തിരയുക

Vatican News
Vladmir Putin to visit Pope Francis again Vladmir Putin to visit Pope Francis again  (ANSA)

റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്‍ വത്തിക്കാനില്‍

സംവാദത്തിന്‍റെ പാതയിലെ തുടര്‍പരിശ്രമങ്ങള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസ് – വ്ലാഡ്മിര്‍ പുടിന്‍ നേര്‍ക്കാഴ്ച
പാപ്പാ ഫ്രാന്‍സിസും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും  പാതയിലെ തുടര്‍യാത്രയാണെന്ന് മോസ്കോയിലെ കാത്തലിക്ക് അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് പാവുളോ പെറ്റ്സ്സി പ്രസ്താവിച്ചു. ജൂലൈ 4-Ɔο തിയതി വ്യാഴാഴ്ചയാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസും വ്ലാഡ്മിര്‍ പുടിനും തമ്മിലുള്ള സ്വകാര്യകൂടിക്കാഴ്ച നടക്കുന്നത്.

മൂന്നാമത്തെ കൂടിക്കാഴ്ച
റഷ്യന്‍ ജനത, പ്രത്യേകിച്ച് അവിടത്തെ ക്രൈസ്തവര്‍ ഈ കൂടിക്കാഴ്ചയെ ഏറെ പ്രത്യാശയോടെയാണ് കാണുന്നതെന്ന്, മോസ്ക്കോയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് പാവുളോ പെറ്റ്സ്സി പ്രസ്താവിച്ചു. കാരണം ഒരു പേപ്പല്‍ സന്ദര്‍ശനം ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെടുകയില്ലെങ്കിലും, സമാധാനത്തിന്‍റെ വഴികളിലെ നാഴികക്കല്ലാണ് ഈ കൂടിക്കാഴ്ചകളെന്ന് ആര്‍ച്ചുബിഷപ്പ് പെറ്റ്സ്സി പ്രത്യാശ പ്രകടിപ്പിച്ചു. 2013 നവംബര്‍ 25-നായിരുന്നു പാപ്പാ ഫ്രാന്‍സിസ് – പുടിന്‍ പ്രഥമ കൂടിക്കാഴ്ച. രണ്ടുവര്‍ഷം തികയുംമുമ്പേ 2015 ജൂണ്‍ 10-ന് രണ്ടാമത്തെ കൂടിക്കാഴ്ച വത്തിക്കാനില്‍ നടന്നു. ജൂലൈ 4-ന് ന‌ടക്കാന്‍ പോകുന്നത് മൂന്നാമത്തെ കൂടിക്കാഴ്ചയാണ്.

സമാധാനവഴികളിലെ തുടര്‍ശ്രമങ്ങള്‍
ലോകസമാധാനത്തിന്‍റെ പാതയില്‍ റഷ്യയുടെ പങ്കു നാം അടിവരയിട്ടു പറയേണ്ടതില്ലെങ്കിലും, ജനതകള്‍ക്കിടയിലെ സമാധാനത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിനുള്ള ആശങ്ക ഈ സ്വകാര്യ സംവാദത്തില്‍ ഉയര്‍ന്നുനില്ക്കുകതന്നെ ചെയ്യുമെന്ന് ആര്‍ച്ചുബിഷപ്പ് പെറ്റ്സ്സി പ്രസ്താവിച്ചു. അതിനാല്‍ പാപ്പാ ഫ്രാന്‍സിസ്-പുടിന്‍ മൂന്നാമത്തെ കൂടിക്കാഴ്ച സമാധാനത്തിനായുള്ള സംവാദശ്രമത്തിലെ തുടര്‍അദ്ധ്യായമാണെന്നു പ്രത്യാശിക്കുന്നെന്ന് ആര്‍ച്ചുബിഷപ്പ് പെറ്റ്സ്സി സമര്‍ത്ഥിച്ചു.

റഷ്യാ-അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ
മങ്ങിയ സാദ്ധ്യതകള്‍

റഷ്യയിലേയ്ക്കുള്ള ഒരു അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ചര്‍ച്ചകള്‍ ആസന്നഭാവിയില്‍ വിദൂരത്താണെങ്കിലും, സമാധാനത്തിനായുള്ള സംവാദത്തിനു പുറമേ, പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, സൃഷ്ടിയുടെ സുസ്ഥിതി എന്നീ വിഷയങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് സംവാദത്തില്‍ കൊണ്ടുവരുമെന്നാണ് ആര്‍ച്ചുബിഷപ്പ് പെറ്റ്സ്സിയുടെ കണക്കുകൂട്ടല്‍. രാഷ്ട്രാധികാരികളാണ് പാപ്പായെ ഒരു രാജ്യത്തേയ്ക്കു ക്ഷണിക്കുന്നതെങ്കിലും, അവിടത്തെ മതസഖ്യത്തിന്‍റെ കൂട്ടായ്മയും ക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്. ഭരണപക്ഷത്ത് ഏറെ സ്വാധീനമുള്ളതും, റഷ്യയില്‍ ബഹൂഭൂരിപക്ഷവുമായ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ താല്പര്യം എടുക്കാത്തിടത്തോളം കാലം പാപ്പായുടെ സന്ദര്‍ശനം കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകാനാണ് സാദ്ധ്യതയെന്ന് ആര്‍ച്ചുബിഷപ്പ് പെറ്റ്സ്സി വ്യക്തമാക്കി.

ഭൂരിപക്ഷമായ റഷ്യന്‍ ഓര്‍ത്തഡോക്സുകാരുടെ പിന്‍തുണയും അഭ്യര്‍ത്ഥനയുമില്ലാതെ പ്രസിഡന്‍റ് പുടിന്‍ സ്വമനസ്സാ പാപ്പായെ ക്ഷണിക്കാന്‍ സാദ്ധ്യതയില്ലെന്ന്, വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് ജൂലൈ 1-ന് തിങ്കളാഴ്ച നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് പെറ്റ്സ്സി വിവരിച്ചു.
 

03 July 2019, 17:45