തിരയുക

നിര്‍മ്മാണപ്രക്രിയയില്‍ ഒരു തൊഴിലാളി നിര്‍മ്മാണപ്രക്രിയയില്‍ ഒരു തൊഴിലാളി 

തൊഴിലാളികളുടെയും തൊഴിലിന്‍റെയും ഔന്നത്യം!

സഹകരണസംഘങ്ങളുടെ അന്താരാഷ്ട്രദിനവും പാപ്പായുടെ ട്വിറ്റര്‍ സന്ദേശവും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തൊഴിലാളികളുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ സഹകരണസംഘങ്ങളുടെ അന്താരാഷ്ട്രദിനം ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ഈ ശനിയാഴ്ച (06/07/2019) കോപ്സ്ഡേ (#CoopsDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത് എടുത്തുകാട്ടിയിരിക്കുന്നത്.

"തൊഴിലാളികളുടെയും തൊഴിലിന്‍റെയും ഔന്നത്യവും നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നന്മയും സംരക്ഷിക്കാന്‍ കഴിയുന്ന വ്യക്തികളെയും സ്ഥാപനങ്ങളയെും നമുക്കാവശ്യമുണ്ട്" എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 

സഹകരണസംഘങ്ങളുടെ അന്താരാഷ്ട്ര ദിനം

“സഹകരണസംഘങ്ങള്‍ അന്തസ്സാര്‍ന്ന തൊഴിലിന്” എന്നതാണ് സഹകരണസംഘങ്ങളുടെ അന്താരാഷ്ട്രദിനാചരണത്തിനുള്ള ഇക്കൊല്ലത്തെ വിചിന്തന പ്രമേയം.

1923-ല്‍ അന്താരാഷ്ട്ര സഹകരണ സഖ്യമാണ് (ഐസിഎ-ICA) സഹകരണസംഘ അന്താരാഷ്ട്രദിനം ഏര്‍പ്പെടുത്തിയത്. 

എന്നാല്‍ 1995-ല്‍, അന്താരാഷ്ട്ര സഹകരണസംഘ സഖ്യത്തിന്‍റെ സ്ഥാപന ശതാബ്ദിയാഘോഷവേളയിലാണ് ഐക്യരാഷ്ട്ര സഭ (യുഎന്‍ഒ-UNO) മറ്റൊരു അന്താരാഷ്ട്ര സഹകരസംഘ ദിനം പ്രഖ്യാപിച്ചുകൊണ്ട് ഈ ആചരണത്തില്‍ പങ്കുചേര്‍ന്നത്.

അന്താരാഷ്ട്ര സഹകരണ സഖ്യവും ഐക്യരാഷ്ട്രസഭയും ഒരേ ദിവസമാണ് സഹകരണസംഘങ്ങളുടെ അന്താരാഷ്ട്രദിനം ആചരിക്കുന്നത്.

യുഎന്‍ഒയുടെ ഇരുപത്തിയഞ്ചാമത്തെയും ഐസിഎയുടെ തൊണ്ണൂറ്റിയേഴാമത്തെയും അന്താരാഷ്ട്ര സഹകരണസംഘ ദിനാചരണമാണ് ഇക്കൊല്ലത്തേത്. 

 

06 July 2019, 13:05