തിരയുക

ഫ്രാന്‍സീസ് പാപ്പാ ലാമ്പെദൂസ സന്ദര്‍ശിച്ച വേളയില്‍ 08/07/2013 ഫ്രാന്‍സീസ് പാപ്പാ ലാമ്പെദൂസ സന്ദര്‍ശിച്ച വേളയില്‍ 08/07/2013 

ലാമ്പെദൂസ സന്ദര്‍ശന വാര്‍ഷികം!

പാപ്പായു‌ടെ ട്വീറ്റുകള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലാംപെദൂസ സന്ദര്‍ശനത്തിന്‍റെ ആറാം വാര്‍ഷികത്തെക്കുറിച്ച് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍.

ജീവന്‍ പണയം വച്ചും സുരക്ഷിത സ്ഥാനം തേടി കടല്‍മാര്‍ഗ്ഗം യാത്രചെയ്യുകയും  മദ്ധ്യധരണ്യാഴിയില്‍ കുടിയേറ്റക്കാര്‍ പലപ്പോഴും മുങ്ങിമരിക്കുന്ന അപകടങ്ങളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ 2013 ജൂലൈ 8ന്, ഇറ്റാലിയിലെ ഒരു ദ്വീപായ ലാമ്പെദൂസ താന്‍ സന്ദര്‍ശിച്ചതിന്‍റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച്, വാര്‍ഷികദിനത്തില്‍, അതായത്, തിങ്കളാഴ്ച (08/07/2019) ആണ്  ഫ്രാന്‍സീസ് പാപ്പാ രണ്ടു സന്ദേശങ്ങള്‍ ട്വിറ്ററില്‍ കണ്ണി ചേര്‍ത്തത്.

“ലാംപെദൂസ സന്ദര്‍ശനത്തിന്‍റെ ഈ ആറാം വാര്‍ഷികത്തില്‍ എന്‍റെ ചിന്തകള്‍ പായുന്നത് തങ്ങളെ പീഢിപ്പിക്കുന്ന ക്ലേശങ്ങളില്‍ നിന്ന് മുക്തിയേകാന്‍ അനുദിനം കര്‍ത്താവിനോടു കേണപേക്ഷിക്കുന്ന എളിയവരിലേക്കാണ്” എന്നാണ് പാപ്പാ ആദ്യം കുറിച്ച സന്ദേശം.

രണ്ടാമത്തെ സന്ദേശം ഇപ്രകാരമായിരുന്നു:

“കുടിയേറ്റക്കാര്‍ പ്രഥമതഃ  മനുഷ്യവ്യക്തികളാണ്, ഇന്ന് അവര്‍, ആഗോളീകൃത സമൂഹത്തില്‍ വലിച്ചറിയപ്പെട്ട സകലരുടെയും പ്രതീകവുമാണ്, ഈ രണ്ടര്‍ത്ഥത്തില്‍  കുടിയേറ്റക്കാര്‍ മാത്രമല്ല ഇവിടെ വിവക്ഷിതം”

ഞായറാഴ്ച (07/07/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ യഥാര്‍ത്ഥ സന്തോഷത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനത്തെക്കുറിച്ചു  സൂചിപ്പിക്കുന്നു. 

പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം ഇപ്രകാരം ആയിരുന്നു:

“തന്‍റെ ശിഷ്യരുടെ യഥാര്‍ത്ഥ സന്തോഷം എന്താണെന്ന് യേശു ഇന്നത്തെ സുവിശേഷത്തില്‍ പറയുന്നുണ്ട്: നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍, അതായത്, ദൈവപിതാവിന്‍റെ ഹൃദയത്തില്‍, എഴുതപ്പെട്ടിരിക്കുന്നു എന്നതിനാല്‍ നിങ്ങള്‍ ആനന്ദിക്കുവിന്‍” (ലൂക്കാ 10,20) 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2019, 08:24