഗ്യ ലബ്ധിക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുകയാണ്.

പുത്രന്‍റെ സ്വര്‍ഗ്ഗാരോഹണവും
അമ്മയുടെ സ്വര്‍ഗ്ഗാരോപണവും

ക്രിസ്തുവിന്‍റെ പുനരുത്ഥാന മഹത്വത്തോളം ഉയരുവാന്‍ ഭാഗ്യമുണ്ടായത് അവിടുത്തെ അമ്മയായ മറിയത്തിനാണ്. അതാണ് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം. ക്രിസ്തുവാകുന്ന പുതിയ ആദത്തോടൊപ്പം സ്വര്‍ഗ്ഗം പൂകിയവളും പുതിയ നിയമത്തിലെ ഹൗവ്വായുമാണ് മറിയം. ജീവിതയാത്രയില്‍ ഉഴലുന്ന നമുക്കു പ്രത്യാശ തരുന്നൊരു ചിന്തയാണ് മറിയത്തെപ്പോലെ ഒരുനാള്‍ ക്രിസ്തുവിനോടൊപ്പം നമുക്കും നിത്യഭാഗ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നത്!

സ്വര്‍ഗ്ഗാരോപണം ഒരു ഉണര്‍ത്തുവിളി
ജീവിതവ്യഥകളാലും, സംശയത്താലും ദുഃഖത്താലും നിരാശയുടെ ഗര്‍ത്തത്തില്‍ കഴിയുന്നവര്‍ക്ക് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു ഉണര്‍ത്തുവിളിയാണ്. നിരാശയില്‍നിന്നും ഉണര്‍ന്നു ദൈവോത്മുഖരാകാനുള്ള വിളിയാണത്. മുകളിലേയ്ക്കു ദൃഷ്ടികള്‍ ഉയര്‍ത്താം, പ്രത്യാശയോടെ മുന്നോട്ടു ചരിക്കാം. അമ്മയിതാ, നമുക്കായ് തന്‍റെ ദൈവകുമാരന്‍റെ സന്നിധിയില്‍ കാത്തിരിക്കുന്നു. നമ്മെ കൈപിടിച്ച് ഉയര്‍ത്താന്‍, നമ്മെയും ദൈവസന്നിധിയില്‍ സ്വീകരിക്കാന്‍ മാതൃവാത്സല്യത്തോടെ കാത്തുനില്ക്കുന്നു. അവിടുന്നു സ്വര്‍ഗ്ഗരാജ്ഞിയാണ്, നമ്മുടെ ആത്മീയ അമ്മയാണ്. നമ്മെ സ്നേഹിക്കുന്ന അമ്മ, മക്കളെ നോക്കി പുഞ്ചിരിക്കുന്നു, സഹായഹസ്തം നീട്ടിത്തരുന്നു. എല്ലാ അമ്മമാരും തങ്ങളുടെ മക്കളോടു പറയുന്നതുപോലെ, നിങ്ങള്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ പ്രിയപ്പെട്ടവരാണ്!

മഹത്തായൊരു ആത്മീയ ലക്ഷ്യം
മനുഷ്യര്‍ ഭൗമികമായ ചെറിയ കാര്യങ്ങള്‍ക്കായി വിളിക്കപ്പെട്ടവരല്ല. മറിച്ച് ദൈവിക കാര്യങ്ങള്‍ക്കായി വിളിക്കപ്പെട്ടവരാണ്, അവിടുത്തെ നിത്യാനന്ദത്തിനായി വിളിക്കപ്പെട്ടവരാണ്. കാരണം ആനന്ദമാണ്, അവിടുന്നു ദുഃഖമല്ല. പരിശുദ്ധ കന്യകാനാഥയുടെ മാതൃകരങ്ങളാല്‍ ആനീതരാകാന്‍ നമ്മെത്തന്നെ ഒരുക്കാം, അനുവദിക്കാം. നാം ഓരോ തവണയും കൈകളില്‍ ജപമാല ഏന്തുമ്പോള്‍, ജപിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാം – അമ്മേ, അങ്ങേ വാത്സല്യമുള്ള കരങ്ങളാല്‍ ഞങ്ങളെയും അങ്ങേ തിരുക്കുമാരന്‍റെ സന്നിധിയിലേക്ക് ആനയിക്കണമേ! ഇതാണ് ഞങ്ങളുടെ ജീവിതത്തിന്‍റെ മഹത്തായ ലക്ഷ്യം.

ദൈവോന്മുഖരാകാം!
യഥാര്‍ത്ഥമായ സൗന്ദര്യം ഞങ്ങളെ നയിക്കട്ടെ! ഭൗതികമായ ചെറിയ കാര്യങ്ങള്‍ ഞങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ! ഞങ്ങള്‍ സ്വര്‍ഗ്ഗീയ മഹത്വം അഭിലഷിക്കട്ടെ! സ്വര്‍ഗ്ഗത്തിന്‍റെ വാതിലായ പരിശുദ്ധ കന്യകാമറിയം, ദൈവോത്മുഖരായി ജീവിക്കാനുള്ള ആത്മവിശ്വാസവും സന്തോഷവും ഞങ്ങള്‍ക്കു നല്കട്ടെ! എന്ന് ആശംസിച്ചുകൊണ്ടാണ് ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2019, 17:25